തോർത്തുമുണ്ടും കമ്മീസും(കഥ -ലിജീഷ്)

sponsored advertisements

sponsored advertisements

sponsored advertisements

21 August 2022

തോർത്തുമുണ്ടും കമ്മീസും(കഥ -ലിജീഷ്)

ണ്ട് പണ്ട് നടന്ന കഥയാണ്.
അതായത്
സ്വാതന്ത്ര്യം കിട്ടിയ
ആ കാലത്ത്
നടന്ന ഒരു സംഭവകഥ.

രാമേട്ടൻ
നല്ല ഒന്നാന്തരം
കർഷകനാണ്.

ചെറിയ കോണകമോ
തോർത്തുമുണ്ടോ ഉടുത്ത്…
പാടത്ത്
പകലന്തിയോളം
അധ്വാനിക്കുന്ന രാമേട്ടൻ
നല്ല വസ്ത്രം ധരിക്കുന്നത്
വല്ലപ്പോഴുമാണ്.

ആഘോഷങ്ങൾക്കോ
ചടങ്ങുകൾക്കോ
ദൂര യാത്രകൾക്കോ ….
വെള്ളമുണ്ടും
സ്വർണ്ണക്കുടുക്കുള്ള ഷർട്ടും
തോളിലൊരു തോർത്തുമുണ്ടുമിട്ട്
വല്ല്യ ഗമയിൽ
പോവുന്ന
രാമേട്ടൻ്റെ പോക്ക്
ഒന്ന് കാണേണ്ടത് തന്നെയാണ്.

അങ്ങനെ
ഒരു ദിവസം
രാമേട്ടൻ
ദൂരെയൊരു കല്യാണം
കൂടാൻ പോയി.

ഒരു ഉടുപ്പ് വാങ്ങിത്തരാൻ
കുറേ ദിവസമായി
മകൾ കുഞ്ഞിലക്ഷ്മി
പറയുന്നുണ്ടെങ്കിലും
രാമേട്ടൻ അത് കേട്ട ഭാവം
നടിക്കാറില്ല.

ഇന്നത്തെ പോലെ
ടെക്സ്റ്റൈൽ ഷോപ്പില്ലാത്ത
അന്നത്തെ കാലത്ത്
ദൂരത്തള്ള പട്ടണത്തിൽ
പോവുമ്പോൾ മാത്രമാണ്
വസ്ത്രങ്ങൾ വാങ്ങുന്നത്.

ദൂരയാത്ര കഴിഞ്ഞ്
തിരിച്ച് വരുന്ന
അച്ഛൻ്റെ തോളിൽ
ഉടുപ്പ്
തൂങ്ങിയാടിക്കളിക്കുന്നത്
ദൂരെ നിന്നും
കുഞ്ഞിലക്ഷ്മി കണ്ടു.

ഓടിച്ചെന്ന്
കെട്ടിപ്പിടിച്ച് ഉമ്മ വെച്ച
കഞ്ഞിലക്ഷ്മി
തള്ളിച്ചാടിക്കൊണ്ട്
അച്ഛൻ്റെ
തോളിലേക്ക്
കൈ ചൂണ്ടി.

പതിവില്ലാത്ത രീതിയിലുള്ള
മകളുടെ
സ്നേഹപ്രകടനത്തിൻ്റെ
കാര്യമറിയാതെ
രാമേട്ടൻ അന്തം വിട്ട് നിന്നപ്പോ
തോളിലെ ഉടുപ്പിനായി
കുഞ്ഞിലക്ഷ്മി കൈ നീട്ടി.

തോർത്തുമുണ്ടിന് പകരം
തൻ്റെ തോളിൽ കിടക്കുന്നത്
കമ്മീസാണെന്ന
തിരിച്ചറിവിൽ
രാമേട്ടൻ
അന്തം വിഴുങ്ങിയ പോലെ
പണ്ടാറടങ്ങി നിന്നു.

ജാള്യത മറക്കാൻ
രാമേട്ടൻ ഉറക്കെ അലറി.
” പോയി തോർത്തുമുണ്ടെടുത്തു വാ …!! ”

തോളിലുണ്ടായിരുന്നത്
തൻ്റെ പഴയ കമ്മീസാണെന്ന്
തിരിച്ചറിഞ്ഞ കുഞ്ഞിലക്ഷ്മി
സങ്കടം സഹിക്കാനാവാതെ
കരഞ്ഞുകൊണ്ട്
പിണങ്ങിപ്പോവുകയും
അയയിൽ നിന്നും
തോർത്തുമുണ്ടെടുത്ത്
അച്ഛന് കൊടുക്കുകയും
രാമേട്ടൻ തിരിഞ്ഞ് നടന്ന്
എങ്ങോട്ടോ പോവുകയും ചെയ്തു.

നാടായ നാട് മുഴുവൻ
തോളിൽ കമ്മീസുമിട്ട് നടന്ന്
തിരിച്ചെത്തിയ അച്ഛൻ …
തോർത്തുമുണ്ടും തോളിലിട്ട്
തിരിഞ്ഞ് നടന്നത്
എങ്ങോട്ടാണെന്നറിയാതെ
കുഞ്ഞി ലക്ഷ്മി
നിറ കണ്ണുകളോടെ
പകച്ചു നിന്നു.
————————————————
ആന കൊടുത്താലും
ആശ കൊടുക്കരുതെന്ന്
പണ്ടാരോ പറഞ്ഞത്
ഇത്തരത്തിലുള്ള
അനവധി നിരവധി സംഭവങ്ങൾ
ഉള്ളതിനാലാണത്രേ …!

അതൊരു കാലം.
പണ്ടു പണ്ടൊരു കാലം.

ലിജീഷ്