പ്രിയ സുഹൃത്തും പ്രമുഖ എഴുത്തുകാരനുമായ ശ്രീ ജി ആര്‍ ഇന്ദുഗോപന്‍, തിരുവനന്തപുരത്തിന്റെ അധോലോകജീവിതത്തെയും ഗ്യാംഗ് സംഘട്ടനങ്ങളെയും പ്രമേയമാക്കി രചിച്ചിട്ടുളള ‘പടിഞ്ഞാറേ കൊല്ലം ചോരക്കാലം’ എന്ന കൃതിയില്‍, തീവണ്ടിയിലെ തടവുകാരന്‍, ശംഖുമുഖി, പടിഞ്ഞാറേ കൊല്ലം ചോരക്കാലം എന്നീ മൂന്ന് വ്യത്യസ്തമായ രചനകളാണ് ഉള്ളത്. തലസ്ഥാന നഗരത്തിന്റെ പണവും രാഷ്ട്രീയവും അധികാരവും ഏറെക്കുറെ യഥാതഥമായി, ചില അനുഭവങ്ങളുടെ കൂടി പശ്ചാത്തലത്തില്‍ രൂപപ്പെട്ടിട്ടുളളതാണ് ഈ രചന എന്നു പറയാം. മൂന്നു ഭിന്ന നോവലെറ്റുകള്‍ എന്ന് വിശേഷിപ്പിക്കാമെങ്കിലും ഈ കഥകളുടെയെല്ലാം അന്തര്‍ധാര സ്വാഭാവികമായും ഏകമാണ് എന്നത് നമുക്ക് എളുപ്പം മനസ്സിലാകുന്നതാണ്.
പൊതുവായ ചില കഥാപാത്രങ്ങള്‍ ഈ നോവലെറ്റുകളിലൂടെ കടന്നുപോകുന്നു എന്നതും പ്രത്യേകം ഓര്‍ക്കാം..!
ഈ ആമുഖം ഉണ്ടാകുന്നത്, മലയാള /ഇന്ത്യന്‍/ഒരു പക്ഷേ ലോക സിനിമയില്‍, എഴുത്തുകാരുടെ ഒരു സംഘടന- ഇവിടെ ഫെഫ്ക റൈറ്റേഴ്സ് യൂണിയന്‍- ആദ്യമായി ഒരു സി്നിമ ചെയ്തിരിക്കുന്നു എന്ന ഒരു പ്രധാന സന്ദര്‍ഭം മുന്‍നിര്‍ത്തിക്കൂടിയാണ്. ഇന്ദുഗോപന്റെ ശംഖുമുഖി എന്ന ദീര്‍ഘകഥയെ അവലംബിച്ച്, ഇന്ദുഗോപന്‍ തന്നെ തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിട്ടുളള കാപ്പ എന്ന ചിത്രം സംവിധായകന്‍ ഷാജി കൈലാസ് മികച്ച ഒരു മേക്കിംഗ് ആക്കിയിരിക്കുന്നു എന്നതില്‍ സംശയമില്ല. കോട്ട മധു എന്ന പൃഥ്വിരാജ് കഥാപാത്രത്തിന്റെ തീക്ഷ്ണ സാന്നിധ്യം സിംഹഭാഗവും കവരുന്ന ഈ ചിത്രത്തില്‍, ജഗദീഷും ദിലീഷ് പോത്തനും ആസിഫ് അലിയും അപര്‍ണ്ണയും ഉള്‍പ്പെടെ മറ്റു അഭിനേതാക്കളും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കിയിട്ടുണ്ട്.
ഒരു ഗ്യാംഗ് വാര്‍ അഥവാ ഗുണ്ടാ സംഘട്ടനങ്ങളുടെ കഥപറയുന്ന ചിത്രം,
കേരള ആന്റി-സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ടി എന്നതിന്റെ ചുരുക്കെഴുത്തായ കാപ്പ (KAAPA Act) എന്നത് സിനിമാ ശീര്‍ഷകമാക്കുമ്പോള്‍, സ്വാഭാവികമായും പോലീസ്-ക്രിമിനല്‍ ബന്ധങ്ങളുടെയും സമവായ ചര്‍ച്ചകുളുടെയും കൂടി വേദി അത് അനാവരണം ചെയ്യുന്നുണ്ട്. അത് തിരുവനന്തപുരത്തെ തിരു-അരണ്ടപുരമായി നിര്‍ത്തുന്ന ഒന്നു കൂടിയാണ്. അപ്പോഴും യുക്തിസഹമല്ലാത്ത ചില സന്ദര്‍ഭങ്ങള്‍ സിനിമയിലും, ഇന്ദുഗോപന്റെ എഴുത്തിലും നിഴല്‍ വീഴ്ത്തിയിട്ടുണ്ട് എന്ന് എനിക്ക് തോന്നി. സമന്‍മാര്‍ക്കിടയില്‍ മാത്രമാണ് സന്ധി സംഭാഷണം എന്നും തോറ്റുനില്‍ക്കുന്ന ആളോട് എന്ത് സന്ധി എന്നും ജഗദീഷ് കഥാപാത്രം കൃത്യമായി ചോദിക്കുന്ന സിനിമയുടെ അവസാന ഘട്ടത്തില്‍, അങ്ങനെ ഒരാളുടെ അടുത്തേക്ക് കൊട്ട മധു എന്ന കഥാപാത്രം പോകുന്നത് യുക്തിക്ക് നിക്കുന്നതാകുന്നില്ല. അഥവാ അധോലോക രീതികളില്‍ അങ്ങനെയൊന്നിന് ഒട്ടും സാധ്യതയില്ലല്ലോ- ഇവിടെ സിനിമ, അതിന്റെ വിരാമഘട്ടം കൃത്രിമമായി സൃഷ്ടിക്കുകയോ നായകന്‍ ആത്മഹത്യ ചെയ്യുകയോ ചെയ്യുന്ന പ്രതീതി ഉണ്ടായത് ഒഴിവാക്കാമായിരുന്നു എന്നു തോന്നി.
സ്ത്രീകളുടെ നവമേഖലയായയിക്കൂടി ചിത്രം അധോലോകത്തെ അടയാളപ്പെടുത്തുന്നതും, വേണ്ടത്ര ഇന്‍പുട്ടുകള്‍ അഥവാ സാന്ദര്‍ഭിക സൂചനകളുടെ അഭാവത്തില്‍ അല്പം ദുര്‍ബലപ്പെട്ടു പോകുന്ന അനുഭവം ഉണ്ടായി എന്നു പറയട്ടെ. ഏതായാലും തുടര്‍ച്ചകളും ഭാഗങ്ങളും സാധ്യമാകുന്ന രീതിയിലാണ് ഈ സിനിമ രചിക്കപ്പെട്ടിട്ടുളളത് എന്നത്, കാപ്പയുടെ അടുത്ത ഭാഗങ്ങളിലേക്ക് ഇന്ദുഗോപന്റെ ക്രൈംസ്റ്റോറി വഴിമരുന്നിടുന്നുണ്ട് എന്നു വ്യക്തമാക്കുന്നതാണ്. അതുപോലെ ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ സിനിമാ നിര്‍മ്മാണ പരീക്ഷണത്തിനും ഇനിയും, കുറെക്കൂടി അന്യൂനമായ തുടര്‍ച്ചകള്‍ ഉണ്ടാകട്ടെ.
