ചാണ്ടി കറുകപ്പറമ്പിൽ
ഓസ്‌ട്രേലിയയിലെ പടിഞ്ഞാറൻ തീരനഗരമായ പെർത്തിൽ വച്ച് നടത്തപ്പെട്ട പ്രഥമ ഗ്ലോബൽ ക്നാനായ വോളിബോൾ ടൂർണമെന്റിൽ KCCNA യെ പ്രതിനിധാനം ചെയ്തു കളിച്ച ടീം USA ചാമ്പ്യന്മാരായി. ഓൾ ഓഷ്യാന ചാമ്പ്യന്മാരായ VKCC മെൽബണിനെതിരെ തുടർച്ചയായ രണ്ടു സെറ്റുകൾ നേടിയാണ് ടീം USA “കണ്ണങ്കര ക്നാനായക്കാർ USA” സ്‌പോൺസർ ചെയ്ത 5001 ഡോളറും ട്രോഫിയും സ്വന്തമാക്കിയത്. ക്നാനായ കാത്തോലിക് കോൺഗ്രസ് ഓഫ് ഓഷ്യാന (KCCO) യും ക്നാനായ അസോസിയേഷൻ ഓഫ് വെസ്റ്റേൺ ഓസ്‌ട്രേലിയയും (KAWA) സംയുക്തമായി നടത്തിയ ഈ വോളിബോൾ മാമാങ്കത്തിൽ പങ്കാളികൾ ആകുവാൻ ഓസ്‌ട്രേലിയയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും എത്തിച്ചേർന്ന ടീമുകൾക്കൊപ്പം KCCNA യെ പ്രതിനിധാനം ചെയ്ത് ടീം USA യും പങ്കെടുത്തു. യുവത്വത്തിന്റെ കരുത്തിൽ തകർപ്പൻ പ്രകടനങ്ങൾ കാഴ്ചവച്ച ടൂർണമെന്റിൽ KCCQ നു വേണ്ടി കളിച്ച ബ്രിസ്ബയിൻ വാരിയേഴ്‌സ് മൂന്നാം സ്ഥാനവും ആതിഥേയരായ കാവ KCYL ടീം നാലാം സ്ഥാനവും കരസ്ഥമാക്കി. സംഘടനയുടെ അംഗബലത്തിൽ ഏറെ മുന്നിൽ അല്ലെങ്കിലും രണ്ട് ടീമുകളുമായി എത്തി പ്രഥമ ക്നാനായ ഗ്ലോബൽ വോളിബോളിന് ശ്കതമായ പിന്തുണ നൽകിയ കാൻബറ CKCA ടീമുകളും മികച്ച പ്രകടനം കാഴ്ചവെച്ചു. പെർത്ത് സെന്റ് മേരിസ് ക്നാനയ യാക്കോബായ ടീമും ആതിഥേയരായ KAWA സീനിയേഴ്സും കാണികളുടെ നിറഞ്ഞ കയ്യടി നേടിയ ടീമുകളായി.
രാവിലെ വർണ്ണാഭമായ ഓപ്പണിങ് സെറിമോണിയിൽ കാവ മങ്കമാർ അണിയിച്ചൊരുക്കിയ ക്നാനായ പൈതൃകം വിളിച്ചോതിയ മെഗാ മാർഗംകളി വേറിട്ട ദൃശ്യാനുഭവമായി. KCCO പ്രസിഡന്റ് ചാണ്ടി കറുകപ്പറമ്പിൽ അധ്യക്ഷനായ ചടങ്ങിൽ KAWA അധ്യക്ഷൻ ഐൻസ്റ്റൈൻ വാലയിൽ സ്വാഗതം അരുളി. മുഖ്യഅതിഥിയായി എത്തിയ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജോണിസ് സ്റ്റീഫൻ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. സെന്റ് മേരീസ് യാക്കോബായ സഭാ വൈദികൻ റെവ. ഫാദർ സന്തോഷ് മാർക്കോസ്, KCCO ജനറൽ സെക്രട്ടറി വിനിത തോമസ് പായിക്കാട്ട്, മെഗാ ഇവൻറ് സ്പോൺസർ ജോൺ മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു. കാവ ജനറൽ സെക്രട്ടറി ബിജു മാത്യു കൃതജ്ഞത അർപ്പിച്ചു. സ്പോർട്സ് കോർഡിനേറ്റർസ് പുന്നൂസ്സ് തോമസ്സ് അനിൽ കുര്യൻ എന്നിവർ ടൂർണമെന്റിന്റെ നിബന്ധനകളെക്കുറിച്ചും കാര്യപരിപാടികളെക്കുറിച്ചും വിശദീകരിച്ചു.
മത്സരാനന്തരം നടന്ന സമാപന ചടങ്ങിൽ വിശിഷ്ട അതിഥിയായി എത്തിയ ലോക്കൽ MP ജാഗ് കൃഷ്ണ ടൂർണമെന്റിലെ വിജയികൾക്ക് കാഷ് പ്രൈസുകൾ വിതരണം ചെയ്തു. യഥാക്രമം $ 5001, 3001, 2001, 1001 എന്നീ ക്രമത്തിലായിരുന്നു സമ്മാന തുക നൽകിയത്. ഈ ടൂർണമെന്റിന്റെ വിജയത്തിനായി ഏറെ പ്രയത്നിച്ച നിസ്വാർത്ഥമതികളായ വ്യക്തിത്വങ്ങൾക്ക് ഉപഹാരങ്ങൾ നൽകി ടീം കാവ ആദരിച്ചു. ചടങ്ങുകൾക്ക് ശേഷം അതിഥികളായി എത്തിയ എല്ലാ കളിക്കാരെയും ആദരിക്കുന്ന അത്താഴ വിരുന്നോടെ, പുതിയ ചരിത്രമായി ആലേഖനം ചെയ്യപ്പെട്ട പ്രഥമ ഗ്ലോബൽ ക്നാനായ വോളിബോൾ മാമാങ്കത്തിന് തിരശീല വീണു