ശശിധരൻ നായരുടെ ആത്മകഥാ കുറിപ്പുകൾ കാലചക്രം പ്രകാശനം ചെയ്തു

sponsored advertisements

sponsored advertisements

sponsored advertisements

11 December 2022

ശശിധരൻ നായരുടെ ആത്മകഥാ കുറിപ്പുകൾ കാലചക്രം പ്രകാശനം ചെയ്തു

സ്വന്തം ലേഖകൻ
ഫോമാ സ്ഥാപക പ്രസിഡന്റും അമേരിക്കയിലെ സാമൂഹിക സാംസ്കാരിക മേഖലയിലെ നിറസാന്നിദ്ധ്യവുമായ ശശിധരൻ നായർ എഴുതിയ തന്റെ ആത്മകഥാംശമുള്ള കുറിപ്പുകൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു. കാലചക്രം എന്ന പേരിൽ മുഖം ബുക്സ് മലപ്പുറം പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പ്രകാശനം ആന്റോ ആന്റണി നിർവ്വഹിച്ചു. മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ. കുര്യൻ പുസ്തകം സ്വീകരിച്ചു.
ശശിധരൻ നായരുടെ ജീവിതം പുതിയ തലമുറയ്ക്ക് മാതൃകയാവുന്നതിന് കാലചക്രം ഉപകരിക്കും. ഒരു സാധാരണക്കാരനായ ഒരാൾക്ക് അമേരിക്ക പോലെ ഒരു സ്ഥലത്ത് എത്തപ്പെട്ട് അവിടെ വലിയ ബിസ്നസ് സംരംഭങ്ങൾ തുടങ്ങുവാൻ സാധിച്ചത് മാത്രമല്ല, അവിടെ വലിയ വിജയങ്ങൾ നേടാൻ സാധിച്ച ചരിത്രം ലളിതമായ രീതിയിൽ പ്രദിപാദിച്ചിരിക്കുന്ന പുസ്തകമാണ് കാലചക്രമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ കുര്യൻ പറഞ്ഞു. ശശിധരൻ നായരുടെ ജീവിതം ഒരു പുസ്തക രൂപത്തിൽ പുറത്തിറക്കിയത് കണ്ടപ്പോൾ ജീവിതം വരച്ചിടുന്നതിലുപരി അദ്ദേഹത്തിലൂടെ കടന്നുപോയവരെയെല്ലാം പുസ്തകത്തിൽ ഓർമ്മിക്കുവാൻ അദ്ദേഹം കാണിച്ച നന്മയെ പ്രത്യേകം പ്രശംസിക്കുന്നതായും, കാലചക്രം ഏവർക്കും പുതിയ ജീവിതം രചിക്കുവാൻ ഇടനൽകട്ടെ എന്നും പുസ്തകം പ്രകാശനം ചെയ്ത ആന്റോ ആന്റണി എം.പി. പറഞ്ഞു.
മലയാള വായനശാലാ ചരിത്രത്തിൽ എഴുതപ്പെട്ട ലൈബ്രറിയായ മേലുകര വായനശാലയിൽ നടന്ന ചടങ്ങിൽ ഹിന്ദു മതമഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായർ അദ്ധ്യക്ഷത വഹിച്ചു. അനിൽ പെണ്ണുക്കര പുസ്തകം പരിചയപ്പെടുത്തി. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.പത്മകുമാർ , ജോസ് കോലോത്ത് കോഴഞ്ചേരി ,മേലുകര പബ്ലിക് ലൈബ്രറി പ്രസിഡന്റ് സന്തോഷ് മനപ്പാറ, പ്രദീപ് പാലസ്, ജന്മഭൂമി ശ്രീകുമാർ, മണ്ണടി ഹരി, രാജശേഖരൻ മൂത്തമ്മേത്ത് സരസമ്മ എം.കെ, ബാബു കൃഷ്ണകല, സുനു ഏബ്രഹാം തുടങ്ങിയവർ ആശംസകൾ അറിയിച്ചു. മേലുക എൻ. എസ്. കരയോഗം പ്രസിഡന്റ് പി.എൻ. രമേശ് സ്വാഗതവും, ശശിധരൻ നായർ നന്ദിയും അറിയിച്ചു.കാലചക്രം എന്ന പുസ്തകം വളരെ അപ്രതീക്ഷികമായി സംഭവിച്ചതാണെന്നു ശശിധരൻ നായർ തന്റെ മറുപടി പ്രസംഗത്തിൽ പറഞ്ഞു . സഹോദരന്റെ മകളുടെ കല്യാണത്തിനായി നാട്ടിലെത്തി ഓട്ടപ്പാച്ചിലിനിടയിൽ ചില സുഹൃത്തുക്കളുടെ ചോദ്യങ്ങളിൽ നിന്നാണ് ഈ പുസ്തകം. ഇത്രയും നാൾ ഓടിത്തീർത്ത ജീവിതം ഒരു പുസ്തകത്തിലേക്ക് പകർത്തി വെച്ചു കൂടെ , അവ നാളത്തെ തലമുറയ്ക്കും , കുടുംബത്തിനും ഒരു രേഖയായി സൂക്ഷിക്കാൻ സാധിക്കുമല്ലോ.
എങ്കിൽ അവയെല്ലാം ക്രോഡീകരിച്ച് ഒരു പുസ്തകമാക്കാൻ നടത്തിയ ശ്രമമാണിത്. ഇത് പൂർണ്ണമല്ലാത്ത പുസ്തകം കൂടിയാണ്. എഴുതും തോറും പറയും തോറും വീണ്ടും വീണ്ടും എഴുതാനുണ്ടല്ലോ എന്ന എന്ന ചിന്തകൾ എന്നെ വീണ്ടും വേട്ടയാടുന്നുണ്ട്. ഓർമ്മകളിൽ ചിതറിക്കിടന്ന സംഭവങ്ങളെ പ്രസാധകരോട് ഓഡിയോ രൂപത്തിൽ പറഞ്ഞു നൽകിയത് അവർ എഴുതിയെടുത്ത് പുസ്തകത്തിലേക്ക് പകർത്തുകയായിരുന്നു. മേലുകരയുടെ ആരോഗ്യ നികേതനമായ കാഞ്ഞിരമൺ തറവാട്ടിൽ നിന്നും ബറോഡയിലേക്കും അവിടെ നിന്ന് അമേരിക്കയിലേക്കും ചേക്കേറിയ എന്റെ ജീവിതത്തിന് വലിയ കഥകളുടെ പിൻബലം ഇല്ലെങ്കിലും ഈ സംഭവങ്ങൾ പുതിയതായി വരുന്ന തലമുറയ്ക്ക് പ്രചോദനം നൽകുന്നുവെങ്കിൽ ഞാൻ കൃതാർത്ഥനായി. നാട്ടിലും, ബറോഡയിലും പഠിപ്പിച്ച അദ്ധ്യാപകർ, അമേരിക്കയിലേക്ക് എത്താൻ സഹായിച്ച പ്രിയപ്പെട്ട ഭാര്യ പൊന്നമ്മ , അമേരിക്കയിലെ വിപുലമായ സൗഹൃദങ്ങൾ, ലൂസ് മറിയ, ക്വീത്ത് ബില്ലിംഗ്സ്, വെനാനാ, എല തുടങ്ങിയവർ , അമേരിക്കൻ മലയാളി സംഘടനകളായ ഫൊക്കാന , ഫോമ , കെ. എച്ച്.എൻ.എ, മന്ത്ര, ഹ്യൂസ്റ്റണിലെ എല്ലാ മലയാളി സംഘടനകൾ, അമേരിക്കയിലെ മലയാളി മാദ്ധ്യമ പ്രവർത്തകർ, മാദ്ധ്യമങ്ങൾ, ഫോമയുടെ തുടക്കം മുതൽ ഒപ്പം നിൽക്കുകയും, ഒപ്പം കൂട്ടുകയും ചെയ്യുന്ന സ്നേഹിതർ, ചില ബിസിനസ് സുഹൃത്തുക്കൾ, അതിലുപരി എന്റെ വിജയത്തിനായി സദാ പ്രാർത്ഥിക്കുകയും അനുഗ്രഹിക്കുകയും ചെയ്ത മാതാപിതാക്കൾ,ഭാര്യ പൊന്നമ്മ,അദ്ധ്യാപകർ, ഏക സഹോദരി , ഏക സഹോദരനും അവരുടെ കുടുംബവും, നല്ലവരായ നാട്ടുകാരായ ചില സുഹൃത്തുക്കൾ , ഈ പുസ്തകം പ്രസിദ്ധീകരിക്കുവാൻ മുന്നോട്ടു വന്ന മുഖം ബുക്സ് , മലപ്പുറം പ്രസാധകർ, പ്രചോദനം നൽകിയ സുനു ഏബ്രഹാം ,എന്റെ നന്മ ആഗ്രഹിക്കുന്ന ഓരോ സുഹൃത്തുക്കൾക്കായി, നാടിനായി ഈ പുസ്തകം സമർപ്പിക്കുന്നു. ഈ പുസ്തകത്തിൽ നിന്നും ലഭിക്കുന്ന ലാഭം സമൂഹത്തിലെ ദുരിതമനുഭവിക്കുന്നവർക്കായി, അവരുടെ ഉന്നമനത്തിനായി മാറ്റിവയ്ക്കുകയും കൂടുതൽ സഹായങ്ങൾ എന്നാലാവും വിധം വീണ്ടും ചെയ്യുവാനും ഈ പുസ്തകം കൊണ്ട് ഉപകരിക്കുമെങ്കിൽ ഞാൻ കൃതാർത്ഥനായി.രോഹിണി ആർ നായർ ആയിരുന്നു പ്രകാശന ചടങ്ങിന്റെ എം സി

കാലചക്രം
കോഴഞ്ചേരി മേലുകര സ്വദേശിയും അമേരിക്കയിലെ അറിയപ്പെടുന്ന സാംസ്കാരിക സാമൂഹ്യ പ്രവർത്തകനും ഫോമയുടെ ആദ്യത്തെ പ്രസിഡന്റുമായ ശശിധരൻ നായരുടെ ജീവിതത്തിലെ ചില അനുഭവങ്ങൾ അദ്ദേഹം പകർത്തിവയ്ക്കുകയാണിവിടെ. അമേരിക്കയിൽ സ്ഥിര താമസമാക്കിയ ശശിധരൻ നായരുടെ ജീവിതം ഒരു പാഠപുസ്തകമാണ്. ഒരു സാധാരണക്കാരനായ മനുഷ്യൻ ജീവിതത്തിന്റെ മറുകര തേടി നടത്തിയ യാത്രയിലെ കല്ലും, മുള്ളും, പൂവുകളുമെല്ലാം പുതിയ തലമുറയ്ക്ക് ഒരു ജീവിത പാഠമാകണം.അമേരിക്ക എന്ന മഹാ സാമ്രാജ്യത്ത് കോഴഞ്ചേരിയിലെ മേലുകര എന്ന ഗ്രാമത്തിൽ നിന്നും വന്ന ഒരു മനുഷ്യൻ വിജയ ചരിത്രം കുറിച്ച ചരിത്രം എക്കാലത്തെയും ഈടുവയ്പ്പുകളാണ്.ജീവിത വിജയം നേടിയ വ്യക്തികളെ ലോകത്തിന് മുൻപിൽ പരിചയപ്പെടുത്തുന്ന മുഖം ബുക്സിന്റെ പരമ്പരയിലെ ആദ്യ പുസ്തകം കൂടിയാണിത്.
ശശിധരൻ നായർ കുറിക്കുന്ന നിലപാടുകൾ അദ്ദേഹത്തിന്റെ അനുഭവങ്ങൾ കൂടിയാണ്.