ഖബർ ;ഓരോ വാക്കും വരിയും കൃത്യം (വായനാനുഭവം-കവിത സുനിൽ )

sponsored advertisements

sponsored advertisements

sponsored advertisements

20 April 2022

ഖബർ ;ഓരോ വാക്കും വരിയും കൃത്യം (വായനാനുഭവം-കവിത സുനിൽ )

ത്മാഭിമാനമുള്ള, ധീരയായ സത്രീയാണ് പലപ്പോഴും കെ.ആർ മീരയുടെ നോവലുകളിലെ നായികമാർ. ഖബറിലെ നായിക ” ഭാവന ” യും വ്യത്യസ്തയല്ല.

കോടതിയാണ് നോവലിലെ വർത്തമാനകാല പശ്ചാത്തലമെങ്കിലും യോഗീശ്വരനമ്മാവനും, നിലം തൊടാത്ത പെൺകുഞ്ഞുങ്ങളും കാക്കശ്ശേരി തങ്ങളും ഒക്കെ ചേർന്ന ഫാൻ്റസി കലർന്ന ഭൂതകാലമാണ് പശ്ചാത്തലത്തിൻ്റെ മുഖ്യ ഭാഗം. അവിടെ നാഗങ്ങളെ മുടിയിഴകളാക്കിയ മൂത്തോളേയും വള്ളികളിൽ ഊയലാടുന്ന ചെറിയോളേയും മഴവില്ലിനേയും, നീല ശലഭങ്ങളേയും എന്തിന്? എഡ്വേർഡ് റോസിൻ്റെ മാസ്മരിക ഗന്ധം വരെ വായനക്കാർ അനുഭവിക്കും ഒരു സാങ്കല്പിക ലോകത്തിൽ എത്തിപ്പെട്ട പോലെ ,അലൗകികമായ ഒരു അനുഭവം. ഒരു വേള കയ്യിലിരിക്കുന്ന പേന ഒരു ചെറു മൂർഖനാണെന്നു കരുതി കുടഞ്ഞെന്നും വരാം.

നോവലിൻ്റെ ഏറ്റവും വലിയ സൗന്ദര്യം ജീവിത വീക്ഷണങ്ങൾ, സത്യങ്ങൾ ഏറ്റവും മനോഹരമായ രീതിയിൽ വരികളിൽ സന്നിവേശിപ്പിച്ചിരിക്കുന്നതാണ്. ഓരോ വാക്കും വരിയും കൃത്യം.വീണ്ടും വീണ്ടും വായിക്കാൻ തോന്നുംവിധം താളിലും മനസ്സിലും അത് കോറിയിടാൻ വായനക്കാരെ പ്രേരിപ്പിക്കുന്നു. അത്രയ്ക്ക് നൈപുണ്യമാണ് മീരയ്ക്ക്.

ഭാവനയുടെ അമ്മ ,നേരിട്ടു കണ്ടാൽ തൊഴുതു നിന്നു പോകും വിധം പ്രൗഢമായ വ്യക്തിത്വത്തിനുടമയാണ്. തൻ്റെ തലമുറയിലെ മറ്റുള്ള സ്ത്രീകളെപ്പോലെ സ്വന്തം ഇഷ്ടങ്ങളെ “ഖബറി “ലാക്കാതെ വൈകിയാണെങ്കിലും അവർ ആസ്വദിക്കുന്നു. അതിനായി ധൈര്യപൂർവ്വം തൻ്റേതായ ഒരിടം കണ്ടെത്തുന്നു.

കാലഭേദങ്ങൾക്കും മതങ്ങൾക്കും പാണ്ഡിത്യത്തിനും ഒക്കെ അതീതമായി മാനവികതയെ ഉയർത്തിപ്പിടിക്കേണ്ടതിൻ്റെ ആഹ്വാനം നോവലിസ്റ്റ് ഉച്ചത്തിൽ തന്നെ ധ്വനിപ്പിക്കുന്നുണ്ട്.

ഭാവനയും എ.ഡി.എച്ച്.ഡി യുള്ള മകനും. സുഭാഷ് ചന്ദ്രൻ്റെ “സമുദ്രശില “യിലെ ഭാമയെയും മകനേയും ഓർമ്മിപ്പിക്കുന്നുണ്ട്.

” കാക്കശ്ശേരി ഖയാലുദ്ദീൻ ” ഇതു വരെ കണ്ടിട്ടില്ലാ’ത്ത ഒരു നായക കഥാപാത്രമാണ്. പ്രണയ നിരാസത്തിൻ്റെ ശൂന്യതയിൽ നിന്ന് ഭാവനയെ അയാൾ കൺകെട്ടു വിദ്യയാലും ജാലവിദ്യയാലും സ്വർഗ്ഗതുല്യമായ ഒരു ലോകത്തെത്തിച്ച് അവളിലെ സ്ത്രീത്വത്തെ തൃപ്തയാക്കുകയും ഒടുവിൽ ഒരു ഗന്ധർവ്വ നെപ്പോലെ മാഞ്ഞു പോയ് കഴിഞ്ഞിട്ടും ഭാവനയെക്കൊണ്ട് ഇങ്ങനെ പറയിപ്പിക്കുകയും ചെയ്യുന്നു.” ജീവിതത്തിൽ ആദ്യമായി, മറ്റൊരാളിൻ്റെ അസാന്നിദ്ധ്യത്തിൽ ഞാൻ പരിപൂർണ്ണത അനുഭവിച്ചു. ”