കൊച്ചേലിയാണ് താരം (പ്രൊഫ:ബാബു പൂഴിക്കുന്നേൽ )

sponsored advertisements

sponsored advertisements

sponsored advertisements


26 February 2023

കൊച്ചേലിയാണ് താരം (പ്രൊഫ:ബാബു പൂഴിക്കുന്നേൽ )

2002-ലെ ഒരു മധ്യാഹ്നം. ഒരു ഞായറാഴ്ചയുടെ ഉച്ചയുറക്കത്തിന്റെ ആലസ്യത്തിൽ കിടക്കുമ്പോൾ ശത്രുവിനെപ്പോലെ കോളിംഗ് ബെൽ മുഴങ്ങി. അനിഷ്ടം മറച്ചുവച്ച് കതക് തുറന്നപ്പോൾ മുഖം നിറയെ ചിരിയുമായി കൊച്ചേലിച്ചേടത്തി. “ഓ ഇതാര് താരമല്ലേ താരം… വത്സ പറഞ്ഞു . പുത്രസമാനമായ വാത്സല്യത്തോടെ കെട്ടിപ്പിടിച്ചുകൊണ്ട് കൊച്ചേലിച്ചേടത്തി പതിവു സ്നേഹം പ്രകടിപ്പിച്ചു.

“എന്റെ മോനേ അങ്ങനെയും, സംഭവിച്ചു. പ്രശസ്ത സംവിധായകൻ ജയരാജിന്റെ ‘കരുണം’ എന്ന സിനിമയിലെ താരമാണ് ഞങ്ങളുടെ മുൻപിൽ നിൽക്കുന്നത്. വാവച്ചനും ഏലിയാമ്മച്ചേടത്തിയും ആ സിനിമയിലെ വൃദ്ധദമ്പതികളാണ്. ബിജു മേനോനും മാടമ്പ് കുഞ്ഞിക്കുട്ടനും ഒക്കെ ആ സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഞങ്ങളുടെ നാട്ടിൽ താരമായത് കൊച്ചേലിച്ചേടത്തിയാണ്.

“ചേടത്തി എങ്ങിനെയാണ് ഇത്രയും ഒക്കെ അഭിനയിക്കാൻ പഠിച്ചത്. കൗതുകത്തോടെ വത്സ ചോദിച്ചു.

“എന്റെ പൊന്നുമോളേ എല്ലാം സാറു പറയുന്നതുപോലെ ചെയ്തതേ ഉള്ളൂ.” “സാറു നടക്കാൻ പറയുമ്പോൾ നടക്കും ചക്ക കെട്ടിയിറക്കുന്നതൊക്കെ സാറു പറയുന്നപോലെ ഒക്കെ അങ്ങ് ചെയ്തന്നേയുള്ളൂ. ഒരു പ്രയാസവും തോന്നിയില്ല.

അത്ഭുതത്തോടെ കേട്ടുനിന്ന വത്സ വീണ്ടും
ചോദിച്ചു.

അപ്പം വാവച്ചൻ ചേട്ടനോ?

“അയാൾക്കും ഒന്നും അറിയത്തില്ലാന്നേ എല്ലാം സാറു പറയുന്നപോലെ ചെയ്തത്.

അഭിനയത്തിന്റെ അനായാസത കേട്ട് ഞാൻ ചോദിച്ചു.

അപ്പോൾ ഓഡീഷനൊന്നും പോയില്ലേ?

എന്റെ പൊന്നുമോനേ ഞാൻ അതിനൊന്നും പോകത്തില്ല. അത്തരക്കാരി
യല്ലല്ലോ ഞാൻ. ഓഡീഷന്റെ അർത്ഥത്തെക്കുറിച്ച് ഏലിയാമ്മച്ചേടത്തി തന്റെ അജ്ഞത പ്രകടിപ്പിച്ചപ്പോൾ ഞങ്ങൾ മൂന്നുപേരും വെറുതെ പൊട്ടിച്ചിരിച്ചു.

എന്റെ ബാല്യത്തിലെ കൊച്ചേലിച്ചേടത്തിയെ ഞാൻ ഓർത്തു, വെളുത്ത് ചുമന്ന് ചട്ടയും മുണ്ടും ധരിച്ച് കുണുക്കുമിട്ടാട്ടി പ്രസരിപ്പോടെ നടന്നിരുന്ന കൊച്ചേലച്ചേടത്തി. അന്നും കൊച്ചേലി
ച്ചേടത്തി സ്ളിം ബ്യൂട്ടിയാണ്. ഞങ്ങളുടെ വീടിന് രണ്ടുമൂന്നു പുരയിടങ്ങൾക്ക് അപ്പുറം താമസിച്ചിരുന്ന കൊച്ചേലിച്ചേടത്തി മിക്കവാറും ദിവസങ്ങളിൽ വീട്ടിൽ എത്തിയിരുന്നു. അമ്മയുടെ ഒരു കൂട്ടുകാരിയായിരുന്നു ചേടത്തി. ചേടത്തിയുടെ ഭർത്താവ് കുഞ്ഞേപ്പ് ചേട്ടൻ ഇല്ലി വെട്ടുകാരനായിരുന്നു.
ഇല്ലിമുളം കാടുകളിൽ നിന്നും വെട്ടിയിറക്കുന്ന മുളകൾ ലോഡുകളാക്കി ചന്തകളിലും മറ്റും വിതരണം ചെയ്യുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ഇല്ലി വെട്ടാൻ പോയാൽ എട്ടും പത്തും ദിവസങ്ങൾക്കുശേഷമാണ് കുഞ്ഞേപ്പ് ചേട്ടൻതിരികെ എത്തുന്നത്. കുഞ്ഞേപ്പ് ചേട്ടൻവെളുത്ത് സുന്ദരനായ ആളായിരുന്നു. മക്കളെല്ലാം അവരേപ്പോലെ വെളുത്തു ചുവന്നിരുന്നു. വെള്ളപ്പാറ്റകൾ എന്ന് അവരെ സ്കൂളിൽ കളിയാക്കി വിളിച്ചിരുന്നു. ഭർത്താവ് ജോലിക്കും മക്കൾ സ്കൂളിലും പോയിക്കഴിഞ്ഞാൽ കൊച്ചേലിച്ചേടത്തി നാട്ടു വിശേഷങ്ങളുടെ കെട്ടഴിക്കുകയായി. വിശേഷങ്ങൾ പറയുന്നതോടൊപ്പം അടുക്കളക്കാര്യത്തിൽ അമ്മയെ സഹായിക്കുകയും ചെയ്യും. ചക്ക വെട്ടുക, തേങ്ങാ ചിരണ്ടുക , പയർ പൊളി
ക്കുക, ചക്കക്കുരു ചിരണ്ടുക, മുളക് അരയ്ക്കുക തുടങ്ങിയ ജോലികളിലെക്കൊ അമ്മയ്ക്കു തുണയായിരുന്ന കൊച്ചേലിച്ചേടത്തി എപ്പോഴും ഹാപ്പിയായിരുന്നു. ഉച്ച ഊണും കഴിഞ്ഞ് കാപ്പിയും
മക്കൾ സ്കൂളിൽ നിന്നു വരുന്നതിന് മുൻപ് കൊച്ചേലിച്ചേടത്തി സ്ഥലം വിടും.

മൂത്തമകൾ കൂട്ടമ്മയെ കെട്ടിച്ചയച്ചതോടുകൂടി കുഞ്ഞപ്പുചേട്ടൻ സാമ്പത്തിക ഞെരുക്കത്തിലായി. മുളവ്യാപാരത്തിന്റെ സാധ്യതകൾ കുറഞ്ഞുവന്നതോടുകൂടി മറ്റുപലരേയും പോലെ കുഞ്ഞേപ്പു്ച്ചേട്ടൻ
മലബാറിലേക്ക് കുടിയേറാൻ ചിന്തിച്ചുതുടങ്ങി. അങ്ങിനെ ആ കുടുംബം എഴുപതുകളുടെആരംഭത്തിൽ കാസർഗോഡ് ജില്ലയിലെ നീലേശ്വരത്തേക്ക് കുടിയേറി. പിന്നെ ആ കുടുംബവുമായുള്ള ബന്ധങ്ങൾ കുറഞ്ഞുവന്നു.

കുഞ്ഞേപ്പുച്ചേട്ടന്റെ മരണശേഷം കൊച്ചേലിച്ചേടത്തി രണ്ടാമത്തെ
മകൾ തോയയുടെ വീട്ടിൽ ഇടയ്ക്കിടയ്ക്ക് വരും. തോയയെ വിവാഹം കഴിച്ചത് കോട്ടയത്തെ കഞ്ഞിക്കുഴിയിലുള്ള ഒരു ചെറുപ്പക്കാരനായിരുന്നു. തോയയുടെ വീട്ടിൽ ഒന്നുരണ്ടാഴ്ച താമസിച്ച് കൊച്ചേലിച്ചേടത്തിയിലുള്ള ബന്ധുവീടുകളിലും ഹ്രസ്വസന്ദർശനം നടത്തും.

തോയയുടെ വീടിന് സമീപത്തായിരുന്നു പ്രശസ്ത സംവിധായകൻ ജയരാജ് താമസിച്ചിരുന്നത്. തോയയുടെ വീടിന് സമീപത്തുള്ള വഴിയിലൂടെ പോകുമ്പോൾ ജയരാജ് ചട്ടയും മുണ്ടുമുടുത്തു നിൽക്കുന്ന ഈ സ്ത്രീയെകണ്ടിട്ടുണ്ട്. സംവിധായകന്മാർ ഓരോ മനുഷ്യരിലും തന്റെ കഥാപാത്രത്തെ അന്വേഷിക്കുന്നു എന്ന് പറയാറുണ്ട്. ഏതായാലും യാദൃച്ഛികമായി ഏലിയാമ്മച്ചേടത്തിയെ കണ്ട ജയരാജ് ആളുവിട്ട്കൊച്ചേലിച്ചേടത്തിയെ വിളിപ്പിച്ചു.

കാര്യങ്ങളൊക്കെ പറഞ്ഞപ്പോൾ കൊച്ചേലിച്ചേടത്തി പറഞ്ഞു: “എന്റെ
പൊന്നുസാറേ എനിക്ക് അഭിനയിക്കാനൊന്നും അറിയാൻ മേല”

“എല്ലാം
ഞാൻ പറയുന്നതുപോലെചെയ്താൽ മതി” ജയരാജ് സാർ ധൈര്യം പകർന്നു. പിന്നെ ഷൂട്ടിംഗ് സമയത്ത് കാറുവന്നു കൊച്ചേലിച്ചേടത്തിയെ
ലൊക്കേഷനിലേക്കു കൊണ്ടുപോകും. ഊണ്, കാപ്പി, പലഹാരം ഒന്നിനും ഒരു കുറവുമുണ്ടായിരുന്നില്ല.

വാവച്ചൻ ചേട്ടൻ എപ്പോഴും ചിരിച്ചുകൊണ്ടിരിക്കും. ജയരാജ് സാറും മറ്റു നടീടന്മാരും അമ്മയോടെന്നപോലെ ആദരവ് കാട്ടിയിരുന്നത്രെ. ഷൂട്ടിംഗ് എല്ലാം കഴിഞ്ഞപ്പോൾ ഒരു കവറും സമ്മാനമായി നൽകി. തുക എത്രയെന്ന് വെളിപ്പെടുത്താൻ കൊച്ചേലിച്ചേടത്തി തയ്യാറായില്ല
ഇനിയും വിളിച്ചാൽ അഭിനയത്തിന് പോകുമെന്നാണ് ചേട്ടത്തിയുടെ ഉറച്ച തീരുമാനം. യോഗമുണ്ടെങ്കിൽ ആർക്കും താരമാകാം. കൊച്ചേലിച്ചേടത്തിയുടെ ജീവിതം അതാണ് പഠിപ്പിക്കുന്നത്.
സംവിധായകന്റെ കൈയ്യിലെ കരുക്കൾ മാത്രമാണ് അഭിനേതാക്കൾ എന്ന് ഇവിടെ തെളിയിക്കപ്പെടുന്നു. ലോകപ്രശസ്തരായ സംവിധായകന്മാരുടെ മുൻപിൽ മെഗാസ്റ്റാറും താരരാജാവും ഒന്നുമില്ല
അതെല്ലാം കെട്ടിപ്പൊക്കുന്ന സോപ്പു കുമിളകൾ മാത്രം. സിനിമലോകം ഗുണപരമായ ഈ മാറ്റത്ത
ലേക്ക് വളരുമ്പോഴാണ് വ്യക്തിപൂജകളും ചൂഷണ ലോബികളും ഒക്കെ ഇല്ലാതാകുന്നത്.

പ്രൊഫ:ബാബു പൂഴിക്കുന്നേൽ