തന്തൂരി ചിക്കന്റെ ഈഗോ (ലീനാ തോമസ് കാപ്പൻ,കാനഡ )

sponsored advertisements

sponsored advertisements

sponsored advertisements

27 February 2022

തന്തൂരി ചിക്കന്റെ ഈഗോ (ലീനാ തോമസ് കാപ്പൻ,കാനഡ )

ഴുപതുകളിൽ പാലസ്റ്റീനിൽ നിന്ന് കാനഡയിലേക്ക് അപ്പനോടും അമ്മയോടുമൊപ്പം പലായനം ചെയ്തതായിരുന്നു അവൻ, പേര് ലാവിൻ. ഇപ്പോൾ കമ്പനിയിൽ എന്റെ കൂടെ ജോലി ചെയ്യുന്നു. തിങ്കളാഴ്ച വരുമ്പോൾ എല്ലാവരും പരസ്പരം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്.
“ഹൌ വാസ് യുവർ വീക്കെൻഡ്”.
ജോലിക്കിടയിൽ തിരക്കില്ലാതിരുന്ന ഒന്ന് രണ്ടു മിനിറ്റുകൾ എന്തെങ്കിലും ഫലസമൃദ്ധമായി സംസാരിക്കണമെന്ന് ചിന്തിച്ചു ഞാൻ അവനോടു ചോദിച്ചു. ”
“എങ്ങനെയുണ്ടായിരുന്നു നിന്റെ വാരാന്ത്യം?”
അവൻ എനിക്ക് നേരെ തിരിഞ്ഞു വാചാലനായി
” ഭാര്യ അവളുടെ വീട്ടിൽ പോയിരിക്കുകയാണ് അതുകൊണ്ട് കഴിഞ്ഞ രണ്ടു ആഴ്ചയവസാനങ്ങളിലും ഞാൻ നമ്മുടെ കൂടെ ജോലിചെയ്യുന്ന ഇന്ത്യാക്കാരൻ ഗൗതമിന്റെ വീട്ടിലായിരുന്നു. അവന്റെ ഭാര്യയും കുഞ്ഞും അടുത്തമാസം നാട്ടിൽനിന്നു വരും. ഞങ്ങളുടെ ബാച്ചിലർ ജീവിതം തീരുന്നതിനു മുൻപ് ആഘോഷിക്കാനായിരുന്നു ഈ കൂടിച്ചേരൽ. “ഡിന്നർ സ്റ്റാർട്ടർ” ആയി കഴിക്കാൻ അവൻ തന്തൂരി ചിക്കൻ ഉണ്ടാക്കിയിരുന്നു.
ആദ്യത്തെ ആഴ്ച ഞാൻ കുറച്ചു താമസിച്ചാണ് അത്താഴത്തിനു ചെന്നത്. എല്ലാവരും കഴിച്ചു എന്ന് കരുതി ഞാൻ ചിക്കൻ കഴിക്കാൻ തുടങ്ങി. വളരെ രുചികരമായിരുന്നതുകൊണ്ടു വർത്തമാനത്തിനിടയിൽ ഞാൻ ചിക്കൻ എടുത്തു കഴിച്ചുകൊണ്ടേയിരുന്നു. കുറച്ചുകഴിഞ്ഞപ്പോൾ ഗൗതം എന്നോട് ചോദിച്ചു ;
“നീ എന്താണ് ഈ കാണിക്കുന്നത്. ഞാൻ ആകെ പന്ത്രണ്ടു കഷണമേ ഉണ്ടാക്കിയുള്ളു, ബാക്കി ഉള്ളവർക്ക് വേണ്ടേ. ”
അപ്പോഴാണ് മറ്റുള്ളവർ കഴിച്ചിട്ടില്ലെന്ന് എനിക്ക് മനസ്സിലാവുന്നത്.
“ഐ വാസ് സൊ സ്റ്റുപിഡ്”, ഞാൻ സോറി പറഞ്ഞിട്ട് കഴിക്കുന്നത് നിർത്തി.
എന്ത് രുചിയാണ് നിങ്ങളുടെ ഇന്ത്യൻ വിഭവങ്ങൾക്ക്. ഗൗതം എന്നെ അത് ഉണ്ടാക്കാൻ പഠിപ്പിക്കാമെന്നേറ്റു. അതുകൊണ്ടു കഴിഞ്ഞാഴ്ച ഞാൻ ചിക്കനും വാങ്ങി നേരത്തെ അവന്റെ വീട്ടിലെത്തി. എന്നിട്ടു ഞങ്ങൾ രണ്ടാളും കൂടെ ഉണ്ടാക്കി. അന്ന് ബാക്കി വന്ന തന്തൂരി ചിക്കൻ അവനെനിക്ക് പാക്ക് ചെയ്തു തന്നയച്ചു. എന്റെ ഭാര്യക്കും ഒരുപാടിഷ്ടമായി. ഇപ്പോൾ എല്ലാ ഞായറാഴ്ചയും ഞങ്ങൾ ഇതുണ്ടാക്കിക്കഴിക്കും.
ഇനി നീ എന്നെ ബട്ടർ ചിക്കൻ ഉണ്ടാക്കാൻ പഠിപ്പിക്കണം. ഞങ്ങളുടെ വീട്ടിൽ എല്ലാവര്ക്കും ഇന്ത്യൻ വിഭവങ്ങൾ ഇഷ്ടമാണ്.
അടുത്ത ഡിന്നർ പാർട്ടി എന്റെ വീട്ടിൽ വെച്ച് നടത്താം. നീ ബട്ടർ ചിക്കൻ കൊണ്ട് വന്നാൽ മതി. ”
ഇവിടെ ഒരു ഒത്തുചേരൽ നടക്കുമ്പോൾ വരുന്നവരെല്ലാം അവരവർക്കു പറ്റും വിധം വിഭവങ്ങൾ ഉണ്ടാക്കി കൊണ്ട് വരും.
“പോട്ട് ലക്ക്” എന്ന ഓമനപേരുണ്ടതിന്.
അതാവുമ്പോൾ ആതിഥേയർക്ക് എല്ലാംകൂടി ഒരുക്കാൻ അത്രമാത്രം ആധി പിടിക്കേണ്ടതില്ല.
ഈ സംഭവം എന്നെ ഒരുപാട് ചിന്തിപ്പിച്ചു. നമ്മുടെ നാട്ടിലാണ് ഇത് സംഭവിച്ചിരുന്നെങ്കിൽ ഇങ്ങനെയായിരിക്കുമോ ഈ ഒത്തുചേരലിന്റെ അവസാനം എന്ന് ആലോചിച്ച് അതിൽ ഈഗോയും വർഗീയതയും കുത്തിക്കയറ്റി ഒരു ഷോർട്ട് ഫിലിമിനുള്ള ഡാർക്ക് ആൻഡ് വൈറ്റ് സീനുകൾ ഉണ്ടാക്കി കുറച്ചുനേരം ഞാൻ കുലുങ്ങിചിരിച്ചു.
ക്രിസ്ത്യാനിയും സിക്കും ഹിന്ദുവും മുസ്ലിമും ഒക്കെയടങ്ങിയ ഡിന്നർ പാർട്ടിയായിരുന്നല്ലോ ഇത്.
ചിരിക്കുശേഷമുള്ള എന്റെ ചിന്തകൾ കുറെ “അതോ ” കളോടോപ്പം ചുവടെ ചേർക്കുന്നു:
ഉള്ളിൽ എപ്പോൾ വേണമെങ്കിലും ഫണമുയർത്താൻ പാകത്തിൽ റെഡിയായിരിക്കുന്ന “ഈഗോ” യും അതിനെത്തുടർന്നുണ്ടായേക്കാവുന്ന
നാണക്കേടും അപമാനവും ഒക്കെ ഇവന്റെ ഡിക്ഷനറിയിൽ ഇല്ലേ.
അല്ലെങ്കിൽ അവന്റെ നാട്ടിലും കാനഡയിലും ഈ ചിന്താഗതികളെ എങ്ങനെ നന്നായി ചിട്ടപ്പെടുത്തിയെടുക്കണമെന്നതിനുള്ള പരിശീലനം കിട്ടിയിട്ടുണ്ടാകുമോ.
അതോ അങ്ങനത്തെ ബാലിശമായ,
ഈഗോയെ വൃത്തികെട്ട രീതിയിൽ ചിത്രീകരിക്കുന്ന സ്വാർത്ഥചിന്തകൾ, ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തുമെന്ന് നന്നായി അറിയുന്നുണ്ടാകുമോ. ….
അതോ ഗൗതമിന്റെയും അവന്റെയും കൂട്ടുകെട്ട് അത്രമേൽ ആഴത്തിലുള്ളതായിരിക്കുമോ….
ഈഗോ ഫണമുയർത്തുന്ന സമയത്തൊക്കെ അതിനെ ഈഗോയാണെന്നു തിരിച്ചറിയാൻ പറ്റുന്നതും എന്നിട്ട് അതിന്റെ കുഞ്ചിക്കു കുത്തിപ്പിടിച്ച് ” അടങ്ങിയിരുന്നില്ലെങ്കിൽ കൊന്നു കൊലവിളിക്കും ഞാൻ ” എന്ന് പറഞ്ഞു
ബന്ധങ്ങളെ മനോഹരമാക്കാൻ മുന്നോട്ടു കുത്തിക്കുന്നതും എത്ര ആരോഗ്യകരമാണെന്ന് മനസ്സിലാക്കിയ നിമിഷങ്ങളായിരുന്നു ഈ സംഭാഷണം.
എന്നെ ഏറ്റവുമധികം അത്ഭുതപ്പെടുത്തിയത് “ഐ വാസ് സൊ സ്റ്റുപിഡ്” എന്നതുകൂടി ഇട്ടലങ്കരിച്ച് ലാവിൻ ഇത് എന്നോട് എത്ര ലാഘവത്തോടെയാണ് പറഞ്ഞതെന്നാണ്.
ഞാൻ ഒരു വലിയ കാര്യം പഠിച്ചു. മാനസികാരോഗ്യം എന്നത് വലിയ കാര്യമാണ്. ബന്ധങ്ങളിൽ ഈഗോ വലിഞ്ഞു കയറി വരാതിരിക്കാൻ….. ” അവനെന്നെ അപമാനിച്ചു ” എന്നൊക്കെ ചിന്തിക്കുന്നതും അതിനേക്കാളുപരി അത് അങ്ങനെ മറ്റുള്ളവരോട് പറയുന്നതുപോലും അവനവനെ സ്വയം വിലയിടിച്ചു പ്രദര്ശിപ്പിക്കുന്നതാണെന്നു മനസ്സിലാക്കാൻ….. നമ്മുടെ സംസ്കാരം എത്രമാത്രം മുന്നോട്ടു പോകേണ്ടിയിരിക്കുന്നു.
എന്തിലും ഏതിലും ഈഗോയും വർഗീയതയും കുത്തിനിറച്ച് “ശോഷിച്ച ബുദ്ധിയും ചീത്ത ഹോർമോണുകൾ നിറഞ്ഞ രക്തവും”
എത്രനാൾ നമ്മളെ മുന്നോട്ടു നയിക്കും.