റഷ്യയുടെ യുക്രൈന്‍ ആക്രമണവും ഇരുരാജ്യങ്ങളുടെയും സാമ്പത്തിക പതനവും (കോര ചെറിയാന്‍)

sponsored advertisements

sponsored advertisements

sponsored advertisements

7 September 2022

റഷ്യയുടെ യുക്രൈന്‍ ആക്രമണവും ഇരുരാജ്യങ്ങളുടെയും സാമ്പത്തിക പതനവും (കോര ചെറിയാന്‍)

കോര ചെറിയാന്‍
ഫിലാഡല്‍ഫിയ, യു.എസ്.എ.: സുദീര്‍ഘമായ 6 മാസത്തെ വന്‍ ലോകശക്തിയായ റഷ്യന്‍സൈന്യത്തോട് സധൈര്യം പോരാടുന്ന യുക്രൈന്‍ പ്രസിഡന്‍റ് വോളോഡിമര്‍ സെലന്‍സ്കൈ യെ ലോകരാഷ്ട്രങ്ങള്‍ അഭിനന്ദിയ്ക്കുന്നുണ്ടെങ്കിലും റഷ്യയോട് പരസ്യമായി പോരാടി യുക്രൈനെ രക്ഷിക്കുവാന്‍ ശ്രമിയ്ക്കുന്നില്ല. കഴിഞ്ഞ ഫെബ്രുവരി 24ന് സകല സന്നാഹങ്ങളോടുകൂടി ആരംഭിച്ച റഷ്യന്‍ ആക്രമണത്തെ തുടര്‍ന്ന് പ്രതിമാസം യുക്രൈന് ഏകദേശം 6 ബില്ല്യണ്‍ ഡോളേഴ്സ് നഷ്ടപ്പെടുന്നു. സമീപഭാവിയില്‍തന്നെ റഷ്യന്‍-യുക്രൈന്‍ യുദ്ധം അവസാനിച്ചില്ലെങ്കില്‍ ലോക ദരിദ്രരാജ്യങ്ങളായ ശ്രീലങ്കയുടെയും ബംഗ്ലാദേശിന്‍റെയും ഒപ്പം പടവെട്ടുന്ന ഇരുരാജ്യങ്ങളും എത്തിച്ചേരും.
റഷ്യയുടെ സാമ്പത്തീകം ഭീകര തര്‍ച്ചയില്‍ എത്തിയതായി ഇന്‍റര്‍നാഷണല്‍ മോണിട്ടറി ഫണ്ടിന്‍റെ ആഗസ്റ്റ് 2, 2022-ലെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്‍ഡ്യയില്‍ 6.5 ശതമാനം നാണയപ്പെരുപ്പം ഉള്ളപ്പോള്‍ 2022 വര്‍ഷാവസാനത്തോടെ റഷ്യയില്‍ 17.5 ശതമാനവും തൊഴിലില്ലായ്മ 4.1 ശതമാനത്തില്‍നിന്നും 5.01 ശതമാനത്തില്‍ എത്തുമെന്നും സെപ്റ്റംബര്‍ 4, 2022-ലെ സി.എന്‍.എന്‍. റിപ്പോര്‍ട്ടില്‍ പറയുന്നു. റഷ്യയുടെ യുക്രൈന്‍ ആക്രമണത്തില്‍ പതിനായിരക്കണക്കിന് മരിച്ചവരും മുറിവ് ഏറ്റവരുമായ സൈനീകരോടും സിവിലിയന്‍സിനോടുമുള്ള സഹതാപംമൂലം വന്‍ വിഭാഗം റഷ്യന്‍ ജനത ഭരണ സംവിധാനത്തെ വെറുക്കുകയും സര്‍ക്കാര്‍ പദ്ധതികളോട് നിസ്സഹകരിയ്ക്കുകയും ചെയ്യുന്നത് റഷ്യന്‍ സാമ്പത്തിക തകര്‍ച്ചയ്ക്ക് മറ്റൊരു കാരണമായി.
റഷ്യന്‍ സാമ്പത്തികനില സുദീര്‍ഘ
കാലഘട്ടമായി ചിട്ടകള്‍ ലംഘിച്ച് ഗവര്‍മെന്‍റ് തലത്തിലും അനിയന്ത്രിതമായിരുന്നു. 1989-നുശേഷമുള്ള സാമ്പത്തിക രൂപാന്തരണത്തില്‍ കമ്പോള നവീകരണംമൂലം നേരിയ സാമ്പത്തിക ഉണര്‍വ്വ് ഉണ്ടായത് യുക്രൈന്‍ ആക്രമണത്തെ തുടര്‍ന്ന് പതനത്തിന്‍റെ പാതയിലേയ്ക്കുള്ള പലായനം ആരംഭിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ യുക്രൈന്‍ പിടിച്ചടക്കി റഷ്യന്‍ സാമ്രാജ്യം പടുത്തുയര്‍ത്താമെന്ന പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍റെ വ്യാമോഹം വെറും ചിതാഭസ്മമായി മാറി. റഷ്യന്‍ ഉല്പന്നങ്ങളുടെ അമേരിയ്ക്കയിലേക്കും യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്കുമുള്ള കയറ്റുമതി നിശേഷം നിര്‍ത്തല്‍ ചെയ്തതും വന്‍വിഭാഗം ലോകരാഷ്ട്രങ്ങള്‍ റഷ്യന്‍ നിലപാടിനോട് പരസ്യമായും രഹസ്യമായും പ്രതിക്ഷേധിച്ചു നിസഹകരണം കാട്ടിയതുമൂലം റഷ്യന്‍ സാമ്പത്തികം ശക്തമായി നിലംപതിച്ചു. യൂറോപ്യന്‍രാജ്യങ്ങളും അമേരിയ്ക്കയും ഒരിയ്ക്കലും റഷ്യന്‍ സാമ്പത്തിക ഉയര്‍ച്ചയെ തകര്‍ക്കുകയില്ലെന്ന പുടിന്‍റെ കഴിഞ്ഞ ഏപ്രില്‍ മാസം നടത്തിയ പരസ്യപ്രസ്താവന വെറും പൊളി വചനമായി. 6 മാസത്തെ യുദ്ധത്തിനുശേഷം റഷ്യ അനുഭവിക്കുന്ന സാമ്പത്തിക ക്ലേശങ്ങള്‍ അപ്രതീക്ഷിതമെന്നുള്ള പുടിന്‍റെ പ്രസ്താവന അവിശ്വസനീയമായി അനുഭവപ്പെടുന്നു.
പട്ടിണിമൂലം മരണവേദനയോടെ മരുഭൂമിയില്‍ പിടയുന്ന മനുഷ്യനെ കഴുകന്‍ നോക്കി ആര്‍ത്തിപിടിയ്ക്കുന്നതുപോലെ ചൈനയും ഇന്‍ഡ്യയും റഷ്യന്‍ സാമ്പത്തിക പതനത്തില്‍ വിലകുറച്ചു വില്‍ക്കുന്ന ഓയില്‍ വാങ്ങുവാന്‍ ധൃതിപെടുന്നതായുള്ള മാദ്ധ്യമവാര്‍ത്തകള്‍ അംഗീകൃതമല്ല. റഷ്യന്‍ ഗവര്‍മെന്‍റ് തലത്തിലും ബിസിനസ്സ് മേഖലകളിലും അഘാതമായി അനുഭവപ്പെടുന്ന സാമ്പത്തിക പരാധീനതകള്‍ പരിഹരിയ്ക്കുവാനുള്ള ഉദ്യമങ്ങളും ഊര്‍ജ്ജിതമായി നടക്കുന്നതായി അസ്സോസിയേറ്റ് പ്രസ്സ് പറയുന്നു.
റഷ്യന്‍ അക്രമണത്തിനും കോവിഡ്-19 പകര്‍ച്ചവ്യാധിയ്ക്ക് മുന്‍പിലായി യുക്രൈന്‍റെ 3 ശതമാനം സാമ്പത്തിക വളര്‍ച്ചയില്‍നിന്നും യുദ്ധാരംഭത്തെ തുടര്‍ന്ന് 45 ശതമാനം പിന്നോക്കമായി. യുദ്ധഭീതിയും ദാരിദ്ര്യവും മൂലമുള്ള ശാരീരിക ക്ലേശങ്ങളും അനാരോഗ്യതയും കൂടുതല്‍ സാമ്പത്തിക ദുരിതത്തിലേയ്ക്ക് യുക്രൈന്‍ ജനതയെ താഴ്ത്തി. റഷ്യയുടെ യുക്രൈന്‍ ആക്രമണം ആഗോളതലത്തിലുള്ള സാമ്പത്തിക സമൃദ്ധിയെ ബാധിച്ചു. യൂറോപ്യന്‍ മേഖലയിലുള്ള രാജ്യങ്ങളോടൊപ്പം മദ്ധ്യഏഷ്യന്‍ പ്രദേശങ്ങളിലെ രാജ്യങ്ങളുടേയും സാമ്പത്തിക വളര്‍ച്ച സമീപ ഭാവിയില്‍ പ്രതീക്ഷിക്കുക പ്രയാസമാണ്.
ഓണക്കാലത്തെ കടുവാകളികാണുന്ന ലാഘവത്തോടെയാണ് റഷ്യ-യുക്രൈന്‍ യുദ്ധം അമേരിയ്ക്ക അടക്കമുള്ള വന്‍ലോകമഹാശക്തികള്‍ വീക്ഷിയ്ക്കുന്നത്. ഇന്‍ഡ്യയുടെ ചേരിചേരാനയവും സമാധാന കാംഷികളായ ഇന്‍ഡ്യന്‍ ജനതയുടെ നിശബ്ദവും അനുവദനീയമായി അനുഭവപ്പെടുന്നില്ല. യുക്രൈന് ആയുധങ്ങളും സാമ്പത്തിക സഹായങ്ങളും അമേരിയ്ക്കയും പല യൂറോപ്യന്‍ രാജ്യങ്ങളും ചെയ്യുന്നുണ്ടെങ്കിലും യുക്രൈന്‍ പട്ടാളക്കാരോടൊപ്പം റഷ്യന്‍ ആക്രമണത്തെ പ്രതിരോധിയ്ക്കുവാന്‍ സൈനീകരെ അയച്ചതായി അറിവില്ല.
റഷ്യയുടെ യുക്രൈന്‍ ആക്രമണവും സാമ്പത്തികപതനവും ലോകനേതാക്കള്‍ക്കും രാജ്യങ്ങള്‍ക്കും വളരെ വിലപ്പെട്ട ഗുണപാഠമാണ്. യുദ്ധകാഹളം മുഴക്കി തേരോട്ടം നടത്തിയ രാജ്യത്തെ പരസ്യമായി വെറുക്കുകയും സകല മേഖലകളില്‍നിന്നുമുള്ള നിസഹകരണവും ഇപ്പോള്‍ നേരില്‍ കാണുന്നു. ആക്രമിയ്ക്കപ്പെട്ട രാജ്യത്തോടുള്ള സഹാനുഭൂതി വര്‍ദ്ധിച്ചെങ്കിലും ഒരുരാജ്യവും സ്വന്തം പടയാളികളെ യുക്രൈന്‍ സേനയെ സഹായിക്കുവാന്‍ അയച്ചതായി അറിവില്ല. ആക്രമിച്ച രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയില്‍ മന്ദതയോ വീഴ്ചയോ അനുഭവപ്പെട്ടാല്‍ സ്വന്തം ജനതയെ രാഷ്ട്രതലവന്‍ ഭയപ്പെടേണ്ടിവരും. യുക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്കൈയെ സ്വന്തം പ്രജകള്‍ സ്നേഹിക്കുയും അഭിനന്ദിയ്ക്കുകയും ചെയ്യുമ്പോള്‍ പുട്ടിന്‍റെ സുരക്ഷിതത്വം സംശയാസ്പദം ആകുവാനുള്ള സാധ്യതകള്‍ വിരളമല്ല.

കോര ചെറിയാന്‍