വിഷുവിന്റെ സമൃദ്ധി, കുരിശുമരണത്തിന്റെ അർത്ഥം,ഉയിർപ്പിന്റെ നിർമ്മലത (ലീന തോമസ് കാപ്പൻ ,കാനഡ )

sponsored advertisements

sponsored advertisements

sponsored advertisements

14 April 2022

വിഷുവിന്റെ സമൃദ്ധി, കുരിശുമരണത്തിന്റെ അർത്ഥം,ഉയിർപ്പിന്റെ നിർമ്മലത (ലീന തോമസ് കാപ്പൻ ,കാനഡ )

ഴിഞ്ഞ ദിവസം ഒരു കുട്ടി പുതിയ ജോലിക്കായി വേറൊരു പ്രവിശ്യയിലേക്കു പോകുന്നതോടനുബന്ധിച്ച് എല്ലാവരും കൂടി പുറത്തുപോയി ഭക്ഷണം കഴിക്കാമെന്നു തീരുമാനിച്ചു.
ആ ദിവസമായപ്പോൾ എനിക്ക് വീട്ടിൽ ഒരു അതിഥി വന്നുചേർന്നു. പിന്നെ ചില കാര്യങ്ങൾ അടിയന്തിരമായി ചെയ്യണ്ടതായുണ്ടായി. എനിക്ക് നിങ്ങളോടൊപ്പം ചേരാൻ പറ്റില്ലെന്ന് ആത്മാർത്ഥമായ ക്ഷമാപണത്തോടൊപ്പം ആ കുട്ടിക്കും ഹോട്ടലിലെ റിസർവേഷൻ മുതലായ കാര്യങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത സഹപ്രവർത്തകക്കും സന്ദേശമയച്ചു.
“രണ്ടാളും അത് സാരമില്ല , ഡോണ്ട് ബി സോറി” എന്ന് മറുപടി അയച്ചു. പിറ്റേന്ന് രണ്ടുപേരെയും ഒരുമിച്ചു കിട്ടിയപ്പോൾ ഞാൻ കാര്യങ്ങൾ വിശദീകരിക്കാൻ ശ്രമിച്ചു ( മലയാളിയുടെ തനി സ്വഭാവം) എന്റെ അൽമാർത്ഥമായ വിഷമം പറഞ്ഞു. സഹപ്രവർത്തക ഇത്തിരി കുസൃതികാരിയാണ്.
ഒരു കണ്ണിറുക്കി “നീ മനപ്പൂർവ്വം വരാതിരുന്നതല്ലേ” എന്ന് കളിയായി പറഞ്ഞു .
അപ്പോഴേക്കും പിരിഞ്ഞുപോകുന്ന കുട്ടി എന്നെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു
“നീ അവൾക്ക് കുറ്റബോധം ഒന്നും ഉണ്ടാക്കി കൊടുക്കല്ലേ. അവൾക്ക് തക്കതായ ഒരു കാരണം ഉണ്ടായിരുന്നു. എനിക്ക് അതുകൊണ്ട് അവളോട് ഒരു പരിഭവവും ഇല്ല. എനിക്കവളെ രണ്ടു വർഷമായി നന്നായറിയാം”.
പലപ്പോഴും പലരും നമ്മളെ തെറ്റിദ്ധരിക്കുകയും ആക്ഷേപങ്ങൾ പറഞ്ഞു പരത്തുകയും ചെയ്യുമ്പോൾ , ഒരാളെങ്കിലും അവളെങ്ങനെ / അവങ്ങനെ പറയില്ല എനിക്കവളെ / അവളെ നന്നായറിയാം , ഇനി അങ്ങനെ പറഞ്ഞെങ്കിൽ തന്നെ അതിനു തക്കതായ ഒരു കാരണമുണ്ടാകും , ഞാനൊന്നു സംസാരിക്കട്ടെ ” എന്നാരെങ്കിലും പറഞ്ഞു കേൾക്കാൻ നമ്മൾ എത്ര കൊതിച്ചിട്ടുണ്ട് .
ഇതൊരു ഒരു ചെറിയ സംഭവം ആയിരിക്കാം.പക്ഷേ ഞാൻ മനസ്സിലാക്കിയ പാഠം വളരെ വലുതാണ്. പാപബോധം ഉണ്ടാക്കി കൊടുക്കുന്നത് വലിയ ഒരു പാപമാണ്. കുമിള പോലുള്ള ഈ ജീവിതം പാപബോധങ്ങൾ കൊണ്ട് നിറച്ചു ഇത്ര സങ്കീർണ്ണമാക്കേണ്ട കാര്യമൊന്നും ഇല്ല.
പണ്ടൊരു കൂട്ടുകാരി അവളുടെ ‘അമ്മ കാന്സറായി മരിച്ചതിനുശേഷം കുഞ്ഞിലേ മുതൽ അമ്മയോട് കാണിച്ച കുസൃതികളൊക്കെ കൂട്ടി വെച്ചു കുറ്റബോധത്തിന്റെ ഒരു കപ്പലുണ്ടാക്കി അതിനു ഒരു ഓട്ട ഇട്ടു സ്വയം മുങ്ങിമരിക്കാൻ പോയപ്പോഴാണ് കുമ്പസാരം എന്ന പരിഹാരത്തെപ്പറ്റി ആരോ ഉപദേശിച്ചത്. ഇല്ലെങ്കിൽ സ്വയം തോന്നിയതുമാകാം.
അച്ചന്റെ അടുത്തുമുട്ടുകുത്തി ഇതെല്ലാം അണക്കെട്ടു തുറന്നു വിട്ടപ്പോൾ അദ്ദേഹം പറഞ്ഞു.
” ഇതൊക്കെ എല്ലാ കുട്ടികളും അമ്മമാരോട് ചെയ്യുന്നതാണ്, അമ്മമാർ ഇതിനൊന്നും കണക്കുവെക്കാറില്ല. നിന്റെ മക്കളെ വളർത്തുമ്പോൾ നിനക്കിതൊക്കെ അനുഭമാകുന്നതല്ലേ. നീയിങ്ങനെ വിഷമിച്ചുനടന്നാൽ ‘അമ്മ മുകളിലിരുന്ന് വിഷമിക്കുകയേ ഉള്ളു. നിനക്ക് നിർബന്ധമാണെങ്കിൽ അൻപത്തൊന്നാം മസുമൂറാ ഒരു പത്തു പ്രാവശ്യം ചൊല്ലിയേക്കു”.
മനസ്സിൽ മഞ്ഞു പെയ്യുന്ന ഇത്തരം കൗൺസിലിംഗ് എത്ര മനോഹരമാണ്.
അവളിതെന്നോട് പറഞ്ഞപ്പോൾ കുമ്പസാരത്തെപ്പറ്റി ഒരു ചടങ്ങിനപ്പുറത്തേക്ക് ഒന്നും അനുഭവപ്പെട്ടിട്ടില്ലാത്ത ( അതുകൊണ്ടുതന്നെ അതിനു മുതിരാത്ത) എനിക്ക് ആദ്യമായി ഒരു വലിയ വീക്ഷണമുണ്ടായി. തെറ്റുചെയ്യുന്നവരോട് നേരിട്ട് പോയി പറഞ്ഞു ഏറ്റുപറഞ്ഞ് പരസ്പരം രമ്യപ്പെടാതെ അച്ചന്റെ അടുത്തുപോയി പറഞ്ഞു രക്ഷ നേടുന്നത് നമ്മുടെ ഈഗോ സംരക്ഷിക്കാൻ, സ്വയം വഞ്ചിക്കുന്ന ഒരുതരം ഉടായിപ്പായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.
കുറ്റബോധം സ്വയം ഉണ്ടാകുന്നതും അത് മനസ്സിലാക്കി മറ്റുള്ളവരോട് നിരക്കുന്നതും , ഇനി അതിനിട തരാതെ അവർ കടന്നുപോയെങ്കിൽ നമ്മോടുതന്നെ നമുക്ക് കരുണയുണ്ടാകേണ്ടതും , സ്വയം ക്ഷമിക്കേണ്ടതും, അതെല്ലാം മറന്നുകൊണ്ട് നമുക്ക് ചുറ്റുമുള്ളവരുടെ ലോകം സ്വർഗ്ഗമാക്കാൻ സന്തോഷത്തോടെ മുന്നോട്ടു പോകേണ്ടതുണ്ടെന്നുള്ളതും തിരിച്ചറിയേണ്ടത് ഒരു വലിയ കാര്യമാണ്. നമ്മുടെ തലച്ചോറും അതുണ്ടാക്കുന്ന അനാവശ്യചിന്തകളും പുതിയ വഴികളെ/ ചെയ്തികളെ നന്നായി കണ്ടെത്താൻ / പ്രവർത്തിക്കാൻ തടസ്സം നിൽക്കും. പ്രസന്ന ഭാവങ്ങളെ,അതിന്റെ നാനാവിധത്തിലുള്ള തലങ്ങളെ നമുക്കും മറ്റുള്ളവർക്കും നഷ്ടപ്പെടുത്തും .
ഇവിടെ വന്നതിനുശേഷം മറ്റുള്ളവർക്ക് കുറ്റബോധം ഉണ്ടാക്കി കൊടുക്കുന്നത് ഒരു ഒരു വലിയ തെറ്റ് ആയിട്ട് കരുതുന്നത് പലപ്പോഴും കേൾക്കാനും അനുഭവിക്കാനും ഇട വന്നിട്ടുണ്ട്. നാട്ടിൽ നിന്നും പുതുതായി ഇവിടെ ഇവിടെ വന്നു ചേർന്നപ്പോൾ എനിക്ക് ഇതൊരു പുതിയ സന്തോഷമുള്ള കാര്യമായിരുന്നു. നാട്ടിൽ തെറ്റു ഏറ്റുപറഞ്ഞു മാപ്പപേക്ഷിച്ചാൽ പോലും അയാൾ എന്നോട് ഇത്രമാത്രം തെറ്റു ചയ്തു എന്നത് എല്ലാവരോടും പറയുകയും മാപ്പപേക്ഷിച്ചകാര്യം വിദഗ്ധമായി മൂടി വെക്കുകയും ചെയ്തതായി പലപ്പോഴും അനുഭവിക്കുകയും പറഞ്ഞുകേൾകുകയും ചെയ്തിട്ടുണ്ട്. (എത്തിക്സ് ഇല്ലാത്ത ജീവിതം; എത്തിക്‌സ് എന്താണെന്നു സിലബസിൽ ഇല്ലതാനും. )
ക്രിസ്തു ക്രൂശിൽ എല്ലാ തലമുറയിലെയും പാപികൾക്കായി ഒരിക്കലായി മരിച്ചിട്ടുണ്ട്. മനുഷ്യനായിരിക്കുന്നിടത്തോളം തെറ്റുകൾ ചെയ്തേക്കാം. ( ഇല്ലെങ്കിൽ ഈശോ കഷ്ടപ്പെട്ട് കുരിശിൽ മരിച്ചത് വെറുതെയാവില്ലേ എന്ന് കൗണ്ടർ ) ഈഗോ മാറ്റിവെച്ച് പരസ്പരം രമ്യപ്പെടുമ്പോൾ സ്വയം ജയിക്കുകയാണ്, സ്വർഗ്ഗം തീർക്കുകയാണ്. നമുക്ക് ചുറ്റും പോസിറ്റീവ് വൈബിന്റെ സമ്പത്തുണ്ടാവുകയാണ്. വിഷുവിന്റെ സമൃദ്ധിയും കുരിശുമരണത്തിന്റെ അർത്ഥവും ഉയിർപ്പിന്റെ നിർമ്മലതയും എല്ലാവരിലും പെയ്തിറങ്ങട്ടെ.

ലീന തോമസ് കാപ്പൻ ,കാനഡ