ജോസ് കല്ലിടിക്കില്‍
ചിക്കാഗോ: ജൂണ്‍ 28ന് നടന്ന ഇല്ലിനോയി പ്രൈമറി ഇലക്ഷനില്‍ ഇല്ലിനോയി ഡിസ്ട്രിക്ട് 16-ല്‍ നിന്ന് മലയാളി യുവാവായ കെവിന് ഓലിക്കല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വം കരസ്ഥമാക്കി. നവംബര്‍ 8-ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിനെതിരെ മത്സരിക്കാന്‍ ഇതുവരെ ആരും രംഗത്തു വന്നിട്ടില്ലാത്തതിനാല്‍ വിജയം ഏതാണ്ട് ഉറപ്പായിട്ടുമുണ്ട്.
കെവിന് ഓലിക്കലിന്റെ വിജയം തിളക്കമേറിയതും മലയാളി സമൂഹത്തിന് ഏറെ അഭിമാനിക്കാന്‍ വകയുള്ളതുമാണ്. നിലവിലെ സ്റ്റേറ്റ് റെപ്രസന്റേറ്റീവ് ഡെനീസ് വാംഗ് സ്റ്റോണ്ബാക്ക് ആയിരുന്നു പ്രൈമറിയില്‍ കെവിന്റെ എതിരാളി. വോട്ടിംഗ് ശതമാനം താരതമ്യേന കുറവായ പ്രൈമറി ഇലക്ഷനില്‍ ഡെനീസ് വാംഗ് സ്റ്റോണ്ബാക്ക് നേടിയ 4467 വോട്ടുകള്‍ക്കെതിരെ 5009 വോട്ടുകള്‍ കെവിനു ലഭിച്ചു.
2020 പ്രൈമറിയില്‍ ഡെനീസ് വാംഗിനോട് നേരിട്ട പരാജയത്തിനുള്ള മധുരപ്രതികാരം കൂടിയായിരുന്നു കെവിന് ഓലിക്കലിന്റെ ഈ വിജയം. ചിക്കാഗോയുടെ പ്രാന്തപ്രദേശങ്ങളായ സ്കോക്കി, മോര്‍ട്ടന്‍ഗ്രോവ്, ലിങ്കണ്‍വുഡ് എന്നീ വില്ലേജുകളില്‍പ്പെട്ട ഏതാനും പ്രദേശങ്ങള്‍ക്കൊപ്പം ചിക്കാഗോ സിറ്റി കൗണ്‍സില്‍ 40ഉം 50ഉം വാര്‍ഡുകളും ഉള്‍പ്പെടുന്നതാണ് ഡിസ്ട്രിക്ട് 16.
ഇല്ലിനോയി ഹൗസ് സ്പീക്കര്‍ ക്രിസ്വെല്ഷ് സ്റ്റേറ്റ് റെപ്രസന്റേറ്റീവ് ജോണത്തന്‍ കരോൾ , പ്രമുഖ തൊഴിലാളി സംഘടനകള്‍, ചിക്കാഗോ ട്രിബ്യൂണ്‍ ദിനപത്രം എന്നിവയുടെയൊക്കെ ശക്തമായ പിന്തുണയോടും സാമ്പത്തിക സംഭാവനകളോടും കൂടിയാണ് സ്റ്റേറ്റ് റെപ്രസന്റേറ്റീവ് ഡെനീസ് വാംഗ് സ്റ്റോണ്ബാക്ക് തന്റെ സീറ്റ് സ്ഥിരപ്പെടുത്തുവാന്‍ മത്സരത്തിനിറങ്ങിയത്. ചൈനീസ് യഹൂദവംശജരുടെ പിന്തുണയും അവര്‍ക്കുണ്ടായിരുന്നു.
ചിക്കാഗോ മലയാളികളുടെ ശക്തമായ പിന്തുണയും അനുഗ്രഹാശംസകളുമായാണ് കെവിന് മത്സരരംഗത്തേക്ക് വീണ്ടും വന്നത്. യുഎസ് ഹൗസ് റെപ്രസന്റേറ്റീവ് രാജാ കൃഷ്ണമൂര്‍ത്തി, ചൂവി ഗാര്‍സിയാ, ഇല്ലിനോയി സ്റ്റേറ്റ് സെനറ്റര്‍ റാം വില്ലിവാളം എന്നിവര്‍ക്കൊപ്പം നാഷണല്‍ അസോസിയേഷന് ഓഫ് സോഷ്യല്‍ വര്‍ക്കേഴ്സ്, ചിക്കാഗോ ലേബറേഴ്സ് ഡിസ്ട്രിക്ട് കൗണ്‍സില്‍, ശക്തരായ ടീംസ്റ്റേഴ്സ് ജോയിന്റ് കൗണ്‍സില്‍ നമ്പര്‍ 25 എന്നിവയുടെ പിന്തുണ കെവിന്റെ പ്രചാരണങ്ങള്‍ക്ക് ശക്തിപകര്‍ന്നു. തോക്കുകളുടെമേല് ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെ ഡെമോക്രാറ്റിക് പാര്‍ട്ടി നിലകൊള്ളുന്ന സമത്വത്തിനും പുരോഗമന ആശയങ്ങള്‍ക്കുമായി നിലകൊള്ളുമെന്നും തന്റെ നിയോജകമണ്ഡലത്തിലെ ജനങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധാലുവായിരിക്കുമെന്നും കെവിന് ഉറപ്പു നല്കി.
ചിക്കാഗോയില്‍ സ്ഥിരതാമസമാക്കിയിട്ടുള്ള ജോജോ-സൂസന് ഓലിക്കലിന്റെ മകനാണ് കെവിന്. ഇന്‍ഡോ-അമേരിക്കന്‍ ഡെമോക്രാറ്റിക് ഓര്‍ഗനൈസേഷന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായ കെവിന് നിയമബിരുദ വിദ്യാര്‍ത്ഥി കൂടിയാണ്. ചിക്കാഗോ മലയാളികള്‍ക്ക് സുപരിചിതനും സംസ്ഥാന ഗവര്ണര്മാരുള്പ്പെടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതൃത്വവുമായി അടുത്ത ബന്ധം വെച്ചുപുലര്‍ത്തിയിരുന്ന പരേതനായ മാത്യു ഓലിക്കല്‍ കെവിന്റെ പിതൃസഹോദരനുമാണ്. ജെഫ് ഓലിക്കല്‍ ഇളയ സഹോദരന്. എറണാകുളം ജില്ലയില്‍ വാഴക്കുളത്തിനു സമീപമുള്ള ആവോലിയാണ് സ്വദേശം. കെവിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കും ഫണ്ട് റെയിസിംഗിനും നേതൃത്വം നല്കിയവരില് ടോമി മേത്തിപ്പാറ, കുഞ്ഞച്ചന് കൊച്ചുവീട്ടില്‍ എന്നിവരും ഉള്‍പ്പെടും. കെവിന് ഓലിക്കലിന്റെ ഈ പ്രൈമറി വിജയം, അമേരിക്കന്‍ രാഷ്ട്രീയത്തില്‍ സജീവമാകുവാനും തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുവാനും ഇവിടുത്തെ മലയാളി സമൂഹത്തിന് പ്രചോദനവും ആവേശവുമാകട്ടെയെന്ന് കേരളാ എക്സ്പ്രസ് ആശംസിക്കുന്നു.