ചുവന്ന ബലൂൺ (കഥ -കവിത മേനോൻ, ഡിട്രോയിറ്റ് )

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements


15 April 2022

ചുവന്ന ബലൂൺ (കഥ -കവിത മേനോൻ, ഡിട്രോയിറ്റ് )

മുംബൈയിലെ തിരക്ക് പിടിച്ച ഒരു റോഡ്. കാറും, ബസ്സും, ഓട്ടോയും, ബൈക്കും എല്ലാം തമ്മിൽ മത്സരം ആണ്. ആരാണ് ആദ്യം പോവുക എന്ന്.

ചുവപ്പ് സിഗ്‌നൽ തത്കാലത്തേക്ക്, അവരെ എല്ലാം തടഞ്ഞ് വെച്ചിരിക്കുകയാണ്. ഒരു നിമിഷം നില്ക്കാൻ, ഒരു നിമിഷം വിശ്രമിക്കാൻ… ഒരു നിമിഷം ജീവിതത്തെ ഒന്ന് നോക്കി കാണുവാൻ.. ആ ചുവപ്പ് വെളിച്ചം നൽകുന്ന സമ്മാനമാണത്!

പക്ഷെ, ആക്സിലറേറ്ററിൽ നിന്ന് കാലെടുക്കാതെ, മുന്നോട്ട് ആഞ്ഞ്, പടയ്ക്ക് ഒരുങ്ങുന്ന കുതിരയെപ്പോലെ ആണ് അവിടെയുള്ളവർ നിന്നത്. പന്തയത്തിന് തയ്യാറെടുക്കും പോലെ… പച്ച സിഗ്നൽ കിട്ടിയാൽ ഉടൻ, വെടിവെച്ച പോലെ എല്ലാവരും മുന്നോട്ട് പായും.

ചുവന്ന വെളിച്ചം അവരുടെ അക്ഷമ കണ്ട്, കൊഞ്ഞനം കുത്തി.

ഇളം നീല വാഗൺ-ആർ ഇൽ, വൈഷ്ണവി അലസമായി പുറത്തേക്ക് നോക്കി ഇരുന്നു. ഈ ട്രാഫിക് നല്ല ശീലം ആണ് അവൾക്ക്. എന്നും ഓഫീസിൽ നിന്ന് ഇറങ്ങി, വീട്ടിലേക്കുള്ള ഒരു മണിക്കൂർ യാത്ര!

ഇന്ന് വെള്ളിയാഴ്ച ആയത് നന്നായി. നാളെ ലീവ് ആണ്. അത് ഒരു വലിയ ആശ്വാസം!

അത് കൊണ്ട് തന്നെ അവൾക്ക് ചുവന്ന സിഗ്നൽ ഇന്ന് ആലോസരമായി തോന്നിയില്ല. സാധാരണ ദിവസം ആണെങ്കിൽ, അവളും മറ്റുള്ളവരെ പോലെ വീട് എത്താൻ ഉള്ള ധൃതിയിൽ ആവും.

ഇരുൾ വീണ് തുടങ്ങിയിരിക്കുന്നു. ഡിസംബർ മാസത്തിന്റെ അടയാളമായ നേരിയ തണുപ്പും ഉണ്ട്.

അവൾ കാറിന്റെ ജനാല താഴ്ത്തി, നേരിയ കാറ്റ് ആസ്വദിച്ചു.

അടുത്ത് നിൽക്കുന്ന ഓട്ടോയിൽ, റേഡിയോവിൽ നിന്ന് പാട്ടുകൾ ഒഴുകിയെത്തി. റോഡിന്റെ അരികിൽ ഉള്ള കടകളിൽ ജനങ്ങളുടെ തിരക്ക്. എല്ലാം വൈഷ്ണവി നോക്കി ഇരുന്നു.

സിഗ്നൽ ഒരുപാട് ദൂരെ ആണ്. ഇനിയും രണ്ട് തവണയെങ്കിലും എടുക്കും ഒന്ന് കടന്ന് കിട്ടാൻ. വൈഷ്ണവി കാർ ഓഫ് ചെയ്ത് സീറ്റിൽ ചാരി ഇരുന്നു.

വീട്ടിൽ ചപ്പാത്തി ഉണ്ടാക്കുന്ന സ്‌ത്രീ വരുന്നത് കൊണ്ട് രക്ഷപെട്ടു. പോയി ഭക്ഷണം ഉണ്ടാക്കേണ്ട ആവശ്യം ഇല്ല. കുട്ടികൾ കാത്തിരിക്കുന്നുണ്ടാവും. സാരമില്ല. നാളെ എല്ലാവരും കൂടെ പുറത്ത് പോകാം. അവര് ഹാപ്പി ആയിക്കോളും.

പെട്ടെന്ന് ഒരു കൂട്ടം ചുവന്ന, ഹൃദയാകൃതിയിലുള്ള ബലൂണുകൾ അവളുടെ അരികിൽ വന്ന്, കയ്യിൽ തട്ടി.

സിഗ്നലുകളിൽ എപ്പോഴും കാണാറുള്ളതാണ്. ചിലപ്പോൾ കുട്ടികൾക്ക് വാങ്ങികൊണ്ട് പോകാറുണ്ട്.

ബലൂണുകളുടെ മറവിൽ നിന്ന്, ഒരു പെൺകുട്ടി തല പുറത്തേക്ക് നീട്ടി. “ലെ ലോ നാ ദിദി,” (വാങ്ങിക്കൂ, ചേച്ചി) എന്ന് അവൾ ചിരിച്ച്, കെഞ്ചികൊണ്ട് പറഞ്ഞു.

ബലൂണുകളെ മേലേക്ക് ഉയർത്തി വിട്ടു അവൾ.

പ്രായം ഒരു പന്ത്രണ്ട് വയസ്സ് കാണും. “തന്റെ മോളുടെ പ്രായം”, എന്ന് വൈഷ്ണവി ഓർത്തു. ഇരുനിറം, മെലിഞ്ഞ കൈകാലുകൾ, കുളിച്ചിട്ട് കുറച്ച് ദിവസം ആയ പോലെ ഉണ്ട്. ചെളി പുരണ്ട ചർമ്മം. അതോ, പകൽ മുഴുവൻ അലഞ്ഞു തിരിഞ്ഞു നടന്നതിന്റെ ആണോ?

ഇളം മഞ്ഞ എന്ന് തോന്നി ഉടുപ്പിന്റെ നിറം. ഒരുപാട് തവണ അലക്കി, ഉണക്കിയതിനാലാവാം, നിറം മങ്ങിയിട്ടുണ്ട്. അവിടവിടെ പിഞ്ഞു തുടങ്ങിയിരിക്കുന്നു.

വൈഷ്ണവിക്ക് വല്ലാതെ പാവം തോന്നി ആ കുട്ടിയെ കണ്ടപ്പോൾ. അവളുടെ മുടി ആകെ പാറി പറന്ന് ആണ് കിടന്നിരുന്നത്. ഒരു ചുവന്ന റിബ്ബൺ കൊണ്ട് പിടിച്ച്‌ കെട്ടാൻ നോക്കിയിട്ടുണ്ട്. പക്ഷെ, അതിൽ ഒന്നും ഒതുങ്ങുന്നില്ല മുടി.

തന്റെ മോളെ ഓർത്ത് പോയി വൈഷ്ണവി. കാലത്ത് സ്കൂളിൽ പോകുന്നതിന് മുൻപ്, എണ്ണ തേച്ച്, മനോഹരമായി ചീകി ഒതുക്കി, ഇരുവശവും പിന്നിയിട്ട്, ഭംഗിയുള്ള ക്ലിപ്പുകൾ ഒക്കെ വെച്ച്, അവളെ കാണാൻ എന്ത് രസമാണ്.

അത് പോലെ, ഈ കുട്ടിയെ ഒരുക്കാനും, വൃത്തിയായി ഉടുപ്പ് അണിയിക്കാനും ഒക്കെ ഈ പാവം കുട്ടിക്ക് ചിലപ്പോൾ ഒരു അമ്മ ഉണ്ടാവില്ലായിരിക്കും, വൈഷ്ണവി മനസ്സിൽ ആലോചിച്ചു.

അപ്പോഴും, അവൾ വൈഷ്ണവിയെ തട്ടി വിളിച്ചു കൊണ്ടിരുന്നു. “ഏക് ബലൂൺ ലെ ലോ നാ ദിദി. സിർഫ് ദസ്‌ രൂപൈ ഹൈ,” (ഒരു ബലൂൺ വാങ്ങു ചേച്ചീ, പത്ത് രൂപയേ ഉള്ളൂ)

വൈഷ്ണവി അവളോട് ചോദിച്ചു “തുമാരാ നാം ക്യാ ഹൈ?” (നിന്റെ പേര് എന്താ)

മഞ്ഞ പല്ല് കാണിച്ച് അവൾ ചിരിച്ചു. “മുന്നി” അവൾ പേര് പറഞ്ഞു.

മുന്നി… തെരുവിലെ പല കുട്ടികൾക്കും ഇത് തന്നെ ആണ് പേര്. ശരിക്കുള്ള പേര് അവൾക്ക് പോലും അറിയുന്നുണ്ടാവില്ല, പാവം!

പിന്നിൽ നിന്ന് നീട്ടി ഉള്ള ഹോർണടികൾ കേട്ടപ്പോഴാണ് വണ്ടികൾ നീങ്ങിത്തുടങ്ങിയത് വൈഷ്ണവി അറിഞ്ഞത്. കാർ സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് എടുക്കുമ്പോൾ, മുന്നി അവളെ തന്നെ നോക്കി നിൽക്കുന്നത് കാറിന്റെ സൈഡ്-കണ്ണാടിയിൽ കണ്ടു. അവളുടെ മുഖത്ത് നിരാശ ഉണ്ടായിരുന്നു. ബലൂൺ വില്ക്കാൻ പറ്റാത്തതിനാലാവും!

കാർ മുന്നോട്ട് എടുത്ത് കുറച്ച് പോകുന്നതിന് മുൻപ് തന്നെ വീണ്ടും ബ്ലോക്ക് ആയി. വീണ്ടും കാർ നിർത്തിയപ്പോൾ, മുന്നി ചിരിച്ചു കൊണ്ട് അടുത്തേക്ക് തുള്ളിചാടി എത്തി.

വൈഷ്ണവി അവളെ നോക്കി പുഞ്ചിരിച്ച്, രണ്ട് ബലൂൺ തരാൻ പറഞ്ഞു. മുന്നിയുടെ സന്തോഷം കാണേണ്ടതായിരുന്നു!

“അച്ഛാ ഹൈ, ദിദി. ബച്ചോൻ കൊ ദേനാ” (നല്ല ബലൂൺ ആണ് ചേച്ചീ, കുട്ടികൾക്ക് കൊടുക്കു) എന്ന് പറഞ്ഞ് അവൾ രണ്ട് ബലൂൺ അവളുടെ കെട്ടിൽ നിന്ന് വേർപ്പെടുത്തി വൈഷ്ണവിക്ക് കൊടുത്തു.

അവൾ അതിനെ പിറകിലെ സീറ്റിലേക്ക് ഇട്ടു. അടുത്ത് വെച്ച ഹാൻഡ്ബാഗിൽ നിന്ന് പൈസ തപ്പി എടുക്കുമ്പോൾ, ഒരു നാലോ, അഞ്ചോ വയസ്സ് തോന്നിക്കുന്ന ഒരു പയ്യൻ മുന്നിയുടെ അടുക്കലേക്ക് ഓടി വന്നു.

അവൻ, അവളുടെ കാലിൽ പിടിച്ച് തൂങ്ങി നിന്നു. മുന്നി ഒരു കൈ കൊണ്ട് അവനെ ചേർത്ത് നിർത്തി. അവൻ കാറിനെ കൗതുകത്തോടെ തൊട്ട് നോക്കുന്നുണ്ടായിരുന്നു.

“നിന്റെ അനിയൻ ആണോ ഇത്,” വൈഷ്ണവി മുന്നിയോട് ചോദിച്ചു.

“അല്ല, ഇവൻ ആരാണ് എന്ന് എനിക്കറിയില്ല. തനിച്ച് കിടക്കുന്ന കണ്ട് ഞാൻ കൂടെ കൂട്ടിയതാ. ഇപ്പോൾ എന്റെ അനിയനെപ്പോലെ തന്നെ ആണ് ഇവൻ” മുന്നി അവന്റെ നേരെ വാത്സല്യത്തോടെ നോക്കിക്കൊണ്ട് പറഞ്ഞു.

“ഇവന്റെ അമ്മ അവനെ വിട്ടിട്ട് പോയതാ തോന്നുന്നു. എനിക്കും ആരും കൂട്ടില്ല. ഇപ്പോൾ, എനിക്ക് അവനും, അവന് ഞാനും ആണ് കൂട്ട്” മുന്നി, കേൾക്കാൻ ആളെ കിട്ടിയ സന്തോഷത്തിൽ വാ തോരാതെ സംസാരിച്ചു.

വൈഷ്ണവി അവൾക്ക് നേരെ ബലൂണിന്റെ പൈസ നീട്ടി. ഇരുപതിന്റെ ഒരു നോട്ടിന്റെ അകത്ത്, അവൾ ഒരു പത്തിന്റെ നോട്ട് കൂടെ വെച്ചിരുന്നു

മുന്നി പൈസ മേടിച്ച് തുറന്ന് നോക്കിയപ്പോൾ, പത്ത് അധികം ഉണ്ടെന്ന് മനസ്സിലായി. ഉടനെ അവൾ അത് തിരിച്ച് വൈഷ്ണവിക്ക് നേരെ നീട്ടി.

“യെ നഹി ചാഹിയെ ദിദി” (ഇത് എനിക്ക് വേണ്ട ചേച്ചി), അവൾ അഭിമാനത്തോടെ പറഞ്ഞു.

“വെച്ചോ! അവന് വല്ലതും മേടിച്ച് കൊടുക്കു”, വൈഷ്ണവി അവളുടെ കയ്യിൽ പൈസ വെച്ച്, വിരലുകളെ അതിന് മേലെ മടക്കി, മൃതുവായി അതിൽ തലോടി.

അവൾ മനസ്സില്ലാമനസ്സോടെ പൈസ തോളിൽ തൂക്കിയ ഒരു സഞ്ചിയിലേക്ക് ഇട്ടു.

“ശുക്രിയാ” (നന്ദി).. അത് പറയുമ്പോൾ അവളുടെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു.

അവളുടെ അനിയൻ റോഡിലേക്ക് ഓടാൻ നോക്കുന്ന കണ്ടപ്പോൾ, മുന്നി അവനെ വാരി എടുത്ത് ഒക്കത്ത് ഇരുത്തി.

വൈഷ്ണവിയെ നോക്കി ഒരു ചിരി നല്‌കി, അവൾ അടുത്ത വണ്ടിക്ക് അടുത്തേക്ക് പോയി.

ഒരിക്കൽ കൂടെ സിഗ്നൽ പച്ച ആയിരിക്കുന്നു. വൈഷ്ണവി കാർ മുന്നോട്ട് എടുത്തു. ഉറുമ്പ് അരിക്കുന്ന പോലെ വണ്ടികൾ ഇഴഞ്ഞു നീങ്ങി.

മുന്നിയും, അവളുടെ അനിയനും റോഡിന്റെ നടുവിൽ ഉള്ള ഡിവൈഡറിൽ നിൽക്കുന്നത് വൈഷ്ണവി കണ്ടു. എവിടെ നിന്നോ വേറെയും കുറച്ച് കുട്ടികൾ അവളുടെ അടുത്ത് ഓടിയെത്തി. എല്ലാവരുടെയും കീറിപറിഞ്ഞ്, മുഷിഞ്ഞ വേഷങ്ങൾ. ചിലരുടെ കയ്യിൽ ബലൂൺ, ചിലരുടെ കയ്യിൽ വില്ക്കാനുള്ള മറ്റ്‌ സാധനങ്ങൾ.

മുന്നി എല്ലാവരെയും വത്സല്യത്തോടെ ചിരിച്ച് കൊണ്ട് നോക്കി നിന്നു. അവളോട് അവർ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അവൾ ഒരു അമ്മയെപ്പോലെ, മൂത്ത സഹോദരിയെ പോലെ അവരെ ഒക്കെ നയിച്ച്, റോഡിന്റെ അരികിലേക്ക് കൊണ്ട് പോയി നിർത്തി.

വൈഷ്ണവിയുടെ ശ്രദ്ധ റോഡിലേക്ക് തിരിഞ്ഞു. സിഗ്നൽ കടക്കാറായപ്പോൾ വീണ്ടും ചുവപ്പ് വീണു.

ഒരു നെടുവീർപ്പോടെ, അവൾ വീണ്ടും കാത്തിരിപ്പ് തുടർന്നു. പെട്ടെന്ന് മുന്നി റോഡ് മുറിച്ചുകടന്ന്, ഓടി വരുന്നത് കണ്ടു.

“ഗുഡ് നൈറ്റ്, ദിദി” (ഗുഡ് നൈറ്റ്, ചേച്ചീ) അവൾ സ്നേഹത്തോടെ അതും പറഞ്ഞ് ഒരു റോസാപ്പൂ വൈഷ്ണവിക്ക് സമ്മാനിച്ചു.

വൈഷ്ണവി ആകെ വല്ലാതെ ആയി. ഒന്നുമില്ലാത്തവർ ആയിട്ട് പോലും, മുന്നിയുടെ സ്നേഹവും, ആത്മാർത്ഥതയും എല്ലാം അവളുടെ ഹൃദയത്തെ സ്പർശിച്ചു.

പൂ വാങ്ങിയിട്ട് അവൾ മുന്നിയോട് ചോദിച്ചു “നീ എന്റെ കൂടെ വരുന്നോ?” അവളെ ആ റോഡരികിൽ ഉപേക്ഷിച്ച് പോകാൻ വൈഷ്ണവിക്ക് മനസ്സ് വന്നില്ല. അത് കൊണ്ടാണ് അങ്ങനെ ചോദിച്ചത്. “വരാം” എന്ന് മുന്നി പറഞ്ഞാൽ എന്ത് ചെയ്യും എന്ന് അവൾക്ക് അറിയില്ലായിരുന്നു. പക്ഷെ, എന്തെങ്കിലും ചെയ്യണം എന്ന് അവൾ മനസ്സിൽ ഉറപ്പിച്ചിരുന്നു.

മുന്നി ഒരു നിമിഷം എന്തോ ആലോചിച്ചു. എന്നിട്ട് ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞു. “നഹി ദിദി. മേ തുമാരെ സാത്ത് ആ ഗയി, തോ മേരെ ഭായി, ബെഹ്‌നോ കാ ക്യാ ഹോഗാ” (ഇല്ല ചേച്ചീ. ഞാൻ നിങ്ങളുടെ കൂടെ വന്നാൽ, എന്റെ അനുജന്മാരും, അനുജത്തിമാരും എന്ത് ചെയ്യും)

വൈഷ്ണവിയുടെ കണ്ണുകൾ നനഞ്ഞു.

മുന്നി, കൈ വീശി കാണിച്ച്, അവളുടെ കൂട്ടരുടെ അടുത്തേക്ക് ഓടിപ്പോയി.

സിഗ്നൽ പച്ച ആയി. ഹോൺ അടികൾ കാതിൽ മുഴങ്ങി..

വൈഷ്ണവി തന്റെ മക്കളുടെ അരികിൽ എത്താൻ കൊതിച്ച്, കാർ അതിവേഗത്തിൽ മുന്നോട്ട് പായിച്ചു!