കെ.സി.സി.എന്‍.എ. നിലപാട് വ്യക്തമാക്കി പ്രസിഡന്‍റ് സിറിയക് കൂവക്കാട്ടില്‍

sponsored advertisements

sponsored advertisements

sponsored advertisements

24 July 2022

കെ.സി.സി.എന്‍.എ. നിലപാട് വ്യക്തമാക്കി പ്രസിഡന്‍റ് സിറിയക് കൂവക്കാട്ടില്‍

ജൂലൈ 21 മുതല്‍ 24 വരെ ഇന്‍ഡ്യാനപോളിസില്‍ നടന്ന 14-ാമത് കെ.സി.സി.എന്‍.എ കണ്‍വന്‍ഷന്‍റെ ഉദ്ഘാടന സമ്മേളനത്തില്‍ അദ്ധ്യക്ഷപ്രസംഗം നടത്തിയ പ്രസിഡന്‍റ് സിറിയക് കൂവക്കാട്ടില്‍ ആനുകാലിക വിഷയങ്ങളെക്കുറിച്ച് കെ.സി.സി.എന്‍.എ.യുടെ നിലപാട് വ്യക്തമാക്കുകയുണ്ടായി.
പകല്‍ മേഘസ്തംഭമായും, രാത്രി ദീപസ്തംഭമായും, ദൈവം കൈക്കുമ്പിളില്‍ കാത്ത് പരിപാലിക്കുന്ന, അബ്രാഹത്തിന്‍റേയും, ഇസഹാക്കിന്‍റേയും, യാക്കോബിന്‍റേയും, സന്തതി പരമ്പരകളായ ക്നാനായ മക്കള്‍ക്ക് ഈ ദിവസങ്ങള്‍ ആഘോഷത്തിന്‍റെ ദിനങ്ങളാണ്. വടക്കേ അമേരിക്കയിലെ ക്നാനായ സമുദായത്തിന്‍റെ മാമാങ്കമായ 14-ാമത് കെ.സി.സി.എന്‍.എ കണ്‍വന്‍ഷനില്‍ ഇവിടെ എത്തിച്ചേര്‍ന്നിരിക്കുന്ന എന്‍റെ രക്തത്തിന്‍റെ രക്തവും, മാംസത്തിന്‍റെ മാംസവുമായ പ്രിയ ക്നാനായ സഹോദരങ്ങളെ, നിങ്ങള്‍ക്കേവര്‍ക്കും ഈ ക്നാനായ മാമാങ്കത്തിലേക്ക് സ്വാഗതം. വടക്കേ അമേരിക്കയിലെ എന്നല്ല, ലോകമെമ്പാടുമുള്ള ക്നാനായ മക്കളുടെ അഭിമാനവും ആവേശവുമാണ് കെ.സി.സി.എന്‍.എ. ക്നാനായ സമുദായവുമായി ബന്ധപ്പെട്ട ഏത് കാര്യത്തിലും ലോകമെമ്പാടുമുള്ള ക്നാനായ സമുദായങ്ങള്‍ ഉറ്റുനോക്കുന്നത് കെ.സി.സി.എന്‍.എയുടെ ഈ കാര്യങ്ങളോടുള്ള നിലപാടാണ്. വ്യക്തമായ ദീര്‍ഘ വീക്ഷണത്തോടെയും, ശക്തമായ നിലപാടുകളോടെയും മുന്നേറുന്ന നമ്മുടെ സംഘടനയാണ് കെ.സി.സി.എന്‍.എ.

പ്രിയ സഹോദരങ്ങളേ, ജന്മം കൊണ്ടും കര്‍മ്മം കൊണ്ടും ക്നാനായത്വം പാലിക്കുന്ന വരാണ് യഥാര്‍ത്ഥ ക്നാനായക്കാരന്‍. കെ.സി.സി.എന്‍.എ. എക്സിക്യൂട്ടീവ് കമ്മറ്റിയെ സംബന്ധിച്ചിടത്തോളം ക്നാനായക്കാരന്‍ എന്നുപറയുന്നതിന് ഒറ്റ നിര്‍വചനമേയുള്ളൂ. അത് ജന്മം കൊണ്ടും കര്‍മ്മംകൊണ്ടും ക്നാനായത്വം പാലിക്കുക എന്നത് മാത്രമാണ്. 1988 ല്‍ ന്യൂയോര്‍ക്കില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ച അന്നുമുതല്‍ ഈ നിമിഷം വരെ ക്നാനായ സമുദായത്തിന്‍റെ അടിസ്ഥാനതത്വങ്ങളില്‍ നിന്ന് നാം അണുവിട വ്യതിചലിച്ചിട്ടില്ല. ഇനി ഒരിക്കലും ഇതില്‍നിന്ന് വ്യതിചലിക്കുവാന്‍ നാം ഒരുകാലത്തും ആരെയും അനുവദിക്കുകയുമില്ല എന്ന് അടിയുറച്ച് പറയുവാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്.
ഈ ഭരണസമിതി അധികാരമേറ്റ 2021 മാര്‍ച്ച് മുതല്‍ വടക്കേ അമേരിക്കയിലെ മുഴുവന്‍ ക്നാനായ മക്കളും, 20 അംഗ സംഘടനകളും ഈ ഭരണ സമിതിക്ക് നല്‍കുന്ന അകമഴിഞ്ഞ പ്രോത്സാഹനത്തിനും, സഹകരണത്തിനും, ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ക്കും, ഞാന്‍ പ്രത്യേകം പ്രത്യേകം നന്ദി പറയുകയാണ്. നിങ്ങള്‍ക്കേവര്‍ക്കുമറിയാം കോവിഡ് മഹാമാരിയുടെ നീരാളിപ്പിടുത്തത്തില്‍, അകപ്പെട്ട് ലോകം തന്നെ നിശ്ചലമായി നിന്നിടത്തു നിന്നുമാണ് ഞങ്ങളുടെ ഈ എക്സിക്യൂട്ടീവിന്‍റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഈ ഭരണസമിതി അധികാരമേറിയ അന്നുമുതല്‍ എല്ലാ അംഗ സംഘടനകളിലും ടൗണ്‍ ഹാള്‍ മീറ്റിംഗുകള്‍ സംഘടിപ്പിക്കുകയുണ്ടായി. സമുദായ അംഗങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കേള്‍ക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുക, അതുപോലെ തന്നെ വടക്കേ അമേരിക്കയിലെ മുഴുവന്‍ ക്നാനായക്കാരുമായി കാണുകയും അതുവഴി ഈ ഭരണസമിതിയുമായി ബന്ധപ്പെടുവാനുള്ള വഴി തുറന്നിടുക എന്ന ലക്ഷ്യത്തോടെ യുമാണ് ടൗണ്‍ ഹാള്‍ മീറ്റിംഗുകള്‍ സംഘടിപ്പിച്ചത്.
പ്രിയ സമുദായംഗങ്ങളേ, ഈ എക്സിക്യൂട്ടീവ് അധികാരമേറ്റതിനു ശേഷം 3 നാഷണല്‍ കൗണ്‍സില്‍ കൂടുകയുണ്ടായി. മൂന്നു നാഷണല്‍ കൗണ്‍സില്‍ മീറ്റിംഗുകളും കെ.സി.സി.എന്‍.എ യുടെ ഭരണഘടന പറയുന്നതുപോലെ കോറം തികഞ്ഞാണ് കൂടിയത് എന്ന് വളരെ അഭിമാനത്തോടെ തന്നെ ഈ സമൂഹത്തിനെ അറിയിക്കുന്നതില്‍ ഈ എക്സിക്യൂട്ടീവിന് വളരെ സന്തോഷം ഉണ്ട്. ഈ മീറ്റിംഗുകളിലെല്ലാം വന്ന നാഷണല്‍ കമ്മിറ്റി അംഗങ്ങളോട് പ്രത്യേകം നന്ദി പറയുകയാണ്.
ഈ എക്സിക്യൂട്ടീവിനെക്കുറിച്ച് ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സമുദായ താല്പര്യം സംരക്ഷിക്കുന്ന കാര്യത്തില്‍ ഈ എക്സിക്യൂട്ടീവ് എന്നും പ്രതിജ്ഞാബദ്ധരാണ്. ഇതിന്‍റെ പ്രത്യക്ഷ ഉദാഹരണമാണ് നവീകരണസമിതി കേസില്‍ കെ.സി.സി.എന്‍.എ.യുടെ ഇടപെടല്‍. പ്രിയ സുഹൃത്തുക്കളേ, ക്നാനായ സമുദായത്തിന്‍റെ അടിസ്ഥാന പ്രമാണങ്ങളെ ചോദ്യം ചെയ്തുകൊണ്ട് 2015 മുതല്‍ നവീകരണ സമിതിയും കോട്ടയം രൂപതയുമായി നടക്കുന്ന കേസാണിത്. ഈ കേസില്‍ കോട്ടയം രൂപതയ്ക്ക് എതിരായി 2021 ഏപ്രില്‍ മാസത്തില്‍ വിധി വരികയുണ്ടായി. എന്നാല്‍ ഈ കേസില്‍ ആദ്യമായി കക്ഷി ചേര്‍ന്നത് കെ.സി.സി.എന്‍.എ നിയോഗിച്ചിട്ടുള്ള വ്യക്തികളാണ്. കേരളത്തില്‍ ഇന്ന് ലഭിക്കാവുന്നതില്‍ വച്ച് ഏറ്റവും പ്രഗത്ഭനായ അഡ്വക്കേറ്റ്, സീനിയര്‍ ഡെസിഗ്നേറ്റ് അഡ്വ. എസ്. ശ്രീകുമാര്‍ സാറിനെയാണ് ഈ കേസില്‍ കെ.സി.സി.എന്‍.എ നിയോഗിച്ചിരിക്കുന്നത്. കെ.സി.സി.എന്‍.എ നിയോഗിച്ച അഡ്വക്കറ്റിന്‍റെ സമര്‍ത്ഥമായ വാദമുഖങ്ങളുടെ വെളിച്ചത്തില്‍ ഇന്ന് സമുദായംഗങ്ങള്‍ക്കെല്ലാം ഈ കേസില്‍ കക്ഷി ചേരുവാന്‍ സാധിക്കും. പ്രിയ സമുദായംഗങ്ങളേ, ഈ കേസിന്‍റെ വാദം കഴിഞ്ഞ 18-ാം തീയതി മുതല്‍ കോട്ടയം ജില്ലാ കോടതിയില്‍ ആരംഭിച്ചു. നമ്മുടെ സമുദായത്തിന്‍റെ നിലനില്‍പ്പിനായി നമുക്ക് ഒറ്റക്കെട്ടായി പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യാം.

ഇതുപോലെതന്നെ, നമ്മുടെ സമൂഹത്തിലെ യുവജനങ്ങള്‍ക്കായി കെ.സി.സി.എന്‍.എ യുടെ നേതൃത്വത്തില്‍ KCYLNA യുടെയും – KYAAയുടെ ആഭിമുഖ്യത്തില്‍ 300 ല്‍പ്പരം യുവജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ യൂത്ത് സുമ്മിറ്റ്, മീറ്റ് & ഗ്രീറ്റ്, നാഷണല്‍ ബാസ്ക്കറ്റ് ബോള്‍ & വോളിബോള്‍ ടൂര്‍ണ്ണമെന്‍റ് തുടങ്ങി, അനേകം പരിപാടികള്‍ വളരെ നല്ല രീതിയില്‍ ജനപങ്കാളിത്തത്തോടെ നടത്തുവാന്‍ ഈ കമ്മിറ്റിക്ക് സാധിച്ചു. വിമന്‍സ് ഫോറത്തിന്‍റെ നേതൃത്വത്തില്‍ വളരെ മനോഹരമായ പരിപാടികള്‍. അതുപോലെ തന്നെ 20 അംഗസംഘടനകളുടേയും കെ.സി.സി.എന്‍.എയുടെയും പ്രവര്‍ത്തനങ്ങള്‍ സമുദായംഗങ്ങളെ അറിയിക്കുവാന്‍ KNANAYA TIMES ഇതിനോടകം 8 തവണ പ്രസിദ്ധീകരിക്കുകയുണ്ടായി.
വടക്കേ അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ കൂടാതെ കോവിഡ് മഹാമാരിയെ തുടര്‍ന്ന് കേരളത്തില്‍ സ്കൂള്‍ കുട്ടികള്‍ക്കായി നടത്തിയ ഫോണ്‍ വിതരണം, സന്നദ്ധ പ്രവര്‍ത്തകര്‍ക്കായി നല്‍കിയ PPE കിറ്റുകള്‍, അതുപോലെ തന്നെ ഈ കണ്‍വന്‍ഷനു ശേഷം വീടുകള്‍ പണിതു കൊടുക്കുവാന്‍ Dollar for Knanaya യുടെ നേതൃത്വത്തില്‍ നമ്മള്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ഇനിയും വളരെയധികം കാര്യങ്ങള്‍ പറയുവാനുണ്ട്. സമയകുറവുകൊണ്ട് ഞാന്‍ നിര്‍ത്തുകയാണ്.
ഈ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പറയുവാന്‍ കാരണം ഈ പരിപാടികളെല്ലാം നടത്തിയത് നിങ്ങള്‍ ഓരോരുത്തരുടേയും സഹകരണവും സഹായവും കൊണ്ടാണ്. നമ്മള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ നമുക്ക് തന്നെ തിരിച്ചറിവുണ്ടാകണം, അഭിമാനമുണ്ടാകണം. മറിച്ച് നമ്മുടെ കുറവുകളെ മാത്രം നോക്കിനിന്നാല്‍, സമൂഹം എന്ന നിലയില്‍ നമുക്ക് വളര്‍ച്ചയുണ്ടാകില്ല.
പ്രിയ സുഹൃത്തുക്കളേ, ഈ എക്സിക്യൂട്ടീവ് വന്നതിനുശേഷം എടുത്ത തീരുമാനങ്ങള്‍ മുഴുവന്‍ ഒരു തവണയല്ല, പലതവണ എക്സിക്യൂട്ടീവില്‍ ചര്‍ച്ച ചെയ്ത തീരുമാനങ്ങള്‍ ആണ്. വടക്കേ അമേരിക്കയിലെ ക്നാനായ സമുദായത്തിന്‍റെയും കെ.സി.സി.എന്‍.എയുടെയും, വളര്‍ച്ചയ്ക്കും, ഉന്നമനത്തിനും, നന്മയ്ക്കും വേണ്ടിയുള്ള കാര്യങ്ങള്‍ മാത്രമാണ് കൂട്ടായ തീരുമാനത്തിലൂടെ എടുത്തിട്ടുള്ളത്. എക്സിക്യൂട്ടീവ് എടുത്ത തീരുമാനങ്ങള്‍ എല്ലാം നാഷണല്‍ കൗണ്‍സില്‍ അവതരിപ്പിച്ച് അംഗീകാരം നേടിയിട്ടുള്ളതുമാണ്. എടുത്ത തീരുമാനങ്ങള്‍ മുഴുവനും, അതുപോലെ തന്നെ ഈ എക്സിക്യൂട്ടീവ് അയച്ചിട്ടുള്ള കത്തിടപാടുകള്‍ മുഴുവന്‍ യാതൊരു മടിയുമില്ലാതെ സമുദായങ്ങളെ അറിയിക്കുവാന്‍ യാതൊരു മടിയും കാണിക്കാത്ത ഭരണസമിതിയാണിതെന്ന് അഭിമാനത്തോടെ തന്നെ പറയുവാന്‍ ഞാന്‍ ഈ അവസരം ഉപയോഗിക്കുകയാണ്.
പ്രിയ സമുദായംഗങ്ങളേ, എടുത്ത തീരുമാനങ്ങള്‍ എല്ലാം, സമുദായത്തിന്‍റെയും കെ.സി.സി.എന്‍.എയുടെയും കെട്ടുറപ്പിനും നډയ്ക്കും മാത്രമായി നല്ല ഉദ്ദേശത്തോടെ മാത്രം എടുത്ത തീരുമാനങ്ങളാണ്. എടുത്ത തീരുമാനങ്ങളില്‍ എന്തെങ്കിലും ആശങ്കകള്‍ ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ അവയെല്ലാം എക്സിക്യൂട്ടീവില്‍ വീണ്ടും ചര്‍ച്ച ചെയ്യാന്‍ ഈ ഭരണസമിതി എപ്പോഴും തയ്യാറാണ്. കാരണം ഞങ്ങള്‍ക്ക് യാതൊന്നും മറച്ചു പിടിക്കുവാനോ ഒളിച്ചു വെയ്ക്കാനോ ഇല്ല. കെ.സി.സി.എന്‍.എ.യുടെ പരമാധികാര സമിതി എന്നുപറയുന്നത് കെ.സി.സി.എന്‍.എ. നാഷണല്‍ കൗണ്‍സില്‍ ആണ്. അതുകൊണ്ടുതന്നെയാണ് ജൂലൈ 17-ാം തീയതി ഞായറാഴ്ച സൂം മീറ്റിംഗിലൂടെ നാഷണല്‍ കൗണ്‍സില്‍ കൂടിയതും ഈ കാര്യങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തിയതും. ഈ അടുത്ത നാളുകളിലുണ്ടായ ആശങ്കകളെല്ലാം നമ്മള്‍ കോട്ടയം രൂപതാ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കോട്ടയം അതിരൂപതാ നേതൃത്വത്തില്‍നിന്ന് ഇതിനുള്ള വിശദീകരണം കിട്ടുന്നതിനോടൊപ്പം 90 ദിവസത്തിനുള്ളില്‍ നാഷണല്‍ കൗണ്‍സില്‍ വിളിച്ചുകൂട്ടി സമുദായ താല്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ ഉചിതമായ തീരുമാനം എടുക്കുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പുനല്‍കുകയാണ്. വടക്കേ അമേരിക്കയിലെ ക്നാനായ സമുദായത്തിന്‍റെയും കെ.സി.സി.എന്‍.എ.യുടെയും അടിസ്ഥാന തത്വങ്ങളില്‍നിന്ന് അണുവിട വ്യതിചലിക്കുവാന്‍ ഈ ഭരണസമിതി ഒരിക്കലും അനുവദിക്കില്ലായെന്ന് ഒരിക്കല്‍ക്കൂടി ഉറപ്പുനല്‍കുന്നു.
Dear National Council മെമ്പേഴ്സ്, നിങ്ങളുടെ തിരക്കേറിയ ജീവിതത്തിനിടയിലും ക്നാനായ സമുദായത്തിന്‍റേയും കെ.സി.സി.എന്‍.എയുടെയും വളര്‍ച്ചയ്ക്കും നന്മയ്ക്കുമായി നിങ്ങളുടെ സമയവും സമ്പത്തും നഷ്ടപ്പെടുത്തി പ്രവര്‍ത്തിക്കുന്നവരാണ് സുഹൃത്തുക്കളേ, സത്യത്തിനും നന്മയ്ക്കുമായി  നാം നിലകൊള്ളുമ്പോള്‍ ചിലപ്പോള്‍ നമ്മള്‍ ക്രൂശിക്കപ്പെട്ടേക്കാം. അതാണ് ചരിത്രം. എന്നാല്‍ നമ്മുടെ ഏറ്റവും വലിയ വിമര്‍ശകന്‍ എന്ന് പറയുന്നത് നമ്മുടെ തന്നെ മനസാക്ഷിയാണ്. നമ്മുടെ മനസാക്ഷിക്ക് ഉചിതമെന്ന് പറയുന്നത് ചെയ്താല്‍ അന്തിമ വിജയം നമുക്ക് തന്നെയായിരിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നവനാണ് ഞാന്‍.
കോട്ടയം അതിരൂപതയുമായുള്ള ആത്മബന്ധം എന്നുപറയുന്നത് ഓരോ ക്നാനായക്കാരന്‍റെയും രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാണ്. അതുകൊണ്ടുതന്നെ കോട്ടയം അതിരൂപതയുമായുള്ള ആത്മബന്ധം കാത്തുസൂക്ഷിക്കുവാന്‍ മുഴുവന്‍ ക്നാനായക്കാരും ആഗ്രഹിക്കുന്നു. 1911 ല്‍ പരിശുദ്ധ സിംഹാസനം ക്നാനായമക്കള്‍ക്കായി അനുവദിച്ചു നല്‍കിയ കോട്ടയം രൂപതയുമായി മാത്രമല്ലാതെ മറ്റ് ഒരു ക്നാനായേതര രൂപതകളുമായി ക്നാനായ മക്കള്‍ക്ക് യാതൊരു ബന്ധവുമില്ല. കോട്ടയം രൂപതയുടെ അജപാലനാധികാരം ലോകം മുഴുവന്‍ വ്യാപിപ്പിക്കുക. എങ്കില്‍ മാത്രമേ ക്നാനായ സമുദായത്തിനും കോട്ടയം അതിരൂപതയ്ക്കും സ്വതന്ത്രമായി പ്രവര്‍ത്തിക്കുവാന്‍ സാധിക്കുകയുള്ളൂ. വിശുദ്ധ പത്താംപീയൂസ് 1911 ല്‍ തെക്കുംഭാഗക്കാര്‍ക്കായി അനുവദിച്ചുതന്ന കോട്ടയം അതിരൂപതയുടെ അധികാരം ലോകം മുഴുവന്‍ ആക്കുവാന്‍ നമുക്ക് ഒറ്റക്കെട്ടായി പരിശ്രമിക്കാം. അതിനായി കെ.സി.സി.എന്‍.എ. എന്നും പ്രതിജ്ഞാബദ്ധമാണ്.
ഇന്ന് നമ്മുടെ ക്ഷണം സ്വീകരിച്ച് ഇവിടെ എത്തിയിരിക്കുന്ന കൊഹിമ ബിഷപ്പും നമ്മുടെ സമുദായാംഗവുമായ ബിഷപ്പ് മാര്‍ ജെയിംസ് തോപ്പില്‍ പിതാവിന്‍റെ സാന്നിദ്ധ്യം ഒരു ദൈവനിയോഗമാണ്. അതുപോലെ തന്നെ നമ്മുടെ സമുദായാംഗമായ കോട്ടയം എം.പി. തോമസ് ചാഴികാടന്‍, അതുപോലെ തന്നെ നമ്മുടെ ക്ഷണം സ്വീകരിച്ച് ഇവിടെ എത്തിയിരിക്കുന്ന മറ്റ് വിശിഷ്ടാതിഥികളെ ഒരിക്കല്‍ക്കൂടി ഈ കണ്‍വന്‍ഷനിലേക്ക് സ്വാഗതം ചെയ്യുന്നു. വടക്കേ അമേരിക്കയിലെ ക്നാനായ സമുദായാംഗങ്ങളെ പ്രതിനിധീകരിച്ച് ഇന്ന് ഇവിടെ എത്തിയിരിക്കുന്ന എന്‍റെ ഏറ്റവും പ്രിയ ക്നാനായ സമുദായാംഗങ്ങളെ… നിങ്ങളേവരെയും ഒരിക്കല്‍ക്കൂടി സ്നേഹത്തിന്‍റെ ഭാഷയില്‍ പതിനാലാമത് കെ.സി.സി.എന്‍.എ. കണ്‍വന്‍ഷനിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് നിര്‍ത്തട്ടെ… നന്ദി…