കോശി തലയ്ക്കല്‍
സ്വച്ഛമനോഹര ഗ്രാമം
1നയീനൊരു
മൃത്യുവിലന്നു തരിച്ചു നിന്നൂ;
അമ്മയ്ക്കൊരേക മകന്‍
ഗ്രാമവാസികള്‍ക്കെല്ലാര്‍ക്കു-
മാനന്ദവര്‍ദ്ധനനായ്
മേവുന്ന നാളിലാ-
ണാനവയൗവനം
ക്രൂരം മരണം കവര്‍ന്നെടുത്തു
ഭര്‍ത്തൃരഹിതയായ് ജീവിക്കുമമ്മയെ
ഭക്തിയായ് പൂജിച്ചു പോന്ന പുത്രന്‍
യാത്രയായീടുന്ന വേദനയില്‍ ഗ്രാമ-
വീഥികള്‍ കണ്ണീര്‍ പുഴകളായി.
ഗ്രാമമടങ്കം പുറപ്പെട്ടു മാതാവി-
ന്നൊപ്പ, മതല്ലേയവര്‍ക്കു പറ്റൂ.
പട്ടണവാതില്‍ കടന്നു മൃതഭൂമി
പൂകുവാന്‍ പോയ വിലാപസംഘം
ദേഹിയെനല്കുന്ന നാഥന്‍ തിരുമുമ്പി-
ലാണല്ലോ വന്നു നിയോഗപൂര്‍വ്വം.
ചോദ്യമില്ലാരും
കരഞ്ഞപേക്ഷിച്ചില്ല;
സര്‍വ്വേശചിത്തമറിഞ്ഞതോളം
ആരറിയുന്നു ജഗത്തിലണുപോലും
എങ്കിലും സര്‍വ്വജ്ഞരെന്ന ഭാവം!
ആശകളെല്ലാം പൊലിഞ്ഞു
കരിനിഴല്‍പോലെ
നീങ്ങിടുന്ന മാതാവിനെ
കാരുണ്യവാനേശു
കണ്ടു, മനംനൊന്തു
സാന്ത്വനമോതി:
“കരഞ്ഞിടേണ്ട”
അന്തമില്ലാത്ത നഭസ്ഥലിയില്‍ പരി-
മാണമറിയാത്ത കാലമതില്‍
നിത്യത തന്നില്‍
നിറയുന്ന സ്വര്‍ഗ്ഗീയ
സ്നേഹമല്ലോ രൂപമാര്‍ന്നു നില്പൂ!!
“നില്ക്കൂ” ശവമഞ്ച
വാഹകരോടേവം
ചൊന്നു നസ്സറയന്‍ കല്പനപോല്‍
ആരവം പെട്ടെന്നണഞ്ഞുപോയ്
നടുവിലെ ദീനവിലാപവും
നിന്നുപോയി
ദീപമൊരുതുള്ളി
വന്നാലും പായുന്ന
രാവതുണ്ടോരവി മുമ്പില്‍ നില്പൂ?
ജീവനഭിമുഖമായ് വന്നു നില്ക്കുമ്പോള്‍
മൃത്യുവിനെങ്ങാനമുണ്ടോ ജയം?
പാരില്‍ വെളിച്ചമായ്
പാരിന്‍റെ ജീവനായ്
വന്ന പരാപരസൂനു മഞ്ചം
തൊട്ടുര ചെയ്താനധികാരമോടിദം
“സോദരാ, നീ എഴുന്നേറ്റിടുക”
ജീവന്‍റെ നായക വാക്കുകേട്ട ക്ഷണം
കണ്‍തുറന്നുത്ഥിതനായ് തരുണന്‍.
സംഭ്രമചിത്തരായ് ചൊല്ലി ജനാവലി:
2ഏലിയാവോ ഇവ, നേലിശയോ?
അമ്മയ്ക്കു പുത്രനെ
ഏല്പിച്ചു ലോകൈക
ശില്പി;
പുനഃസൃഷ്ടിതാവുമവന്‍!
***
ആലംബഹീനയായ്
തീരുമൊരമ്മതന്‍
കണ്ണീരു കണ്ടൊരു ദീര്‍ഘദര്‍ശി
കാല്‍വരിയില്‍ നെഞ്ചു
പൊട്ടി വിപന്നയായ്
മേവുമൊരമ്മയെ
കണ്ടുകാണും.
1. നയീന്‍ ഗലീലയിലെ ഒരു ഗ്രാമം. ‘സുന്ദരം’ എന്ന് പേരിനര്‍ത്ഥം
2. പ്രവാചകന്മാരായ ഏലിയാവും ഏലീശയും മരിച്ച കുട്ടികളെ ഉയര്‍പ്പിച്ചിട്ടുണ്ട്.
നോക്കുക: 1 രാജ. 17: 17-24, 2 രാജ. 4: 17-37
