കരിയിലകൾക്കടിയിൽ മറഞ്ഞുകിടക്കുന്നുണ്ട്
മണ്ണും വെള്ളവും
വെളിച്ചം
കുടിച്ചുവറ്റിക്കുന്ന
പകലിന്റെ
ചൂടുതട്ടി
വിരിയാൻ കൊതിക്കുന്ന
ഇരുട്ടിന്റെ മുട്ടകൾ
ഭൂതകാലത്തിന്റെ
നേർത്തപാതയിൽ
ധ്യാനത്തിലാണ്
കാതോർത്തുനോക്കിയാൽ കേൾക്കാം
ചില കിതപ്പുകൾ,
വലിഞ്ഞുള്ള നടപ്പുകൾ
തൊലിപൊട്ടുന്ന വിത്തുകൾ
കണ്ണുതുറന്നുനോക്കൂ
നിശ്ശബ്ദമായി
ചുരുട്ടിവച്ചിരിക്കുന്ന
കാണാലോകച്ചിറകുകൾ
പൊങ്ങിപ്പറക്കുന്ന
പ്രാണികളുടെ കാലിലാരോ അഴുകിത്തുടങ്ങിയ
നിശ്വാസം
കെട്ടിവച്ചിരിക്കുന്നു
മരങ്ങൾക്കിടയിലൂടെ
നോക്കിയാൽ കാണാം
അടച്ചിട്ടിരിക്കുന്ന
വീടിന്റെ
അടുക്കളയിൽനിന്ന്
പുക ഉയരുന്നുണ്ട്
മുപ്പതുവർഷം
മുമ്പത്തെ
അലക്കിത്തേച്ച
മുണ്ടുടുത്തൊരു രൂപം
ചാരുകസേരയിൽ
കാലുയർത്തിവച്ച്
കിടക്കുന്നുണ്ട്
കരിയിലകളെല്ലാം
എത്രവേഗമാണ്
പറന്നുപോയത്..