ഇളനീർ (കഥ -ലക്ഷ്മി.എസ് .വിശ്വനാഥ് )

sponsored advertisements

sponsored advertisements

sponsored advertisements

7 June 2022

ഇളനീർ (കഥ -ലക്ഷ്മി.എസ് .വിശ്വനാഥ് )

ലക്ഷ്മി.എസ് .വിശ്വനാഥ്

കാഴ്ചയില്ലാത്തവർ സ്വപനം കാണാറുണ്ടോ? ഉണ്ടെങ്കിൽ അവരുടെ സ്വപ്നങ്ങളിലെ മനുഷ്യർക്ക് ശരിക്കുള്ള മനുഷ്യരുടെ രൂപം തന്നെയായിരിക്കുമോ? ആകാശവും മേഘങ്ങളും മരങ്ങളും മഴയുമെല്ലാം അവരുടെ സ്വപനങ്ങളിൽ എങ്ങനെയാവും പ്രത്യക്ഷപ്പെടുക? നിറങ്ങളും രൂപങ്ങളും അന്യമായി പോയവർക്ക് സ്വപനങ്ങളും നിഷിദ്ധമായിരിക്കുമോ.. എത്ര ആലോചിച്ചിട്ടും മുരുകന് ഒരെത്തും പിടിയും കിട്ടിയില്ല. വേണ്ടാത്തതൊക്കെ വെറുതേ ചിന്തിച്ച് തലപുകച്ച് താനെന്തിനു ബേജാറാകണം! കുറേ നേരമായി തൻ്റെ ചിന്തകളെ വട്ടം ചുറ്റിച്ച കുരുത്തം കെട്ട ചോദ്യങ്ങളെ ചുരുട്ടിക്കൂട്ടി വലിയൊരു നെടുവീർപ്പിൽ കുത്തിനിറച്ച് ”ശൂ…” എന്ന് പുറത്തേക്കിറക്കി വിട്ട് അയാൾ സ്വതന്ത്രനായി.

വഴിവക്കിലെ വലിയ മരച്ചുവട്ടിൽ ഇളനീരിൻ്റെ ഉണങ്ങിയ തൊണ്ടിന്മേൽ കരിമ്പൻ തിന്നു വൃത്തികേടായ, വിയർപ്പു കുതിർന്ന തൻ്റെ തോർത്തു വിരിച്ച് ഇളനീർ വാങ്ങാൻ അടുത്തയാൾ എത്തുന്നതും കാത്ത് അയാൾ വെറുതേ കിടന്നു. കുറച്ചപ്പുറത്ത് നേർവരിയിലെ അടുത്ത മരത്തണലിൽ വറുത്തകടലപ്പൊതികളും പഴുത്ത പേരയ്ക്കയും അടുക്കിവച്ചിരുന്ന ഈച്ച പൊതിഞ്ഞ കൊട്ടകൾക്കരികിൽ തലേന്നാൾ വരെ  അഴകമ്മയുണ്ടായിരുന്നു. വൈകുനേരങ്ങളിലെ ഇളവെയിലിൽ കരിവീട്ടി പോലുള്ള അവരുടെ ശരീരവും ചെമ്പും വെള്ളിയും പിന്നിയിട്ട തലമുടിയിഴകളും ഇടയ്ക്കിടെ തിളങ്ങിക്കൊണ്ടിരിക്കും .ആരോ ചതച്ചു വച്ചതു പോലെയുള്ള മൂക്കിൽ ഒട്ടും ചേർച്ചയില്ലാത്ത വലിയ മൂന്നുകല്ലൻ മൂക്കുത്തികൾ ചിരിക്കുന്നത് കാണുമ്പോഴൊക്കെ അഴകമ്മ എന്ന് അവർക്കാരാണ് പേരിട്ടത് എന്ന് മുരുകൻ ചിരിച്ചുപോകും. ചില നേരങ്ങളിൽ ഉള്ളിലെ ചിരി പൊട്ടി വന്ന് വയോളമെത്തി പുറത്തുചാടാനോങ്ങുകയും അഴകമ്മയുടെ കൂർത്തു വീർത്ത നോട്ടം കണ്ട് ഭയന്ന് അകത്തേക്ക് തിരികെ പോവുകയും ചെയ്യാറുണ്ടായിരുന്നു.

” അതിനു കണ്ണു കാണില്ല ” എന്ന തയ്യൽക്കാരൻ  കണാരേട്ടൻ്റെ കഷ്ടം പറച്ചിലിലാണ് മുരുകൻ ആദ്യമായി മല്ലിയെ ശ്രദ്ധിക്കുന്നത്. മിക്കപ്പോഴും തനിക്കു മാത്രം കേൾക്കാനെന്നവണ്ണം പതിഞ്ഞ ശബ്ദത്തിലെ മൂളിപ്പാട്ടിൽ മിഴികളടച്ച് ലയിച്ചിരിക്കുമായിരുന്ന മകളെ അഴകമ്മ പോലും വേണ്ടും വണ്ണം ശ്രദ്ധിച്ചിരുന്നില്ല എന്ന് പിന്നീടയാൾക്കു തോന്നി. അല്ലെങ്കിൽത്തന്നെ ആരുടെയെങ്കിലും ശ്രദ്ധപതിയാൻ തക്കവണ്ണമുള്ള സൗന്ദര്യമോ ചടുലതയോ അവൾക്കുണ്ടായിരുന്നതുമില്ല. അഴകമ്മയുടെ തനിഛായയെങ്കിലും അവരുടെ കാർക്കശ്യത്തിനു പകരം നിർവികാരതയിൽ തളിർത്ത ഒരു ശാന്തതയാണ് മല്ലിയുടെ മുഖത്ത് സദാ കാണാനാവുക.

” മനുഷ്യൻമാർക്കു സഹിക്കാൻ പറ്റാത്ത ചൂടല്യോ.. നല്ല പനങ്കരിക്കാ സാറേ.. ” എന്ന് നാലാം ക്ലാസിൽ പള്ളിക്കൂടം വിട്ട മുരുകനും ബിസിനസ് പ്രമോഷൻ്റെ ഉത്തമ വക്താവായി ഇളനീർ തേടിയെത്തിയവരെ കയ്യിലെടുത്തുകൊണ്ടിരുന്നു. ജീവജാലങ്ങളുടെയെല്ലാം അകവും പുറവും വേനൽച്ചൂടിൽ തളരുമ്പോൾ മുരുകൻ്റെ ഇളനീർത്തൊണ്ടിൻ്റെ കൂന വലിയൊരു കുന്നായി രൂപപ്പെടുകയും പണം സൂക്ഷിക്കാൻ മേരിയമ്മ കൊടുത്ത കാൽപ്പെട്ടി കുടവയറ നായി നിറഞ്ഞു ഞെരുങ്ങുകയും ചെയ്തു കൊണ്ടിരുന്നു.

ഇളനീർകച്ചവടമെന്ന ആശയക്കാരിയും  അതിൻ്റെ മുതൽ മുടക്കുകാരിയും മേരിയമ്മയാണ്. എഴുതി വയ്ക്കാത്തതും വീട്ടിത്തീർക്കാനാകാത്തതുമായ അസംഖ്യം കണക്കുകളുണ്ട് മുരുകനും മേരിയമ്മയ്ക്കുമിടയിൽ. പട്ടണത്തിലെ കോളേജിൽ പണ്ട് വാധ്യാരായിരുന്നു മേരിയമ്മ.റിട്ടയറായിട്ടും കുറേ വർഷങ്ങളായി. മക്കളൊക്കെ ദൂരെയേതോ രാജ്യങ്ങളിലാണ്.മേരിയമ്മയ്ക്കു മാത്രം വഴങ്ങുന്ന കടിച്ചാൽ പൊട്ടാത്ത പേരുകളുള്ള ആ രാജ്യങ്ങളെ കുറിച്ച് മുരുകന് കേട്ടുകേൾവി പോലുമുണ്ടായിരുന്നില്ല. അങ്ങാടിയിൽ നിന്നു വീട്ടുസാധനങ്ങൾ വാങ്ങിക്കൊടുത്തും വീടും പറമ്പും വൃത്തിയാക്കാൻ സഹായിച്ചും രാത്രിയിൽ മേരിയമ്മയുടെ കാർഷെഡിനോട് ചേർന്ന ചായ്പ്പിൽ കിടന്നുറങ്ങിയും മുരുകൻ്റെ ജീവിതത്തിലെ ദിനങ്ങൾ പ്രത്യേക തകളൊന്നുമില്ലാത്തവയായി കൊഴിഞ്ഞു തീർന്നു കൊണ്ടിരുന്നു.അഴകമ്മ മകളെയുപേക്ഷിച്ച് ടൗണിലും ബോട്ടുജെട്ടിയിലുമെല്ലാം ലോട്ടറിട്ടിക്കറ്റ് വിറ്റു നടന്നിരുന്ന കഷണ്ടിത്തലയൻ സെൽവനോടൊപ്പം എങ്ങോട്ടോ പൊയ്ക്കളഞ്ഞു എന്ന വാർത്ത അലസവും ശാന്തവുമായി പൊട്ടിവിരിഞ്ഞുകൊണ്ടിരുന്ന ഒരു സാധാരണ പുലരിയെ പിറുപിറുക്കലുകളും ആശ്ചര്യ ചിഹ്നങ്ങളും കൊണ്ട് പൊടുന്നനെ ബഹളമയമാക്കിക്കളഞ്ഞു. മല്ലി തോലാകെ പൊട്ടിപ്പൊളിഞ്ഞ വയസ്സൻ മരത്തിൽ ചാരിയിരുന്ന് ശബ്ദമില്ലാതെ കരഞ്ഞു. കാഴ്ചക്കാരായി ചുറ്റും കൂടിയവർ സഹതപിച്ചു തീർന്നപ്പോൾ സ്ഥലം വിട്ടു കളഞ്ഞു.മുഖം ചെത്തിമിനുക്കിയ ഒരു സുന്ദരൻ പനങ്കരിക്കും ഒപ്പം സ്വന്തം ജീവിതവും തഴമ്പു കനം വയ്പ്പിച്ച കൈകളിലെടുത്ത് മല്ലിയുടെ നേർക്ക് അനുകമ്പയിൽ പൊതിഞ്ഞ് നീട്ടിക്കൊണ്ടാണ് മുരുകൻ കാനായകനായി അവരോഹിതനാകുന്നത്

അഴകമ്മയുടെ അപ്രതീക്ഷിത തിരോധാനവും മല്ലിയുടെ നിസ്സഹായമായ ഒറ്റപ്പെടലും മുരുകൻ്റെ നിറംകെട്ടുപോയ പതിവു ദിനങ്ങളെയപ്പാടെ പൂത്തു തളിർപ്പിക്കുകയും സുഗന്ധപൂരിതങ്ങളും ഹൃദയഹാരികളുമാക്കി മാറ്റുകയും ചെയ്തു. മേരിയമ്മയുടെ കാർമ്മികത്വത്തിൽ ‘ഇനി മല്ലിയ്ക്ക് മുരുകൻ തുണ’ എന്ന് ഉഗ്രനൊരു താലിച്ചരടിന്മേൽ ഉടമ്പടിയായി. കണ്ണിലെ ഇരുട്ടിലും ഹൃദയത്തിൽ നിലാവുള്ളവളെന്ന് മുരുകൻ മല്ലിയെയറിഞ്ഞ നാളുകളായിരുന്നു പിന്നെ. പ്രത്യേകിച്ചൊന്നും സംഭവിക്കാതെ പാതി ജീവിച്ചു തീർത്ത രണ്ട് ജീവിതങ്ങൾക്ക് മേരിയമ്മയുടെ ചായ്പ് സ്നേഹത്തിൻ്റെ മേൽക്കൂരയായി. “അണ്ണാ..” എന്ന മല്ലിയുടെ വിളിയിലെ കരുതൽ മുരുകൻ്റെ ഉറഞ്ഞുപോയ ഹൃദയത്തിൽ നിന്ന് ഒരു ഉറവപൊട്ടിച്ചു വിടുകയും അയാളുടെ നിറമില്ലാത്ത കണ്ണുകളിൽ ആദ്രതയുടെ സുഖമുള്ള നീലിമയായി അത് പടരുകയും ചെയ്തു. മേരിയമ്മ സൂക്ഷിച്ചു വച്ചിരുന്ന പഴയതെങ്കിലും നിറം മങ്ങിയിട്ടില്ലാത്ത സാരികളുടെ വടിവിലും ഫോറിൻ മക്കൾ കൊണ്ടുവന്നു കൊടുത്ത സോപ്പിൻ്റെയും പൗഡറിൻ്റെയും വാസനയിലും മുരുകൻ പ്രണയാതുരനും അതീവ ലോലനുമായി.മല്ലിയ്ക്ക് കാണാനായില്ലെങ്കിലും തോളൊപ്പം അലങ്കോലമായിക്കിടന്ന തൻ്റെ മുടി ഭംഗിയായി വെട്ടിയൊതുക്കിയും അലക്കിയ കുപ്പായങ്ങളിട്ടും അയാൾ ജീവിതത്തെ വല്ലാത്തൊരു പാരവശ്യത്തോടെ സ്നേഹിച്ചു.

മേരിയമ്മയുടെ ശ്വാസംമുട്ടലിൽ വീർപ്പുമുട്ടിയ മറ്റൊരു പ്രഭാതത്തിലാണ് മുരുകൻ – മല്ലിമാരുടെ ജീവിതത്തിലെ വെളിച്ചം പതിയെ മങ്ങാൻ തുടങ്ങുന്നത്. പടർന്നു പിടിച്ച മഹാമാരി മേരിയമ്മയേയും വീഴ്ത്തിക്കളഞ്ഞു. ” പുതിയ സൂക്കേടാണ്.. ഒരുപാട് മനുഷ്യർ മരിക്കുന്നുണ്ട്. സൂക്ഷിക്കണം”. എന്ന ശാന്തമ്മ നേഴ്സിൻ്റെ ശബ്ദത്തിലെ താക്കീത് മുരുകനെ വ്യാകുലനാക്കി. കുഞ്ഞു വിളക്കിനു മുന്നിലെ കാണാൻ പറ്റാത്ത ദൈവങ്ങളുടെ പടത്തിനു മുന്നിൽ നിന്ന് മല്ലി മേരിയമ്മയ്ക്കു വേണ്ടി കണ്ണീരൊഴുക്കി. വിളക്കിനപ്പുറത്തിരുന്ന ആണ്ടവനും ഗുരുവായൂരപ്പനും മേരിയമ്മ തന്ന ഈശോയും ഒന്നും മിണ്ടാതെ മല്ലിയെത്തന്നെ നോക്കിയിരുന്നു.മൂന്നാം ദിവസം മേരിയമ്മയെ തിരികെ കൊണ്ടുവന്നു. ജീവനെ ഉള്ളിലേയ്ക്ക് വലിച്ചു കയറ്റാൻ കെൽപ്പില്ലാതെ പിടഞ്ഞു പിടഞ്ഞാണു പോയത് എന്ന് ശാന്തമ്മ നേഴ്സ് സങ്കടപ്പെട്ടു. കാഴ്ചവസ്തുവാക്കിക്കിടത്താതെ അഞ്ചടി നീളത്തിലെ വലിയൊരു പ്ലാസ്റ്റിക് പൊതിയായി മേരിയമ്മയെ സെമിത്തേരിയിലേയ്ക്ക് കൊണ്ടുപോയി. കയ്യുറയും കാലുറയും മേലാകെ മൂടുന്ന കുപ്പായവുമിട്ട നാലഞ്ചു പേർ മാത്രം മരണ വീട്ടിലെ ജീവൻ്റെ അനക്കങ്ങളായി. ഇടയ്ക്കിടെ കരഞ്ഞും വിതുമ്പിയും നെടുവീർപ്പുകളിട്ടും മല്ലി തൻ്റെ നഷ്ടപ്പെടലിൻ്റെ ആഴം വെളിപ്പെടുത്തിക്കൊണ്ടിരുന്നു. ഒന്നോ രണ്ടോ ആഴ്ചകൾ പിന്നിടുമ്പോഴേയ്ക്ക് നാട്ടിൽ പലയിടത്തും പുതിയ സൂക്കേട് പടരുന്നുവെന്ന് മുരുകൻ കേട്ടു. പാർട്ടിക്കൊടികളും ചില വയസ്സൻമാരുടെ വരയൻ അണ്ടർവെയറുകളും മാത്രം തയ്ച്ചിരുന്ന കണാരേട്ടൻ്റെ ദ്രവിച്ചു തുടങ്ങിയ തയ്യൽമെഷീൻ മനുഷ്യന്മാരുടെ മൂക്കും വായും മൂടാൻ പല നിറമാസ്ക്കുകൾ തയ്ച്ചു തുടങ്ങി. രാവും പകലും നീണ്ട മാസ്കു തയ്യലിൽ തളർന്ന് കണാരേട്ടൻ്റെ തയ്യൽമെഷീൻ വികൃതമായ ശബ്ദങ്ങളോടെ ഞെരങ്ങാൻ തുടങ്ങി. കുറേ ദിവസങ്ങൾകൂടി കഴിഞ്ഞുള്ള മറ്റൊരു പ്രഭാതത്തിലാണ് “പുരയ്ക്കകത്തിരുന്നോളണമെന്ന് ” സർക്കാരുവണ്ടി വിളിച്ചു പറയുന്നുവെന്ന് ഉറങ്ങിക്കിടന്ന മുരുകനെ മല്ലി കുലുക്കിയുണർത്തിയത്.വിൽക്കാനായി വാങ്ങിയിട്ട ഇളനീർക്കുലകളെ കുറിച്ചായിരുന്നു മുരുകൻ ചിന്തിച്ചു കൊണ്ടിരുന്നത്. ദിവസങ്ങൾ കടന്നു പോകവേ ഇളനീരുകൾക്കൊപ്പം  അയാളുടെ പ്രതീക്ഷകളും ഉന്മേഷവും വാടിത്തുടങ്ങിയത് മല്ലി തിരിച്ചറിയുന്നുണ്ടായിരുന്നു.

ഉറക്കത്തിലെ പിറുപിറുക്കലുകൾക്കൊപ്പം അയാളുടെ ശ്വാസത്തിൻ്റെ ഏറ്റക്കുറച്ചിലുകളും കൂടിത്തുടങ്ങുമ്പോൾ വിറകൊള്ളാൻ തുടങ്ങിയ അയാളുടെ നെഞ്ചിൽ മയങ്ങിക്കിടന്നിരുന്ന മല്ലി വേവലാതിയോടെ ചാടിയെഴുന്നേറ്റു. അവളുടെ മരുന്നു വെള്ളവും ചുക്കുകാപ്പിയും തൊട്ടാൽ പൊള്ളുന്ന പനിയുടെ മുന്നിൽ മുട്ടുകുത്തി. കണ്ണുകൾ തള്ളി ശ്വാസം കിട്ടാതെ പിടഞ്ഞ മുരുകനെ പീടികത്തിണ്ണയിലിരുന്ന ചെറുപ്പക്കാർ ആശുപത്രിയിലെത്തിച്ചു.മുരുകനെ കാണാൻ പോകണമെന്ന മല്ലിയുടെ വാശി അയാളുടെ സൂക്കേടിൻ്റെ അപകടം പറഞ്ഞു കൊടുത്ത് ശാന്തമ്മ നേഴ്സ് വിലക്കി. ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ആരൊക്കെയോ ജീവനുപേക്ഷിക്കാൻ കിടന്ന ഇരുമ്പു കട്ടിലിൻ്റ ഇപ്പോഴത്തെ അവകാശിയായി മുരുകൻ കിടന്നു. ശക്തമായി ഉയർന്നുതാണു കൊണ്ടിരുന്ന നെഞ്ചിൻ കൂടിനുളളിലിരുന്ന അയാളുടെ ഹൃദയം മല്ലിയേയും അവർക്കു ജനിച്ചേക്കുമായിരുന്ന കുഞ്ഞുങ്ങളേയുമോർത്ത് വിതുമ്പി. എഴുന്നേറ്റു പോകാൻ ഭാവിച്ച ജീവനോട് “പോകല്ലേ ” എന്ന് മുരുകൻ ദയനീയമായി യാചിച്ചു. “മല്ലീ.. മല്ലീ… ” എന്നയാൾ മരണത്തെപ്പോലും നൊമ്പരപ്പെടുത്തിയേക്കുന്ന ആർദ്രതയോടെ വിളിച്ചുകൊണ്ടിരുന്നു.

“സാരമില്ലെടാ… നീയിങ്ങു പോരേ.. ” എന്ന നേർത്തതും പരിചിതവുമായ മേരിയമ്മയുടെ ശബ്ദം അയാൾ കേട്ടു . ആയാസപ്പെട്ട് കണ്ണുകൾ തുറക്കുമ്പോൾ വെളുവെളുത്ത കുപ്പായമണിഞ്ഞ് മുന്നിൽ മേരിയമ്മ.

വിരലുകളും താടിയും വെളുത്ത തുണിക്കഷ്ണങ്ങൾ കൊണ്ട് ഭദ്രമായി കെട്ടിവച്ച് ഇളനീരിനേക്കാൾ തണുത്തുതണുത്ത് മുരുകൻ ശാന്തനായി കിടന്നു. മല്ലിയുടെ തണുത്തുറഞ്ഞ സ്വപ്നങ്ങളെയപ്പാടെ  വാരിയെടുത്ത് വലിയൊരു പ്ലാസ്റ്റിക് ബാഗിൽ കെട്ടിവച്ച് കൈയ്യുറകളും കാലുറകളും നിർദ്ദാക്ഷണ്യം കടന്നുകളഞ്ഞു.

മേരിയമ്മയുടെ അടച്ചിട്ട വീടും ചായ്പ്പിൻ്റെ തൂണിന്മേൽ ചാരിയിരുന്ന മല്ലിയും സോഡിയം വേപ്പർ ലാമ്പിൻ്റെ മഞ്ഞ പ്രകാശത്തിൽ ജീവനറ്റവയെന്നു തോന്നിക്കുമാറ് ഭയാനകമായൊരു ശാന്തതയെ വാരിപ്പുതച്ച് അനക്കമറ്റ് നിലകൊണ്ടു.

ലക്ഷ്മി.എസ് .വിശ്വനാഥ്