ഫിലാഡല്‍ഫിയ: ക്നാനായ കാത്തലിക് അസോസിയേഷന് ഓഫ് ഫിലാഡല്‍ഫിയുടെ നേതൃത്വത്തില്‍ 2022 ജൂലൈ 21 മുതല്‍ 24 വരെ ഇന്‍ഡ്യാനപോളിസില്‍വച്ച് നടക്കുന്ന കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്റെ കിക്കോഫ് വിജയകരമായി നടത്തപ്പെട്ടു. ഫെബ്രുവരി 27-ാം തീയതി ഞായറാഴ്ച നടക്കുന്ന കണ്വന്ഷന് കിക്കോഫ് രാജു & സില്‍വി പാറയ്ക്കല്‍, സോണി & ജീന കൊടിഞ്ഞിയില്‍ എന്നിവരില്‍ നിന്നും ഗ്രാന്‍ഡ് സ്പോണ്‍സര്‍ഷിപ്പ് വാങ്ങിക്കൊണ്ട് കെ.സി.സി.എന്‍.എ. പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ ഉദ്ഘാടനം ചെയ്തു. കെ.സി.സി.എന്‍.എ. വൈസ് പ്രസിഡന്റ് ജോണിച്ചന് കുസുമാലയം, ഈ വര്‍ഷം കണ്‍വന്‍ഷനില്‍ നടത്തപ്പെടുന്ന വിവിധ പ്രോഗ്രാമുകളെക്കുറിച്ചും, റീജിയണല്‍ വൈസ് പ്രസിഡന്റ് രാജു പാറയ്ക്കല്‍ യുവജനങ്ങള്‍ക്കായി ഈ കണ്‍വന്‍ഷനില്‍ വിഭാവനം ചെയ്തിരിക്കുന്ന വിവിധ പ്രോഗ്രാമുകളെക്കുറിച്ചും വിശദീകരിക്കുകയുണ്ടായി.
ക്നാനായ കാത്തലിക് അസോസിയേഷന് ഓഫ് ഫിലാഡല്‍ഫിയ പ്രസിഡന്റ് സോണി കൊടിഞ്ഞിയില്‍ അദ്ധ്യക്ഷത വഹിക്കുകയും ക്നാനായ സമുദായത്തിന്റെ കാവലായി നില്ക്കുന്ന കെ.സി.സി.എന്‍.എ.യുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന കണ്വന്ഷന് വന്‍ വിജയമാക്കേണ്ടതിന്റെ ആവശ്യകത വിശദീകരിക്കുകയും ഫിലാല്ഡല്ഫിയായില് നിന്നും ഈ കണ്‍വന്‍ഷനില്‍ വളരെ മികച്ച സഹകരണം ഉണ്ടായിരിക്കുമെന്ന് വാഗ്ദാനം ചെയ്യുകയുമുണ്ടായി.
മാര്‍ച്ച് 15 ന് അവസാനിക്കുന്ന ഏര്‍ലിബേര്‍ഡ് രജിസ്ട്രേഷന് സൗകര്യം പ്രയോജനപ്പെടുത്തി എല്ലാവരും ഈ കണ്‍വന്‍ഷനില്‍ രജിസ്റ്റര്‍ ചെയ്ത് വടക്കേ അമേരിക്കയിലെ ക്നാനായക്കാരുടെ മാമാങ്കമായ ഈ കണ്‍വന്‍ഷനില്‍ പങ്കുചേരണമെന്ന് കിക്കോഫ് ഉദ്ഘാടനം ചെയ്തുകൊണ്ട് കെ.സി.സി.എന്‍.എ. പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ അഭ്യര്‍ത്ഥിച്ചു. അതുപോലെതന്നെ ഇത്രയും ചെറിയ ഒരു യൂണിറ്റില്‍നിന്നും 10 ഓളം പേര് ഫാമിലി രജിസ്ട്രേഷന് ചെയ്യുവാന്‍ മുന്നോട്ടുവന്നതില്‍ ഫിലാല്‍ഡല്‍ഫിയ ക്നാനായ കാത്തലിക് അസോസിയേഷനെ തന്റെ നന്ദി അറിയിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. ക്നാനായ കാത്തലിക് അസോസിയേഷന് ഓഫ് ഫിലാഡല്‍ഫിയുടെ ഭാരവാഹികളായ പ്രസിഡന്റ് സോണി സ്റ്റീഫന്‍, വൈസ് പ്രസിഡന്റ് റ്റോണ്‍സി ലൈജു, സെക്രട്ടറി ജോണ്‍ വിലങ്ങാട്ടുശ്ശേരില്‍, ജോ.സെക്രട്ടറി ജിപ്പി കട്ടപ്പുറം, ട്രഷറര്‍ സാജന് കണ്ണാലില്‍, നാഷണല്‍ കൗണ്‍സില്‍ അംഗം രാജു മാണി പാറയ്ക്കല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
റിപ്പോര്‍ട്ട്: ജോണ്‍ വിലങ്ങാട്ടുശ്ശേരില്‍