കൊത്ത് നമ്മുടെ പുഴുക്കുത്ത് (രഘുനാഥൻ പറളി)

sponsored advertisements

sponsored advertisements

sponsored advertisements


24 September 2022

കൊത്ത് നമ്മുടെ പുഴുക്കുത്ത് (രഘുനാഥൻ പറളി)

രഘുനാഥൻ പറളി

സിബി മലയില്‍ പുതിയതായി സംവിധാനം ചെയ്ത, ഒരു രാഷ്ട്രീയ ചിത്രം – സൂക്ഷ്മ രാഷ്ട്രീയ ചിത്രം- എന്ന് വിശേഷിപ്പിക്കാവുന്ന ‘കൊത്ത് ‘ കഴിഞ്ഞ ദിവസമാണ് കണ്ടത്. രാഷട്രീയ കൊലപാതകങ്ങള്‍ വിചാരണ ചെയ്യപ്പെടുന്ന സിനിമകള്‍ നേരത്തേ തന്നെ നമ്മുടെ ശ്രദ്ധ ആകര്‍ഷിച്ചിട്ടുളളത് പ്രത്യേകം ഓര്‍ക്കാം. ഇതേ പ്രമേയത്തെ ശക്തമായി അവതരിപ്പിച്ച ബി അജിത്കുമാറിന്റെ ‘ഈട ‘എന്ന സിനിമയെക്കുറിച്ച് ഞാന്‍ നാലു വര്‍ഷം മുമ്പ് എഴുതിയ വാചകങ്ങള്‍ വാസ്തവത്തില്‍ ഈ സിനിമാ കാഴ്ചയിലൂടെ ഒരിക്കല്‍ക്കൂടി സജീവമായി എന്നതും പറയട്ടെ..! “സിനിമ കഴിഞ്ഞിറങ്ങുമ്പോഴും നമ്മെ ആരോ വളഞ്ഞിട്ട് വെട്ടി വീഴ്ത്താന്‍ വരുന്നുണ്ടെന്ന ഭീതി അവശേഷിപ്പിക്കും വിധം, സിനിമ ഓരോ പ്രേക്ഷകനെയും രാഷ്ട്രീയ കൊലകളാല്‍ മുഖരിതമായ ഒരു ഇടത്തിലേക്ക് വലിച്ചിടുന്നു ” എന്ന് അന്നെഴുതിയത് കൊത്ത് എന്ന ചിത്രത്തിനും തികച്ചും ചേരുമെങ്കിലും, ഈ സിബി മലയില്‍ ചിത്രം പക്ഷേ ഒരു പടികൂടി കടന്ന്, കിരാതവും പ്രാകൃതവുമായ ഇത്തരം കൊല വഴികളെ, ഒരു സ്ത്രീ പക്ഷ സമീപനത്തില്‍ നിന്നുകൊണ്ട് വിചാരണ / വിശകലനം ചെയ്യാൻ കരുത്തു നേടുമ്പോൾ , സിനിമ കൂടുതല്‍ ഹൃദയ ദ്രവീകരണക്ഷമമാകുക തന്നെയാണ്..!

ഭാര്യ – അമ്മ – മകൾ എന്ന സ്ത്രീ ത്രിത്വവും സ്വത്വവും -ഒരുമിച്ച് നിന്ന് കേരളത്തിലെ രാഷ്ട്രീയ-വർഗീയ കൊലപാതകങ്ങളുടെ സോഷ്യോ പൊളിറ്റിക്കൽ കോണ്ടക്സ്റ്റ് (സാമൂഹിക രാഷ്ട്രീയ പശ്ചാത്തലവും അത് നമ്മുടെ സമൂഹത്തിൽ സൃഷ്ടിക്കുന്ന ഗുണപരമായ മുന്നേറ്റങ്ങളും ) എന്തെന്ന് അന്വേഷിച്ചാൽ അടിമുടി നമ്മൾ തകർന്നു പോകുമെന്ന് എത്ര ശക്തമായാണ് സിബി മലയിൽ – ഹേമന്ത്കുമാർ ടീം, ഒട്ടും ബഹളങ്ങളില്ലാതെ, എന്നാൽ സ്ഫോടനാത്മകമായി നമ്മെ പഠിപ്പിക്കുന്നത്..?! എത്ര ആവർത്തിച്ചാലും ചില പ്രമേയങ്ങൾ ക്ലീഷെ ആകുന്നില്ല എന്നതിനു കാരണം, അത് നമ്മുടെ ദാരുണ ജീവിതം തന്നെ ആകുന്നതു കൊണ്ടല്ലേ?! ആസിഫ് അലിയുടെ ഷാനുവോ നിഖിലയുടെ ഹിസാന എന്ന ഭാര്യയോ രഞ്ജിത്തിന്റെ രാമചന്ദ്രനോ രോഷൻ മാത്യുവിന്റെ സുമേഷോ ശ്രീലക്ഷ്മിയുടെ അമ്മയോ ഒന്നും കഥാപാത്രങ്ങൾ മാത്രമല്ലാതാകുന്നതും വാസ്തവത്തിൽ അങ്ങനെ തന്നെയാണ്..!!

രഘുനാഥൻ പറളി