കുട്ടികളിലെ കൂര്‍ക്കംവലി (ലീനാ തോമസ്, ഫാർമസിസ്റ്റ്, കാനഡ )

sponsored advertisements

sponsored advertisements

sponsored advertisements

2 April 2022

കുട്ടികളിലെ കൂര്‍ക്കംവലി (ലീനാ തോമസ്, ഫാർമസിസ്റ്റ്, കാനഡ )

പ്രായഭേദമെന്യേ ആര്‍ക്കും ഏതു പ്രായത്തിലും ഉറക്കത്തില്‍ ശബ്ദത്തോടു കൂടിയ ശ്വസോച്ഛ്വാസവും അതിനിടയില്‍ ശ്വാസം നിന്നുപോകുന്ന അവസ്ഥയും ഉണ്ടാകാം. കുട്ടികള്‍, മുതിര്‍ന്നവര്‍, സ്ത്രീകള്‍, പുരുഷന്മാർ , പ്രായമായവര്‍ ഇങ്ങനെ എല്ലാവിഭാഗക്കാരെയും ഇത് ബാധിക്കാം. കൂര്‍ക്കംവലി പ്രകടമായില്ലെങ്കിലും ചുരുക്കം ചിലരില്‍ ഉറക്കത്തിനിടയില്‍ ശ്വാസതടസ്സം ഉണ്ടാകുന്നുണ്ട്. കൂര്‍ക്കംവലി പലപ്പോഴും ഒരു ലക്ഷണമായി കരുതുന്നു എന്നുമാത്രം. കൂര്‍ക്കംവലിക്കുന്ന കുട്ടികള്‍ പകല്‍ സമയത്തും പലപ്പോഴും വായില്‍ക്കൂടിയായിരിക്കും ശ്വാസംവലിക്കുന്നത്.

കുട്ടികളിലെ ഇത്തരം ശ്വാസതടസ്സം പലപ്പോഴും കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടാണ്. ഉച്ചത്തിലുള്ള കൂര്‍ക്കംവലിയോടൊപ്പം ഉറക്കത്തില്‍ മൂത്രമൊഴിക്കുക, രാത്രിയില്‍ അമിതമായി വിയര്‍ക്കുക, എന്നതും ഈ പ്രശ്നത്തിന്‍റെ ഭാഗമായി കാണാറുണ്ട്. പലപ്പോഴും ഈ പ്രശ്നമുള്ള കുട്ടികള്‍ കിടക്കയില്‍ കിടക്കുന്നതുപോലും അസാധാരണമായ രീതികളിലായിരിക്കുമെന്നതും ഒരു പ്രത്യേകതയാണ്.

കുട്ടികളില്‍ സ്ലീപ് അപ്നിയ ഉണ്ടാകുന്നതിന്‍റെ കാരണം പലപ്പോഴും അഡിനൊയ്ഡ് ഗ്രന്ഥിയുടെ നീര്‍വീക്കമാണ്. വായ്ക്കു പുറകിലായി കാണുന്ന ടോണ്‍സില്‍പോലെ, നാസാരന്ധ്രത്തിന്‍റെ പുറകിലായി കാണപ്പെടുന്ന മൃദുവായ കലയാണ് അഡിനോയ്ഡ് ഗ്രന്ഥി. രോഗാണുക്കളുള്‍പ്പെടെ മൂക്കിലൂടെ കടന്നുവരുന്ന അപകടകാരികളില്‍ നിന്ന് ശരീരത്തെ കാത്തുസംരക്ഷിക്കുകയാണ് ഇതിന്‍റെ ധര്‍മ്മം. കുട്ടികളില്‍ എകദേശം അഞ്ചു വയസ്സു വരെ ഈ ഗ്രന്ഥി സജീവമായി പ്രവര്‍ത്തിക്കും. അതിനു ശേഷം ചുരുങ്ങിച്ചുരുങ്ങി കൌമാരപ്രായമാകുമ്പോഴേക്കും ഇല്ലാതെയാകും. അപ്പോഴേക്കും ശരീരം പ്രതിരോധശേഷി നിലനിര്‍ത്താന്‍ മറ്റുമാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കും.

കുട്ടികളുടെ രോഗപ്രതിരോധശേഷി നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കു വഹിക്കുന്ന ഈ ഗ്രന്ഥിയില്‍ ബാക്ടീരിയയോ വൈറസോ മൂലമുള്ള രോഗാണുബാധ കൊണ്ടാണ് പലപ്പോഴും നീര്‍വീക്കമുണ്ടാകുന്നത്. അതുകൊണ്ട് ഇതിന്‍റെ തൊട്ടടുത്തുള്ള മൂക്ക്, തൊണ്ട എന്നിവിടങ്ങളിലെ രോഗാണുബാധ ചികിത്സിച്ചു ഭേദമാക്കാന്‍ വൈകരുത്. ഒരു കാരണവുമില്ലാതെ ഗ്രന്ഥി വലുതാകുന്നതും കണ്ടുവരാറുണ്ട്. അഡിനോയ്ഡിനു രോഗാണുബാധയുണ്ടാകുമ്പോള്‍ അത് ചെവിയില്‍ നിന്നു തൊണ്ടയിലേക്കുള്ള യൂസ്റ്റേക്കിയന്‍ ട്യൂബിനെ തടസ്സപ്പെടുത്തുന്നത് തുടര്‍ച്ചയായി ചെവിയില്‍ അണുബാധ ഉണ്ടാകാന്‍ ഒരു പരിധി വരെ കാരണമാകാറുണ്ട്.

രോഗാണുബാധ മൂലം അഡിനോയ്ഡ് ഗ്രന്ഥിക്കു വീക്കമുണ്ടാവുമ്പോള്‍ പലപ്പോഴും തൊട്ടടുത്തുള്ള ടോണ്‍സിലുകളെയും അതു ബാധിക്കും. അവയും രോഗാതുരമാകുകയും നീര്‍വീക്കമുണ്ടാകുകയും ചെയ്യും. ഇവയ്ക്കു രണ്ടിനും നീര്‍വീക്കമുണ്ടാകുമ്പോള്‍ സ്വാഭാവികമായും ശ്വാസതടസ്സം ഉണ്ടാകും, ഉറക്കത്തില്‍ പ്രത്യേകിച്ചും. ഈ അവസ്ഥയില്‍ കാണുന്ന ഒരു ലക്ഷണമായാണ് പലപ്പോഴും കുട്ടികളില്‍ കൂര്‍ക്കംവലി ഉണ്ടാകുന്നതായി കാണുന്നത്. ഡോക്ടറെ കണ്ട് അദ്ദേഹം കുറിക്കുന്ന ആന്‍റിബയോട്ടിക് ശരിയായവിധം കഴിക്കുക എന്നതാണ് പ്രതിവിധി.

മറ്റെന്തെങ്കിലും കാരണം കൊണ്ടും ആന്‍റിബയോട്ടിക്കുകൊണ്ട് ചികിത്സിച്ചിട്ടും പ്രയോജനം ലഭിക്കാത്ത വിധവുമാണ് നീര്‍വീക്കമെങ്കില്‍ ഓപ്പറേഷനാണ് പ്രധാനമാര്‍ഗ്ഗം. കുറഞ്ഞ സമയം മാത്രമേ ഓപ്പറേഷനു വേണ്ടിവരുകയുള്ളു എന്നതും കുത്തിക്കെട്ടുകളൊന്നുമില്ലാതെ ശരീരം തന്നെ സുഖമാക്കുമെന്നതും ആശ്വാസകരമാണ്.
കുട്ടികളിലെ ശ്വാസതടസ്സം ചികിത്സിച്ചു മാറ്റിയില്ലെങ്കില്‍ അത്തരം കുട്ടികള്‍ കണക്കിലേറെ പ്രസരിപ്പു (hyperactive) കാണിക്കുകയും അത് അസുഖമായി(attention-deficit/hyperactivtiy disorder (ADHD)കണക്കാക്കുകയും ചെയ്യുന്ന അവസ്ഥയിലെത്തിച്ചേരും. പഠിത്തത്തില്‍ പിന്നോക്കമാകുകയോ സ്വഭാവവൈകൃതം കാണിക്കുകയോ ചെയ്യുന്നതും മറ്റു പ്രധാന ലക്ഷണങ്ങളാണ്.

ലീനാ തോമസ്,
ഫാർമസിസ്റ്റ്, കാനഡ