കെ.സി.സി.എൻ.എ കൺവൻഷന്‌ ഉജ്ജ്വല തുടക്കം ( ജോസ് കണിയാലി )

sponsored advertisements

sponsored advertisements

sponsored advertisements

22 July 2022

കെ.സി.സി.എൻ.എ കൺവൻഷന്‌ ഉജ്ജ്വല തുടക്കം ( ജോസ് കണിയാലി )

ജോസ് കണിയാലി
ഇൻഡ്യാന : ഇൻഡ്യാന പോളിസിൽ തുടങ്ങിയ ക്നാനായ കാത്തലിക് കോൺഗ്രസ്സ് ഓഫ് നോർത്ത് അമേരിക്കയുടെ പതിനാലാമത് കൺവൻഷന്‌ ഉജ്ജ്വല തുടക്കം.വർണ്ണ ശബളമായ ഘോഷയാത്രയോടെ ആരംഭിച്ച കൺവൻഷനിൽ ബിഷപ്പ് മാർ ജെയിംസ് തോപ്പിൽ മുഖ്യാതിഥി ആയിരുന്നു . സഭയും സമുദായവും ഒരേ മനസ്സോടെ പ്രവർത്തിക്കുമ്പോഴാണ് നമ്മുടെ സമൂഹത്തിന് മുന്നേറ്റമുണ്ടാകുന്നതെന്നും അതാണ് ക്നാനായ പാരമ്പര്യമെന്നും ബിഷപ്പ് മാർ ജെയിംസ് തോപ്പിൽ പറഞ്ഞു. ക്നാനായ സമൂഹത്തിന്റെ ഉയർച്ചയ്ക്കുവേണ്ടി എല്ലാവർക്കും ഒരേ ചിന്തയോടെ പ്രവർത്തിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രൗഢഗംഭീരമായി കൺവൻഷൻ നടത്തുവാൻ നേതൃത്വം നൽകിയ കെ.സി.സി. എൻ. എ പ്രസിഡന്റ് സിറിയക് കൂവക്കാട്ടിലിന്റെ നേതൃത്വത്തിലുള്ള ക്നാനായ നേതാക്കളെ അദ്ദേഹം അഭിനന്ദിച്ചു.
തോമസ് ചാഴികാടൻ എം പി മുഖ്യ പ്രഭാഷണം നടത്തി.ദൈവത്തിന്റെ പ്രത്യേക അനുഗ്രഹത്താൽ പദവികളും, അംഗീകാരങ്ങളും, സാമ്പത്തിക വിജയങ്ങളും നേടിയെടുക്കാൻ കഴിയുക എന്നത് ക്നാനായ സമൂഹത്തെ സംബന്ധിച്ച് മഹാഭാഗ്യമാണെന്ന് അദ്ദേഹം പറഞ്ഞു.ലോകത്തിന് തന്നെ മാതൃകയാണ് ക്നാനായ പാരമ്പര്യം. പതിനേഴ് നൂറ്റാണ്ടുകൾക്ക് മുൻപ് നമ്മുടെ പൂർവ്വപിതാക്കന്മാർ മിഷനറി ചൈതന്യത്താൽ പ്രേരിതമായ കേരളക്കരയിൽ കുടിയേറി. കഴിഞ്ഞ ആറ് ദശവർഷങ്ങളിലായി ജോലിയും മാന്യമായ ജീവിതവും ലക്ഷ്യം വെച്ച് അമേരിക്കയിലേക്ക് കുടിയേറിയ ക്നാനായ സമൂഹത്തിന്റെ വളർച്ച നമ്മുടെ പാരമ്പര്യത്തിന്റെ മുതൽക്കൂട്ടാണ്. 1993 ൽ ന്യൂയോർക്കിൽ വെച്ച് നടന്ന കെ.സി.സി. എൻ. എ കൺവൻഷനിൽ തനിക്കും പങ്കെടുക്കുവാൻ സാധിച്ചു. പതിനാലാമത് കൺവെൻഷൻ സിറിയക് കൂവക്കാട്ടിലിന്റേയും ക്നാനായ നേതാക്കളുടേയും നേതൃത്വത്തിൽ നടക്കുമ്പോൾ അമേരിക്കയിലേക്ക് കുടിയേറിയ പതിനായിരക്കണക്കിന് ക്നാനായക്കാരുടെ ഉത്സവമായി കൺവെൻഷൻ മാറുന്ന കാഴ്ചയാണിതെന്നും അദ്ദേഹം കൂട്ടി ചേർത്തു.
വികാരി ജനറാൾ മോൺ.തോമസ് മുളവനാൽ പ്രഭാഷണത്തിൽ ദൈവ കൽപ്പനകൾക്കും സഭാ നിയമങ്ങൾക്കും അനുസൃതമായി ജീവിക്കുവാൻ സഭാമക്കൾക്ക് സാധിക്കണമെന്ന് പറഞ്ഞു.സാമുദായിക ഐക്യം ഉണ്ടാകാൻ സഭയും സമുദായവും ചേർന്ന് പ്രവർത്തിക്കണം. നീക്കുപോക്കുകൾക്ക് വേണ്ടി സ്വതന്ത്ര ചിന്തയുടെ പേരിൽ സത്യ വിരുദ്ധ നിലപാടുകൾ എടുത്താൽ അത് അംഗീകരിക്കാൻ സഭയ്ക്ക് സാധിക്കില്ല. സത്യം ഗ്രഹിച്ച് വിവേകപൂർവ്വം പെരുമാറുമ്പോൾ നാം ദൈവത്തിന്റെ മുൻപിലും സമൂഹത്തിന്റെ മുൻപിലും ഒരു പടി ഉയർന്ന് വിനയമുള്ളവരായി മാറുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് സിറിയക് കൂവക്കാട്ടിൽ അധ്യക്ഷത വഹിച്ചു .ക്നാനായ തനിമ പതിന്മടങ്ങോടെ കാത്തു സൂക്ഷിച്ചുകൊണ്ട് മുന്നോട്ടു പോകുന്ന നിലപാടാണ് കെ സി സി എൻ എ പിന്തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു .കെ സി സി എൻ എയുടെ നാളിതുവരെയുള്ള പ്രവർത്തനങ്ങൾ അദ്ദേഹം വിശദീകരിച്ചു .കെ.സി.സി.എൻ.എയുടെ പതിന്നാലാമത് കൺവൻഷൻ ഒരു ചരിത്രമുഹൂർത്തമാക്കി മാറ്റുവാൻ ക്നാനായ സമൂഹത്തിന് കഴിഞ്ഞതിൽ പ്രസിഡന്റ് എന്ന നിലയിൽ സന്തോഷിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു .
കൺവൻഷനു തുടക്കം കുറിച്ചുകൊണ്ട് നടന്ന സമൂഹ ബലിയിൽ ബിഷപ് മാർ ജെയിംസ് തോപ്പിൽ ,വികാരി ജനറാൾ മോൺ. തോമസ് മുളവനാൽ എന്നിവർ മുഖ്യ കാർമ്മികത്വം വഹിച്ചു .ഫാ .തോമസ് താഴപ്പള്ളി ,ഫാ .ജോസഫ് മണപ്പുറം ,ഫാ .ബിജു ചൂരപ്പാടത്ത് ,ഫാ.ഷൈജു മാധവപ്പള്ളി ,ഫാ.സുനീഷ് കുളത്താനപ്പടിക്കൽ ,ഫാ.സ്റ്റീഫൻ നടക്കുഴയ്ക്കൽ എന്നിവർ സഹ കാർമ്മികരായിരുന്നു .
ഉദ്ഘാടന സമ്മേളനത്തിൽ ജെയ്‌മി പെരുമണിശ്ശേരിൽ പ്രാർത്ഥനാ ഗാനം ആലപിച്ചു.കെ സി സി എൻ എ ജനറൽ സെക്രട്ടറി ലിജോ മച്ചാനിക്കൽ എം സി ആയിരുന്നു .ട്രഷറർ ജയ്മോൻ കട്ടിണച്ചേരിൽ സ്വാഗതവും എക്സികുട്ടീവ് വൈസ് പ്രസിഡന്റ് ജോൺ.സി.കുസുമാലയം നന്ദിയും പറഞ്ഞു . ചടങ്ങിൽ ഫാ.ഡേവിസ് ചിറമ്മേൽ ,ഡോ.ജോസ് ജെയിംസ് പന്നിവേലിൽ ,വിമൻസ് ഫോറം പ്രസിഡന്റ് ഡോ.ദിവ്യ വള്ളിപ്പടവിൽ എന്നിവർ പ്രസംഗിച്ചു .

ചിത്രങ്ങൾ കടപ്പാട് :മാത്യു ജിൻസൺ