കോർപ്പറേറ്റ് ഓണം (കഥ -ലേഖ മാധവൻ )

sponsored advertisements

sponsored advertisements

sponsored advertisements


6 September 2022

കോർപ്പറേറ്റ് ഓണം (കഥ -ലേഖ മാധവൻ )

ലേഖ മാധവൻ

“ഓണത്തിന്റ കഥയെന്താ ആന്റി”
പോത്തുപോലെ വളർന്ന മലയാളിച്ചെക്കന് ഇതും അറിയില്ലേ. നീരസം കലർന്ന ഭാവം മറയ്ക്കാൻ ശ്രമിച്ചില്ല. ഇനി ചെക്കൻ വല്ല പണി തരാൻ ആയിരിക്കുമോ?
തെറ്റിയില്ല.
“ഞാൻ തന്നെ പറയാം ആന്റി, കറക്ഷൻ ഉണ്ടെങ്കിൽ പറഞ്ഞാൽ മതി”
“എന്നാലങ്ങനെയാകട്ടെ..”
“അതായത്, പണ്ട് മാവേലി എന്ന് ഒരു നല്ല രാജാവുണ്ടായിരുന്നു. കള്ളവും ചതിയുമില്ലാത്ത. എല്ലാവർക്കും ഇഷ്ടം പോലെ കിറ്റുകൾ കിട്ടിയിരുന്ന കാലം.”
“ഹും,” ചെക്കൻ ഇതെങ്ങോട്ടാണാവോ!
“അപ്പോഴാണ് ദേവലോകത്ത് ഇന്ദ്രന് ഒരു സംശയം ഇങ്ങനെ പോയാൽ തൻ്റെ പൊസിഷൻ പോകുമോ എന്ന്. ഉടനെ മൂപ്പര് കുറച്ചു ചിന്തിച്ചു.”
വേഗം ബോസ്സായ മഹാവിഷ്ണുവിന്റെ അടുത്തു പോയി.
“ഇങ്ങനെ വിട്ടാൽ ശരിയാവില്ല. ബലിക്ക് ഇത്തിരി ബലം കൂടുന്നുണ്ട്. എന്തെങ്കിലും ചെയ്യണം ”
വിഷ്ണു ചിന്തിച്ചു. ഇത്തിരി ദൗർബല്യം ഉള്ള വിഷയമാണ്.
“അയാൾ നമ്മുടെ ഒരു ദാസനാണ്. പാവം പിഴച്ചു പൊയ്ക്കോട്ടേ”
“നമ്മുടെ സീറ്റ് പകുത്തു പോകുന്ന കാര്യമാണ്. ജാതി അസുരനാണ്. പോരെങ്കിൽ ഒടുക്കത്തെ പെർഫോമൻസ്” ഇന്ദ്രന് വിടാൻ ഭാവമില്ല.
“അതിനിപ്പോ വേറെ പ്രമോഷൻ കൊടുക്കാതെ മൂലക്കിരുത്തിയാൽ പോരെ?”
അതാണ് ഇത് വരെ ചെയ്തത്. ഇപ്പോഴത്തെ പോക്ക് കണ്ടിട്ട് കാര്യം മനസ്സിലായി എന്ന് തോന്നുന്നു. അവൻ അപ്ലിക്കേഷൻ പ്രോസസ്സും യാഗവും ഒക്കെ തുടങ്ങിയിരിക്കുന്നു. ശുക്രഗുരുവും കൂടെയുണ്ട്. അയാളത്ര പൊട്ടനല്ല”
മഹാവിഷ്ണു ചിന്തിച്ചു
ആള് അസുരനാണെങ്കിലും സത്യവാനാണ്. എന്ന് വെച്ചാൽ അവൻ ഹ്യൂമൺ റിസോഴ്സിൽ പോയാൽ എപ്പൊ പണി കിട്ടി എന്ന് ചോദിച്ചാൽ മതി.
ഇന്ദ്രൻ്റെ തലയിലെ കൊമ്പ് ഒരു നിമിഷം പൊന്തി വന്നു. ഇതിലിപ്പോ ഏതാ അസുരൻ എന്ന് മഹാവിഷ്ണു ചിന്തിക്കാതിരുന്നില്ല.
“പിന്നെന്താ വഴി?”
“ചവിട്ടി താഴ്ത്തണം സർ” ഇന്ദ്രൻ ശബ്ദം താഴ്ത്തി.
“ഇന്നലെ ജനിച്ച ഇവിടത്തെ ഒരു അവതാരമുണ്ട്. ചെക്കൻ മുളച്ചു മൂന്നടി ആയിട്ടെയുള്ളു. അവനെപ്പൊക്കി ബലിയുടെ മുകളിൽ ഇരുത്തണം”
“അതിനെക്കൊണ്ട് എന്താകും?”
“ചെക്കന് സർവ്വ കള്ളത്തരത്തിനും സ്പെഷ്യൽ ട്രെയിനിങ്ങ് കൊടുത്തിട്ടുണ്ട്. പിന്നെ എന്നോടല്ലാതെ ആരോടും മിണ്ടാട്ടമില്ല. ഒന്ന് സഹായിച്ചാൽ അവൻ ചവിട്ടിക്കോളും.”
ഇത്തിരി അക്രമം അല്ലേ? അതും തലയിൽ ചവിട്ടാൻ ഒക്കെ വിടുക എന്ന് വെച്ചാൽ..
ഇന്ദ്രൻ തല ചൊറിഞ്ഞു നിൽപ്പാണ്.
“ആയിക്കോട്ടെ എന്താച്ചാൽ ചെയ്യ്”
മഹാവിഷ്ണു തലയാട്ടി.
ചെക്കൻ സ്പെഷ്യൽ പെർമിഷൻ എടുത്തു വന്ന് ആകെ ഒന്നു മേഞ്ഞു. ശുക്രഗുരുവിന്റെ കണ്ണ് വെട്ടിച്ച് ഒന്നും നടക്കില്ല.
എന്ത് തൊട്ടാലും തടയിട്ട് നിൽപ്പാണ്.
ആ കണ്ണ് പൊട്ടിക്കണം. ചെക്കൻ കോലിനായി തിരിഞ്ഞു. പുതിയ അഞ്ചാറ് ടെക്നോളജി എടുത്തിട്ടു കുത്തി. ഗുരു കണ്ണു ടെസ്റ്റ് ചെയ്യാൻ പോയ തക്കത്തിന് കയ്യിൽ കിട്ടിയതോക്കെ അടിച്ച് മാറ്റി. പെറ്റമ്മ പോലും തിരിച്ചറിയാത്ത രീതിയിൽ മാറ്റി മറിച്ചു ഇന്ദ്രന് കൊടുത്തു.
ചെക്കന് ബുദ്ധീണ്ട്. സംഭവം എന്താണെന്ന് തിരിഞ്ഞില്ലെങ്കിലും ഇന്ദ്രൻ ചെക്കന് തലയിൽ ചവിട്ടാനുള്ള കസേരയിട്ടു കൊടുത്തു.
തലയിലൊരെണ്ണം കിട്ടിയപ്പോൾ ബലിയുടെ കണ്ണ് നിറഞ്ഞു. മഹാവിഷ്ണുവിന്റെ മുഖത്ത് നോക്കി ഒരു ചോദ്യം,
“യു ടൂ ബ്രുടസ് ?”
“സാരൂല്യ മോനെ ബലി, താഴേ പാതാളത്തിൽ ഇപ്പൊ നല്ല വേക്കൻസി ഉണ്ട്. ഇവിടെ ഉള്ള പോരും ഇല്ല.”
മഹാവിഷ്ണു സമാധാനിപ്പിച്ചു.
“കൊല്ലത്തിൽ ഒരിക്കൽ വന്നു നീയുണ്ടാക്കിയ നന്മയൊക്കെ കണ്ടിട്ട് പോക്കോ. നിന്റെ ടീമിന് അത് നല്ലിഷ്ടാകും”
ബലി പാതാളത്തിലെ പുതിയ ജോലി സ്വീകരിച്ചു താഴോട്ട് പോയി.
പുതിയ കോർപ്പറേറ്റ് അനൗൺസ്മെന്റ് വന്നു
“ഭരണം മാറി ഇനിമുതൽ ഇവിടെ പുതിയ മാവേലി രാജ്യവും സമൃദ്ധിയും ഉണ്ടാകും ”
മൂന്നടിയുള്ള ചെക്കൻ വളർന്നു ആകാശം മുട്ടിയല്ലോ. കമണ്ഡലവും തൂക്കി ചെക്കൻ പടി കടന്നപ്പോഴാണ് ഇന്ദ്രന് പണി കിട്ടിയത്. ചെക്കൻ കാണിച്ചു കൊടുത്ത പൊല്ലാപ്പുകൾ ഇനി സ്ഥിരമായി കിട്ടണം എന്ന് മഹാവിഷ്ണുവിന്റെ ഓർഡർ.
ചോദിക്കാൻ ചെന്നപ്പോൾ മാവേലി പ്രജകൾ പാതാളം നോക്കി ഇരിപ്പാണ്.
പോരെങ്കിൽ ബലിയുടെ ആളുകൾ കള്ളവും ചതിയും നടത്തുന്ന ട്രെയിനിങ്ങ് സെന്റർ വരെ തുറന്നിട്ടുണ്ട്. ഒന്നിനേയും വിശ്വാസിക്കാൻ വയ്യ.
അപ്പോഴേക്കും കൊല്ലം ഒന്ന് തികഞ്ഞു. സ്പെഷ്യൽ ടാസ്കിന് മാവേലി വിസിറ്റ് ചെയ്യാൻ സമയമായി.
അയാളുടെ മുമ്പിൽ പിടിച്ചു നിന്നില്ലെങ്കിൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല. ഒറ്റ വഴിയെയുള്ളു.
ഫേക്കിറ്റ്, ടിൽ യു മേക്കിറ്റ്..
പുതിയ ഉത്തരവിറക്കി.
“ഇനി ഒരുമാസം ഓണാഘോഷമാണ്. ആ മാവേലി തിരിച്ചു പോകുന്നത് വരെ എല്ലാവരും ഇല്ലാക്കടം വാങ്ങിയാണെങ്കിലും പഴയ സമൃദ്ധി ഭാവിച്ചു നിൽക്കണം. അത് ചെയ്യാത്തവരുടെ ബോണസ് വെട്ടിച്ചുരുക്കും ”
ഇതുവരെ മാവേലി രാജ്യം വരുമെന്ന് കാത്തിരിക്കുന്ന പ്രജകൾ കുഴങ്ങി.
എങ്ങനെ സന്തോഷിക്കണം എന്ന കോഴ്സുകൾ ചെയ്ത മാവേലി പ്രജകൾ വെൽക്രോ വെച്ച മുണ്ടുടുത്ത് ഓണാഘോഷം നടത്തുന്നുണ്ട്.
“ഇനിപ്പറയൂ ആന്റി, ഇതല്ലേ ഓണം?”
ഇതുപോലെയൊരു മുട്ടൻ പണി വാങ്ങി പാതാളത്തിൽ പോകാൻ തയ്യാറായി നിൽക്കുന്ന ആന്റി ചെറിയ ശബ്ദത്തിൽ പ്രതികരിച്ചു
“ന്നാലും നമ്മുടെ ഓണമല്ലേ.. ഇത്തിരിയൊക്കെ ആഘോഷമാകാം”

ലേഖ മാധവൻ