“സ്വയം യാഥാർഥ്യമാക്കൽ” ആത്മസാക്ഷാൽക്കാരം ; ഉയിർപ്പിന്റെ സന്ദേശം (ലീനാ തോമസ് കാപ്പൻ,കാനഡ )

sponsored advertisements

sponsored advertisements

sponsored advertisements

16 April 2022

“സ്വയം യാഥാർഥ്യമാക്കൽ” ആത്മസാക്ഷാൽക്കാരം ; ഉയിർപ്പിന്റെ സന്ദേശം (ലീനാ തോമസ് കാപ്പൻ,കാനഡ )

കഴിഞ്ഞ ദിവസം ഇവിടുത്തെ ലോങ്ങ് ടെം കെയർ ഹോമിൽ പുതുതായി ജോലിക്കു ചേർന്ന ഒരു മലയാളി സുഹൃത്തിനോട് സംസാരിക്കുകയായിരുന്നു. നഴ്സിംഗ് പരീക്ഷ പാസാകുന്നതിനുള്ള ഒരു ചവിട്ടുപടിയായി ഇവിടെ വരുന്ന പലരും ചെന്നുചേരുന്ന ഒരിടമാണിത്. പാർട്ട് ടൈം ജോലി ചെയ്തുകൊണ്ട് പരീക്ഷകൾക്ക് പഠിക്കുക എന്നതാണ് പൊതുവെ കണ്ടു വരുന്നത്. ജോലി എങ്ങനെയുണ്ട് എന്നതായിരുന്നു സംസാരത്തിന്റെ പ്രധാനഘടകം.
കൂടെ ജോലിചെയ്യുന്ന പതിനാറു പതിനേഴു വയസ്സുള്ള കുട്ടികളെപ്പറ്റിയാണ് അവൾ വാചാലയായത്. അവരുടെയും പാർട്ട് ടൈം ജോലിയാണിത്.
എത്ര ഭംഗിയായാണ്, ഓർഗനൈസ് ചെയതാണ് , കൃത്യമായാണ് അവർ ജോലിചെയ്യുന്നത് എന്ന് പറയുമ്പോൾ അവളുടെ വാക്കുകളിൽ ഉള്ളിൽനിന്നും പതഞ്ഞുയരുന്ന സന്തോഷം തുളുമ്പി നിന്നു. ഉദാഹരണ സഹിതം അവൾ വിശദീകരിക്കുമ്പോൾ അവളുടെ കണ്ണുകളിൽ അവിശ്വസനീയത തിളങ്ങി നിന്നു. ജോലികഴിഞ്ഞു പോകുമ്പോൾ ഉപയോഗിച്ച മേശ, കസേര തുടങ്ങിയവ ഉൾപ്പെടെ വൃത്തിയാക്കി , വേസ്റ്റ്‌ ബാഗുകൾ ഗാർബേജ് നിക്ഷേപിക്കുന്നിടത്തു കൊണ്ടുപോയിടുന്നത് വരെയുള്ള ജോലികൾ എത്ര ഭംഗിയായാണ് ഈ കുട്ടികൾ ചെയ്യുന്നതെന്ന് അവൾ വിസ്മയത്തോടെ വിവരിച്ചു. അവരുടെ കൂട്ടത്തിൽ ഒരു ഡോക്ടറുടെ മോനുമുണ്ടെന്നു അവൾ കൂട്ടിച്ചേർത്തു.
എല്ലാത്തിനുമുപരി എത്ര സന്തോഷത്തോടെയാണ് ഈ കുട്ടികൾ ജോലി ചെയ്യുന്നത് എന്നതായിരുന്നു അവളുടെ ആശ്ചര്യം.

കോവിഡ് കാലത്തു ഞങ്ങളുടെ കമ്പനിയിൽ വൃത്തിയാക്കുന്ന വിഭാഗത്തിലെ രണ്ടുപേരും കോവിഡ് ബാധിതരായപ്പോൾ ഞങ്ങളുടെ മാനേജർ ഉൾപ്പെടെ എല്ലാവരും ടോയ്ലറ്റ് ഉൾപ്പെടെ വൃത്തിയാക്കിയ കാര്യം ഞാൻ അവളോട്‌ പങ്കുവെച്ചു.
“മാനേജരോ” എന്നവൾ ആശ്ചര്യത്തോടെ ചോദിച്ചു.
“അതിനെന്താ , ഞങ്ങളുടെ വൃത്തിയാക്കുന്ന വിഭാഗത്തിലെ ആൾക്കാരോടാണ് ഞങ്ങൾ ഏറ്റവും കടപ്പെട്ടിരിക്കുന്നത്. അവരുടെ ആത്മാർത്ഥമായ സഹകരണമില്ലെങ്കിൽ ഞങ്ങളുടെ പ്രയത്നങ്ങൾ എല്ലാം വെറുതെയാണ് “. ഞാൻ പറഞ്ഞു.
“സ്റ്റെറിലൈസ്ഡ്”/ തീർത്തും അണുവിമുക്തമായ അന്തരീക്ഷത്തിൽ ഇൻജെക്ഷൻ മരുന്നുകളുണ്ടാക്കുന്ന കമ്പനിയായതുകൊണ്ട് ഓരോ രണ്ടു മണിക്കൂറിലും കോവിഡിനെ തുരത്താൻ എല്ലാ പ്രതലങ്ങളും വൃത്തിയാക്കേണ്ടതുണ്ട്. അവരുടെ അസാന്നിധ്യത്തിൽ, ഞങ്ങളുടേതായ ജോലിക്കിടയിൽ മറന്നു പോകുമെന്നുള്ളതുകൊണ്ട് അതിനായി ഞങ്ങൾ അലാറം സെറ്റ് ചെയ്യുകയും “അത് ചെയ്തു” എന്നതിന് സൈൻ ചെയ്യാൻ ഒരു ഡോക്യുമെന്റ് ഉണ്ടാക്കുകയും ചെയ്തിരുന്നു.
ഇതുപോലെ ഭംഗിയായി , സന്തോഷത്തോടെ ജോലി ചെയ്യുന്നതുകൊണ്ടാണ് ഈ രാജ്യം ഇത്ര നന്നായി മുന്നോട്ടു പോകുന്നത് എന്നാണെനിക്കു തോന്നിയിട്ടുള്ളത്.
എനിക്ക് ചുറ്റും ദിവസവും ഞാൻ കാണുന്നത് Self-Actualized People എന്ന ഒരു കൂട്ടത്തെയാണ്. നമ്മുടെ പൂർണ്ണമായ വല്ലഭത്വത്തിൽ നമ്മൾ എത്തിച്ചേരുമ്പോൾ കിട്ടുന്ന ഒരു ശക്തിയാണിത്.
ചെറിയ കാര്യങ്ങളിൽ പോലും പൂർണ്ണതയുണ്ടാക്കുവാൻ “അർപ്പണബോധമുണ്ടാവുക” എന്നതാണീ കുട്ടികൾ ഈ ചെറിയ പ്രായത്തിൽ കാണിച്ചു തരുന്നത്. നമ്മൾ ഒരു ചെറിയ കാര്യത്തില്പോലും അവരെ സഹായിച്ചാൽ അവർ ഒരുപാട് നന്ദി പറയുന്നത് അതുകൊണ്ടാണ്.
ചെറുപ്പത്തിലേ ജോലി തുടങ്ങുന്നതുകൊണ്ട് വലുതാകുമ്പോൾ എത്ര വലിയ സ്ഥാനത്തായാലും അവരിതോർത്തുവെക്കും.
ഡോക്ടറുടെ മോൻ ഡോക്ടറാവാൻ പഠിക്കാൻ പോകും എന്നാണെന്റെ പ്രതീക്ഷ. അപ്പോൾ അവൻ എത്ര വലിയ കസേരയിലിരുന്നാലും ഒരു പ്രസ്ഥാനത്തെ താങ്ങിനിർത്തുന്നത്തിന്റെ ഭാഗമായി ഓരോരുത്തരും ചെയ്യുന്ന സേവനത്തിന്റെ വില അവനു പൂർണ്ണമായ അർത്ഥത്തിൽ മനസ്സിലാവുകയും അതവൻ ബഹുമാനിക്കുകയും ചെയ്യും.
പരസ്യങ്ങൾ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ലഘുലേഖകൾ കെട്ടുകളാക്കി വീടുകളിൽ കൊണ്ടിടുന്ന ഒരു രീതിയുണ്ടിവിടെ. ചെറിയ ശമ്പളം കിട്ടുമതിന്. നമ്മുടെ പല കുട്ടികളും ഇതിലാണ് ചെറുപ്രായത്തിൽ ജോലി തുടങ്ങുന്നതായി കണ്ടു വരുന്നത് . മലയാളി അമ്മമാർ മക്കളെ ഈ പ്രായത്തിൽ ജോലിക്കു വിട്ടിട്ടു പറയുന്ന ഒരു കാര്യമുണ്ട്.എത്ര പെട്ടെന്നാണ് മക്കൾക്ക് മച്യുരിറ്റി വന്നതെന്ന്. ചെറിയ കാര്യങ്ങൾക്കു പോലും അവർ നന്ദി പറയാനും കൃതജ്ഞത ഉള്ളവരായിരിക്കാനും പഠിച്ചതെന്ന്. ഇതുതന്നെയാണ് ജീവിതത്തിലുണ്ടാകുന്ന ഉയിർപ്പുകൾ.
ജോലി ചെയ്യുന്നതിനുമുമ്പും അതിനു പിമ്പുമുള്ള കുട്ടികൾ വെവ്വേറെയാണ്.

എല്ലാവരും കൈവിട്ട്, ജീവിതത്തിലെ കുരിശുകൾക്കുള്ളിലെ ആണികളിൽ ഈ ഭാരവും തൂക്കി, രക്തവും ചോർന്ന്, ഒറ്റക്കായി, കല്ലറക്കുള്ളിലൂടെ ഉയിർക്കുമ്പോൾ പ്രകാശം വിതറി മുകളിലേക്ക് പറന്നുയരാൻ സ്വന്തമായി ഒരു ആകാശവും കണ്ണുകളിൽ പുതിയ വെളിച്ചവും ഉണ്ടാകുന്നതാണ്
ഉയിർപ്പിനായി ഞാൻ എനിക്കായി തീർത്തിട്ടുള്ള സന്ദേശം; അനുഭവിച്ചിട്ടുള്ളതും.

ഒരു പ്രശ്നത്തിലൂടെ കടന്നുപോകുന്നതിനുമുമ്പുള്ള നമ്മളല്ല പ്രശനം അതിജീവിച്ചു കഴിയുമ്പോഴുള്ള നമ്മൾ. അത് തിരിച്ചറിയുന്നതാണ്
ഉയിർപ്പിന്റെ ഏറ്റവും വലിയ സന്ദേശമെന്നാണ് ഞാൻ കരുതുന്നത്.
self actualization അഥവാ “സ്വയം യാഥാർഥ്യമാക്കൽ”/ ആത്മസാക്ഷാൽക്കാരം അതായിരിക്കട്ടെ ഉയിർപ്പിന്റെ സന്ദേശം.

ലീനാ തോമസ് കാപ്പൻ,കാനഡ