ലാലി രംഗനാഥ്
പ്രക്ഷുബ്ധമായ മനസ്സോടെ അവൾ…. ലയ…. അവനൊരു മെസ്സേജയച്ചു. അവളുടെ കാമുകനായ പ്രശസ്ത ഗായകൻ അഭിജിത്ത് മേനോന്. അടുത്തയാഴ്ച മണവാട്ടിയായി , പുതിയ ജീവിതത്തിലേക്ക് കടക്കുംമുൻപ് അവൾ പ്രണയിച്ച അഭി എന്ന മനുഷ്യനോട് പറയാൻ എന്നോ മറന്നുവച്ചവയിൽ ചിലത് പങ്കുവയ്ക്കാൻ അവൾ തിരഞ്ഞെടുത്ത വഴി വാട്സാപ്പ് തന്നെയായിരുന്നു.
“ടാ.. നീ അറിഞ്ഞിരിക്കുമല്ലോ എല്ലാ കാര്യങ്ങളും?? നമ്മൾ തമ്മിൽ പലപ്പോഴും പ്രണയത്തെക്കുറിച്ച് പല വാദങ്ങളും നടന്നിട്ടുണ്ടെങ്കിലും ഇപ്പോൾ ഒന്നെനിക്ക് മനസ്സിലാകുന്നു .. ഞാനെന്റെ പ്രണയത്തിന്റെ ഒറ്റ മരശാഖിയിൽ വിരിയിച്ചെടുത്ത നീയെന്ന പൂവിൽ എന്റെ ആത്മാവ് അലിഞ്ഞുപോയിരിക്കുന്നു എന്ന്.
അടുത്തയാഴ്ച ഞാൻ മറ്റൊരാളുടെ മണവാട്ടിയാ വുകയാണ്. നീ വരുമോ എന്നെ കാണാൻ? ??
വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമായ നിന്നോട്, അല്ല….നിന്നിലെ ഗായകനോട് ആദ്യം എനിക്ക് ആരാധനയായിരുന്നു. പിന്നീടത് പ്രണയമായി.
നിന്നിലെ പച്ചയായ,നാട്യങ്ങളില്ലാത്ത മനുഷ്യനെ മനസ്സിലാക്കാൻ തുടങ്ങിയപ്പോൾ. ഒന്നും തിരികെ പ്രതീക്ഷിക്കാത്ത ഒരിഷ്ടം നിന്നോട് ഞാൻ സൂക്ഷിച്ചിരുന്നു എന്ന് തുറന്നുപറയാൻ ഞാൻ എന്നും മടിച്ചിരുന്നുവെങ്കിലും…
മനസ്സിൽ സൂക്ഷിച്ച ആ ഇഷ്ടം കണ്ടുപിടിച്ച് എന്നോടന്ന് നീ പറഞ്ഞത് ഓർമ്മയുണ്ടോ??
“ലയാ .. ആദ്യ നാളുകളിൽത്തന്നെ നിനക്ക് എന്നോടുള്ള ഇഷ്ടം… അത് പ്രണയമാണെന്ന് ഞാൻ തിരിച്ചറിഞ്ഞിരുന്നു.”.
ഏയ്.. അങ്ങനൊന്നുമില്ലെടാ “.. എന്നുപറഞ്ഞ
എന്നോട്..
” എന്റെ ഐക്യു നിനക്ക് അറിയാഞ്ഞിട്ടാ “..എന്ന് നീ മറുപടിയായി പറഞ്ഞപ്പോൾ, അതുതന്നെ ആവില്ലേ മാഷേ എന്നെ നിന്നിലേക്ക് അടുപ്പിച്ചത്??
ജീവിതത്തിന്റെ പുതിയ ചുവടുവയ്പ്പിൽ നിന്നോടുള്ള പ്രണയം എന്നിൽ നിന്നും മാ യരുതേയെന്നു ഞാൻ പ്രാർത്ഥിക്കുന്നു.
പുതിയ ജീവിത ചുറ്റുപാടിൽ മണവാട്ടിയായി പോകുമ്പോൾ ഹൃദയത്തിലേറ്റിയ നീയെന്ന നോവ് എന്നോടൊപ്പമുണ്ടാവുമോ … അറിയില്ല…
ഒന്നറിയാം,…
അത് നഷ്ടപ്പെടാൻ എനിക്ക് കഴിയില്ലെടാ.”… ലയ
മറുപടിയായി വന്ന അഭിജിത്തിന്റെ സന്ദേശം വായിക്കുമ്പോൾ അന്നാദ്യമായി അവളുടെ നെഞ്ചിടിക്കുന്നുണ്ടായിരുന്നു.
” ടീ .. ഞാനറിഞ്ഞു എല്ലാം.. ജീവിതം അതാണ്. ആഗ്രഹിക്കുന്നതെല്ലാം നേടാനായാൽ മോഹമെന്ന വാക്കിന് എന്തർത്ഥമാണുണ്ടാവുക??
നീ എന്നോ പറഞ്ഞതുപോലെ,
” മനുഷ്യസ്വഭാവം സാഹചര്യത്തിന്റെ സൃഷ്ടിയാണ്.
നിന്റെ പുതിയ സാഹചര്യങ്ങളിൽ ഞാനെന്ന നോവ് വിസ്മരിക്കപ്പെട്ടേക്കാം.. ഇനിയും ജന്മം ഉണ്ടാകുമെങ്കിൽ.. നമുക്കൊന്നാവാം.. പ്രണയം പൂത്ത നിന്റെ ഒറ്റമരക്കൊമ്പിൽ പൂവായി വിടരാം..
പിന്നെ, നിന്നെക്കാണാൻ ഞാൻ വരില്ല ട്ടോ.., എന്തെന്നോ, മറ്റൊരാളുടെ കൂടെ മണവാട്ടിയായി നിന്നെ കാണാൻ എനിക്കാവില്ല . നിന്റെ ഉള്ളിലെ നോവു പോലെ എന്റെ ഉള്ളിലും ഒരു നോവുണ്ട്.
നീയെന്ന നോവ്.”
അഭി.
സ്വാർത്ഥതയിൽ പൊതിഞ്ഞ അവന്റെ ഇഷ്ടം, ഒരു നിമിഷം അവളിലെ കാമുകിയെ കോരിത്തരിപ്പിച്ചു… “എന്നും അഭി അങ്ങിനെയായിരുന്നു. പറയാതെ പറയും”.അവളോർത്തു.
എങ്കിലും യാഥാർഥ്യങ്ങളെ നേരിടാനുറച്ച്,
അവളിലെ സ്ത്രീ മണവാട്ടിയായി രൂപപ്പെടാൻ പരിശ്രമിച്ചു തുടങ്ങിയിരുന്നു..
