ഓണം അതിരുകളില്ലാത്ത ആഘോഷമാക്കി കെ.എച്. എൻ. എ. മിഷിഗൺ

sponsored advertisements

sponsored advertisements

sponsored advertisements

15 September 2022

ഓണം അതിരുകളില്ലാത്ത ആഘോഷമാക്കി കെ.എച്. എൻ. എ. മിഷിഗൺ

സുരേന്ദ്രൻ നായർ

ഓണസന്ദേശമായ മാനവ മൈത്രിയും തുല്യതയും അകമ്പടിയാകുന്ന ഭക്ഷ്യ വൈവിധ്യങ്ങളും അയൽവാസികളായ അമേരിക്കൻ കുടുംബങ്ങൾക്കുകൂടി അനുഭവവേദ്യമാക്കി കെ. എച്. എൻ. എ.

പതിവ് രീതികളിൽ നിന്നും വിഭിന്നമായി ഡിട്രോയിറ്റ് പ്ലിമത്തു സിറ്റിയുടെ വിശാലമായ സീസൺസ്‌ പവലിയൻ അങ്കണത്തിൽ ഓണക്കോടിയണിഞ്ഞ ബാലികാ ബാലന്മാർ ഒരുക്കിയ പൂക്കളവും പൂവിളിയും തീർത്ത പുത്തനുണർവിൽ വിശ്വസ്‌ഥിതി സംരക്ഷകനായ വിഷ്ണുവിന്റെ വാമന അവതാരമഹിമ ദർശനത്തോടെയും തൃക്കാക്കരയപ്പന്റെ പൂജയോടെയുമാണ് പരിപാടികൾ ആരംഭിച്ചത്. ഗൗതം ത്യാഗരാജന്റെ കാർമ്മികത്വത്തിൽ നടന്ന പൂജകൾ തൃക്കാക്കരയിലെ അത്തച്ചമയം മുതൽ തിരുവോണ നാളിലുള്ള മഹാബലി എഴുന്നള്ളത്തു വരെയുള്ള ആഘോഷങ്ങളുടെ ഓർമ്മകൾ പങ്കുവക്കുന്നതായിരുന്നു.
പൂത്തുലഞ്ഞു നിൽക്കുന്ന ശ്രാവണ സുന്ദരിയുടെ വിരിമാറിൽ വിടരുന്ന തിരുവോണം, നൽകുന്ന നവോന്മേഷത്തിന്റെ സന്ദേശം ഉൾപ്പെടുത്തി പ്രസിഡന്റ് സുരേന്ദ്രൻ നായർ സദസ്യരെ സ്വാഗതം ചെയ്തു.ആഘോഷങ്ങൾക്ക് ആരവം പകർന്നുകൊണ്ട് സതീഷ് മാടമ്പത്തും നന്ദിതയും തീർത്ത സംഗീത പ്രപഞ്ചം ആസ്വാദ്യമായിരുന്നു. ശങ്കരകൃതിയായ ഭജഗോവിന്ദത്തിനു നൃത്താവിഷ്കാരം നൽകി ദീപ്തി നായർ അവതരിപ്പിച്ച ഭരതനാട്യം നാട്യ ശാസ്ത്രത്തിന്റെ ഭാവനയ്ക്ക് ചിറകു നൽകുന്നതായിരുന്നു. നോവ നക്ഷത്രാസിന്റെ ഓണ നൃത്തവും ഓണപ്പാട്ടുകളും മലയാളികയെയും ഭാഷയറിയാത്ത അമേരിക്കക്കാരെയും ഒരേപോലെ ആനന്ദഭരിതരാക്കി. അമേരിക്കയിലെ അറിയപ്പെടുന്ന വാദ്യ കലാകാരൻ രാജേഷ് നായർ ചെയർമാനായി അണിയിച്ചൊരുക്കിയ കലാ വിരുന്നുകൾക്കു പ്രവീൺ നായർ, ദേവിക രാജേഷ്, ഷോളി നായർ,അജി അയ്യമ്പള്ളി, ദിയ ദിനേശ് തുടങ്ങിയവർ നേതൃത്വം നൽകി.
മലബാർ മുതൽ തിരുവിതാംകൂർ വരെയുള്ള രുചിക്കൂട്ടുകൾ ഉൾപ്പെടുത്തിയ ഓണസദ്യ ആശ മനോഹരൻ, ദീപ്തി നായർ, രമേശ് ഇക്കണ്ടത്, വി. ആർ. സുനിൽ തുടങ്ങിയവർ നയിച്ച സംഘമാണ് തയ്യാറാക്കി വിളമ്പിയത്. സദ്യയുടെ പ്രാരംഭമായി ആറമ്മുള പള്ളിയോടത്തിന്റെയും വള്ള സദ്യയുടെയും സ്മരണ പുതുക്കി രാജേഷ് നായരും സംഘവും അവതരിപ്പിച്ച വഞ്ചിപ്പാട്ട് ഓണത്തിന്റെ ആവേശവും ഉത്സാഹവും വിളിച്ചറിയിക്കുന്നതായിരുന്നു.
കേരള സർക്കാരിന്റെ മലയാള മിഷനുമായി സഹകരിച്ചു സംഘടന നടത്തിവരുന്ന മാതൃഭാഷ പഠന കളരിയിലെ അദ്ധ്യാപകരായ വിജി സുനിൽ, പ്രീതി രമേശ്, നന്ദിനി ചന്ദ്രൻ, ദേവിക രാജേഷ്, രമേശ് ഇക്കണ്ടത് എന്നിവരെ സദസ്സിൽ ആദരിച്ചു.
രാജേഷ് കുട്ടി, സുനിൽ പൈഗോൾ , മോഹൻ പനങ്കാവിൽ, രഘു രവീന്ദ്രൻ, സുനിൽ ചാത്താവീട്ടിൽ തുടങ്ങിയവർ നിയന്ത്രിച്ച ആഘോഷ പരിപാടികൾ ട്രഷറർ ദിനേശ് ലക്ഷ്മണന്റെ നന്ദി പ്രകടനത്തോടെ സമാപിച്ചു.