ആമിയും ശീതളും ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്നു. വിപരീത സ്വഭാവക്കാരും. ഹോസ്റ്റലിലെ വിരസമായ ഏതോ നിമിഷങ്ങളിലൊന്നിൽ ആമി ശീതളിനോട് ചോദിച്ചു.
” നിനക്ക് പ്രണയത്തെ കുറിച്ച് എന്താണ് അഭിപ്രായം?? ”
വായിച്ചുകൊണ്ടിരുന്ന പുസ്തകത്തിൽനിന്നും തലയുയർത്തി അവൾ പറഞ്ഞു.
” പ്രണയമോ…?.. ഓ.. നോവുകളോടാണെനിക്ക് പ്രണയം. ” അത്ഭുതത്തോടെ യുള്ള ആമിയുടെ നോട്ടത്തിന് മറുപടി പോലെ അവൾ തുടർന്നു.
” തനിക്ക് മൂന്നുമാസമായി അല്ലേ എന്നെ പരിചയമുള്ളൂ.. ശരിക്കുമെടോ, എനിക്കൊരു നേട്ടങ്ങളെയും പ്രണയിക്കാനാവില്ല . പ്രണയിച്ച് ഒന്നിനെയും സ്വന്തമാക്കാനും എനിക്ക് കഴിയില്ല. കരയെ പുണർന്ന് മതിവരാത്ത ദുഃഖവും പേറി തിരികെ മടങ്ങുന്ന തിരമാലകളോടാണ് എന്റെ പ്രണയം.. അവയുടെ നോവുകളോട്….”
” അയ്യോ.. വെറുതെ ചോദിച്ചു പോയതാണേ”. ആമി തലയിൽ കൈ വച്ചു. ഉറക്കെ ചിരിച്ചു കൊണ്ട് ശീതൾ പറഞ്ഞു.
” എനിക്കറിയാമായിരുന്നു നീ ഇങ്ങനെ പറയുമെന്ന്.. ”
” താൻ എത്ര സുന്ദരിയാണ്, മൂന്നു മാസത്തിനിടയ്ക്ക് എത്ര ആൺകുട്ടികളാണ് തന്നോട് പ്രണയാഭ്യർത്ഥനയുമായി വന്നത്? ഒരു ചിരി അല്ലാതെ താൻ ഒന്നിനും മറുപടിക്ക് തയ്യാറാകാത്തത് കൊണ്ടാണ് ഞാനങ്ങനെ ചോദിച്ചത്. ” അമ്മാവന്റെ മകനുമായി വിവാഹം നിശ്ചയിച്ച ശേഷം പുതുജീവിതത്തിലേക്ക് ചുവടുറപ്പിക്കാൻ ജോലി നേടി സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താൻ പിജി കോഴ്സ് ചെയ്യുന്ന യാഥാർത്ഥ്യങ്ങളിൽ ജീവിക്കുന്ന സാധാരണ പെണ്ണാണ് ആമി.
ആമിയുടെ ചോദ്യത്തിന് മറുപടിയായി ഒരു കുസൃതിയോടെ ശീതൾ പറഞ്ഞു
” അതോ.. തീഷ്ണമായി പ്രണയിച്ച്, കരൾ പൊള്ളിക്കുന്ന നോവിന്റെ നെരിപ്പോട് നൽകി, മറുവാക്കു പറയാതെ വിദൂരതയിലേക്ക് നടന്നു മായുന്ന ഒരാളെ പ്രണയിക്കണം.. ആ നോവിന്റെ കനലുകളെ നെഞ്ചോട് ചേർക്കണം.. അതാണെനിക്കിഷ്ടം. അതിനു പറ്റിയ ഒരാൾ വരട്ടെ.. അപ്പോൾ നോക്കാം ”
ശീതളിന്റെ കണ്ണുകളിലെ കുസൃതി ഭാവം കൗതുകത്തോടെ നോക്കി, ” എത്ര സുന്ദരിയാണ് ഇവൾ ” എന്ന് മനസ്സിൽ പറയുമ്പോഴും ഇതെന്ത്
വട്ടെന്നായിരുന്നു ആമി യുടെ ചിന്ത.
കളിയും തമാശയുമായി മാസം രണ്ട് കടന്നുപോയി. ഓണാവധിക്കായി എല്ലാവരും അവരവരുടെ വീടുകളിലേക്ക് പോയി..
ഒരു ഉച്ച സമയത്ത് ആമി യുടെ ഫോണിൽ വന്ന ഒരു വാട്സ്ആപ്പ് സന്ദേശം ആ നോവിന്റെ രഹസ്യം അവളെ അറിയിക്കുകയായിരുന്നു . ” ശീതൾ മരിച്ചുപോയി “.. നിത്യയുടെ ഫോണിൽ നിന്നും ആയിരുന്നു അത്. ശീതൾ രക്താർബുദ രോഗിയായിരുന്നു വെന്നും വിദേശത്തുള്ള അച്ഛനമ്മമാരുടെ അടുത്തുനിന്നും നാട്ടിലെ കോളേജിൽ ചേരാൻ വാശിപിടിച്ച് എത്തിയതാണെന്നും മറ്റും പിന്നീട് അറിഞ്ഞ പരസ്യമായ രഹസ്യങ്ങൾ. ഞെട്ടലിൽ നിന്നും തിരിച്ചു വന്ന ആമിക്ക് എത്ര ശ്രമിച്ചിട്ടും വിശ്വസിക്കാനേ കഴിയുന്നില്ലായിരുന്നു തന്റെ പ്രിയപ്പെട്ട ശീതൾ ഇനിയില്ലെന്ന്.. നോവുകൾ നെഞ്ചോട് ചേർത്ത് അഞ്ചു മാസത്തോളം തന്നോടൊപ്പം കഴിഞ്ഞവൾ രോഗത്തിന്റെ ഒരു സൂചന പോലും തന്നില്ലായിരുന്നല്ലോ.?
ആമിയുടെ ചിന്തയിൽ പെട്ടെന്ന് ഒരു വാചകം തെളിഞ്ഞു വന്നു. ഒരാഴ്ച മുൻപ് ശീതൾ അവൾക്ക് അയച്ച ഒരു വാട്സാപ്പ് മെസ്സേജ്.
” എടോ, താൻ ചോദിച്ചിരുന്ന ചോദ്യത്തിന് ഉത്തരം കിട്ടി ട്ടോ.. ഞാനിപ്പോൾ പ്രണയത്തിലാണ്.. ആരോടെന്നോ…
മരണത്തിനോടാണെന്റെ പ്രണയം. എന്നെക്കാളും കൂടുതലായി ഞാൻ മരണത്തെ സ്നേഹിക്കുന്നടോ”. ”
അതും ശീതളിന്റെ ഒരു വട്ടായി മാത്രമേ തോന്നിയു ള്ളായിരുന്നു ആമിക്ക്.
” , നോവുകളെ സ്നേഹിച്ച നീ എന്നിലെ തീരാനോവായി പോയത് ഉൾക്കൊള്ളാൻ എനിക്ക് കഴിയുന്നില്ലല്ലോ ശീതൾ…?
ഒരിക്കലും കഴിയുകയുമില്ല..” ആമിയുടെ മനസ്സ് സ്വയം ചോദിച്ചു ശീതൾ തനിക്ക് ആരായിരുന്നുവെന്നു.. നൊമ്പരത്തിന്റെ തീച്ചൂളയിൽ തിരഞ്ഞു.. വെറുതെ…ആ നോവുൾക്കൊള്ളാനാവാതെ…
