BREAKING NEWS

Chicago
CHICAGO, US
4°C

ലാനയുടെ 2022-23 വർഷത്തെ പ്രവർത്തനോത്ഘാടനം കവി സച്ചിദാനന്ദൻ നിർവഹിച്ചു

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

9 March 2022

ലാനയുടെ 2022-23 വർഷത്തെ പ്രവർത്തനോത്ഘാടനം കവി സച്ചിദാനന്ദൻ നിർവഹിച്ചു

റിപ്പോർട്ട് :ശങ്കർ മന, ലാന ജനറൽ സെക്രട്ടറി

അമേരിക്കയിലേയും കനഡയിലേയും എഴുത്തുകാരുടെ കേന്ദ്രസംഘടനയായ ലിറ്റററി അസോസ്സിയേഷൻ ഓഫ് നോർത്ത് അമേരിക്ക (LANA) യുടെ 2022-23 വർഷത്തേക്കുള്ള പ്രവർത്തനോത്ഘാടനം കേരള സാഹിത്യ അക്കാദമി പ്രസിഡണ്ടും പ്രശസ്ത കവിയുമായ ശ്രീ സച്ചിദാന്ദൻ നിർവഹിച്ചു. 2021 ഓക്ടോബർ മാസത്തിൽ ഷിക്കാഗോയിൽ നടന്ന ദ്വൈവാർഷിക സമ്മേളനത്തിൽ ലാനയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തിരുന്നു. 1997-ൽ രൂപം കൊണ്ട ലാനയുടെ രജതജുബിലി വർഷമാണ്‌ 2022. ഒരു വർഷം നീണ്ട് നില്ക്കുന്ന ആഘോഷങ്ങളുടേയും പരിപാടികളുടേയും രൂപരേഖ പുതിയ കമ്മിറ്റി തയ്യാറാക്കിയിട്ടുണ്ട്.

ലോകചരിത്രം കുടിയേറ്റങ്ങളുടേയും പലായനങ്ങളുടേയും ചരിത്രം: സച്ചിദാനന്ദൻ

ഇന്ത്യൻ ജനത ഉരിതിരിഞ്ഞത് തന്നെ കുടിയേറ്റങ്ങളിലൂടെയാണ്‌. ആഫ്രിക്കയിൽനിന്നും, മെഡിറ്ററേനിയൻ പ്രദേശത്തുനിന്നും മദ്ധ്യേഷയിൽനിന്നും ഉള്ള കുടിയേറ്റങ്ങളിലും നിന്നാണ്‌ ഇന്ത്യൻ ജനത രൂപം കൊണ്ടത്. ഇന്ന് കാണുന്ന ആദിവാസികളിൽ പല സമൂഹവും ആഫ്രിക്കയിൽ നിന്നും കുടിയേറിയവരാണ്‌. പിന്നീട്
ബ്രിട്ടീഷുകാരും ഡച്ചുകാരും പോർച്ചുഗീസുമാരും മറ്റും അധീശത്തിന്റെ ഭാഗമായി കുടിയേറിയിട്ടുണ്ട്. അതുപോലെ തന്നെ ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കുശേഷം വൻതോതിൽ ഇന്ത്യക്കാർ മറ്റു രാജ്യങ്ങളിലേക്ക് തൊഴിലിനും, വിദ്യാഭ്യാസത്തിനും, കുടുംബാംഗങ്ങളോടൊപ്പവും കുടിയേറിയിട്ടുണ്ട്.
ലോകസംസ്കാര വികസനത്തിൽ കുടിയേറ്റങ്ങളുടെ പങ്ക് വളരെ വലുതാണ്‌. ലിറ്റററി അസോസ്സിയേഷൻ ഓഫ് നോർത്ത് അമേരിക്ക (LANA) – യുടെ 22-23 വർഷത്തേക്കുള്ള പ്രവർത്തനോത്ഘാടനം, “പ്രവാസവും സാഹിത്യവും” എന്ന വിഷയത്തെ അധികരിച്ച്, ഒരു സൂം മീറ്റിങ്ങിലൂടെ നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു
ശ്രീ സച്ചിദാനന്ദൻ.

പശ്ചാത്യ അധിനിവേശത്തിന്റെ ഭാഗമായി ഉണ്ടായ കുടിയേറ്റങ്ങളിൽ ഭാഷയും സംസ്കാരവും കോളനി രാജ്യങ്ങളിൽ അടിച്ചേല്പിക്കപ്പെട്ടു. എന്നാൽ മറ്റ് കുടിയേറ്റങ്ങളിൽ അതത് പ്രദേശങ്ങളിലെ ഭാഷയും സംസ്കാരവുമായി ഇണങ്ങിച്ചേരലാണ്‌ സംഭവിച്ചത്. ഇന്ത്യൻ പ്രവാസികൾ പ്രത്യേകിച്ചും എല്ലായ്പ്പോഴും ബഹുഭാഷ സംസ്കാരമായി ഇണങ്ങിചേർന്നാണ്‌ ജീവിച്ചിട്ടുള്ളത്. അതിൽ സാഹിത്യത്തിന്‌ വലിയ പങ്കുണ്ട്. പ്രവാസം രണ്ട് തരത്തിലുണ്ട്. ഒന്ന് ഇന്ത്യക്കകത്തുള്ള പ്രവാസം, മറ്റൊന്ന് പുറം രാജ്യങ്ങളിൽ ജീവിക്കുന്നവരുടെ പ്രവാസം. ഈ രണ്ട് വിഭാഗവും നമ്മുടെ ഭാഷക്കും സംസ്കാരത്തിനും സംഭാവനകൾ
നല്കിയിട്ടുണ്ട്.

പ്രവാസത്തിൽ വർഗ്ഗപരമായും ലിംഗപരമായും വ്യത്യാസങ്ങളുണ്ട്. എത്തിചേരുന്ന രാജ്യത്തിലെ ഭാഷ അറിയുന്നവർക്കും അറിയാത്തവർക്കും ഉണ്ടാകുന്ന അനുഭവങ്ങൾ വ്യത്യസ്തമാണ്‌. തന്റെ ഇടം എവിടെയെന്ന് ഒരോ പ്രവാസിയും ആകുലപ്പെടുന്നു. ഭാഷ അറിയാത്തവരിൽ കൂടുതൽ അന്യതബോധം അനുഭവിക്കാൻ സാദ്ധ്യതയേറെയുണ്ട്. അതുപോലെതന്നെ ഭൂരിപക്ഷ-ന്യൂനപക്ഷ വ്യത്യാസങ്ങൾ, തലമുറവ്യത്യാസങ്ങൾ എന്നിവ പ്രവാസികളുടെ അനുഭവതലങ്ങളെ വ്യത്യാസമാക്കുന്നു. എന്നാൽ പഴയ സാങ്കേതികവിദ്യയിൽനിന്നുമ്മ് ഇന്നത്തെ വെർച്ച്വൽ ലോകത്തിലേക്ക് വന്ന മാറ്റം, സംവേദന സമ്പ്രദായങ്ങളിൽ വന്ന മാറ്റം, ആധൂനിക സാമുഹ്യ മാദ്ധ്യമങ്ങളിലേക്കുള്ള വളർച്ച എന്നിവമൂലം പഴയരീതിയിലുള്ള അന്യത്വം ഇന്നത്തെ പ്രവാസി അനുഭവിക്കുന്നില്ല.

പ്രവാസികളിൽ പലതരത്തിലുള്ള എഴുത്തുകാരുണ്ട്. ഇംഗ്ലീഷ് ഭാഷയിൽ എഴുതി ആ ഭാഷക്ക് കാര്യമായ സംഭാവന നല്കിയവർ. രണ്ടാമത്തെ വിഭാഗം തങ്ങളുടെ മാതൃഭാഷയിൽ എഴുതിയവരാണ്‌. അവർ തങ്ങളുടെ ഗൃഹാതുരത്വം സൂക്ഷിക്കുന്നു, സ്ഥാനീയ സംസ്കൃതിയുടെ ബന്ധം നിലനിർത്താൻ ശ്രമിക്കുന്നു, ചെന്നെത്തുന്ന സ്ഥലത്തെ ഭാഷയോടും സംസ്കാരത്തോടും ഇണങ്ങി ചേരാൻ കഴിയാതെ പുച്ഛവും, വെറുപ്പും, അനിഷ്ടങ്ങളും പ്രകടിപ്പിക്കുന്നു, രോഷവും പരിഹാസവും പുലർത്തുന്നു. മൂന്നാമത്തെ ഒരു വിഭാഗം ഈ രണ്ട് സംസ്കാരങ്ങളേയും ഭാഷകളേയും സാഹിത്യങ്ങളേയും തമ്മിൽ സംവാദത്മകമായി അടുപ്പിക്കനുള്ള ശ്രമങ്ങളാണ്‌. സാഹിത്യകൃതികളുടെ പരിഭാഷകൾ അതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. നാലാമത്തെ ഒരു വിഭാഗം സങ്കുചിതമായ സ്വത്വാനേഷണമാണ്‌. തങ്ങളുടെ അന്യതാബോധത്തെ സങ്കുചിതകൂട്ടായ്മകളിലൂടെ പരിഹരിക്കുന്ന ഒരു ആശാസ്യമല്ലാത്ത ഒരു സമീപനമാണത്. മലയാളത്തിലെ ആധൂനിക എഴുത്തുകാരിൽ ഏറെ പേർ പ്രവാസികളായിരുന്നു. നഗരജീവിതവുമായുള്ള ഏറ്റുമുട്ടൽ, പശ്ചാത്യ സാഹിത്യത്തിന്റെ സ്വാധീനം, മറ്റു ഭാഷകളിലെ എഴുത്തുകാരുമായുള്ള ബന്ധം എന്നിവ മലയാളത്തിൽ ആധൂനികത കൊണ്ട് വരുന്നതിന്‌ കാരണമായി. തന്റെ രണ്ട് കവിതകൾ ചൊല്ലിക്കൊണ്ട്, (“മൂന്നാമത്തെ
മരം” , “കഴപ്പ്”), സച്ചിദാനന്ദൻ തന്റെ ഉത്ഘാടനപ്രസംഗം ഉപസംഹരിച്ചു.

മറ്റൊരു അധിനിവേശത്തിന്‌ ലോകം വീണ്ടും സാക്ഷി: അനിലാൽ ശ്രീനിവാസൻ

ഒരു ജനാധിപത്യ രാഷ്ട്രത്തിന്റെ പരമാധികാരത്തിനുമേലുള്ള കടന്നുകയറ്റം സാധാരണജിവിതങ്ങളെ എങ്ങിനെ താറുമാറാക്കുന്നു എന്നത് ഈ ദിവസങ്ങളിൽ നമ്മൾ കാണുന്നു. മനുഷ്യാവകാശലംഘനങ്ങളുടേയും, നീതിനിഷേധത്തിന്റേയും, അന്തരാഷ്ട്രനിയമനിഷേധത്തിന്റേയും മാതൃകയായി യുദ്ധം നമ്മുടെ മുന്നിലുണ്ട്. ഇതിനകം 11 ലക്ഷം പേരാണ്‌ പലായനം ചെയ്ത് പോയിട്ടുള്ളത്. കുടിയേറ്റങ്ങളോടൊപ്പം പലായനങ്ങളും അനുസ്യൂതമായി തുടരുന്നു. ഇത്തരം പാഠങ്ങൾ, അനുഭവങ്ങൾ, നമ്മെ ഒന്നുകൂടി മനുഷ്യപക്ഷത്ത് ചേർത്ത് നിർത്താൻ സഹായിക്കട്ടെ എന്ന് ആഗ്രഹിക്കുന്നതായി ലാന പ്രസിഡണ്ട് അനിലാൽ ശ്രീനിവാസൻ തന്റെ അദ്ധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു.

ലാന ജനറൽ സെക്രട്ടറി ശങ്കർ മന സച്ചിദാനന്ദനെയും സദസ്സിനേയും സ്വാഗതം ചെയ്തു. സച്ചിദാനന്ദനെ അതീവ ആദരവോടെ നോക്കിക്കാണുന്ന ഒരു വായനാ സമൂഹമാണ്‌ ലോകത്തുള്ളത്. അദ്ധ്യാപകനെന്ന നിലയിൽ വിദ്യാർത്ഥികൾക്കും യുവതലമൂറക്കും എന്നും സച്ചിദാനന്ദൻ മാഷ് ആവേശവും വഴികാട്ടിയും ആയിരുന്നു.
ശ്രീ സച്ചിദാനന്ദനും, കടമ്മനിട്ടയും, ചുള്ളിക്കാടും തീർത്ത ആധൂനിക കവിത്രയത്തിന്റെ കവിതകൾ വായിക്കാത്ത, ചൊല്ലാത്ത, കേൾക്കാത്ത, ആസ്വദിക്കാത്ത ഒരു വായനക്കാരനും ഉണ്ടാകില്ല. ആധൂനിക കവിതയുടെ മാർഗ്ഗദർശകനാണ്‌ കവി സച്ചിദാനന്ദൻ മാഷെന്ന് ശങ്കർ മന സൂചിപ്പിച്ചു.

ലാനയുടെ ട്രഷറും പ്രശസ്ത് കവിയത്രിയുമായ ഗീത രാജൻ സച്ചിദാനന്ദനെ പരിചയപ്പെടുത്തി. ലോകസാഹിത്യത്തിൽ മലയാള കവിതയുടെ സാന്നിദ്ധ്യം വിളിച്ചറിയിച്ച കവിശബ്ദം, തൂലിക പടവാളക്കിയ സാഹിത്യ നായകൻ, ഏത് പ്രതിസന്ധികളിലും ഇടറാതെ തന്റെ നിലപാടുകളിൽ ഉറച്ച് നില്ക്കുന്ന വ്യക്തിത്വം, ഇതിനെല്ലാത്തിനും
ഉപരി ഉച്ചനീചത്തങ്ങളിലില്ലാത്ത മനുഷ്യസ്നേഹി ആണ്‌ ശ്രീ സച്ചിദാനന്ദനെന്ന് അദ്ദേഹത്തെ പരിചയപ്പെടുത്തികൊണ്ട് ശ്രീമതി ഗീത രാജൻ പറഞ്ഞു.

ശ്രീ സച്ചിദാനന്ദന്റെ പ്രഭാഷണത്തിനുശേഷം നടന്ന സംവാദത്തിൽ നോർത്ത് ടെക്സസ് യൂണീവേഴ്സിറ്റി മലയാളം വിഭാഗം പ്രൊഫസർ ഡോ. ദർശന മനയത്ത്, റഫീക് തറയിൽ, ബൈജു പി വി, രാജു തോമസ്, ജോസഫ് നമ്പിമഠം, മനോഹർ തോമസ്,സാമുവൽ യോഹന്നാൻ, ജോൺ ഇളമത എന്നിവർ പങ്കെടുത്തു


ഒന്നാം സെഷനിൽ ലാന ജോയിന്റ് സെക്രട്ടറി ഷിബു പിള്ള സദസ്സിന്‌ നന്ദി പ്രകാശിപ്പിച്ചു. സച്ചിദാനന്ദന്റെ പ്രഭാഷണം സാഹിത്യത്തിന്റേയും, ഭാഷയുടേയും, പ്രവാസത്തിന്റേയും, സംസ്കാരത്തിന്റേയും ഒക്കെയുള്ള വിവിധ തലങ്ങളിലേക്കാണ്‌ നമ്മെ കൂട്ടിക്കൊണ്ടുപോയത്. തിരുവിതാംകൂറിൽ നിന്നു വയനാട്ടിലേക്കുള്ള
പ്രവാസമടക്കം സൂചിപ്പിച്ചത് നന്നായി. ദേശത്തിനുള്ളിലും വിദേശത്തും ഉള്ള പ്രവാസം എങ്ങിനെ വ്യത്യസ്തമാകുന്നു എന്നും, വെർച്ച്വൽ ലോകത്ത് എങ്ങിനെ പ്രവാസം മാറുന്നു എന്നും വിശദീകരിച്ചത് കാലിക പ്രസക്തമായി എന്ന് ഷിബു പിള്ള ശ്രീ സച്ചിദാനന്ദന്‌ നന്ദി രേഖപ്പെടുത്തികൊണ്ട് പറഞ്ഞു.

ലാനയുടെ മുൻ പ്രസിഡണ്ടുമാർക്കും മാദ്ധ്യമപ്രവർത്തകർക്കും ആദരം

രജതജുബിലി വർഷത്തിൽ എത്തിനില്ക്കുന്ന ലാന അതിന്റെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ച മുൻ പ്രസിഡണ്ടുമാരേയും, അതിന്‌ സഹായിച്ച, സഹായിച്ചുകൊണ്ടിരിക്കുന്ന മാദ്ധ്യമങ്ങളേയും പ്രൗഢഗംഭീരമായ 2022-23 പ്രവർത്തനോത്ഘാടന ചടങ്ങിന്റെ ഭാഗമായ രണ്ടാം സെഷനിൽ വെച്ച് ആദരിച്ചു. ലാന പ്രോഗ്രാം കമ്മിറ്റി
ചെയർ ശ്രീ സാമുവൽ യോഹന്നാൻ രണ്ടാം സെഷനിൽ ഉടനീളം നേതൃത്വം നല്കി. ലാന ജോയിന്റെ ട്രഷറർ ഹരിദാസ് തങ്കപ്പൻ, പുബ്ലിക് റിലേഷൻസ് കമ്മിറ്റി ചെയർ പ്രസന്നൻ പിള്ള, എക്സിക്യുട്ടീവ് കമ്മിറ്റി അംഗം കെ കെ ജോൺസൻ എന്നിവരും സന്നിഹിതരായിരുന്നു.

ലാനയുടെ പ്രഥമ പ്രസിഡണ്ട് (1997-98) ഡോ. എം എസ് ടി നമ്പൂതിരിയെ ലാന മുൻ ജനറൽ സെക്രട്ടറിയും ജനനി മാസിക ചീഫ് എഡിറ്ററുമായ ശ്രീ ജെ മാത്യൂസ് സദസ്സിന്‌ പരിചയപ്പെടുത്തുകയും ലാനക്ക് അദ്ദേഹം നലികിയ സേവനങ്ങളെ ശ്ലാഘിക്കുകയും ചെയ്തു. ആരോഗ്യ കാരണങ്ങളാൽ ശ്രീ എം എസി ടി നമ്പൂതിരിക്ക്
പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. തുടർന്ന് കാല ക്രമത്തിൽ ഒരോ പ്രസിഡണ്ടുമാരേയും അവർ ലാനക്ക് നല്കിയ സേവനങ്ങൾക്ക് ആദരം അർപ്പിച്ച്കൊണ്ട് താഴെ പറയുന്നവർ സംസാരിച്ചു

ശ്രീ ജോസഫ് നമ്പിമഠം (1999-2000) – സി വി ജോർജ്ജ്, മനോഹർ തോമസ് (2001-02) – ഫിലിപ്പ് തോമസ്, ജോൺ എളമത (2003-05) – നിർമ്മല തോമസ്, എബ്രഹാം തോമസ് (2006-07) – അബ്ദുൾ പുന്നയൂർക്കുളം, വി സി പീറ്റർ നീണ്ടൂർ (2008-09) – സാമുവൽ യോഹന്നാൻ, എബ്രഹാം തെക്കേമുറി (2010-11) – മീനു എലിസബത്ത്, വാസുദേവ പുളിക്കൽ (2012-13) – സാമുവൽ യോഹന്നാൻ, ഷാജൻ ആനിത്തോട്ടം (2014-15) – സാമുവൽ യോഹന്നാൻ, ജോസ് ഒച്ചാലിൽ (2016-17) – ഹരിദാസ് തങ്കപ്പൻ, ജോൺ മത്യു (2018-19) – അനിത പണിക്കർ, ജോസൻ ജോർജ്ജ് (2020-21) – സന്തോഷ് പാല. ആദരത്തിന്‌ നന്ദി പറഞ്ഞുകൊണ്ടും ലാനയുടെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണ വാഗ്ദാനം ചെയ്തുകൊണ്ടും എല്ലാ മുൻ പ്രസിഡണ്ടുമാരും സദസ്സിനെ അഭിസംബോധന ചെയ്തു.

മാദ്ധ്യമ പ്രവർത്തകരായ ജോസ് കടാപ്പുറം (കൈരളി ടിവി യു എസ് എ), ഡോ. സാറാ ഈശോ (ലിറ്റററി എഡിറ്റർ, ജനനി മാസിക), ജോർജ്ജ് ജോസഫ് (ഇ-മലയാളി), സണ്ണി പൗലോസ് (മാനേജിങ്ങ് എഡിറ്റർ, ജനനി മാസിക) എന്നിവരെ ലാന പ്രസിഡണ്ട് ശ്രീ അനിലാൽ ശ്രീനിവാസൻ പരിചയപ്പെടുത്തുകയും ആദരിക്കുകയും ചെയ്തു.
എല്ലാവരും ആദരത്തിന്‌ നന്ദി പ്രകാശിപ്പിച്ചുകൊണ്ട് സംസാരിച്ചു.

യോഗത്തിന്റെ സമാപനം കുറിച്ചുകൊണ്ട് ജോയിന്റ് ട്രഷറർ ഹരിദാസ് തങ്കപ്പൻ സദസ്സിന്‌ നന്ദി പ്രകാശിപ്പിച്ചു.