ലിഷ ദിജി
പൊള്ളുന്ന ചുടുകാറ്റേറ്റ്
മുഖം വാടിയപ്പോഴാണ്
ഒരു വൃശ്ചികക്കാറ്റ്
കുളിരായ് തൊട്ട് പോയത്.
പിന്നെ വീശിയ കാറ്റിലെല്ലാം
മണ്ണിന്റെ മണമായിരുന്നു.
ഉഷ്ണത്തിൽ
നനഞ്ഞൊട്ടിയൊരു
നട്ടുച്ചയിലായിരുന്നു
കണ്ണടച്ചൊരു
പുതുമഴ നനഞ്ഞത്.
പിന്നെ നനഞ്ഞ മഴകൾക്കൊക്കെയും
ഒരേ ഭാവമായിരുന്നു.
ഓരോ ഖുബ്ബൂസും മുറിക്കുമ്പോഴായിരുന്നു
വിളഞ്ഞുകിടക്കുന്ന പുഞ്ചപ്പാടത്തേക്ക്
കറ്റമുറുക്കാനിറങ്ങിയത്.
വാക്കുകൾ കിട്ടാത്ത ഭാഷകൾ
കൊഞ്ഞനം കുത്തി ചിരിച്ചപ്പോഴെല്ലാം
ഉള്ളാലെ പറഞ്ഞ
കഥകളിലാണ്
ലിപി മറക്കാത്ത
ഭാഷയെ ചേർത്ത് വച്ചത്.
തോറ്റ് പോയ പ്രത്യയശാസ്ത്രങ്ങൾ
പുതിയ വിപ്ലവത്തിന്റെ
സമവാക്യങ്ങൾ തേടിയതും..
ഉറക്കമിറങ്ങിപ്പോയ രാത്രികളിലെല്ലാം
ചുമരിൽ വരച്ചിട്ട
ചിത്രങ്ങളിൽ
സ്നേഹത്തിന്റെ മുഖങ്ങളായിരുന്നു
തെളിഞ്ഞ് നിന്നത്.
മൗനത്തിന്റെ വല്മീകത്തിലിരുന്നുകൊണ്ട്
നിശബ്ദമായ് സംവദിച്ചതെല്ലാം
അന്നോളം സ്വരുക്കൂട്ടിയ സ്വപ്നങ്ങളാണ്.
അറ്റമില്ലാത്ത മണൽക്കൂനകൾ
തുറിച്ചു നോക്കിയപ്പോഴാണ്
നിറയെ മരങ്ങളുള്ള ഒരു കാടിനെ
മനസ്സിൽ വരച്ചുചേർത്തത്.
കരൾകടഞ്ഞൊരു നോവിന്റെ
പാരമ്യത്തിലായിരുന്നു
മരങ്ങളെല്ലാം കാടുപേക്ഷിച്ചതും
മരുഭൂമികളിൽ അഫ്രാജ്** വസന്തം തീർത്തതും.
അതേ.. മരുഭൂവിലും
ഹരിതകം നിറയുമെന്ന്
പറഞ്ഞു പറ്റിച്ചെത്ര കള്ളങ്ങളിലാണ്
പിന്നെയും പിന്നെയും
മനസ്സ് വീണുപോയത്…
അഫ്രാജ് **
സൗദി അറേബ്യ, ഖത്തർ, കുവൈറ്റ് മുതലായ സ്ഥലങ്ങളിൽ കാണുന്ന പുൽവർഗ്ഗത്തിൽ പെട്ട ചെടി. കുവൈറ്റിന്റെ ദേശീയപുഷ്പം. മഞ്ഞുകാലത്തിന്റെ മധ്യത്തോടുകൂടി നിറയെ പൂക്കൾവിടർത്തി മഞ്ഞകമ്പളം വിടർത്തിയ പോലെ മനോഹര കാഴ്ചയേകുന്നു
