സുനു എബ്രഹാം
ലോസാഞ്ചലസ്: കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥികളും പ്രവാസി മലയാളികളുമായ ജെസ്റ്റിന്‍ ജെയിംസും സുമേഷ് മാമലയും അടങ്ങുന്ന ടീം അണിയിച്ചൊരുക്കിയ കേരളത്തനിമയുള്ള ‘കായലോളത്തില്‍…’ എന്ന ആല്‍ബം സോങ്ങ് സംഗീത പ്രേമികളുടെ പ്രശംസ പിടിച്ചുപറ്റി. ഗൃഹാതുരത്വമുണര്‍ത്തുന്ന ഈ മനോഹര ഗാനം കേരളപ്പിറവി ദിനത്തില്‍ ലാവന്‍ഡര്‍ മീഡിയ യൂട്യൂബ് ചാനലില്‍ റിലീസ് ചെയ്തിരുന്നു.
കായലിന്‍റെ കുഞ്ഞോളങ്ങളില്‍ ആടിയുലയുന്ന രണ്ടു വള്ളങ്ങളുടെ ആത്മബന്ധം ജീവനുള്ള പ്രണയ ജോഡികളുടെ ഭാവതലങ്ങളിലൂടെ അവതരിപ്പിക്കുന്ന സ്നേഹാര്‍ദ്രമായ സംഗീത അനുഭവമാണ് ഈ ആല്‍ബം സോങ് ആസ്വാദകര്‍ക്ക് പകര്‍ന്ന് നല്‍കുന്നത്. വിരഹവും, കാത്തിരിപ്പും, വരവേല്പും, പ്രണയവും, കണ്ണീരും, ശൃംഗാരവും എല്ലാം ഒത്തുചേരുന്ന ഗാനം തീര്‍ച്ചയായും അനുഭവേദ്യമാണ്.
അമേരിക്കന്‍ മലയാളിയായ ജെസ്റ്റിന്‍ ജയിംസ് ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. 12 വര്‍ഷമായി കാലിഫോര്‍ണിയയിലെ ലോസാഞ്ചലസില്‍ ഐ.ടി രംഗത്തു പ്രവര്‍ത്തിക്കുന്ന ജെസ്റ്റിന്‍ കോട്ടയം ജവഹര്‍ ബാലഭവനില്‍ നാലാം ക്ലാസു മുതല്‍ സംഗീതം അഭ്യസിച്ച വ്യക്തിയാണ്. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി യൂണിയന്‍ യൂത്ത് ഫെസ്റ്റിവലില്‍ നിരവധി വര്‍ഷം വിജയി ആയിട്ടുള്ള ഇദ്ദേഹം തിരുവല്ല സ്വദേശിയാണ്. പ്രിയ ജോണ്‍ ആണ് ഭാര്യ. ജോഷ് ജെസ്റ്റിന്‍, ജൂലിയാന ജെസ്റ്റിന്‍ എന്നിവര്‍ മക്കള്‍.
ഫ്രാന്‍സിലെ വാലെന്‍സിയെന്‍സില്‍ മെക്കാനിക്കല്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന എറണാകുളം സ്വദേശിയായ സുമേഷ് മാമലയാണ് ശ്രദ്ധേയമായ ഈ ഗാനം രചിച്ചിരിക്കുന്നത്. വിദ്യാഭാസ കാലഘട്ടം മുതല്‍ കവിതകളും പാട്ടുകളുമെഴുതിയിട്ടുള്ള സുമേഷ് തികഞ്ഞ കലാകാരനാണ്. ബീനയാണ് ഭാര്യ. ഇഷാന്‍ മകനാണ്.
ബെസ്റ്റ് ആക്ടര്‍ എന്ന മമ്മൂട്ടി സിനിമയിലെ ‘സ്വപ്നമൊരു ചാക്ക്…’ എന്ന ഹിറ്റ് ഗാനത്തിലൂടെ പ്രശസ്തനായ ഗായകനും ഗാനരചയിതാവുമായ അരുണ്‍ ആലാട്ടാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസന്‍റെ ഹൃദയം എന്ന ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചത് ഇദ്ദേഹമാണ്. അരുണ്‍ ആലാട്ടും കോതമംഗലം എം.എ കോളേജിലെ (മെയ്സ്) പൂര്‍വ വിദ്യാര്‍ത്ഥിയാണ്. സിവില്‍ എഞ്ചിനീയറായി പ്രവര്‍ത്തിച്ച ഇദ്ദേഹം ഇപ്പോള്‍ മുഴുവന്‍ സമയവും സംഗീത ലോകത്താണ്.
അമേരിക്ക, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ഫാര്‍ ഊസ്റ്റ് ഉള്‍പ്പെടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള മെയ്സ് അലുംമ്നി അസോസിയേഷനുകളുടെ സഹകരണത്തോടെയാണ് ഗാനം ലോക വ്യാപകമായി റിലീസ് ചെയ്തത്. ആല്‍ബത്തിന്‍റെ നിര്‍മാണം ലാവെന്‍ഡര്‍ മീഡിയയും സംവിധാനം രാകേഷ് വിജയും ആണ് നിരവഹിച്ചിരിക്കുന്നത്. സൗണ്ട് റെക്കോഡിങ്ങ്-മൈ സ്റ്റുഡിയോ കൊച്ചി, ഗിറ്റാര്‍-സന്ദീപ് മോഹന്‍, ഫ്ളൂട്ട്-സുബിന്‍ ജേഴ്സണ്‍, റീ മിക്സ് മാസ്റ്ററിങ്-സായ് പ്രകാശ്.
60 വര്‍ഷം പൂര്‍ത്തിയാക്കുന്ന മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിങ് കോളേജിന്‍റെ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് മെയ്സ് ഗ്ലോബല്‍ അലുംമ്നി അസോസിയേഷന് സമര്‍പ്പിക്കുന്നതിനായി ഒരു തീം സോങ്ങ് ചിട്ടപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് ജെസ്റ്റിനും ടീമും.
ലിങ്ക്:https://www.youtube.com/watch?v=bIBcuQ2xuK4


