ജിഷ യു.സി
ആരുടെകൂടെയുറങ്ങിടുമിന്നുണ്ണി
ആരെന്നെനാളെകുളിപ്പിച്ചീടും
കൊച്ചേച്ചിയില്ലാതെയുണ്ണി യുണ്ണില്ലെന്നു
കിണുങ്ങിക്കരയുന്നുകൊച്ചനുജൻ
ചേച്ചിവൈകാതെമടങ്ങിടുമോമനേ
പോവുതതെന്തിനാണെന്നു കേൾപ്പൂ
ചേലുള്ള പമ്പരം പന്തും
വലിയൊരുബസ്സുമനുജനുവേണ്ടി വാങ്ങാൻ
ഏറെയുണ്ടത്രെകളിക്കോപ്പുകടകളാ
ഏറിയദൂരത്തുപോയെന്നാലും
കുഞ്ഞുകവിളിലെകണ്ണൂനീർച്ചാലുകൾ
കയ്യാൽ തുടച്ചു പറഞ്ഞു ചേച്ചി
ചേതമുണ്ടിത്തിരിചേച്ചിയെക്കാണാതെ
കൊച്ചനുജൻതനിച്ചാകുകില്ലേ?
കണ്ണുനീർ ചിത്രം വരച്ച കവിളിലൊരുമ്മ
കൊടുത്തിട്ടിറങ്ങിയവൾ
പിൻ തിരിഞ്ഞൊന്നങ്ങു നോക്കുവാനാവാതെ
പിൻ വിളി കാതോർത്തു നിന്നിടാതെ
കൂട്ടുകാരൊന്നിച്ചു
യാത്രയായ് കൊച്ചേച്ചീ
കാതങ്ങൾക്കപ്പുറം കാഴ്ച കാണാൻ
കുട്ടനീമാമുവുണ്ടൊന്നുറങ്ങുകിലോമനേ
കട്ടായം കൊച്ചേച്ചി എത്തുമിപ്പോൾ
അമ്മ , തൻ കയ്യിലെ യന്നമെടുത്തിട്ടു
അമ്മിണി പൈതൽ തന്നോടു ചൊല്ലി
അമ്മെ … എൻ കൊച്ചേച്ചി വന്നിട്ടു മതിയിന്നു
അന്ന മുണ്ടിടാവൂ എന്നു ന്യായം
പെട്ടെന്നു കേൾക്കുന്ന നാദത്തിന്നകമ്പടിയായെ ത്തിയൊരുവണ്ടിയുമ്മറത്ത്
ചേച്ചിവന്നെന്നുറക്കെപ്പറഞ്ഞവൻ
ഓടിയടുക്കുന്നുസന്തോഷത്താൽ
ആകെപ്പുതപ്പിച്ചകോലത്തിൽ ചേച്ചിയെ
ആരോവരാന്തയിൽകിടത്തിടുന്നു
അമ്മകരഞ്ഞുകൊണ്ടാകെത്തളർന്നു
വീണച്ഛനും ആർത്തു കരഞ്ഞീടവേ
കൊച്ചേച്ചീ വന്നെന്നു കൈ കൊട്ടിയാർത്തവൻ
ഒട്ടു പകപ്പോടെ നിന്നിടുന്നു
ഓടിപ്പോയ് നോക്കുന്നു വെള്ള
പുതച്ചൊരാ ചേച്ചിക്കു ചാരത്തു കുഞ്ഞനുജൻ
ചാരത്തുവച്ചൊരു ചേച്ചി തൻ ബാഗിൽ
നിന്നായെ ടുക്കുന്നു പന്തും ബസ്സും
ചേച്ചി … യെണീക്കൂക വേഗം
എന്നിട്ടു മാമു തന്നീടുക തന്നെ വേണം
പന്തുകളിക്കണ്ടേ പമ്പരം ചുറ്റണ്ടേ
പാവയെടുത്തുകളിച്ചീടേണ്ടേ
ബസ്സെനിക്കൊത്തിരിയിഷ്ടമായ് ചേച്ചീ
ഒന്നോടിച്ചു കാണിക്കതന്നെ വേണം
ചാരത്തുനിന്നവൻകൊഞ്ചിപ്പറയവേ
കാണികൾകണ്ണുതുടച്ചിടുന്നു
കാരുണ്യമേറുന്ന കണ്ണുകൾ നിറയുന്നു
തഴുകുന്നാ കുഞ്ഞിന്റെ സ്നേഹ വായ്പ്പിൽ
ആരു പറഞ്ഞിടുമാ പൈതൽ തന്നോടു
കൊചേച്ചി പൊയ്പ്പോയി എന്ന സത്യം
ചക്രം തിരിക്കുന്ന കയ്യുകൾ കാലനായ്
തട്ടിയെടുത്തല്ലോകൊച്ചേച്ചിയെ
കൂടെച്ചരിച്ചൊരാകൂട്ടുകാരൊക്കെയും
കൂടിക്കരഞ്ഞുതളർന്നിടുന്നു
