ഡോ.സുകേഷ്
എണ്ണം പറഞ്ഞ പരിഭവമന്ത്രങ്ങൾ
കണ്ണു തുറക്കാതിരിക്കുന്നു ബുദ്ധനും.
വിണ്ണിലേയ്ക്കെത്തിക്കാതഴലിൻ സന്ദേശങ്ങൾ,
മണ്ണതിൽ പോലും നോക്കാതെ ബുദ്ധനും.
കണ്ണുമാകാതും വായുമേ മൂടുമ്പോൾ
ഇന്ദ്രിയനിഗ്രഹ ശാന്തത നേടിയോ?
ദുഃഖക്കടൽ കുടിച്ചാനന്ദമാം നിലാ-
പാലാഴിയുള്ളിൽ കടയാനിരിക്കയോ?
പിറവി മുതൽക്കേ കണ്ണുനീരെന്നൊരു
ശക്തമാമായുധം കൂടെയുണ്ടെപ്പോഴും
നീറുന്ന സങ്കട, പാപക്കറകളെ
കഴുകിക്കളഞ്ഞു ബുദ്ധനായ് തീരുക.
കണ്ണുനീർ വറ്റിച്ചു മറ്റൊരു ബുദ്ധനെ
തേടാതെ ധന്യനായ് മാറിയോൻ ശ്രീബുദ്ധൻ.
ഉള്ളിൽ പ്രപഞ്ചപീഠത്തിൽ വിരാജിച്ചു
പൊള്ളുന്ന ജീവിതസത്യം പഠിച്ചവൻ.
കണ്ണു തുറക്കാത്ത ബുദ്ധന്റെ മുമ്പിലായ്
കണ്ണുകൾ പൂട്ടി ബുദ്ധനെ കാണുക.
ബോധിവൃക്ഷത്തിന്റെ വേരടർത്തീടണം
ബോധ്യമായീടണം ബുദ്ധന്റെ ശാന്തത.
