BREAKING NEWS

Chicago
CHICAGO, US
4°C

കള്ളൻ (കഥ-സുധീർ കുമാർ)

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

2 March 2022

കള്ളൻ (കഥ-സുധീർ കുമാർ)


“ഇച്ചായാ ഫ്രീ ആയാലൊടനെ വിളിക്കണേ ….”
പതിവില്ലാത്ത മെസേജ് കണ്ടപ്പോൾ
വല്ലാത്തൊരാധി കയറി
കുളിക്കാൻ നിൽക്കാതെ തന്നെ അയാൾ ബാൽക്കണിയിലേക്കു ചെന്നു.
ഹാളിലിരുന്ന് വാർത്തകളിലെ കൊറോണാ കണക്കുകൾ നോക്കുകയായിരുന്നു,  സഖറിയായും ജയനും.
ദൂരെ ബീച്ച് റോഡിൽ വെളിച്ചത്തിന്റെ വെള്ളിക്കമ്പികൾ വലിച്ച് വാഹനങ്ങൾ നിലയ്ക്കാതെ പായുകയാണ്.
ആകാശ ഗോപുരങ്ങളിൽ നിന്ന് ഇരുണ്ട കടലിലേക്കു പറന്നുവീണ മിന്നാമിന്നികളെ
കുഞ്ഞുതിരകൾ താരാട്ടുന്നുണ്ട്.

ഒറ്റ റിംഗിനു തന്നെ അവൾ ഫോണെടുക്കുമെന്നയാൾക്ക് ഉറപ്പായിരുന്നു.
“എന്താ മോളേ …?”
“ച്ചായാ…” ഇടറിയ ഒരു മറുവിളിയല്ലാതെ
അവൾക്ക് ഒന്നും പറയാനാകുന്നില്ലായിരുന്നു.
“മനുഷ്യനെ ഇങ്ങനെ മുൾമുനയിൽ നിർത്താതെ നീ സമാധാനമായി പറയ് എന്താ പ്രശ്നം, എന്തുപറ്റി എന്റെ രേഖാ?”
കടിഞ്ഞാൺ കൈവിട്ട കരച്ചിലായിരുന്നു മറുപടി.

“എന്റെ മോളേ, വേണമെങ്കിൽ  അടുത്ത ഫ്ലൈറ്റിൽ തന്നെ ഞാൻ അങ്ങെത്തിയേക്കാം. വിഷമിക്കാതെ എന്നതാ കാര്യമെന്ന് നീ പറയ്…..”
സഖറിയാ ബാൽക്കണിയോളം വന്ന് എത്തിനോക്കി. ഒന്നുമില്ലെന്ന് അയാൾ
വാതിൽ ചാരി.

അവളുടെ കരച്ചിൽ പതിയെ നിന്നു.
“കഴിഞ്ഞയാഴ്ച പറഞ്ഞാരുന്നല്ലോ
എന്റെ ബായ്ഗീന്ന് കാശു കാണാതായ കാര്യം…..?  അതിൽ പിന്നെ ഒത്തിരി  ശ്രദ്ധിച്ചു തന്നെയാണ് ഞാൻ പൈസ എടുക്കുന്നതും, വയ്ക്കുന്നതുവെല്ലാം.
ഇന്നു രാവിലെ പത്രക്കാരന് കാശു കൊടുക്കാൻ നേരവാ
രണ്ടായിരം രൂപായുടെ കുറവ് കണ്ടത്. ഡിനോമിനേഷനടക്കം  എഴുതി വച്ചാരുന്നതാ. നമ്മുടെ …
നമ്മുടെ ബോബിമോൻ എടുത്തു കാണുവോ എന്റിച്ചായാ ?”
അയാളുടെ തൊണ്ടയിൽ ഒരു നിമിഷം വാക്കുകൾ വറ്റി.

“ചോദിക്കാതെ അവനെടുക്കത്തില്ല മോളേ….
ഇന്നലെയാണോ നീ ബാഗിൽ പണം എണ്ണി വച്ചത് ? അതിൽപിന്നെ ആരെങ്കിലും വന്നാരുന്നോ വീട്ടിൽ?
ഇനി നിന്റെ ഓഫീസിലെ ആരെങ്കിലും ?”

” എന്റെ ഇച്ചായാ,  കഴിഞ്ഞ ഞായറാഴ്ചയാ ഏടിയെമ്മീന്ന് കാശെടുത്തത്. ഓഫീസിൽ ചെന്നാൽ ബായ്ഗ് കാബിനിൽ വയ്ക്കത്തേയൊള്ള്.
പെട്രോളെല്ലാം കാർഡ് പേയ്മന്റാരുന്നല്ലോ.
വേറെ പണത്തിന്റെ ആവശ്യം ഇല്ലായിരുന്നേ. വല്ലതും വാങ്ങണോങ്കിത്തന്നെ ചാച്ചനല്ലേ പൈസായെല്ലാം ചിലവാക്കല്. വീട്ടിലാണേൽ പ്രത്യേകിച്ച് ആരും വന്നിട്ടുവില്ല.”

ബോബിയുടെ അക്കൗണ്ടിൽ ഇരുപത്തയ്യായിരം രൂപ കിടപ്പുണ്ട്.
എന്നാലും പൈസയുടെ ആവശ്യമുണ്ടായാൽ അതൊന്നുമെടുക്കാതെ അവൻ പപ്പയെ വിളിക്കുകയാണല്ലോ ചെയ്യാറ് !
ചാച്ചനും വല്ല്യമ്മച്ചിയും വല്ലപ്പഴും കൊടുക്കുന്ന പോക്കറ്റ് മണിയിലെ ചില്ലിക്കാശുപോലും
ചിലവാക്കാതെ ബാങ്കിൽ കൊണ്ടിടുന്ന ബോബിച്ചനെ വല്യപ്പച്ചനേക്കാൾ വല്യ പിശുക്കനെന്ന് മാഗി എന്നും കളിയാക്കും ….

” അവനെടുക്കത്തില്ല രേഖാ , എനിക്ക് ഉറപ്പാണ് ” –
പക്ഷെ; പറഞ്ഞറിയിക്കാനാവാത്ത
വിങ്ങൽ,  ഉള്ളിൽ . കർത്താവേ അവനാകുമോ ?
പതിനേഴു വയസ്സാണ് ബോബിക്ക്. ഏതു വഴിയിലേക്കും തിരിഞ്ഞു പോകാവുന്ന ഒരു വല്ലാത്ത കവലയിലാണ് അവനിപ്പോൾ.
മയക്കുമരുന്നിൽ മുങ്ങി ജീവിതം കൈവിട്ട നാട്ടുകരൻ പയ്യനെപ്പറ്റി രേഖ പറഞ്ഞത് ഈയിടെയാണ്.
-നമ്മുടെ ബോബീടെ പ്രായേ ഒള്ളൂ ഇച്ചായാ…
കേക്കുമ്പം ഭയമാകുന്നു-

“നിന്റെ കണക്കു തെറ്റിയതാകും. നന്നായി ഓർത്തു നോക്ക്. ബാഗെല്ലാം ശരിക്കു ചെക്ക് ചെയ്യണം. ടെൻഷനടിക്കണ്ട.”

“പണം നഷ്ടപ്പെടുന്നുണ്ടെന്ന് തിരിച്ചറിഞ്ഞതുമുതൽ ഞാൻ കൃത്യവായി എണ്ണി വയ്ക്കുന്നതാണ്.
ബായ്ഗിനകത്ത് ഒരു കള്ള അറയില്ലേ ?  അതിലായിരുന്നു. അതങ്ങിനെ എടുക്കണ്ട ആവശ്യം വരാറില്ലല്ലോ. ഇന്ന് ബായ്ഗു മുഴുവൻ
കുടഞ്ഞിട്ട് പരിശോധിച്ചു.”
തേങ്ങൽ നിയന്ത്രിക്കാനാകുന്നില്ല, അവൾക്ക്.

“ഓഫീസിലെ ക്യാമറ ഒന്നു റിവൈന്റ് ചെയ്ത് നോക്ക്.  അവിടന്നേ പോകാൻ വഴിയൊള്ളൂ. ബോബി എടുക്കത്തില്ലെന്നു തന്നെയാണ് എന്റെ വിശ്വാസം. എന്നാലും –
ആ സാധ്യതയും തള്ളിക്കളയാൻ പറ്റത്തില്ലല്ലോ. അതുകൊണ്ട് വീട്ടിലും നീ ശരിക്കും വിജിലന്റാകണം. അവനെ സംശയിക്കുന്ന രീതിയിലൊന്നും സംസാരിക്കരുതു മോളേ ….”

” ഓഫീസിൽ വച്ചാകത്തില്ല  ഇച്ചായാ. അവിടെ അതിനുള്ള സാഹചര്യങ്ങളില്ല. മോനോട് ഞാൻ ചോദിച്ചാരുന്നു. അവൻ എടുത്തിട്ടില്ലെന്നു തന്നാ പറയുന്നേ.  അവന്റെ സംസാരത്തിൽ കുഴപ്പമൊന്നും തോന്നിയിട്ടില്ല കേട്ടോ.
പിന്നെയിവിടെ മാഗിമോളല്ലേ ഒള്ളോ ? അവൾ അതിനുമാത്രം വളർന്നിട്ടുമില്ല.
എനിക്കു ശരിക്കും പേടിയാകുന്നു. കാശെടുത്തത് ആരാണെങ്കിലും അതു നമ്മുടെ ബോബിയാവരുതേ എന്നാണ് എന്റെ പ്രാർത്ഥന. ഇനി അവനെങ്ങാനുവാന്ന് അതു ചെയ്തതെങ്കിൽ തല്ലിക്കൊല്ലും ഞാൻ. നോക്കിയ്ക്കോ….”

മാർക്ക് കുറഞ്ഞാൽ, മഴ നനഞ്ഞാൽ,
കടവിൽ നീന്താൻ പോയാൽ ഒക്കെ  ബോബിയെ അവൾ തല്ലിക്കൊല്ലാറുള്ളതോർത്ത്
അയാൾക്കു ചിരിവന്നു.
“അടുക്കളയിൽ കുറച്ചു പണിയൊണ്ടേ.
കിടക്കുമ്പോൾ വിളിക്കാവേ.”

“എന്താണ് പതിവില്ലാത്ത നേരത്ത് ഒരു വിളി ? എനിതിംഗ് സീരിയസ് അളിയാ?”
ജയനോട് പക്ഷെ, ഒന്നുമില്ലെന്നു മാത്രം പറഞ്ഞു.

നാട്ടിൽ പോയി വന്നിട്ട് ഒന്നര മാസം കഴിഞ്ഞതേ ഉള്ളൂ. വീണ്ടും ലീവ് കിട്ടാൻ പാടാകും. എന്നിട്ടും എമിറേറ്റ്സിന്റെ സൈറ്റിൽ അയാൾ  ടിക്കറ്റിന്റെ ലഭ്യത തിരഞ്ഞുകൊണ്ടിരുന്നു. കുറച്ചു നാളായി ഈ പ്രവാസമവസാനിപ്പിച്ചാലോ എന്ന്
ചിന്തിക്കുന്നു. പിള്ളേരുടെ പഠനമെല്ലാം തീർന്നിട്ടു മതി എന്നായിരുന്നു ആദ്യത്തെ തീരുമാനം.  നാട്ടിൽ ചെന്നാൽ എന്തു ചെയ്യും എന്ന സമസ്യയും ഉണ്ട്.
പക്ഷെ; ഇപ്പോൾ രേഖയുടെ സങ്കടങ്ങൾ കേൾക്കുമ്പോൾ താനവിടെ ഉണ്ടായേ മതിയാകൂ എന്ന് തോന്നുന്നു.

ഞാൻ ഇവിടന്ന് മതിയാക്കി വരികയാണ്
എന്നു കേട്ടിട്ടും
“എന്നാത്തിന്?  എന്നിട്ടെന്തോ ചെയ്യും ?കുട്ടികളുടെ പഠിത്തം കഴിയട്ടെ. മോൾക്കടെ കാര്യത്തിനും ഒരു കരുതലു വേണ്ടായോ?” എന്നൊന്നും പതിവു പോലെ അവൾ ചോദിച്ചില്ല.

“വിലാസിനി ചേച്ചി വരാറില്ലേ ?
അവരെയും സംശയിക്കാമല്ലോ- ”
അമ്മച്ചിയ്ക്ക് പക്ഷാഘാതം വന്ന കാലം മുതലേ വീട്ടിലെ ഒരാളായി മാറിയ വിലാസിനി ചേച്ചിയാണ് വീട്ടുജോലികളിൽ അവൾക്കു സഹായി.
“ഇരുപതു കൊല്ലമായി  കാണുന്നതല്ലേ ?
അവരെക്കുറിച്ച് അങ്ങനെ ഓർക്കാനേ പാടില്ല.”

എഴുന്നേൽക്കാൻ വയ്യാതെ അമ്മച്ചി കിടന്നിരുന്ന നാളുകളിൽ വിലാസിനി ചേച്ചി മാത്രമാണ് പകൽ മുഴുവൻ വീട്ടിലുണ്ടാകാറ്.

“ശരിയാണ്. എന്നാലും നമ്മൾ എല്ലാ പോസിബിലിറ്റിയും നോക്കണം. പിന്നെ  നിന്റെ വീട്ടിലും ഇടയ്ക്ക് പോകാറില്ല്യോ ? അവിടാകുമ്പോൾ ബാഗെല്ലാം ചുമ്മാ എങ്ങോട്ടെങ്കിലും അലസമായി എറിഞ്ഞ്
നീയങ്ങനെ വാചകമടിച്ചു നടക്കും.”

“എന്റെ ഇച്ചായാ, ഇതുവരെ ഇങ്ങനെ ഒരനുഭവമൊണ്ടായിട്ടില്ലല്ലോ ….. ഇപ്പോൾ ഞാൻ ശരിക്കും ശ്രദ്ധിയ്ക്കുന്നുണ്ട്.
മോന്റെ പഴ്സ് ഞാൻ നോക്കിയാരുന്നു.
അവന്റെ ബായ്ഗും അലമാരയും എല്ലാം…..
കഴിഞ്ഞ ആഴ്ച പുസ്തകം വാങ്ങാൻ കൊടുത്ത അഞ്ഞൂറു രൂപയുടെ ബാക്കി പോലും കൃത്യമായി ഇരിപ്പൊണ്ട്. നമ്മുടെ മുമ്പിൽ എല്ലാം പക്കയാണെന്ന് കാണിച്ച് വേറെ എന്തെങ്കിലും അവൻ ചെയ്യുന്നുണ്ടാവ്വോ ച്ചായാ? ചീത്ത കൂട്ടുകെട്ടിൽ വല്ലോം ചെറുക്കൻ പെട്ടു കാണുവോ? അവന്റെ ഫോണെല്ലാം അൺലോക്ക് ചെയ്ത് നോക്കാറുള്ളതാ ഞാൻ. അതില് പ്രത്യേകിച്ചൊന്നും കാണാൻ കഴിഞ്ഞിട്ടില്ല.
ഓൺലൈൻ ഗെയിം കളിച്ച് കാശു പോയ സങ്കടത്തിൽ തൃശൂരിലെ ഒരു പയ്യൻ സ്യൂയിസൈഡ് ചെയ്ത വാർത്തയാ ഇപ്പൊ ടീവീല്. എന്റെ നെഞ്ചിലെന്തോ ഭാരം കയറ്റി വച്ചതു പോലെ !”

പാതിരാ കഴിഞ്ഞ് ഉറക്കം വരുന്നെന്നയാൾ നുണ പറഞ്ഞപ്പോഴാണ്  മനസ്സില്ലാമനസ്സോടെ അവൾ ഫോൺ വച്ചത്.

“എന്നാലും എന്റെ ഇച്ചായാ രണ്ടു പ്രാവിശ്യവായിട്ട് നാലായിരം രൂപയാ പോയത്…..” ഓരോ ദിവസവും
അവൾ ഓർമ്മിപ്പിയ്ക്കും.

ആ വെള്ളിയാഴ്ച നാട്ടിലും  അവധിയായിരുന്നു. റിപ്പബ്ലിക് ദിനം. ഉച്ചക്ക് അയാളുടെ വിളി കാത്തിരിക്കയായിരുന്നു, അവൾ.
” ഇന്ന് ആയിരത്തഞ്ഞൂറു രൂപ കാണാനില്ല. ഞാൻ എന്ന ചെയ്യും?
അവനെ വിളിച്ചു ചോദിച്ചു, എടുത്തിട്ടില്ലെന്നു തന്നെ പറയുന്നു.
എന്റെ തലയിലും വേദപുസ്തകത്തിലുവെല്ലാം കൈവച്ച് സത്യം ചെയ്യിച്ചു….
വേറെ ആരും എടുക്കാൻ വഴിയുമില്ല.
എനിക്കു പേടിയായിട്ടുവയ്യ ഇച്ചായാ….”

“ഇന്നാണോ കാശു കാണാതായത് ?
ഇന്നലെ വൈകീട്ട് നീ ബാഗു ചെക്കു ചെയ്താരുന്നോ?”

“മിനിയാന്നാണ് ഞാൻ  പൈസ എടുത്തത്. അപ്പോൾ നാലായിരത്തി എണ്ണൂറു രൂപ ബാക്കി ഇരുന്നിരുന്നു. പിന്നെ ഇന്ന് മീൻ വാങ്ങിക്കാനാണ് ബായ്ഗ് തുറന്നത് ….”

“വേറെ എവിടെയെങ്കിലും വച്ച് പോയതായിക്കൂടെ ? നന്നായി ഓർത്തു നോക്ക്”

“ഞാൻ ശ്രദ്ധിയ്ക്കുന്നതായിരുന്നു.
മറ്റ് എവിടെയും ബായ്ഗ് വയ്ക്കാറുമില്ല..
അവൻ നിഷ്കളങ്കനെപ്പോലെ എന്നോടു പറയുകയാണ് – കാശു കാണാതായ ദിവസങ്ങളിൽ മമ്മി എവിടെല്ലാം പോയി
എന്നോർത്തുനോക്ക്. ആരെയെല്ലാം കണ്ടു എന്നും  ബായ്ഗെവിടെയെങ്കിലും വച്ചിരുന്നോ എന്നുമൊക്കെ ആലോചിക്ക്, എന്നാൽ പിടികിട്ടും – എന്ന്.
അവനെക്കൊണ്ട് നിങ്ങടെ പേരിൽ പോലും ഞാൻ സത്യം ചെയ്യിച്ചു. അന്നേരവും ഒരു ഭാവവ്യത്യാസോം ഇല്ലായിരുന്നു ചെറുക്കന്.
എന്നാ പറഞ്ഞാലും എനിക്കു തോന്നുവാ അവൻ തന്നെയാണ് അതു ചെയ്തിട്ടൊണ്ടാവുക എന്ന്. അല്ലാതെ വേറെ ഒരാളും എന്റെ  ബായ്ഗ്…”
അവൾ വീണ്ടും ഇടറുകയാണ്.
അനേകായിരം മൈലുകൾക്കിപ്പുറം
മഞ്ഞു പൂക്കുന്ന തീരത്ത്
അയാൾ ഉരുകിക്കൊണ്ടിരുന്നു.

നെടുമ്പാശേരിയിൽ കാത്തു നിൽക്കാൻ
അവളില്ലാതെ അയാളിറങ്ങുന്നത് പതിനെട്ടു വർഷങ്ങൾക്കു ശേഷമാണ്.
പെട്ടെന്നൊരു പുലർച്ചെ ഇച്ചായൻ വന്നു കയറിയപ്പോൾ പറയാതെ എത്തിയതിന്റെ
പരിഭവത്തിനു പകരം വല്ലാത്ത
ആശ്വാസമാണ് അവൾക്കു തോന്നിയത്.

ഒരു സൂചനയുമില്ലാതിങ്ങനെ പൊടുന്നനേ നിങ്ങളെത്തുന്നതും
കാത്തിരിക്കയായിരുന്നല്ലോ ഞാൻ എന്നവളുടെ മിഴികൾ തൂവിത്തുളുമ്പി.

“പപ്പാ ശരിക്കും പറ്റിച്ചല്ലേ ? ഇന്നലെ വിളിച്ചപ്പം പോലും ഒരു സൂചന തന്നില്ലല്ലോ ….! ”
ബോബിയുടെ സംസാരത്തിലൊന്നും
ഒരസ്വാഭാവികതയും ഇല്ലായിരുന്നു.

“വേളാങ്കണ്ണിക്ക് ഒന്നു പോണം എന്ന് വല്ലാതെ ആഗ്രഹിച്ചിരിക്കയാരുന്നു. മാതാവാകും  ഇപ്പം വരാൻ ഇച്ചായനെ തോന്നിപ്പിച്ചത്. നമുക്ക് ഉടനെത്തന്നെ പോയാലോ ?
എല്ലാം ശരിയാകും എന്നെന്റെ മനസ്സു പറയുന്നുണ്ട്ച്ചായാ…
ഗ്രേസിയാണെങ്കിൽ കുറേക്കാലാവായി
പറയുവാ നമുക്കൊന്നിച്ച് പോവാമെന്ന്.
നിങ്ങള് ആന്റപ്പനോട് ഒന്ന് ചോയിച്ചേര്.
വിളിച്ചില്ലേൽ അവളു പിണങ്ങും.”

“ഗ്രേസിയോട്  നീ പറഞ്ഞോ, പൈസ കാണാതായ കാര്യം?”

“കാശു കാണാതായതിന്റെ കൂടെ നമ്മുടെ
ബോബിയെ സംശയിക്കുന്നുണ്ടെന്നും പറയേണ്ടി വരില്ലേ ? ഇച്ചായനോടല്ലാതെ ഒരാളോടും ഞാൻ പറഞ്ഞിട്ടില്ല.  നിങ്ങടെ ബന്ധുവും അടുത്ത കൂട്ടുകാരനുവൊക്കെയല്ലേ ആന്റപ്പൻ ?
എന്നിട്ടു പോലും നിങ്ങൾ അയാളെ വല്ലതും അറിയിച്ചിട്ടുണ്ടോ, ഇല്ലല്ലോ ?
ഇതങ്ങനെ ആരോടേലും പറയാൻ പറ്റുന്നതാന്നോ ?  ”

കൊറോണയുടെ അവതാരത്തിനു ശേഷം പുറത്തിറങ്ങാനാകാത്തതിന്റെ വീർപ്പുമുട്ടലിലായിരുന്നു ആന്റപ്പനും കുടുംബവും.  യാത്രാ നിരോധനങ്ങൾ കാരണം കഴിഞ്ഞ വരവിന് എങ്ങും പോകാനും കഴിഞ്ഞിരുന്നില്ല.

കുറച്ചധികം നാൾ അടച്ചിട്ടെങ്കിലും
ഇപ്പോൾ ഹോട്ടൽ നന്നായി പോകുന്നുണ്ടെന്ന്
ആന്റപ്പൻ.
മുഖം മുക്കാലും മറയ്ക്കുന്ന മാസ്ക്ക് ശീലമായതുകൊണ്ടാകും, അഞ്ചെട്ടു മാസം കഴിഞ്ഞ് തുറന്നപ്പോൾ ബ്യൂട്ടിപാർലർ ആർക്കും വേണ്ടാതായെന്ന് ഗ്രേസി.
എന്നാലും കൊറോണാ ദുരിതങ്ങളുടെ കയങ്ങളിൽ
വീണു പോകാതെ കാത്തതിന് മാതാവിനോട്
നന്ദി പറയണമെന്നു കരുതിയിരിക്കയായിരുന്നു അവരും.

ബുക്കു ചെയ്തിട്ടില്ലായിരുന്നെങ്കിലും ദേവാലയത്തിന്നരികിലെ സെന്റ് മേരീസ്
റെസിഡെൻസിയിൽ തന്നെ താമസിക്കാൻ ഇടം കിട്ടി.
ആൺപിള്ളേർക്ക് മൂന്നാൾക്കും കൂടി ഒരു മുറി.
ആന്റപ്പനും അയാൾക്കും ഒന്ന്. സ്ത്രീജനങ്ങൾക്ക് വേറെ. അതു തന്നെയാണ് സാധാരണ ട്രിപ്പുകളിലെ രീതി.

ഞങ്ങളു റൂമിൽ പോയി റെസ്റ്റെടുക്കട്ടെ എന്നും പറഞ്ഞ് പള്ളി മുറ്റത്തൂന്ന് പെട്ടെന്നിറങ്ങുമ്പോൾ ഗ്രേസിയും രേഖയും
ഒന്നിച്ചാണ് മൂളിയത് …..
ഉം …ഉം ….

മുന്നൊരുക്കമില്ലാത്ത വരവായിരുന്നിട്ടും
ആന്റപ്പന് പ്രിയപ്പെട്ട ഗ്ലെൻഫിഡിച്ച് അയാൾ
മറന്നിരുന്നില്ല. പതിയെപ്പതിയെ കടമ്മനിട്ടയും
പടയണിയും നൂറ്റിയൊന്നാം മുറിയിൽ നിറഞ്ഞു.

അയാൾ എഴുന്നേൽക്കുംമുൻപ് ആന്റപ്പൻ  പള്ളിയിലേക്കു പോയിരുന്നു.
നിലയ്ക്കാത്ത കോളിംഗ്ബെൽ കേട്ടാണ്
വാഷ് റൂമിൽ നിന്ന് പുറത്തിറങ്ങിയത്.
വാതിൽ തുറന്നതും ചെമ്പകപ്പൂങ്കാറ്റു പോലെ
രേഖ അയാളെ ചുറ്റിപ്പുണർന്നു.
“ഇച്ചായാ…..”
അവളുടെ കണ്ണുകളിൽ
സന്തോഷത്തിന്റെ മഞ്ഞ് നിറഞ്ഞു പടർന്നിരുന്നു.

“എടീ ആന്റപ്പൻ ”
വാതിലടച്ചു കൊണ്ട് അയാൾ പറഞ്ഞപ്പോൾ
“പോടാ, ആന്റപ്പനും ഗ്രേസീം മാതാവിന്റടുത്തുണ്ട് ”
എന്ന് ചിരിച്ചു കൊണ്ടവൾ കൂടുതൽ ചേർത്തു പിടിച്ചു.

“എന്റെ പ്രാർഥനയ്ക്ക് ഫലമുണ്ടായി ഇച്ചായാ.
നമ്മുടെ ബോബിയല്ല പണമെടുത്തത്.
എനിക്കെന്നാ ആശ്വാസമായെന്നറിയാവോ …..! ”
അവൾ ചിരിയും കരച്ചിലും സമം ചേർത്ത് പറഞ്ഞു.

“അതെങ്ങനെ ഉറപ്പിച്ചു? മാതാവു പറഞ്ഞോ ?  എങ്കിൽപിന്നെ കാശെടുത്തത് ആര്?”

വാതിൽ കുറ്റിയിട്ട്  കട്ടിലിൽ വന്നിരുന്ന് അയാളുടെ കൈകൾ ചേർത്തുപിടിച്ച് പതിയെ അവൾ  നിറുകയിലേക്കു വച്ചു.
“മാതാവു കാട്ടിത്തന്നെന്നു കൂട്ടിക്കോ.
ആരോടും പറയണ്ട ഇച്ചായാ……
അത്  നമ്മുടെ ഗ്രേസിയാരുന്നു …! ”

“ഗ്രേസി ? നീ എന്നാ ഈ പറയുന്നേ?”
അയാൾക്ക് വിശ്വസിക്കാനാകുന്നില്ല.

“ബോബി അന്നു പറഞ്ഞപ്പോൾ ഞാനും
ഓർത്തു നോക്കി, എവിടൊക്കെ
പോയിരുന്നു  എന്നത്.
പൈസ നഷ്ടപ്പെട്ടിട്ടുള്ള ദിവസങ്ങൾക്കിടയിൽ പൊതുവായി ഒരാളെയല്ലേ ഞാൻ മീറ്റു ചെയ്തിട്ടുള്ളൂ എന്ന സംശയവും ബലപ്പെട്ടു.
കഴിഞ്ഞയാഴ്ച ബ്യൂട്ടി പാർലറിൽ പോയിരുന്നു.
അന്നവിടെ ഗ്രേസി മാത്രേ ഉണ്ടായിരുന്നുള്ളൂ.
എന്നാലും നൂറു ശതമാനം ഒറപ്പൊന്നുവില്ലല്ലോ
അവളാണെടുത്തതെന്ന്.
ഇച്ചായൻ പറഞ്ഞതു പോലെ എല്ലാ സാധ്യതകളും നോക്കണവല്ലോ.
മോനേ സംശയിക്കാമെങ്കിൽ ….!?”
അവളൊന്നു നിശ്വസിച്ചു.

“പ്രാർഥിക്കാൻ മാത്രവല്ല ഇച്ചായാ, ഇങ്ങനെ ഒരു ട്രിപ്പിന് ഞാൻ നിർബന്ധിച്ചത്.
ഇന്നലെ ബായ്ഗ് മുറിയിൽ വച്ചാണ്
പള്ളീപ്പോയത്. ഗ്രേസിയോട് പൊയ്ക്കോളാൻ പറഞ്ഞ് ഞാൻ കുറച്ചു നേരം കൂടി പ്രാർഥിക്കാനിരുന്നത് മന:പൂർവ്വാരുന്നു.
തിരികെയെത്തി നോക്കിയപ്പോൾ
ബായ്ഗിൽ ആയിരം രൂപ കുറവ് ! ”

“എന്നിട്ട് നീ ചോദിച്ചില്ലേ ?”

“ഞാനോർത്തതാ രണ്ടു പറയണമെന്ന്.
പിന്നെ നമ്മുടെ കുഞ്ഞല്ല അതെടുത്തതെന്നറിഞ്ഞപ്പോൾ തന്നെ
എന്നാ സമാധാനമായെന്നറിയാവോ?
ജീവൻ തിരിച്ചു കിട്ടിയതു പോലായി.
കഷ്ടപ്പെട്ടു പണിയെടുത്തുണ്ടാകുന്നതാണ് പണം എന്നറിയാതെയല്ല.
എന്നാലും  പോയത് പോട്ടെ.
ഇനി ശ്രദ്ധിച്ചാ മതിയല്ലോ ….
കുട്ടികളൊക്കെ പരസ്പരം എന്തു നല്ല കൂട്ടാണ് !
ചോദിച്ചാൽ ബന്ധവും സൗഹൃദവും എല്ലാം
ചെലപ്പൊ പോവും. അതു വേണ്ട.
നമുക്കു ചോദിക്കണ്ട അല്ലേ ഇച്ചായാ ?”

സുധീർ കുമാർ