കാലത്തിൻ്റെ കണക്ക് (കഥ-മഹാനുദ്ദീൻ,പഞ്ചിളി)

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

11 February 2023

കാലത്തിൻ്റെ കണക്ക് (കഥ-മഹാനുദ്ദീൻ,പഞ്ചിളി)

മഹാനുദ്ദീൻ,പഞ്ചിളി

സഹ്യൻ്റെ താഴ്വരയിൽ, സ്വർണ്ണ കതിരുകൾ നിറഞ്ഞ പാടങ്ങൾക്കും, പുഴയോരത്തിനും സമീപത്തായി സുന്ദരിയായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന ചോക്കാട് ഗ്രാമം…

ആറു വർഷം മുമ്പ് വേനൽകാല അവധിയിലെ ഒരു മഞ്ഞുള്ള പ്രഭാതം…

അമ്മാവൻ അഷ്റഫിന് പനിയായതിനാൽ ബാർബർഷോപ്പ് തുറക്കാൻ അന്ന് അമീറിനെയാണ് ഏൽപ്പിച്ചത്. ഒഴിവു സമയങ്ങളിൽ ഇടക്കിടെ കടയിൽ സഹായിക്കുന്ന അമീറിന്, അഷ്റഫ് പഠിക്കാൻ വേണ്ട സഹായങ്ങളും നൽകിയിരുന്നു.

നല്ല രീതിയിൽ മുടി വെട്ടി ഷേവ് ചെയ്തു കസ്റ്റമേഴ്സിനെ പരമാവധി സന്തോഷിപ്പിക്കാനും മാമൻ അമീറിനെ ഓർമിപ്പിച്ചു.

കട തുറന്നതും അഷ്റഫിന്റെ പതിവ് കസ്റ്റമർ ആയ ജോണിച്ചേട്ടൻ ഷോപ്പിൽ എത്തി..

മോനെ അഷ്റഫ് എവിടെ.., വന്നില്ലേ..? ഇപ്പോ വരുമോ..??

അമീർ പറഞ്ഞു., ഇക്കാക്ക് പനിയാണ്. ഇന്ന് വരില്ല.
ചേട്ടന് ഷേവ് ചെയ്യാനല്ലേ.. ഞാൻ ചെയ്തു തരാം..

നീ നമ്മടെ മമ്മാലീടെ മോനല്ലേ.. നീ അങ്ങ് വളർന്നല്ലോ.. ടാ…
എടാ നീ ചെയ്താൽ നന്നാവുമോ… എനിക്ക് വേദനയുണ്ടാവും.
അറിയാത്തവര് ചെയ്താൽ എനിക്ക് മുഖത്ത് കുരു വരും. പിന്നെ എനിക്ക് ലോക്കൽ ബ്ലേഡുകളൊന്നും പറ്റില്ല. സൂപ്പർമാക്സ് തന്നെ വേണം.

ഇല്ല ചേട്ടാ വേദനിക്കില്ല ഞാൻ സൂപ്പർമാക്സ് കൊണ്ട് ശ്രദ്ധിച്ചു ചെയ്തോളാം. ജോണി പിണങ്ങി പോവാതിരിക്കാൻ അമീർ പറഞ്ഞു.

എന്നാൽ ശരി നീ ചെയ്യ്.. ബുദ്ധിമുട്ടിപ്പിക്കരുത് കേട്ടോ..

ഷേവിങ് തുടങ്ങിയതും ജോണിച്ചായൻ വിശേഷങ്ങൾ ചോദിച്ചു. മോനെ നീ പ്ലസ്ടുവിന് അല്ലായിരുന്നോ?
എന്തായി റിസൾട്ട് .. ജയിച്ചോ..??

ചേട്ടാ ഞാൻ ജയിച്ചു എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഉണ്ട്..!

ആട്ടെ ഇനി എന്താ നിൻ്റെ പ്ലാൻ… തുടർന്ന് പഠിക്കുന്നുണ്ടോ..?? എന്തിനാ ശ്രമിക്കുന്നേ..??

ഉണ്ട് ചേട്ടാ ഞാൻ തുടർന്ന് പഠിക്കുന്നുണ്ട്..

എനിക്ക് ഡോക്ടർ ആവാനാണ് താല്പര്യം. ഉപ്പാടേം ഉമ്മാടേം ആഗ്രഹോം ഞാൻ ഡോക്ടറായി കാണാനാ..

എൻട്രൻസ് കോച്ചിങ്ങിന് മഞ്ചേരി സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ പോണം. തെളിഞ്ഞ മുഖവുമായി ആവേശത്തോടെ അമീർ പറഞ്ഞു.

ഓഹ്… ഇപ്പോൾ മെഡിക്കൽ എൻട്രൻസ് കിട്ടാൻ ഭയങ്കര ബുദ്ധിമുട്ടാ.. എൻ്റെ ചെറിയ മോൻ സാബു മൂന്ന് പ്രാവശ്യം എഴുതി.. ലിസ്റ്റിൽ കേറിയില്ല.
ഇപ്പോൾ അവൻ ബി.എസ്.സിക്ക് മമ്പാട് കോളേജിൽ ചേർന്നിരിക്കുകയാണ്.

നീയും വെറുതെ എൻട്രൻസ് കോച്ചിങ്ങിന് പോയി, സമയവും പൈസയും കളയണ്ട. പണം കൊടുത്ത് സീറ്റ് വാങ്ങാൻ നിങ്ങളെക്കൊണ്ട് ആവില്ലല്ലോ…
നല്ല ബുദ്ധീം, വിവരോം ഉണ്ടായിട്ടും എൻറെ മോൻ സാബുവിന് എൻട്രൻസ് കിട്ടിയില്ല. അവനെ പെയ്മെൻറ് സീറ്റിൽ എംബിബിഎസിന് സീറ്റ് നേടാൻ നോക്കിയപ്പോൾ 40 ലക്ഷവും 50 ലക്ഷവും ഒക്കെയാണ് ചോദിക്കുന്നത്. ഞാൻ വേണ്ടാന്ന് പറഞ്ഞു.

പിന്നെ നീ ഇപ്പോൾ ചെയ്യുന്ന ജോലി തന്നെ നല്ല വരുമാനമുള്ള ജോലിയല്ലേ… ഇപ്പോഴത്തെ ട്രെൻ്റ് അയ ഒരു ബ്യൂട്ടിപാർലർ സെറ്റപ്പിൽ കൊണ്ടുനടന്നാൽ മതി. നല്ല വരുമാനം ഉണ്ടാക്കാം. ഈ ഡോക്ടർ ജോലി ഒന്നും നിന്നെക്കൊണ്ടു കൂട്ടിയാൽ കൂടില്ല..!
നീയൊക്കെ എൻട്രൻസ് എഴുതി കിട്ടിയാൽ പൊട്ടന് ലോട്ടറി അടിച്ച പോലാവും..

നീ ഈ ജോലി ചെയ്തോളൂ.. ഇതിൽ മെച്ചപ്പെടും.
പിന്നെ ഓരോരുത്തരും അവൻ്റെ കുലത്തൊഴിൽ വിട്ടാൽ നാട്ടാര് കഷ്ടത്തിലാവില്ലേ…?

ജോണിച്ചേട്ടൻ്റെ ആക്ഷേപം പോലുള്ള വർത്തമാനം അമീറിനെ നിരാശനാക്കി.
തെളിഞ്ഞ ആകാശം പെട്ടെന്ന് മഴക്കാറ് മൂടി കറുത്തപോലെ അമീറിന് തോന്നി.

തൻ്റെ പറച്ചിൽ പയ്യന് ഇഷ്ടമായില്ലെന്ന് മനസ്സിലാക്കിയ ജോണി അമീറിനെ ഒന്ന് സുഖിപ്പിക്കാൻ നോക്കി പറഞ്ഞു…

മോൻ്റേത് നല്ല ഷേവിംഗ് ആണ്… സത്യം പറഞ്ഞാൽ അഷ്റഫിനെക്കാളും നന്നായിട്ടുണ്ട്..

ജോണിയുടെ സുഖിപ്പിക്കലൊന്നും അമീറിനെ രസിപ്പിച്ചില്ല.
മറിച്ച് ഒരു വാശി ആ കൗമാര മനസ്സിലേക്ക് വീശി…

എങ്ങനെയെങ്കിലും ഞാൻ മെഡിക്കൽ എൻട്രൻസ് നേടുമെന്ന് അമീർ മനസ്സിൽ വരച്ചിട്ടു.

ജോണി മേശപ്പുറത്ത് വച്ച പൈസ വലിപ്പിലേക്കിടാൻ പോലും അമീർ വിഷമത്താൽ മറന്നു പോയി.

* * * * * * **

നേരം ഇരുട്ടി തുടങ്ങുന്നതേയുള്ളൂ… കലശലായ ജലദോഷവും കഫക്കെട്ടും ജോണിച്ചായന്റെ ശ്വാസംമുട്ട് വർദ്ധിപ്പിച്ചു. അപ്പാ… നമുക്കൊരു ഡോക്ടറെ കാണിക്കാം രാത്രിയായാൽ കൂടുതൽ ബുദ്ധിമുട്ടാവും.

ആരെയാ കാണിക്കേണ്ടത് നമുക്ക് വേണം വേഗം പോകണം അപ്പൻ പറ.. സാബു ചോദിച്ചു.

ഒരു വർഷം മുമ്പ് പുതിയ ഗ്രാമത്തിലേക്ക് താമസം മാറിയ ജോണിച്ചേട്ടനും കുടുംബത്തിനും പരിസരങ്ങളിലെ ആശുപത്രികളെ കുറിച്ച് വേണ്ടത്ര പരിചയമില്ലായിരുന്നു.

അയൽവാസിയായ കുമാരനോട് വിവരം തിരക്കിയപ്പോൾ.,

പുതുതായി നമ്മുടെ കയറ്റത്തങ്ങാടിയിൽ തുടങ്ങിയ ക്ലിനിക്കില്ലേ… ഒരു ശിഫ ക്ലിനിക്..!

അവിടെയുള്ള ആ ചെറുപ്പക്കാരൻ ഡോക്ടർ നല്ല കൈപ്പുണ്യം ഉള്ളവനാണെന്നാണ് പറയുന്നത്. രോഗികളെ ശരിക്കും സമയമെടുത്ത് വിദഗ്ധമായി പരിശോധിക്കുമത്രേ…
പിന്നെ ആവശ്യമില്ലാത്ത മരുന്നുകൾ എഴുതി ബുദ്ധിമുട്ടിക്കുന്നില്ലെന്നാ കേട്ടത്. കുമാരൻ പറഞ്ഞു.

നിനക്കറിയോ ആ ഡോക്ടറെ.. നമുക്ക് അവിടെ പോകാം.. ജോണി ചോദിച്ചു.

ഇല്ലപ്പാ.. ഞാനും കേട്ടിട്ടുണ്ട് എന്നല്ലാതെ ഏത് ഡോക്ടറാണെന്ന് അറിയില്ല..

ശരി അപ്പന്റെ ഇഷ്ടം പോലെ അവിടെ പോകാം എന്നാ വേഗം ജുബ്ബ ഇട്. സലാമിന്റെ ഓട്ടോ വിളിക്കാം..

ക്ലിനിക്കിലെത്തിയപ്പോൾ നല്ല തിരക്കായിരുന്നു പുറത്ത് കസേരയിലും അംഗങ്ങളുമായി ഒരു പത്തു മുപ്പതോളം പേർ..

ഓട്ടോയിൽ നിന്നിറങ്ങി ശ്വാസം എടുക്കാൻ കഷ്ടപ്പെടുന്ന ജോണിച്ചേട്ടനെ കണ്ടപ്പോൾ ഒരാൾ കസേര ഇട്ടുകൊടുത്തു ചേട്ടാ ഇരുന്നോളൂ എന്ന് പറഞ്ഞു.

ജോണിച്ചായന്റെ ബുദ്ധിമുട്ട് കണ്ടപ്പോൾ മറ്റുള്ളവർ പറഞ്ഞു., എളുപ്പം കാണിച്ചോളൂ നമ്പർ നോക്കാൻ നിൽക്കണ്ട.
ഉള്ളിലുള്ള രോഗി പുറത്തിറങ്ങിയപ്പോൾ സാബു അപ്പനെയും കൊണ്ട് ഡോക്ടറുടെ റൂമിലേക്ക് കേറി.

വരാന്തയിൽ നിന്നും ഡോക്ടറുടെ റൂമിലേക്ക് കയറിയ ജോണി ചേട്ടൻ ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുകയായിരുന്നു. കമ്പ്യൂട്ടറിൽ നോക്കിയിരുന്ന ഡോക്ടർ ജോണിച്ചായന്റെ കഠിനമായ ശ്വാസംമുട്ട് കണ്ടപ്പോൾ എന്തുപറ്റിയെന്നും രോഗ വിവരങ്ങളും തിരക്കി.

മൂന്നു വർഷമായി ശ്വാസംമുട്ട് തുടങ്ങിയിട്ട്. കഫക്കെട്ട് വന്നാൽ പിന്നെ രണ്ടാഴ്ച ബുദ്ധിമുട്ട് തന്നെയാ…

ഡോക്ടർ ജോണിച്ചായൻ നന്നായി പരിശോധിച്ചു.

പേടിക്കാൻ ഒന്നുമില്ല, കുറച്ച് ഇൻഫെക്ഷൻ ഉണ്ട് അഞ്ചു ദിവസം ആന്റിബയോട്ടിക് കഴിച്ചാൽ മതി, ഇൻഫെക്ഷൻ പോകും. പിന്നെ ശ്വാസംമുട്ടലിനുള്ള ഇൻഹേലറും മരുന്നും കുറച്ചുകാലം തുടരണം.

എല്ലാം സുഖപ്പെടും ഭയപ്പെടാൻ ഒന്നുമില്ല ഈ കാലാവസ്ഥയുടേതാണ് നന്നായി ഭക്ഷണം കഴിക്കണം ഒപ്പം വെള്ളവും കുടിക്കണം.. കെട്ടോ.. ചേട്ടാ…

ജോണിച്ചേട്ടൻ അനുസരണയുള്ള കുട്ടിയെ പോലെ തലയാട്ടി.

10-15 മിനിറ്റിൽ അധികം നീണ്ട ഡോക്ടറുടെ പരിശോധനയും, വിശേഷങ്ങൾ ചോദിക്കലും ജോണിച്ചേനെ ശാന്തനാക്കി. നല്ല ആശ്വാസവും തോന്നി.

നല്ല ഡോക്ടർ. ഡോക്ടർമാരായാൽ ഇങ്ങനെ വേണം ആളുകളെ ശുശ്രൂഷിക്കാൻ. ജോണി മനസ്സിൽ പറഞ്ഞു.

സാബു ഡോക്ടർക്ക് ഫീസ് ആയി ഇരുന്നൂറിന്റെ നോട്ട് നൽകി പോവാൻ ഒരുങ്ങി..

നിൽക്കൂ ബാക്കി കൂടെ കൊണ്ടുപോയിക്കൊള്ളൂ. ഡോക്ടർ സാബുവിനെ നൂറു രൂപ തിരികെ നൽകി.

പോവാൻ നേരം ഡോക്ടർ ജോണിച്ചേട്ടനോട് ചോദിച്ചു.. അച്ചായന് എന്നെ മനസ്സിലായോ..?

ജോണി ഇല്ലെന്ന് തലയാട്ടി…

ഞാൻ ബാർബർ മമ്മാലിയുടെ മോനാ അമീർ..
ചോക്കാടിലെ അഷ്റഫിൻ്റെ ബാർബർ ഷോപ്പിൽ ഞാൻ അച്ചായന് ഷേവ് ചെയ്തു തരാറുണ്ടായിരുന്നു..
അച്ചായൻ പറഞ്ഞ പോലെ പൊട്ടന് ഒരു ലോട്ടറി അടിച്ചതാ..
അമീർ പുഞ്ചിരിച്ചു.

അമീറിൻ്റെ മുഖത്തേക്ക് ഒരു ഇളിഞ്ഞ ചിരിയോടെ നോക്കി ജോണിച്ചായൻ തിടുക്കത്തിൽ പുറത്തേക്ക് നടന്നു…
തൻ്റെ ശ്വാസം മുട്ടിനെ പോലും അവഗണിച്ച്…

( വാൽകഷ്ണം : കണക്കു ചോദിക്കാതെ ഒരു കാലവും കടന്ന് പോയിട്ടില്ല. പോവുകയുമില്ല.
സന്ദർഭം വ്യത്യസ്തയെങ്കിലും സമാന അനുഭവത്തിന് സാക്ഷിയായ മലയോരത്തിൻ്റെ പ്രിയ കുട്ടി ഡോക്ടർക്ക് സമർപ്പണം )

മഹാനുദ്ദീൻ,പഞ്ചിളി