NEWS DETAILS

20 September 2023

കഴുതയുടെ സ്വർഗ്ഗയാത്ര (കഥ -മാത്യു ചെറുശ്ശേരി )

മാത്യു ചെറുശ്ശേരി  

         ഏതു കഴുതക്കും ഒരുദിവസം വരും ഇത് കേൾക്കാൻ തുടങ്ങിയിട്ട് കുറെ നാളായി . ഭാരം ചുമക്കലും അടിയും മാത്രമേ ഇന്നുവരെ  ഉണ്ടായിട്ടുള്ളൂ. ജനിച്ച അന്നുമുതൽ കഷ്ടപ്പാടാണ് , കഴുത കഴുതേ  എന്നുള്ള വിളിതന്നെ ബുദ്ധിയില്ലാത്തവരെയും മടിയന്മാരെയും ഉദ്ദേശിച്ചുള്ളതാണ്. സാമാന്യം  കുഴപ്പമില്ലാത്ത പേരാണെങ്കിലും, വിളിക്കുന്നത് ഈ അർഥത്തിൽ ആയതിനാൽ  അത്ര സുഖമില്ല കേൾക്കാൻ . ചിന്തിച്ചാൽ കുതിര ജിറാഫ്  ഒട്ടകം ന്നൊക്കെ പറയുന്നപോലെ തന്നെ ഒരു നല്ല പേരല്ലേ " കഴുത" . എന്നാൽ സ്വന്തം കഴിവും രൂപവും ബുദ്ധിയും പെരുമാറ്റവും ഒക്കെയാ ഒരു പേരിനു നിറം കൊടുക്കുന്നത് . 

            ഒന്നോർത്താൽ തനിക്കുണ്ടായിരുന്നതിൽ കവിഞ്ഞ മഹത്വം മറ്റാർക്കും ഇല്ല ഇനി ഒട്ടുണ്ടാകത്തുമില്ല. കാരണം അന്ന്  ദൈവപുത്രനെ ഉദരത്തിൽ  വഹിച്ച മറിയത്തെ ചുമന്നുകൊണ്ട്  പോകാനുള്ള ഭാഗ്യം മന്ദബുദ്ധിയായ തനിക്കല്ലേ ലഭിച്ചത്. നസ്രത് മുതൽ ബദലഹേം  വരെ ചില്ലറ ദൂരമാണെന്നാ വിചാരം അതും കൊടിയ തണുപ്പത്ത് .ആ കഷ്ടപ്പാട് സഹിക്കുമ്പോഴും  സർവ്വചരാചരവും സൃഷ്ടിച്ച ദൈവത്തിന്റെ പുത്രനും അമ്മയും ആണ് പുറത്തിരിക്കുന്നത്   എന്നറിഞ്ഞിരുന്നില്ല .   അന്ന് ഞങ്ങൾക്ക് താമസിക്കുവാൻ സ്ഥലത്തിനായി എല്ലാ വീടുകളിലും സത്രങ്ങളിലും അന്ന്വേഷിച്ചു. അറിയാതെയാണെങ്കിലും രക്ഷകന്റെ കുടുംബത്തിന്റെ ആവശ്യസമയത്ത്  കൂടെ നിൽക്കുവാൻ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളു. ഒരുപക്ഷെ എന്നെകൂടെ പരിഗണിക്കാനായിരിക്കും അവർ കാലിത്തൊഴുത്തു തിരഞ്ഞെടുത്തത്. അല്ലായിരുന്നെങ്കിൽ ഞാൻ ഒറ്റപ്പെട്ട്  ഒരന്യനെ പോലെ മരംകോച്ചുന്ന തണുപ്പത്ത്  അലഞ്ഞു തിരിഞ്ഞു നടക്കേണ്ടതായി വന്നേനെ . ഏതായാലും  രക്ഷകനെ ആദ്യം തന്നെ കാണാനുള്ള ഭാഗ്യം എനിക്ക് അതുകൊണ്ടു ലഭിച്ചു. 

      ദൂരെ നിന്നും ഒട്ടകപുറത്തു വന്ന മൂന്നു രാജാക്കന്മാർ വണങ്ങുന്നത് കണ്ടപ്പോഴാണ് താൻ വഹിച്ചത് ദൈവപുത്രനെ ആണെന്ന് മനസ്സിലായത്. അവരാണെങ്കിൽ  കുറച്ചു സ്വർണ്ണവും മീറയും കുന്തിരിക്കവും മുതലായ ,   കൊച്ചുകുഞ്ഞിന് ഉപകാരപ്പെടാത്ത   സാധനങ്ങൾ കാഴ്ചവച്ചിട്ടു സ്ഥലവും വിട്ടു. കുറഞ്ഞപക്ഷം  ഒരു കമ്പിളി പുതപ്പെങ്കിലും കൊടുത്തിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ .  അവരിലൂടെ വന്ന ആപത്തിൽ ആ കുടുംബത്തെ രക്ഷിക്കാൻ ഞാൻ മാത്രമാണ് ഉണ്ടായിരുന്നത്. ആ രാത്രി ഒറ്റപ്പോള കണ്ണടക്കാൻ എനിക്ക് സാധിച്ചില്ല ഞാനുറങ്ങിയോ തിന്നോ  കുടിച്ചോ എന്നൊന്നും ആരും നോക്കിയില്ല. പലായനം രാത്രി മുഴുവൻ പലായനം അതും മറ്റൊരു രാജ്യത്തേക്ക് . ഞാൻ ചുമക്കുന്നത് എന്റെ ദൈവത്തിന്റെ പുത്രനെയാണ് എന്നുള്ള ബോധ്യം  എന്റെ വിശപ്പും ദാഹവും ഉറക്കവും എല്ലാം കെടുത്തിക്കളഞ്ഞു. അങ്ങനെ എത്ര എത്ര യാത്രകൾ ആ കുഞ്ഞൊന്നു വളരുന്നതുവരെ ഓട്ടത്തോട് ഓട്ടമായിരുന്നു . അതിനെല്ലാം ഉള്ള സമ്മാനംഎന്നപോലെ അവസാനം ആ ഓശാനദിവസ്സം. ലോകം മുഴുവൻ ആ രാജാധിരാജനെ എതിരേറ്റപ്പോൾ അവിടുന്ന് ഈ എളിയവനെ മറന്നില്ല. 

         പക്ഷെ അന്നത്തെ   കൊച്ചുകുട്ടിയെ  അല്ല ഞാൻ ഇന്ന് ചുമന്നത്    ഈ വാർദ്ധക്യത്തിലും   ആ ഭാരം ഞാൻ താങ്ങി.  അത്ര വലിയ ഒരു പ്രവാചകനായിട്ടും, രാജാവായിട്ടും ,ദൈവകുമാരനായിട്ടും ഒരു കുതിരയെയോ ഒട്ടകത്തെയോ ആനയെയോ തിരഞ്ഞെടുക്കാതെ ബലഹീനനായ ഈ മരകഴുതയെ അല്ലെ അവിടുന്ന് തിരഞ്ഞെടുത്തത്. 

        കർത്താവിനാവശ്യം വന്നപ്പോൾ അവിടുന്ന് ശിഷ്യരെ പറഞ്ഞുവിട്ട് എന്നെ വിളിച്ചു, ആരെങ്കിലും ചോദിച്ചാൽ കർത്താവിനു അതിനെ കൊണ്ട് ആവശ്ശ്യമുണ്ട് എന്ന് പറയാൻ പറഞ്ഞാണയച്ചത്. ആരുടെയോ വിഴുപ്പുകൾ ചുമന്നു  ജീവിച്ചിരുന്ന എന്നെ കർത്താവിന് ആവശ്യം ഉണ്ടായിരുന്നു, അവിടുന്ന് വിളിച്ചു   ഞാൻ വന്നു . ശിഷ്യന്മാർ എന്റെ പുറത്തു തുണികൾ വിരിച്ചു കൊടുത്തു, അവിടുന്നെന്റെ പുറത്തു കയറി ഒരു രാജാവ് ഒരു ദൈവം എളിയവനായി, എളിയവരിൽ എളിയവനായ ഒരു കഴുതയുടെ പുറത്ത്  .  ജീവിതത്തിൽ എന്നെ ഇത്ര പുളകം അണിയിച്ച നിമിഷങ്ങൾ വേറെയില്ല. ഇനി ആരൊക്കെ എന്നെ "കഴുത" എന്ന് വിളിച്ചാലും എനിക്ക് നാണക്കേടില്ല .

      സ്വയം പുകഴ്ത്തിയും ആത്മഗതം ചെയ്തും കഴുത നടന്നു. സ്വർഗ്ഗത്തിന്റെ വാതിലാണ് ലക്ഷ്യം ദൂരെ കേൾക്കാം വലിയ ആരവം. അവൻ ചെവി കൂർപ്പിച്ചു ആനയുടെയും കുതിരയുടെയും ഒട്ടകത്തിന്റെയും മറ്റു വലിയ മൃഗങ്ങളുടെയും ശബ്ദം മുഴങ്ങി കേൾക്കാം . സ്വർഗ്ഗത്തിന്റെ വാതിൽ തുറന്നുകിട്ടാൻ നിൽക്കുകയാണവർ. കഴുത അടുത്തുവന്നതും അവരെല്ലാം കളിയാക്കിചിരിച്ചു, ആണ്ടെടാ കഴുത വരുന്നു . കണ്ടിട്ടില്ലാത്ത ഒരു ജീവിയെ കണ്ടതുപോലെ എല്ലാവരും തിരിഞ്ഞു നോക്കി. എടാ മരക്കഴുതേ  നീ എങ്ങോട്ടാ . ഞാൻ സ്വർഗ്ഗത്തിലേക്ക്.  എല്ലാവരും ഉറക്കെ ചിരിച്ചു . എടാ മണ്ടൻ കഴുതേ സ്വർഗ്ഗം  ബുദ്ധിമാന്മാർക്കും ബലവന്മാർക്കുമുള്ള സ്ഥലമാണ്  . അങ്ങോട്ട് നോക്കിക്കേ കഴുതകൾ എന്ന് എഴുതിയ ഒരു ബോർഡ് കണ്ടില്ലേ അതിലെ പോകൂ . ആ വഴി  ശൂന്യമാണ് അതാണ് നിന്റെ വഴി അതാകുമ്പോൾ എളുപ്പം നരകത്തിൽ എത്താം. തൊട്ടു മുൻപിൽ നിന്ന കുതിര കാലുപൊക്കി ഒരു തൊഴിയും കൊടുത്തു . 

         വീണ കഴുത കരഞ്ഞോണ്ട് കഴുതകൾ എന്നെഴുതിയ വഴിയിലൂടെ നടന്നു ആ വഴിയിൽ ആരുമില്ലാത്തതിനാൽ അടുത്ത വഴിയിൽ നിൽക്കുന്നവരെ  നോക്കി നോക്കി കളിയാക്കൽ സഹിക്കാൻ വയ്യാതെ വേഗം നടന്നു. ദൂരെ ഒരു വലിയ വാതിൽ അവൻ കണ്ടു. ഒരുപക്ഷെ അവർ പറഞ്ഞതുപോലെ അത് നരകത്തിന്റെ വാതിലായിരിക്കുമോ. അവൻ ശങ്കിച്ച് അതിനടുത്തു പമ്മി നിന്നു . അല്പസമയത്തിനുള്ളിൽ വലിയശബ്ദത്തോടെ ആ വാതിൽ തുറക്കപ്പെട്ടു . അകത്തുനിന്നുള്ള  വലിയ കാഹളനാദം കേട്ട് അവൻ എത്തിനോക്കി . അതാ കുറെ മാലാഖമാർ  ഇറങ്ങിവരുന്നു . അവരുടെ കയ്യിൽ വര്ണങ്ങളുള്ള പട്ടു തുണികൾ ഉണ്ടായിരുന്നു അവർ അത് അവന്റെ പുറത്തു പുതപ്പിച്ചു. അവന് അവന്റെ കണ്ണുകളെയും കാതുകളെയും  വിശ്വസിക്കാൻ കഴിഞ്ഞില്ല  . കാഹളനത്തിന്റെ ശബ്ദം ഉച്ചത്തിലായി . അതാ മനുഷ്യപുത്രൻ പ്രതാപത്തോടെ പുറത്തേക്കിറങ്ങിവരുന്നു .   എല്ലാവരും നോക്കിനിൽക്കെ  അവന്റെ പുറത്തു കയറി.  അപ്പോൾ അവന് പഴയ  ഓശാനദിവസ്സം  ഓർമ്മവന്നു. എന്നാൽ അന്നുണ്ടായിരുന്ന അത്ര  ഭാരം ഇന്ന് മനുഷ്യപുത്രനില്ലായിരുന്നു. പകരം സുഖകരമായ ഒരനുഭൂതി അവനുണ്ടായി . മനുഷ്യപുത്രൻ പറഞ്ഞതനുസ്സരിച്ഛ് അവൻ അവിടുത്തെയും വഹിച്ചുകൊണ്ട് വാതിലിനുള്ളിലേക്കു കടന്നുപോയി . 

             വാതിലടക്കുന്നതിനു മുൻപായി ഒരു  മാലാഖ തിരിഞ്ഞുനിന്നു പുറത്തുള്ള മറ്റുള്ളവരോടായി പറഞ്ഞു . നിങ്ങൾക്കും  കഴുതകൾ എന്നെഴുതിയ വഴിയിലൂടെ വന്നാൽ അകത്തു പ്രവേശിക്കാം. ഇപ്പോൾ നിങ്ങൾ നിൽക്കുന്ന വഴി നരകത്തിലേക്കാണ്. മാലാഖ പറഞ്ഞ  ആ വഴിയിൽ പ്രവേശിക്കുവാൻ അവർക്കു വളരെ അധികം പുറകോട്ടു പോകേണ്ടതായിട്ടുണ്ടായിരുന്നു   എങ്കിലും ചിലരൊക്കെ ആ വഴിയേ ലക്ഷ്യമാക്കി ഓടുന്നുണ്ടായിരുന്നു. 

മാത്യു ചെറുശ്ശേരി