കാളിയാര്‍ തങ്കപ്പന്‍
അനുദിനം ഉയരങ്ങളിലേക്കു കുതിക്കുന്ന നമ്മള്‍ ഇപ്പോള്‍ പറയുന്നതും ചിന്തിക്കുന്നതുമെല്ലാം വലിയവലിയ കാര്യങ്ങളെക്കുറിച്ചാണ്. റിയല്‍ എസ്റ്റേറ്റുകാരന്‍ പോലും നോട്ടമിട്ടിരിക്കുന്നത് ആകാശത്തേക്കാണ്. മെഗാബൈറ്റ്സും ഗിഗാബൈറ്റ്സും മറ്റുമാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. ഭൂമിയിലെ ഏക്കറും സെന്‍റുമൊക്കെ ആര്‍ക്കുവേണം? ട്വിറ്ററും ഗൂഗിളുമൊക്കെ മത്സരിക്കുന്നതും വില പേശുന്നതുമെല്ലാമാണ് ആധുനികലോകത്തെ സംസാരവിഷയങ്ങള്‍. അതിനിടയില്‍ മൂക്കിനുതാഴെ നടക്കുന്ന കൊച്ചുകൊച്ചു പ്രശ്നങ്ങളില്‍ ഇടപെടുന്നത് ഒരു കുറച്ചിലാണ് എന്നിടത്ത് വരെ കാര്യങ്ങള്‍ എത്തിയിരിക്കുന്നു.
എന്നാല്‍, ഇതിലൊന്നും പെടാത്ത, അഥവാ ഇത്തരം വിഷയങ്ങളെപ്പറ്റി ചിന്തിക്കാന്‍ പോലുമറിയാത്ത ഒരുവിഭാഗം മനുഷ്യക്കോലങ്ങള്‍ ഇന്നും ഇവിടെ ജീവിക്കുന്നു എന്നതാണ് വസ്തുത. എല്ലുന്തി, കവിളൊട്ടിയ അവര്‍, അവരുടെ മുഖംപോലെ ചളുങ്ങിയ പാത്രങ്ങളുമായി ഒരു തുള്ളി വെള്ളത്തിനുവേണ്ടി മണിക്കൂറുകളോളം പൈപ്പിന്‍ ചുവട്ടില്‍ കാത്തുനില്‍ക്കാന്‍ വിധിക്കപ്പെട്ടവരാണ്. അതില്‍ അവര്‍ക്ക് പരാതിയോ പരിഭവമോ ഇല്ല. പറഞ്ഞിട്ട് കാര്യമില്ലെന്നും അവര്‍ക്കറിയാം. എങ്കിലും മനുഷ്യസഹജമായ മറ്റുചില ആകാംക്ഷകള്‍ ആ പാവങ്ങളിലും തുടിച്ചുനില്‍ക്കുന്നുണ്ട്. കുറെ ദിവസങ്ങളായി, വഴിപോക്കരോടൊക്കെ അവര്‍ ചോദിക്കുന്നുണ്ട്: “ഇന്നാളത്തെ ആ മോഷണക്കേസിന്‍റെ കാര്യം എന്തായി സാറെ?”
“ആര്‍ക്കറിയാം” പരമ പുച്ഛത്തോടെ ഓരോരുത്തരും കൈമലര്‍ത്തി. ക്ഷമയറ്റപ്പോള്‍ അല്പം പ്രായംചെന്ന ഒരു മുത്തശ്ശി ഉറക്കെ വിളിച്ചുപറഞ്ഞു: “പോലീസുകാരും കക്കാന്‍ തൊടങ്ങീലോ ന്‍റെ കര്‍ത്താവേ… ഇവനെയൊക്കെ ജേലിക്കൊണ്ടിട്ടൂന്നു കേട്ടാ മതിയാര്‍ന്നു.” ഇതു കേട്ടുകൊണ്ടുനിന്ന അല്പം മാന്യത സ്ഫുരിക്കുന്ന ചെറുപ്പക്കാരനായ ഒരു പൊതുപ്രവര്‍ത്തകന്‍ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു: “എന്‍റെ വല്യമ്മേ… ആ കേസ്സൊക്കെ ആവിയായിപ്പോയി.”
“കേസ്സാവ്യാവോ?” അമ്മൂമ്മയ്ക്ക് ഒന്നും മനസ്സിലായില്ല.
“അതെ വല്യമ്മേ… ആവി.. എന്നുവെച്ചാല്‍ തീര്‍ന്നു എന്നര്‍ത്ഥം.”
“ആവി… തീര്‍ന്നു… എന്താണോ-ദൈവത്തിനറിയാം.” അമ്മൂമ്മ മുകളിലേക്കു നോക്കി.
പള്ളിക്കൂടത്തിന്‍റെ വരാന്ത കാണാത്ത, കാപട്യങ്ങളറിയാത്ത ആ വയോവൃദ്ധയ്ക്കു പിടികിട്ടാത്ത അത്യാധുനിക സാമൂഹിക രീതിശാസ്ത്രത്തിന്‍റെ ആ റൂട്ട്മാപ്പ് ഇതാ:
തൊണ്ടിമുതല്‍ മോഷ്ടിച്ച സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഒളിവിലാണ്. ആ കേസ് അന്വേഷിക്കുന്ന ഉന്നത ഉദ്യോഗസ്ഥന്‍റെ ഭാര്യാപിതാവ് ഒരു അബ്കാരി കോണ്‍ട്രാക്ടറും സ്പിരിറ്റ് മാഫിയ ഗ്രൂപ്പ് തലവനും. അയാളെ സംരക്ഷിക്കുന്ന ക്വട്ടേഷന്‍ സംഘത്തിലെ (ഡോക്ടറേറ്റും ബിസിനസ് കണ്‍സള്‍ട്ടന്‍സിയുമുള്ള) ഒരംഗം സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ ബിനാമിയും അയാളുടെ ജ്യേഷ്ഠന്‍റെ മകന്‍ ഒരു പ്രമുഖ ടി.വി ചാനലിന്‍റെ ലീഗല്‍ അഡ്വൈസറും ക്വാറി ഉടമയും. മറ്റൊരു മകന്‍ ഫൊറന്‍സിക് സ്പെഷലിസ്റ്റും അയാളുടെ സഹോദരിയുടെ ഭര്‍ത്താവ് പബ്ലിക് പ്രോസിക്യൂട്ടറും അദ്ദേഹത്തിന്‍റെ സഹോദരി തൊണ്ടിമുതല്‍ അടിച്ചുമാറ്റിയ സര്‍ക്കിളിന്‍റെ ഭാര്യയും കൂടിയാകുമ്പോള്‍ കര്‍മ്മബന്ധങ്ങളുടെ സമവാക്യം പൂര്‍ത്തിയാകുന്നു. പണത്തിനു പണം, ആളിന് ആള്. ഇനിയെന്ത് കേസ്? ആരുടെ തൊണ്ടി? കേസ് ആവി!
തെറ്റു ചെയ്തവര്‍ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടണം എന്നാഗ്രഹിക്കുന്ന ഒരു വലിയ വിഭാഗം ജനങ്ങള്‍ ഇന്നുമുണ്ട്. ഇവരില്‍ ബഹുഭൂരിപക്ഷവും ഒരു കുഞ്ഞുറുമ്പിനെപ്പോലും കൊല്ലാന്‍ മനസ്സുറയ്ക്കാത്തവരാണ്. എന്നാല്‍, സമൂഹത്തെയാകെ നടുക്കിയ നിന്ദ്യവും നീചവുമായ കുറ്റകൃത്യങ്ങളില്‍ ‘പ്രതിയെ തൂക്കിക്കൊല്ലണേ’ എന്നു പ്രാര്‍ത്ഥിക്കുന്നവര്‍ പോലുമുണ്ട്. അത് അവരുടെ ദുഷ്ടത കൊണ്ടോ വ്യക്തിവൈരാഗ്യം കൊണ്ടോ ഒന്നുമല്ല. മറിച്ച്, അവരില്‍ ഇന്നും അണയാതെ അവശേഷിക്കുന്ന ധാര്‍മ്മികബോധം കൊണ്ടു മാത്രമാണ്. മാനവചരിത്രത്തിലുടനീളം അത്തരം മൂല്യങ്ങള്‍ തിളങ്ങിനില്‍ക്കുന്നുണ്ട്. പുണ്യപുരാണ കഥകളായ കീചകവധം, കിര്‍മ്മീരവധം, തരകാസുരവധം തുടങ്ങിയ കഥകളുടെ നടന കലാവേദികള്‍ക്കു മുന്നില്‍ ഈ ശാസ്ത്രയുഗത്തില്‍ പോലും നിറയെ കാണികളെത്തുന്നത് രക്തരൂക്ഷിതമായ ‘കൊലപാതക’രംഗങ്ങള്‍ കാണാനുള്ള ആകാംക്ഷകൊണ്ടൊന്നുമല്ല. പിന്നെയോ? ഒരധര്‍മ്മിയെ വകവരുത്തി അവിടെ ധര്‍മ്മം പുനഃസ്ഥാപിക്കുന്നതു കണ്ട് സായൂജ്യമടയുവാനാണ്. ആ അസുലഭ സൗഭാഗ്യം ഇന്നത്തെ ലോകത്തിന് നഷ്ടപ്പെട്ടിരിക്കുന്നു എന്നത് ക്രൂരമായ ഒരു സത്യമാണ്.
പ്രമാദമായ കേസിലെ പ്രതികള്‍ ഒരു പോറല്‍പോലുമേല്ക്കാതെ പുഷ്പംപോലെ വെളിയിലിറങ്ങി നിറപുഞ്ചിരിയുമായി ആഡംബരക്കാറിന്‍റെ പിന്‍സീറ്റില്‍ മലര്‍ന്നിരുന്ന് പോകുമ്പോള്‍ സാധാരണക്കാരന്‍ പകച്ചു പോകുകയാണ്. ആ അമ്പരപ്പ് മാറുന്നതിനു മുമ്പ് അതാ വരുന്നു, അടുത്ത കാഴ്ച. ടിപ്പു സുല്‍ത്താന്‍റെ സിംഹാസനത്തില്‍ ഞെളിഞ്ഞിരുന്ന് പള്ളിവാളിന്‍റെ മൂര്‍ച്ച പരിശോധിക്കുന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍. ആ രംഗം കണ്ട് മൂക്കത്തു വിരല്‍വെച്ചു നില്‍ക്കുമ്പോള്‍ ‘ഇതൊക്കെയെന്ത്?’എന്ന മട്ടില്‍ വരുന്നു അടുത്ത വാര്‍ത്ത. ‘തിരുവനന്തപുരം നഗരത്തിന്‍റെ ഹൃദയഭാഗത്തുകൂടി, മിനിട്ടുകള്‍ക്കു മുമ്പ് താന്‍ വെട്ടിയെടുത്ത് ചോരയൊലിച്ചു പിടയുന്ന മനുഷ്യക്കാലുമായി മോട്ടോര്‍ സൈക്കിളില്‍ റോന്തുചുറ്റുന്നു ഒരു ഗുണ്ടാത്തലവന്‍.’ രണ്ടു സംഭവങ്ങളിലും ഉടന്‍തന്നെ മേലധികാരികളുടെ വിശദീകരണമുണ്ടായി. ആദ്യത്തേത് ‘ജാഗ്രതക്കുറവ്’, രണ്ടാമത്തേത് ‘ഒറ്റപ്പെട്ട സംഭവം.’
ആവര്‍ത്തനവിരസമായ ഇത്തരം കാഴ്ചകളും വിശദീകരണങ്ങളും ഒരു ശരാശരി മനുഷ്യനില്‍ ഉണ്ടാക്കുന്ന വികാരമെന്താണ്? നാണമോ, നിരാശയോ, മരവിപ്പോ, ശൂന്യതയോ എന്നു തിരിച്ചറിയാനാകാത്ത ഒരു പ്രത്യേക തരം മാനസികാവസ്ഥയിലൂടെയാണ് ഇന്ന് ഓരോ മലയാളിയും കടന്നുപോകുന്നത്. ഒന്നിനോടും ഒരു താല്പര്യമോ ആവേശമോ ഇല്ലാത്ത നിര്‍വികാരത, നിസ്സംഗത. ഒരു വാര്‍ത്തയും ഇന്നു നമ്മെ ചലിപ്പിക്കുന്നില്ല. പതിനൊന്നു വയസ് തികയാത്ത ഒരു പെണ്‍കുട്ടിയെ പന്ത്രണ്ടുപേര്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്തു എന്നു കേട്ടാലും, പട്ടണത്തിലെ ഒരു പ്രമുഖ ഹോട്ടലില്‍ മനുഷ്യമാംസം വിളമ്പി എന്നറിഞ്ഞാലും പിഎച്ച്.ഡി. ബിരുദം മൊത്തമായും ചില്ലറയായും വില്ക്കപ്പെടും എന്നൊരു ബോര്‍ഡ് കണ്ടാലും ഇന്നത്തെ മലയാളിക്ക് ഒരു കുലുക്കവുമുണ്ടാകില്ല. അത്രമാത്രം നിഷ്ക്രിയരായി, വിചാരശൂന്യരായി, പ്രതികരണശേഷി നശിച്ചവരായി നമ്മള്‍ മാറി എന്നതാണ് സത്യം.
‘ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത്’ എന്ന ആപ്തവാക്യത്തിലൂന്നിയതാണ് ഇന്ത്യന്‍ ശിക്ഷാനിയമം. മാനവികതയുടെ മകുടോദാഹരണമായ ആ നീതിവാക്യം സാര്‍ത്ഥകമാകുന്നത് കോടതിയില്‍ വാദം കേട്ടതിനുശേഷം മാത്രമാണ്. അവിടെയെത്തുന്നതിനു മുമ്പ് സാധാരണക്കാരന്‍ അനുഭവിക്കേണ്ടിവരുന്ന പങ്കപ്പാടുകള്‍ ചില്ലറയൊന്നുമല്ല. ചുരുക്കിപ്പറഞ്ഞാല്‍ ഇന്നു പോലീ സിനെ ഭയപ്പെടുന്നത് കുറ്റവാളികളല്ല, നിരപരാധികളാണ്. നല്ല ആള്‍ക്കൂട്ടം കണ്ടാല്‍ ചില പുതിയ ഏമ്മാന്മാര്‍ക്ക് വല്ലാത്തൊരു വെകിളിയാണ്. അവിടെയൊന്നു മിന്നണം. ‘ആരടാ, മാറടാ, ഓടടാ, കേറടാ’ എന്നീ അലര്‍ച്ചകളില്‍ വിരണ്ടു ചിതറിയോടുന്ന ജനസഞ്ചയം വീണുരുളുന്നത് ചില പോലീസുകാര്‍ക്ക് നയനോത്സവമാണ്. ഈ മരണവെപ്രാളത്തില്‍ പലരുടെയും കൈയും കാലുമൊടിഞ്ഞതും കിണറ്റില്‍ വീണതും മുള്ളുവേലിയില്‍ കുരുങ്ങിക്കിടന്നവന് ലാത്തിയേറുകൊണ്ട് കണ്ണുപോയതുമെല്ലാം നമ്മുടെ ക്രമസമാധാനപാലനത്തിനു വേണ്ടി പാവങ്ങള്‍ സഹിക്കേണ്ടിവരുന്ന ദേഹദണ്ഡങ്ങളാണ്. കുറ്റാന്വേഷണരംഗത്ത് ഈ സൈബര്‍ യുഗത്തില്‍ പോലും വാണരുളുന്നത് പഴയ ഇടിയന്‍ മത്തായിയും കരടി നാരായണനും ഗരുഡന്‍ വാസുവും മറ്റുമാണെന്നതിന് എത്ര തെളിവുകള്‍ വേണമെങ്കിലുമുണ്ട്.
ഉത്സവപ്പറമ്പില്‍ കഥാപ്രസംഗം കേട്ടുകൊണ്ടുനിന്ന കൂലിപ്പണിക്കാരനായ ഒരു ചെറുപ്പക്കാരനെ ചീട്ടുകളിക്കേസില്‍ കുടുക്കി പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി. ഒരു രാത്രി മുഴുവന്‍ മര്‍ദ്ദിച്ചിട്ടും ചെയ്യാത്ത കുറ്റം അവനേറ്റില്ല. ക്ലാവറും ഇസ്പേഡും തിരിച്ചറിയാന്‍പോലും കഴിയാത്ത അവന്‍ പിന്നീടൊരിക്കലും ഉത്സവത്തിനു പോയിട്ടില്ല. അമ്മയോടൊപ്പം അത്താഴമുണ്ട് സ്വന്തം വീട്ടുവരാന്തയില്‍ കിടന്നുറങ്ങിയ മകനെ അര്‍ദ്ധരാത്രിയില്‍ ഒരുവണ്ടി പോലീസ് വന്ന് വിളിച്ചുണര്‍ത്തി. ആളുമാറി പിടിക്കപ്പെട്ട അവനെ ഭിത്തിയോടു ചേര്‍ത്തുനിര്‍ത്തി കീഴ്നാഭിക്ക് കൃത്യമായി ഒരു പോലീസുകാരന്‍ ഒറ്റച്ചവിട്ട്. ‘അമ്മേ’ എന്നു വിളിച്ചു കരയുന്ന മകന്‍റെ മുമ്പില്‍ നിസ്സഹായയായ അമ്മ പേടിച്ചരണ്ടു നില്ക്കേണ്ടിവന്നു. രണ്ടു ദിവസങ്ങള്‍ക്കുശേഷം പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ മകന്‍റെ ജഡം പൊട്ടിക്കരഞ്ഞുകൊണ്ട് ഏറ്റുവാങ്ങിയ ആ അമ്മയ്ക്ക് ഒരു സാന്ത്വനസ്പര്‍ശമേകുവാന്‍ ഇന്നോളം ആര്‍ക്കും കഴിഞ്ഞിട്ടില്ല. പകരം, ഹൃദയഭേദകമായ ഒരു വാര്‍ത്തയാണ് നല്കിയത്. ‘മകനെ മര്‍ദ്ദിച്ച പോലീസ് ഉദ്യോഗസ്ഥന്‍ ക്ലീന്‍ചിറ്റുമായി ഔദ്യോഗിക ജീവിതത്തില്‍ ഇന്നും തുടരുന്നു.’ചോദിക്കാനും പറയാനുമില്ലാത്തതു കൊണ്ടുമാത്രം സംഭവിക്കുന്ന ഭീകരതകളാണിവയൊക്കെ. എവിടെപ്പോയി നമ്മുടെ ബുദ്ധിജീവികള്‍, യുക്തിവാദികള്‍, സാഹിത്യശിരോമണികള്‍!
സ്ത്രീകള്‍ ഇരകളായി ഈയടുത്തകാലത്ത് ഉയര്‍ന്നുവന്നിട്ടുള്ള എത്ര കേസുകളില്‍ വിജയകരമായി അന്വേഷണം പൂര്‍ത്തിയായി എന്നു പരിശോധിക്കുമ്പോഴാണ് നാമൊക്കെ അമ്പരന്നുപോകുന്നത്. ബഹുഭൂരിപക്ഷത്തിലും ഒന്നുകില്‍ വാദി പ്രതിയാകുന്നു, അല്ലെങ്കില്‍ സാക്ഷി മൊഴി മാറ്റുന്നു. ഇതു രണ്ടുമല്ലെങ്കില്‍ കേസ് ഒത്തുതീര്‍പ്പിലാകുന്നു. പോക്സോ കേസുകളില്‍പ്പോലും ഇതാണവസ്ഥയെങ്കില്‍ മലയാളി സ്ത്രീത്വത്തിന് ഇതില്‍പ്പരം എന്തപമാനമാണ് വരാനുള്ളത്? എന്താണിതിനു കാരണം?
ഒരുവശത്തുകൂടി കഠിനമായ ഭീഷണികളും മറുവശത്തുകൂടി ആരെയും കൊതിപ്പിക്കുന്ന പ്രീണന നയങ്ങളുമായി പ്രതിഭാഗം മുന്നേറുകയാണ്. ‘പണ്ടേ ദുര്‍ബ്ബല, പിന്നെ ഗര്‍ഭിണിയും’ എന്ന അവസ്ഥയിലുള്ള ഇരകള്‍ അതില്‍ പെട്ടുപോകുന്നതു സ്വാഭാവികം മാത്രം. ഇവിടെയാണ് വനിതാപ്രവര്‍ത്തകര്‍ ഊര്‍ജ്ജസ്വലരായി ഇടപെടേണ്ടത്. എന്നാല്‍, അതിനുള്ള ആര്‍ജ്ജവത്വവും ഇച്ഛാശക്തിയുമുള്ള ഒരൊറ്റ ഫെമിനിസ്റ്റ് ആക്ടിവിസ്റ്റുകളും നമുക്കില്ലാതെ പോയി എന്നത് കാലത്തിന്‍റെ ഒരു ദുര്യോഗം മാത്രം. സ്ത്രീജന്മത്തിന്‍റെ മഹത്വവും ധീരതയും വിളിച്ചോതിയ ഉണ്ണിയാര്‍ച്ച മുതല്‍ കുട്ടിമാളു അമ്മവരെയും വിപ്ലവവീര്യം തിലകക്കുറിയാക്കിയ അക്കാമ്മ ചെറിയാന്‍ മുതല്‍ കെ.ആര്‍. ഗൗരിയമ്മ വരെയോ എത്തിയപ്പോഴേയ്ക്കും ആ പ്രയാണം അവസാനിച്ചുപോയി. ഇന്ന് മിസ് കേരളമാകാനും കൊടിയും താലപ്പൊലിയും പിടിക്കാനും സ്വര്‍ണ്ണക്കടകളുടെ പരസ്യങ്ങള്‍ക്കു നിന്നുകൊടുക്കാനും മാത്രമുള്ള സൗന്ദര്യ-ഉപഭോഗ വസ്തുക്കളായി സ്ത്രീത്വം വഴിമാറുകയാണോ എന്ന് ഒരു സാധാരണക്കാരന്‍ ചിന്തിച്ചുപോയാല്‍ അവനെ എങ്ങനെ കുറ്റംപറയാന്‍ കഴിയും?
‘സ്ത്രീശാക്തീകരണം’ എന്ന വിഷയം കത്തിനില്‍ക്കുന്ന ഒരു കാലമാണല്ലോ ഇത്. എന്നാല്‍, ക്രിയാത്മകമായ എന്തു മുന്നേറ്റമാണ് മഹിളാസംഘടനകള്‍ ഉയര്‍ത്തിക്കൊണ്ടു വന്നിട്ടുള്ളത്? ജനശ്രദ്ധ കിട്ടുമെന്നു തെറ്റിദ്ധരിച്ച് അവര്‍ കാട്ടിക്കൂട്ടിയ മ്ലേച്ഛമായ സമരങ്ങള്‍ ഒന്നോര്‍ത്തുനോക്കൂ. ശബരിമല പ്രവേശനവും ചുംബനസമരവും അന്ധമായ പുരുഷവിദ്വേഷത്തിലൂന്നിയുള്ള (ചില) മീറ്റു പ്രഹസനങ്ങളുമെല്ലാം ഫെമിനിസത്തിന്‍റെ അന്തസ്സത്തയും കുലീനതയും നഷ്ടപ്പെടുത്തുക മാത്രമാണ് ചെയ്തിട്ടുള്ളത്. അതേസമയം ജനഹൃദയങ്ങളെ പ്രകമ്പനം കൊള്ളിക്കുന്ന ജീവിതഗന്ധികളായ നിരവധി സാമൂഹിക പ്രശ്നങ്ങള്‍ക്കു നേരെ അവര്‍ കണ്ണടയ്ക്കുകയാണ് ചെയ്തിട്ടുള്ളത്. അവയില്‍ ഏറ്റവും വലിയ ഉദാഹരണമായി ചൂണ്ടിക്കാട്ടാവുന്നതാണ് ശമ്പള വര്‍ദ്ധനവിനു വേണ്ടി കേരളത്തിലെ നേഴ്സുമാര്‍ വര്‍ഷങ്ങളായി നടത്തിവരുന്ന സമരം. വീട്ടുവേലയ്ക്കു നില്‍ക്കുന്ന ഒരു ബംഗാളിപ്പെണ്‍കുട്ടിക്കു കൊടുക്കുന്ന കൂലിപോലും ലഭിക്കാത്ത ‘ഭൂമിയിലെ മാലാഖ’മാരെന്നറിയപ്പെടുന്ന ആ പാവങ്ങളുടെ സമരമുഖത്തൊന്നും ഒരൊറ്റ ആക്ടിവിസ്റ്റും ഇന്നുവരെ എത്തിയിട്ടില്ല. വയറ്റില്‍ ഒരു സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കത്രികയുമായി അതികഠിനമായ വയറുവേദനയില്‍ നീറിപ്പുകഞ്ഞ് നീണ്ട അഞ്ചു വര്‍ഷങ്ങള്‍ കഴിച്ചുകൂട്ടിയ ഒരു വനിത ഇന്നു സമരത്തിലാണ്. നീതിക്കുവേണ്ടി കേഴുന്ന അവര്‍ കയറിയിറങ്ങാത്ത ആശുപത്രികളും പോലീസ് സ്റ്റേഷനുകളുമില്ല. വൈദ്യശാസ്ത്രരംഗത്തു സംഭവിച്ച ക്രൂരമായ അനാസ്ഥയുടെ തിക്തഫലമാണ് ആ പാവം സ്ത്രീ അഞ്ചുവര്‍ഷക്കാലം ചുമക്കേണ്ടിവന്നത്. എന്നിട്ടും എന്തുകൊണ്ട് പ്രതിയെ കണ്ടെത്തുന്നില്ല. ആധുനിക വൈദ്യശാസ്ത്രത്തിനും രാഷ്ട്രീയ-സാമൂഹിക നേതൃത്വത്തിനും നേരെ ഒരു തീപ്പന്തമായി എരിഞ്ഞു തീര്‍ന്നുകൊണ്ടിരിക്കുന്ന ആ നിരപരാധിയുടെ ശബ്ദമായി മാറുവാന്‍ നമ്മുടെ വനിതാസംഘടനകള്‍ക്ക് കഴിയാതെ പോകുന്നത് എന്തുകൊണ്ടാണ്? ചുരുങ്ങിയപക്ഷം ഒരു പൊതുതാത്പര്യ ഹര്‍ജിയുമായി കോടതിയെ സമീപിക്കാനെങ്കിലും നമ്മുടെ ഫെമിനിസ്റ്റു ആക്ടിവിസ്റ്റുകള്‍ തയ്യാറാകേണ്ടതല്ലേ? പ്രതികരണശേഷിയും ബുദ്ധിയും പണയംവെച്ച്, മുദ്രാവാക്യം വിളിക്കാനും ബാക്കിയുള്ള സമയം ബിവറേജസ് ഔട്ട്ലെറ്റിനു മുന്നില്‍ നാണമില്ലാതെ ക്യൂ നില്‍ക്കാനും വിധിക്കപ്പെട്ട യുവത്വം ഒരു വശത്തും അവരില്‍ നിന്നൊക്കെ കിട്ടാവുന്ന ഓഹരി തട്ടിയെടുത്ത് വായില്‍ പഴം തിരുകിവെച്ച് ഇന്നത്തെ അപ്പം മാത്രം ലക്ഷ്യമാക്കി വാലുമടക്കിപ്പോകുന്ന സാംസ്കാരിക നായകര്‍ മറുവശത്ത്. ഇവരെല്ലാം സൗകര്യപൂര്‍വം മറക്കുന്ന ഒരു ജീവിതസത്യമുണ്ട്. അതിതാണ്: ‘പ്രതികരിക്കാന്‍ കെല്പും ത്രാണിയുമില്ലാത്തവരുടെ കണ്ണുനീരില്‍ കുതിര്‍ന്ന കേസുകളാണ് നീരാവിയായി ആകാശത്തേക്കുയരുന്നത്. അത് കാര്‍മേഘപടലമായി വാനിലലിഞ്ഞ് ഇടിയും വെട്ടിപ്പെയ്യുന്ന കാലം ഒട്ടും വിദൂരമല്ല.’
