ലില്ലിപ്പൂക്കൾ (കവിത-വി.കെ.ഷാഹിന)

sponsored advertisements

sponsored advertisements

sponsored advertisements


9 May 2022

ലില്ലിപ്പൂക്കൾ (കവിത-വി.കെ.ഷാഹിന)

എന്നത്തേയും പോലെ
നിന്നെ കണ്ടവാറെ
എനിക്കതികലശലായി
ദാഹിക്കുകയും
വരണ്ടു പോയ എന്റെ
ചുണ്ടുകൾ കണ്ടിട്ട്
ഓ, പ്രാണപ്രിയേ
പരിഭ്രമിക്കുന്നതെന്തിന്?
എന്ന് നാവു കൊണ്ട്
തുഴഞ്ഞ് നീ
തെരുതെരെ ചുംബിക്കുകയും
ചെയ്തു.
നിന്റെ ചുണ്ടുകൾക്ക് ഊദിന്റെ ഗന്ധം
കണ്ണുകളോ
സപ്ത സമുദ്രങ്ങളിലെ
അഗാധനീലിമ
തിരിച്ചറിയപ്പെടാത്ത നോട്ടങ്ങളാൽ
ഞാൻ പരിക്ഷീണയാകുന്നു
കൂട്ടക്ഷരങ്ങൾക്കായൊരുക്കങ്ങൾ
ക്ഷീണം കൊണ്ട് കണ്ണുകളടഞ്ഞു
പോയപ്പോൾ
കൈയിൽ കരുതിയ
ലില്ലിപ്പൂക്കൾ
എന്റെ തലയിലണിയിച്ച്
എന്റെ വരവിനായി
കാത്തിരിക്കില്ലേ എന്ന്
കാതിലോതി
നീ പെട്ടെന്ന്
മറഞ്ഞ് കളഞ്ഞു ….
രാവ് പൂത്തുലയുന്നു
നിശാഗന്ധി കൺമിഴിക്കുന്നു
നേരം തെറ്റിപ്പെയ്ത മഴയിൽ
പൂക്കൾ മണ്ണോടടിയുന്നു
നിലാവില്ലാത്ത രാത്രിയിൽ
മഴയ്ക്കെന്തു കാര്യമെന്ന്
പിറുപിറുക്കുമ്പോൾ
മുറിയ്ക്കുള്ളിൽ കുടുങ്ങിയ
പൂച്ച ഉച്ചത്തിൽ കരയുന്നു
തലയണയിൽ ലില്ലിപ്പൂവില്ല
പൂച്ച മാന്തിയിട്ട പഞ്ഞി മാത്രം
ദാഹം കൊണ്ട് വരണ്ട്
ഉറക്കം നഷ്ടമാകുന്നവൾക്ക്
കടുപ്പത്തിലിനിയൊരു
സുലൈമാനിയാകാം .

വി.കെ.ഷാഹിന