വൈദ്യശാസ്ത്ര സഹായത്തോടെയുള്ള മരണം; ഒരു ഫാർമസിസ്റ്റിന്റെ അനുഭവം

sponsored advertisements

sponsored advertisements

sponsored advertisements

8 March 2022

വൈദ്യശാസ്ത്ര സഹായത്തോടെയുള്ള മരണം; ഒരു ഫാർമസിസ്റ്റിന്റെ അനുഭവം

ലീനാ തോമസ് കാപ്പൻ ,കാനഡ
ഫാർമസിസ്റ്

2014 ൽ ഡോക്ടർ ഡൊണാൾഡ് ലോ, പ്രസ് കോൺഫെറൻസിൽ, വൈദ്യശാസ്ത്ര സഹായത്തോടെയുള്ള മരണം അഭ്യർത്ഥിക്കുന്ന ഒരു വീഡിയോ പങ്കുവെച്ചു. ടൊറോന്റോയിലെ മൗണ്ട് സിനായ് ഹോസ്പിറ്റലിൽ മൈക്രോബിയോളജി വിഭാഗം തലവനായിരുന്ന അദ്ദേഹത്തിനു ബ്രെയിൻ ട്യൂമർ ആയിരുന്നു. ഈ വീഡിയോയിൽ വളരെ ശാന്തനായി സംസാരിക്കുന്ന അദ്ദേഹത്തിന് രോഗാവസ്ഥയിൽ കേൾവി നഷ്ടപ്പെട്ടിരുന്നു, ഒരു കണ്ണ് പാതി തുറക്കാനും കഴിയുന്നില്ല. ഇതിങ്ങനെ തുടർന്നാൽ “എന്റെ ജീവിതത്തിന്റെ അവസാനം എന്തായിരിക്കുമെന്നത് എന്നെ വളരെ ആശങ്കപ്പെടുത്തുന്നു” എന്ന് അദ്ദേഹം പറയുന്നുണ്ട്. ഈ നടപടി പ്രവർത്തികമാക്കിയ രാജ്യങ്ങളെ ഉദാഹരിച്ചുകൊണ്ട് അത്യന്തം രോഗാതുരമായ അവസ്ഥയിൽ എത്തിപ്പെട്ട ആളുകൾക്ക് അഭിമാനത്തോടെ ജീവിതം അവസാനിപ്പിക്കാൻ വൈദ്യശാസ്ത്ര സഹായത്തോടെയുള്ള മരണം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നടപ്പിലാക്കണമെന്ന് കാനഡയോട് അദ്ദേഹം അഭ്യർത്ഥിക്കുന്നു.

“ഒരാൾക്ക് അന്തസ്സോടെ മരിക്കാനുള്ള ഈ ആഗ്രഹത്തെ സഫലമാക്കുന്നതിനെ പല ഡോക്ടർമാരും എതിർക്കുന്നുണ്ട് , എന്നാൽ അവരാരെങ്കിലും എന്റെയീ ശരീരത്തിൽ ഒരു ഇരുപത്തിനാലു മണിക്കൂർ ജീവിച്ചാൽ അവർ ഈ ചിന്താഗതിയെ മാറ്റിയേക്കും” എന്നും അദ്ദേഹം കൂട്ടിച്ചേർക്കുണ്ട്. ഏതായാലും ഈ വീഡിയോയിൽ സംസാരിച്ചുകഴിഞ്ഞ് എട്ടുദിവസത്തിനുശേഷം ഡോക്ടർ മരിച്ചു. ഭാര്യ അദ്ദേഹത്തിന്റെ ചരമകുറിപ്പിൽ, തന്റെ ഭർത്താവിന് ഒരു ശ്രദ്ധാഞ്ജലിയായി വൈദ്യശാസ്ത്ര സഹായത്തോടെയുള്ള മരണം നിയമപരമായി പ്രവർത്തികമാക്കണമെന്ന് അപേക്ഷിക്കുന്നു എന്ന് എഴുതിച്ചേർത്തു .

ഒരു ഫാർമസിസ്റ് എന്ന നിലയിൽ കാനഡയിലെ വൈദ്യശാസ്ത്ര സഹായത്തോടെയുള്ള മരണം എന്ന നടപടി ക്രമത്തിന്റെ ഒരു ഭാഗമാകാൻ പറ്റുന്നു എന്നതാണ് ഈ ലേഖനത്തിന്റെ ഉള്ളടക്കം. മെഡിക്കൽ അസ്സിസ്റ്റൻസ് ഇൻ ഡൈയിങ്ങ് അഥവാ MAID എന്നാണ് ഈ പ്രക്രിയയെ വിളിക്കുന്നത്. ഡോക്ടറിന്റെ കുറിപ്പടിപ്രകാരം ഇതിനാവശ്യമായ മരുന്നുകൾ ഡിസ്പെൻസ്‌ ചെയ്തു കൊടുക്കുന്നതാണ് ഫാർമസിസ്‌റ്റിന്റെ ജോലിയുടെ ഭാഗമായി വരുന്നത്. നാല് മരുന്നുകളും, അത് ശരീരത്തിലെത്തിക്കാനുള്ള സിറിഞ്ചുകളുൾപ്പെടുന്ന സഹയായകസാമഗ്രികളും ഉൾപെടുന്ന പായ്‌ക്കറ്റിനെ “മെയ്ഡ് കിറ്റ് “എന്നു പറയുന്നു.

ആദ്യമായി യൂത്തനേഷ്യ വാക്കുമായി ഒരു ചർച്ചയ്ക്കിരിക്കുന്നത് കൊച്ചി അമൃതാ ഫാർമസി കോളേജിലെ അധ്യാപനകാലത്താണ്. മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യാവലിയും ഉത്തരങ്ങളും അന്താരാഷ്‌ട്ര നിലവാരത്തിൽ എങ്ങനെ തയ്യാറാക്കണം എന്ന പരിശീലനത്തിനായി കുറച്ചു ഡോക്ടർമാരോടൊപ്പമായിരുന്നു ഞാൻ . പരിശീലനത്തിനിടയിൽ ചില മാനദണ്ഡങ്ങൾക്കനുസരിച്ച് പലവിഷയങ്ങളിൽ കൂട്ടചർച്ചകൾ നടത്തുകയുണ്ടായി . അതിലൊരു ദിവസത്തെ ചർച്ചാവിഷയമായത് ‘ യൂത്തനേഷ്യ’ ആയിരുന്നു. ഫോറൻസിക് വിഭാഗം മേധാവി , മരിച്ചുപോയ ഡോക്ടർ ബി. ഉമാദത്തൻ സാറായിരുന്നു പരിശീലനത്തിന്റെ ചുക്കാൻ പിടിച്ചിരുന്നത് . ഡോക്ടർമാരിൽ ചിലർ പ്രായോഗികമായും മറ്റുചിലർ

വികാരരാധീനരായും ബുദ്ധിപരമായും വൈദ്യശാസ്ത്രപരമായും മാനുഷികമായും മതപരമായും ഒക്കെ ഈ വിഷയത്തെപ്പറ്റി സംസാരിച്ചു .ഫാർമസി ടീച്ചറെന്ന നിലയിൽ മാനുഷികമായ ഒരു നിലയിലല്ലാതെ ഒരിക്കലും ഇതിൽ നേരിട്ട് ഇടപെടേണ്ടി വരില്ല എന്ന ഉത്തമ ബോധ്യം അസാധാരണമായവിധം ഉണ്ടായിരുന്നു. മാത്രവുമല്ല , എങ്ങനെയെങ്കിലും മരിച്ചുകിട്ടിയാൽ മതിയെന്ന് ചിന്തിക്കുന്ന ഒരാളുടെ ശരീരത്തിലോ മനസിലോ പരകായ പ്രവേശനം നടത്തികൊണ്ട് ഈ വിഷയത്തെപ്പറ്റി ചിന്തിക്കുവാനോ അഭിപ്രായം പറയുവാനോ ഉള്ള മാനസിക പക്വതയില്ലായ്മയും അനുഭവവുമില്ലായ്‌മയും സമ്പത്തായി മനസ്സിലുണ്ടായിരുന്നു. അത് നന്നായി വായിച്ചിട്ടെന്നപോലെ, ഡോക്ടർമാർ എല്ലാവരും പറയുന്നവ അമ്പരപ്പോടെ, ഒന്നും മിണ്ടാതെ കേട്ടിരുന്ന എന്നോട് ഉമാദത്തൻ സാർ ചോദിച്ചു , ഒരഭിപ്രായവുമില്ലേ മരുന്നെഴുത്തുകാരിക്കെന്ന് . ഞാൻ വെറുതെ അദ്ദേഹത്തെ നോക്കി ചിരിച്ചു .
ഏഴ് വർഷങ്ങൾക്കിപ്പുറം ഇവിടെ കാനഡയിൽ ഡോക്ടറുടെ കുറിപ്പടി പ്രകാരം ആദ്യമായി “മെയ്ഡ് കിറ്റ്” തയ്യാറാക്കുമ്പോൾ അന്നത്തെ ആ അമ്പരപ്പ് എന്റെ വിരലുകളിലും ചിന്തകളിലും പിന്നീടുള്ള ഉറക്കം കിട്ടാത്ത രാത്രികളിലും ഞാനറിഞ്ഞു. “എനിക്കഭിപ്രായമുണ്ട് സാർ ” എന്നു കുറച്ചുദിവസങ്ങളോളം ഞാൻ ഉമാദത്തൻ സാറിനോടു പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്തു. സാറപ്പോഴേക്കും മരിച്ചുപോയല്ലോ.

2016 ജൂണിലാണ് പാർലിമെന്റ് ഓഫ് കാനഡ, കേന്ദ്രികരണ ഭരണാടിസ്ഥാനത്തിൽ 18 വയസ്സിനു മുകളിലുള്ള ആളുകൾക്ക് വൈദ്യസഹായത്തോടെ മരിക്കാനുള്ള അപേക്ഷ സമർപ്പിക്കാമെന്നതിന്റെ ചട്ടങ്ങൾ പൂർത്തിയാക്കിയത്. 2020 ഒക്ടോബർ അഞ്ചാം തീയതി ക്രിമിനൽ കോഡിൽ ഭേദഗതി വരുത്തുകയും ചെയ്തു. ഈ ഭേദഗതിപ്രകാരം മരിക്കാനുമുള്ള വൈദ്യസഹായം കൊടുക്കാനുള്ള അവകാശം ഡോക്ട്ടർമാരോടൊപ്പം നേഴ്സ് പ്രാക്റ്റീഷണേഴ്‌സ് എന്ന യോഗ്യതയുള്ള ആരോഗ്യപ്രവർത്തകർക്കുകൂടി ലഭ്യമായി. കാനഡയിൽ ചില പ്രവശ്യകളിൽ മാത്രമേ നേഴ്സ് പ്രാക്റ്റീഷനേഴ്‌സിന് ഈ അവകാശമുള്ളൂ എന്നതുകൂടി ഇതിനോടൊപ്പം ചേർത്തുവെക്കുന്നു . ഭേദഗതിയിലെ രണ്ടാമത്തെ കാര്യം, ഈ വിധമുള്ള മരണത്തിന് വൈദ്യസഹായം കൊടുക്കാൻ മുകളിൽ പറഞ്ഞവിഭാഗത്തെ സഹായിക്കാനായി ഫാർമസിസ്റ്, മരണം ആഗ്രഹിക്കുന്ന വ്യക്തി തന്റെ മരണം സാധ്യമാക്കാനായി സഹായം ചോദിക്കുന്ന കുടുംബാംഗങ്ങൾ, (അല്ലെങ്കിൽ മറ്റൊരു വ്യക്തി), ഈ പ്രവർത്തി സംബന്ധിച്ച വൈദ്യസഹായം ഉറപ്പാക്കുന്ന ഡോക്ടർ , നേഴ്‌സ് പ്രാക്റ്റീഷനർ എന്നിവരെ സഹായിക്കുന്ന മറ്റ് ആരോഗ്യപ്രവർത്തകർ എന്നിവരെകൂടി ഈ ലിസ്റ്റിലേക്ക് ഉൾപ്പെടുത്തി എന്നുള്ളതാണ് . ഇവിടെയാണ് ജോലിയുടെ ഭാഗമായി ഫാർമസിസ്റ് എന്ന നിലയിൽ ഞാൻ ഈ ദൗത്യത്തിൽ പങ്കാളിയാകുന്നത്.

ഭർത്താവും ആണ്മക്കളും പിന്നെ അപ്പനമ്മമാർ വന്നുനിൽക്കുമ്പോൾ അവരും അടുക്കളജോലികൾക്ക് സഹായം തരുന്ന വീടാണ് ഞങ്ങളുടേതെങ്കിലും ചില പ്രത്യേക ജോലികൾ, വേദനാസംഹാരികളിലും നീർവീക്കം കുറക്കുന്ന മരുന്നുകളിലും എന്നെ കൊണ്ടെത്തിക്കാറുണ്ട്. കഴുത്തിന്റെ എല്ലുകൾക്കിടയിലെ തേയ്മാന പ്രശ്നമാണ് കഴുത്തിനും കൈകൾക്കും പുറംഭാഗത്തിനും ചിലപ്പോൾ ആ നാഡിപോകുന്ന കാലിനു താഴെവരെ വേദനതരുന്നത്. കഴുത്തിൽ സ്റ്റിറോയ്ഡ് കുത്തിവെക്കുകയാണ് പ്രതിവിധിയെന്ന്‌ ഇവിടുത്തെ നാഡീരോഗവിദഗ്ധൻ നിർദ്ദേശിച്ചെങ്കിലും അത്യാവശ്യ സന്ദർഭങ്ങളിൽമാത്രം മരുന്ന് കഴിച്ചും എല്ലാദിവസവും യോഗചെയ്തുമാണ് ഈ വേദനകളെ വരുതിയിലാക്കി നിർത്തിയിരിക്കുന്നത് .

ഇത്തിരികൂടി പ്രായമാകുമ്പോൾ ഈ ജീവിതം ഇതിലുമൊരുപാട് പ്രയാസമാകും എന്ന യാഥാർഥ്യം മുന്നിൽക്കണ്ട് ‘ ഒരറുപതു വയസ്സുവരെ ജീവിച്ചാൽ മതി ‘യെന്ന് ഞാൻ ഇടക്കിടെ തമാശരൂപത്തിൽ വീട്ടിൽ പറയും. എന്തിനാണമ്മാ എങ്ങനെ പറയുന്നത് “എന്ജോയ് ദിസ് ബ്ലെസ്സഡ് ലൈഫ് ” എന്ന് മറുപടി കിട്ടും. അങ്ങനെയിരിക്കെ രണ്ടാമത്തെ മകൻ വേനൽക്കാല അവധിക്ക് “പേർസണൽ സപ്പോർട്ട് വർക്കർ” എന്ന തസ്തികയിൽ തത്കാല അടിസ്‌ഥാനത്തിൽ ഒരു ലോങ്ങ് ടേം കെയർ ഹോമിൽ ജോലിക്കു പോയി. ഇവിടുത്തെ കുട്ടികൾ സ്കൂളടക്കുമ്പോൾ വേനൽക്കാല ജോലികൾക്കും പഠനക്ളാസുകൾക്കിടയിൽ പാർട്ട് ടൈം ജോലികൾക്കും പോവുക പതിവാണല്ലോ.

ഇവിടുത്തെ ലോങ്ങ് ടേം കെയർ ഹോം എന്നതിനെപ്പറ്റി ചെറുതായൊന്ന് വിവരിക്കാം.ഈ രാജ്യത്തെ ആരോഗ്യപരിപാലന വ്യവസ്ഥപ്രകാരം പ്രായമായവർക്ക് അവരുടെ അസുഖങ്ങളുടെയും മാനസിക ശാരീരിക ആരോഗ്യസ്ഥിതിയുടെയും കാഠിന്യത്തിന്റെ അളവനുസരിച്ച് , മാനദണ്ഡപ്രകാരം യോഗ്യമെങ്കിൽ ലോങ്ങ് ടേം കെയർ ഹോമുകളിലും , പാലിയേറ്റീവ് കെയർ ഹോമുകളിലും പ്രവേശനം ലഭിക്കും. മരുന്നുകളുൾപ്പെടുന്ന ആരോഗ്യപരിരക്ഷ ഗവണ്മെന്റ് വഹിച്ചുകൊള്ളും. അങ്ങനെയുള്ളവരെ ഏറ്റെടുത്ത് സംരക്ഷിക്കുന്ന ഹോമിലാണ് മകൻ ജോലിക്കുപോയിതുടങ്ങിയത്. ജോലി കഴിഞ്ഞുവരുമ്പോൾ അവന്റെയൊപ്പം എന്നും കുറച്ചുനേരം വിശേഷണങ്ങൾ പറഞ്ഞിരിക്കുക എന്നത് പതിവായിരുന്നു . ഒരാഴ്ച തികയുംമുമ്പ് മകനെന്നോടു പറഞ്ഞു, അറുപതു വയസ്സ് വരെ ജീവിച്ചാൽ മതിയെന്ന് അമ്മ പറയുന്നത് എന്തിനാണെന്ന് എനിക്കിപ്പോൾ മനസ്സിലായി.

അവിടെ മിക്ക അമ്മച്ചിമാരും അപ്പച്ചന്മാരും വേദനസംഹാരികൾ കഴിച്ചാണ് ഓരോ ദിവസവും തള്ളിനീക്കുന്നത് . വേദനസംഹാരികൾ വായിലൂടെ കഴിക്കാൻ പറ്റാത്തവർക്ക് മോർഫിൻ , ഹൈഡ്രോമോർഫോൺ, ഫെന്റനിൽ തുടങ്ങിയ മരുന്നുകൾ ഒരു ദിവസം മുഴുവൻ ചെറിയ അളവിൽ ഇൻജെക്ഷൻ ആയി കൊടുക്കുന്ന രീതിയും ഉണ്ട്. കാൻസർ രോഗവുമായി മല്ലടിക്കുന്നവരും ഇതിലുൾപ്പെടുന്നുണ്ട്. അവർക്കായി പെയിൻ ആൻഡ് പാലിയേറ്റീവ് പരിചരണവും ഗവണ്മെന്റ് ലഭ്യമാക്കുന്നുണ്ട്. പലർക്കും അൽഷിമേഴ്‌സ് എന്ന അവസ്ഥ ഉണ്ട് . അടങ്ങിയിരിക്കാനുള്ള മരുന്ന് കൊടുത്തിട്ടില്ലെങ്കിൽ ഉപദ്രവിക്കുന്നവരുണ്ട് , മരുന്നുകൊടുക്കുമ്പോൾ ദേഷ്യപ്പെടുന്നവരുണ്ട് , തട്ടിക്കളയുന്നവരുണ്ട്. ചിലർ ബെഡ്‌ഡിൽനിന്നെഴുനേൽക്കാൻ പറ്റാത്ത അവസ്ഥയിലും മറ്റു ചിലർ വാതിൽ തുറന്നാൽ ദിക്കറിയാതെ മുറിയിൽ നിന്ന് ഇറങ്ങിപ്പോകുന്നവരും . പ്രായമായ ഒരമ്മച്ചിയെ കുളിപ്പിച്ചുകൊണ്ടിരുന്നപ്പോൾ എത്ര മൃദുവായിട്ടവരെ പിടിച്ചിട്ടും “മോനെ ദയവായി പതുക്കെ തൊടണമെ എനിക്ക് വേദനിക്കുന്നു” എന്നവർ പറഞ്ഞത്രേ. ഈ വാക്കുകളാണ് കഴുത്തും കൈയും വേദനയെടുക്കുമ്പോൾ അമ്മയെന്തിനാണ് ഒരറുപതുവരെ ജീവിച്ചാൽ മതിയെന്ന് പറയുന്നതിന്റെ പൊരുളറിയാൻ അവനെ സഹായിച്ചത്.

ഒരു മനുഷ്യജീവനെ അന്തസ്സായി ജീവിതം അവസാനിപ്പിക്കാൻ മെയ്ഡ് എത്രമാത്രമാണ് സഹായിക്കുന്നത് എന്ന ചിന്തയിലെത്തിക്കാനാണ് മുകളിൽ പറഞ്ഞ സാഹചര്യങ്ങളിലേക്ക് നിങ്ങളെ ഞാൻ കൂട്ടിക്കൊണ്ടു പോയത്. എന്നിരുന്നാലും അത്ര എളുപ്പത്തിൽ കരഗതമാകുന്ന ഒന്നല്ല ഗവൺമെന്റിൽ നിന്നും ഇങ്ങനെ മരിക്കാനുള്ള അനുമതി ലഭിക്കുക എന്നത്. കടമ്പകൾ ഉണ്ട് , അതിനു മതിയായ കാരണങ്ങൾ വേണം , അത് മാനദണ്ഡങ്ങൾ അനുസരിച്ചുള്ളതാവുകയും ചെയ്യണം. ഇപ്രകാരമുള്ള മരണത്തിനു അർഹതയുണ്ടോ എന്നുള്ള മാനദണ്ഡങ്ങൾ രണ്ട് ഡോക്ടർമാർ വിലയിരുത്തി നിർണയിക്കേണ്ടതുണ്ട്.

പ്രധാനമായും അഞ്ച് മാനദണ്ഡങ്ങളാണ് നിർണ്ണയിക്കപ്പെടേണ്ടത് :

1 . ഫെഡറൽ ഗവണ്മെന്റ്/ പ്രോവിൻസ് / ടെറിറ്റോറി ഇവയിലേതെങ്കിലും ഫണ്ട് ചെയുന്ന ആരോഗ്യസേവനങ്ങൾക്ക് യോഗ്യതയുള്ളയാളാവണം.

( സന്ദർശക വിസയിൽ വന്നു കുറച്ചുകാലം താമസിക്കുന്നവർക്ക് ഈ സേവനം ലഭ്യമല്ല )

2 . പതിനെട്ടു വയസ്സിന്ന് മുകളിൽ പ്രായമുള്ള , നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ ഇങ്ങനെയൊരു തീരുമാനം സ്വന്തമായി എടുക്കാൻ മാനസികമായി കഴിവുള്ള, ആളാവണം .

3 . ദാരുണമായതോ പരിഹാരമില്ലാത്തതോ ആയ രോഗാവസ്ഥയുള്ള ആളായിരിക്കണം.

4 . പരപ്രേരണ കൂടാതെ, സ്വന്തം ഇഷ്ടപ്രകാരമാകണം അപേക്ഷ സമർപ്പിക്കേണ്ടത് .

5 . വിവരങ്ങൾ വ്യക്തമാക്കുന്ന സമ്മതം ( informed concent ) നല്കണം.

വിവരങ്ങൾ വ്യക്തമാക്കുന്ന സമ്മതത്തിന് കുറച്ചുകുടി വിപുലമായ വിശദീകരണം ഉണ്ട്.

അപേക്ഷിക്കുന്ന സമയത്തും , മരിക്കുന്നതിന് തൊട്ടുമുമ്പും നിങ്ങളുടെ സമ്മതം വളരെ പ്രധാനമാണ് . അതിനുള്ള കഴിവ് നിങ്ങൾക്കുണ്ടാവണം , അതായത് നിങ്ങളുടെ പൂർണമായ ബുദ്ധി അഥവാ ബോധം ഈ സമ്മതത്തിന് വളരെ അത്യാവശ്യമാണ് . എപ്പോൾ വേണമെങ്കിലും ,മരണത്തിനു തൊട്ടുമുൻപ് ഡോക്ടർ നിങ്ങളോട് സമ്മതം ചോദിക്കുന്ന നിമിഷത്തിൽപ്പോലും നിങ്ങൾക്ക് ഈ തിരുമാനത്തിൽനിന്ന് പിന്മാറാവുന്നതാണ്.

ദാരുണമായതോ പരിഹാരമില്ലാത്തതോ ആയ രോഗാവസ്ഥയുള്ള ആളായിരിക്കണം എന്നതിനുള്ള വിശദീകരണം രോഗികൾക്കുവേണ്ടിയുള്ള വിവരകുറിപ്പിൽ ലഭ്യമാണ്. ഒരിക്കലും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാൻ സാധിക്കാത്ത വിധം , ഭേദമാക്കാൻ പറ്റാത്തവിധത്തിലുള്ള അസുഖമോ വൈകല്യമോ ഉള്ള ആളായിരിക്കണം നിങ്ങൾ. അത്തരം അസുഖങ്ങളുമായി മുന്നോട്ടുപോകുമ്പോൾ സഹിക്കാൻ പറ്റാത്തവിധം മാനസികമായോ ശാരീരികമായോ പ്രയാസങ്ങൾ അനുഭവിക്കുന്ന അവസ്ഥയിലായിരിക്കണം നിങ്ങൾ. കൂടാതെ , സാധാരണ മരണം സമീപഭാവിയിൽ ആസന്നമാകുമെന്ന് മുൻകൂട്ടി നിർണ്ണയിക്കാനാകാനാകുന്ന അവസ്ഥയിലായിരിക്കണം എന്നുമുണ്ട്.

വൈദ്യശാസ്ത്ര സഹായത്തോടെയുള്ള മരണം എന്ന നടപടിക്ക് അപേക്ഷ സമർപ്പിച്ചുകഴിഞ്ഞാൽ രണ്ട് ഡോക്ടർമാർ രോഗിയും രോഗിയുടെ കുടുംബവുമായി അഭിമുഖം നടത്തും. അതിനുമുമ്പേ അവർ രോഗിയുടെ അസുഖവും ശാരീരികമാനസിക അവസ്ഥയും മനസ്സിലാക്കുന്നതിനുള്ള വിവരശേഖരണം നടത്തും. രണ്ടു ഡോക്ടർമാരും രണ്ടു വ്യത്യസ്ത സമയങ്ങളിലായി അഭിമുഖം നടത്തി ഈ രോഗിക്ക് ഫെഡറൽ ഗവണ്മെന്റ് അനുശാസിക്കുന്ന നിബന്ധനകൾക്കനുസരിച്ച് വൈദ്യശാസ്ത്ര സഹായത്തോടെയുള്ള മരണം കൈവരിക്കാനുള്ള അർഹതയുണ്ടോ എന്ന് ഉറപ്പാക്കും. അതിനുശേഷം രോഗിയുടെ സമ്മതം ഉറപ്പിക്കും. ഈ സമ്മതം മരിക്കുന്നതിന് തൊട്ടുമുൻപ് കൂടി നൽകാനുള്ള ബോധപരമായ അവസ്ഥ ഉണ്ടായിരിക്കണമെന്നത് പ്രധാനമാണ്.

എല്ലാ നടപടിക്രമണങ്ങളും വിജയകരമായാൽ അഭിമാനത്തോടെ മരിക്കുക എന്ന രോഗിയുടെ ആഗ്രഹം സഫലമാകും , അതിനായി ഒരു നിശ്ചിത സമയം തീരുമാനിക്കും. ഇത് നടത്താൻ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന ഡോക്ടർ ഫാർമസിയിലേക്ക് പ്രിസ്ക്രിപ്ഷൻ അയക്കും. ഫാർമസിസ്റ് ഈ മരുന്നുകൾ തയ്യാറാക്കി വയ്ക്കുകയും ചിലപ്പോൾ ഡോക്ടർ നിർദ്ദേശിക്കുന്ന അഡ്രസ്സിലേക്ക് ( രോഗിയുടെ വീട് , ഫ്യൂണറൽ ഹോം ) കൊടുത്തുവിടുകയോ അല്ലെങ്കിൽ ഡോക്ടർ നേരിട്ട് ഫാർമസിയിൽ വന്ന് കൈപ്പറ്റുകയോ ചെയ്യും. മരുന്ന് ഡിസ്പെൻസു ചെയ്തുകഴിഞ്ഞാൽ കാനഡ ഗവണ്മെന്റിന്റെ ഓൺലൈൻ വെബ്‌സൈറ്റിൽ ഫെഡറൽ മിനിസ്റ്റർ ഓഫ് ഹെൽത്തിനു ഫാർമസിസ്റ് എന്ന ഐഡന്റിറ്റിയിൽ ഇത് റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്.

നാലുതരം മരുന്നുകളാണ് നിയമാനുസൃതമായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്

മനസ്സിനെ സ്വാസ്ഥ്യപ്പെടുത്തി ഗാഢമായ ഉറക്കത്തിലേക്ക് വഴുതിവഴിക്കുന്ന ബെൻസോഡിയാസിപിൻ എന്ന വിഭാഗത്തിൽപ്പെടുന്ന മരുന്ന് ആദ്യം കൊടുക്കും , ആകുലതകൾ മാറ്റിനിർത്തി വളരെ ആശ്വാസകരമായ ഒരു മാനസികാവസ്ഥ പ്രദാനം ചെയ്തുകൊണ്ട് നന്നായി ഉറങ്ങുന്ന ഒരവസ്ഥയിലേക്ക് ഈ മരുന്ന് രോഗിയെ കൂട്ടിക്കൊണ്ടു പോകും. കുടുംബാഗംങ്ങളിൽ ആരൊക്കെ കട്ടിലിനു ചുറ്റുമുണ്ടാകണമെന്നൊക്കെ രോഗിയും കുടുംബാംഗങ്ങളും ചേർന്ന് തീരുമാനിച്ചിട്ടുണ്ടാകും. അവരെല്ലാവരും അവരുടെ പ്രിയപ്പെട്ടവനെ / പ്രിയപ്പെട്ടവളെ തൊടുന്നുണ്ടാവുമപ്പോൾ. ബോധത്തിന്റെ ഈ അവസ്ഥാന്തരത്തിൽ സ്വന്തം ചേട്ടൻ “നിന്നെ ഞാൻ പബ്ബിൽ വെച്ചുകാണാം ” എന്ന് പറഞ്ഞതിന് മറുപടിയായി ” തീർച്ചയായും അവിടെ വെച്ചുകാണാം” എന്ന് ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞാണ് തന്റെ പിതാവ് മരണത്തിലേക്ക് പോയതെന്ന് ആശ്വാസത്തോടെ ഒരു മകൾ കുറിച്ചുവെച്ചത് വായിച്ചതോർമ്മവരുന്നുണ്ടിപ്പോൾ.

ആ മരുന്നിനുശേഷം അനസ്തേഷ്യയിൽ ഉപയോഗിക്കുന്ന വിഭാഗത്തിൽപ്പെട്ട മരുന്ന് കുറച്ച് കൂടിയ ഡോസിൽ കൊടുക്കും. കോമ ഉണ്ടാക്കാൻ സഹായിക്കുക എന്നതാണ് ഈ മരുന്നിന്റെ ധർമ്മം. കോമയിലേക്ക് പോയികഴിഞ്ഞാൽ ഒന്ന് രണ്ടു മിനിറ്റുകൾക്കുള്ളിൽ അബോധാവസ്ഥയിലാകും. ഈ മരുന്ന് കുത്തിവെക്കുമ്പോൾ വേദനയുണ്ടാകുമെന്നതുകൊണ്ട് കുത്തിവയ്ക്കുന്ന ഭാഗത്തെ മരവിപ്പിക്കുന്ന ലൈഡോകൈൻ എന്ന മരുന്ന് വളരെ ചെറിയ അളവിൽ കുത്തിവെക്കും. കോമയിൽ ആയെന്ന് ഉറപ്പുവരുത്തിയതിനുശേഷം മാത്രം മസിലുകളെ എല്ലാം തളർത്തുന്ന വിഭാഗത്തിൽപ്പെട്ട അവസാനത്തെ മരുന്ന് കുത്തിവക്കും. അതുകൂടി കൊടുത്തുകഴിയുമ്പോൾ ഡോക്ടർ മരണം ഉറപ്പാക്കുന്നു.

വായിലൂടെ കഴിക്കാവുന്ന വിധത്തിലും മരണത്തെ സഹായിക്കുന്ന മരുന്നുകൾ കൊടുക്കാവുന്നതാണ്. പക്ഷെ ആ മരുന്നുകളുടെ ചേരുവ വ്യത്യസ്തമാണ്. മരണത്തിനെടുക്കുന്ന സമയം ദീർഘമാണെന്നതും മരുന്നുകൾ കൈപ്പുള്ളവയാണെന്നതും മരണത്തിനായി കൊടുക്കുന്ന മരുന്നുകൾ ഛർദ്ദിച്ചു പോകാതിരിക്കാനായി ഈ പ്രക്രിയക്കുമുമ്പേ ഛർദിക്കാതിരിക്കാനുള്ള മരുന്നുകൾ കഴിക്കേണ്ടതുണ്ടെന്നുള്ളതും പ്ര്യത്യേകതയാണ്.

ഡോക്ടർ , നേഴ്‌സ് , ഫാർമസിസ്റ് എന്നുള്ള നിലക്ക് മതപരമായോ മാനുഷികമായോ ഉള്ള വിശ്വാസങ്ങൾ ഈ പ്രക്രിയയുടെ ഭാഗമാകാൻ നിങ്ങൾക്ക് തടസ്സമാകുന്നുണ്ടെങ്കിൽ ഇതിൽനിന്നും മാറിനിൽക്കുവാനുള്ള പൂർണ്ണസ്വാതന്ത്ര്യം ഗവണ്മെന്റ് തരുന്നുണ്ട്. ആദ്യത്തെ ദിവസങ്ങളിൽ മരുന്ന് പായ്ക്ക് ചെയ്യുമ്പോഴും ഡോക്ടറിന് കൈമാറുമ്പോഴും പിന്നീട് വീട്ടിലുവന്നുകഴിഞ്ഞും ചെറിയ ഒരു മാനസികസംഘർഷം ഉണ്ടാക്കിയെങ്കിലും ഡോക്ടറിനോടും കുടുംബാംഗങ്ങളോടും സംസാരിച്ചുകഴിഞ്ഞപ്പോൾ ” അഭിമാനത്തോടെ, സന്തോഷത്തോടെ മരിക്കാൻ ” ഒരാളെ പ്രാപ്തമാക്കുന്ന ഒരു പ്രക്രിയയുടെ ഭാഗമാകുന്ന സംതൃപ്തിയാണ് ഇപ്പോഴുള്ളത്. ഈ പ്രക്രിയക്കായി ദിവസത്തിൽ ശരാശരി ഒരു കുറിപ്പടി എന്ന നിരക്കാണ് ഞാൻ ജോലിചെയ്യുന്ന ഫർമസിയിൽ ഇപ്പോഴുള്ളത്ലോകത്തിന്റെ പലഭാഗങ്ങളിലും ഇത് സാധാരണയായ ഒരു പ്രക്രിയയാണ്. ഇവിടെ വന്ന് ഇതിൽ നേരിട്ട് ഭാഗമാകാൻ കഴിഞ്ഞപ്പോൾ നന്മയോ തിന്മയോ , തെറ്റോ ശെരിയോ എന്നതിനേക്കാളൊക്കെ ഉപരി നമ്മുടെ നാട്ടിൽ ഇത് സാധാരണമല്ലാത്തതുകൊണ്ട് ഒരു അവബോധം ഉണ്ടാക്കുക എന്നത് മാത്രമാണ് ഈ കുറിപ്പുകൊണ്ട് ഉദ്ദേശിക്കുന്നത് . അതുശരിയായ രീതിയിൽ എല്ലാവർക്കും പ്രയോജനപ്പെടട്ടെ എന്നാഗ്രഹിക്കുന്നു.

ലീനാ തോമസ് കാപ്പൻ ,കാനഡ