കെ.സി.സി.എന്‍.എ പ്രസിഡണ്ട് സ്ഥാനത്തേക്ക് ഷാജി എടാട്ട് സ്ഥാനാര്‍ത്ഥി

sponsored advertisements

sponsored advertisements

sponsored advertisements

2 September 2022

കെ.സി.സി.എന്‍.എ പ്രസിഡണ്ട് സ്ഥാനത്തേക്ക് ഷാജി എടാട്ട് സ്ഥാനാര്‍ത്ഥി

ജോസ് കണിയാലി
ചിക്കാഗോ: ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെസിസിഎന്‍എ) 2023-2025 കാലഘട്ടത്തിലെ പ്രസിഡണ്ട് സ്ഥാനത്തേക്ക് ചിക്കാഗോ കെ.സി.എസിന്‍റെ മുന്‍ പ്രസിഡണ്ട് കൂടിയായ ഷാജി എടാട്ട് മത്സരിക്കുന്നു.
ഇതിനു പ്രാരംഭമായി ഓഗസ്റ്റ് 30-ന് ചൊവ്വാഴ്ച വൈകിട്ട് ചിക്കാഗോ കെ.സി.എസ് കമ്യൂണിറ്റി സെന്‍ററില്‍ നിരവധി സമുദായ സ്നേഹികളുടെയും പ്രവര്‍ത്തകരുടെയും സാന്നിദ്ധ്യത്തില്‍ കെ.സി.എസ്. നാഷണല്‍ കൗണ്‍സില്‍ അംഗമായി ഷാജി എടാട്ട് നോമിനേഷന്‍ സമര്‍പ്പിച്ചു. ലെയ്സണ്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ മാത്യു ഇടിയാലില്‍ നോമിനേഷന്‍ സ്വീകരിച്ചു. ലെയ്സണ്‍ ബോര്‍ഡ് അംഗങ്ങളായ ജോയി ഇണ്ടിക്കുഴി, ജോയല്‍ ഇലക്കാട്ട്, ബിജു വാക്കേല്‍ എന്നിവരും സന്നിഹിതരായിരുന്നു. നാഷണല്‍ കൗണ്‍സിലിലേക്കും ലെജിസ്ലേറ്റീവ് ബോര്‍ഡിലേക്കുമുള്ള മറ്റ് നോമിനേഷനുകളും തദവസരത്തില്‍ സ്വീകരിക്കപ്പെട്ടു.
ചിക്കാഗോ കെ.സി.എസിന്‍റെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടീവിലേക്കുള്ള നോമിനേഷനുകളും പുതിയ പ്രസിഡണ്ട് ജെയിന്‍ മാക്കീലിന്‍റെ നേതൃത്വത്തില്‍ സമര്‍പ്പിക്കുകയുണ്ടായി.
കെ.സി.എസ് പ്രസിഡണ്ട് തോമസ് പൂതക്കരി സ്വാഗതം ആശംസിച്ചു. കെ.സി.സി.എന്‍.എ പ്രസിഡണ്ട് സിറിയക് കൂവക്കാട്ടില്‍, മുന്‍ കെ.സി.എസ് വൈസ് പ്രസിഡണ്ട് കുര്യന്‍ തൊട്ടിച്ചിറ, മുന്‍ ട്രഷറര്‍ ജോയി കോട്ടൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഇലക്ഷന്‍ കൂടാതെ പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കുവാന്‍ സാധിച്ചത് ചിക്കാഗോ ക്നാനായ കമ്മ്യൂണിറ്റിയുടെ ഐക്യത്തിന്‍റെയും സഹകരണ മനോഭാവത്തിന്‍റെയും ഏറ്റവും വലിയ ഉദാഹരണമായി പ്രസംഗകര്‍ ചൂണ്ടിക്കാട്ടി. ഇത് വടക്കെ അമേരിക്കയിലെ മറ്റ് ക്നാനായ കത്തോലിക്കാ സംഘടനകള്‍ക്കും മാതൃകയായി മാറട്ടെ എന്നവര്‍ ആശംസിച്ചു.
സ്വവംശ വിവാഹനിഷ്ഠയിലധിഷ്ഠിതമായ ക്നാനായ സമുദായത്തിന്‍റെ അടിസ്ഥാന പ്രമാണങ്ങളില്‍ വെള്ളം ചേര്‍ക്കുന്ന യാതൊരു പ്രവര്‍ത്തനങ്ങളും അനുവദിക്കുകയില്ലായെന്ന് കെ.സി.സി.എന്‍എ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ഷാജി എടാട്ട് പ്രസ്താവിച്ചു.
ജന്മം കൊണ്ടും കര്‍മ്മംകൊണ്ടുമാണ് ക്നാനായക്കാരന്‍റെ അസ്തിത്വം ഉറപ്പിക്കേണ്ടത്. മറ്റ് യാതൊരു ഫോര്‍മുലകള്‍ക്കും യാതൊരു പ്രസക്തിയുമില്ലായെന്ന് ഷാജി എടാട്ട് വ്യക്തമാക്കി.
ചിക്കാഗോയിലെ സാമൂഹിക സാമുദായിക സാംസ്കാരിക രംഗങ്ങളില്‍ സജീവസാന്നിദ്ധ്യമാണ് ഷാജി എടാട്ട്. 1996-ലെ ചിക്കാഗോ കെ.സി.സി.എന്‍.എ കണ്‍വന്‍ഷന്‍റെ ഫൈനാന്‍സ് ചെയര്‍മാന്‍, കെ.സി.വൈ.എല്‍ ഡയറക്ടര്‍, മലയാളി എഞ്ചിനീയേഴ്സ് അസോസിയേഷന്‍ പ്രസിഡണ്ട് തുടങ്ങിയ നിലകളിലും ഷാജി എടാട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്.
കെ.സി.എസ് പ്രസിഡണ്ട് തോമസ് പൂതക്കരി, വൈസ് പ്രസിഡണ്ട് ജോസ് തോമസ് ആനമല, സെക്രട്ടറി ലിന്‍സണ്‍ കൈതമലയില്‍, ട്രഷറര്‍ ഷിബു മുളയാനിക്കുന്നേല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

ഷാജി എടാട്ട്

ജെയിന്‍ മാക്കീൽ