കാലം കാത്തിരിക്കുന്ന കഥകളുമായി ലോക മലയാള കഥകൾ

sponsored advertisements

sponsored advertisements

sponsored advertisements

29 May 2022

കാലം കാത്തിരിക്കുന്ന കഥകളുമായി ലോക മലയാള കഥകൾ

കഥകൾ ലോകമെമ്പാടും വ്യാപിച്ചു കിടക്കുകയാണ്, മണൽത്തരികളിൽ, നെൽൽക്കതിരിൽ, സമുദ്രത്തിൽ, മഴക്കാടുകളിൽ, താഴ്വരകളിൽ തുടങ്ങി ആകാശത്തു പോലും കഥകളുടെ ഒരു കൂട്ടമിങ്ങനെ തിങ്ങി നിറഞ്ഞിരിക്കുകയാണ്. അത്രമേൽ കഥകൾ നിറഞ്ഞ നമ്മൾക്കിടയിലേക്ക് ചില ലോക മലയാള കഥകൾ കൊണ്ട് വന്നെങ്കിലോ. മലപ്പുറം,മുഖം ബുക്സിന്റെ അടുത്ത പ്രതീക്ഷയുടെ പേരാണ് “ലോക മലയാള കഥകൾ” .ഇതിനു ഒരു പ്രത്യേകതയുണ്ട്. ഇത് സംസാരിക്കുന്നത് നമ്മുടെ ഭാഷയിലാണെങ്കിലും ഇതിന്റെ ഉള്ളടക്കങ്ങൾ കേരളം മുതൽ ആഫ്രിക്ക വരെയുള്ള നാടുകളുടെതാണ്. അവരുടെ തനത് ജീവിതവും, സംസ്കാരവുമാണ്. അതുവഴി ലോകത്തിന്റെ പലകോണുകളിലെ ജീവിതങ്ങളും അവരുടെ സന്തോഷങ്ങളും ദുഃഖങ്ങളുമെല്ലാം നമ്മളിൽ പലർക്കും തൊട്ടറിയാനാവും.ലോകത്തിനെ വിവിധ ഭാഗങ്ങളിലെ അനുഭവങ്ങളുടെ കഥാ രൂപമൊരുക്കുന്നത് രാജീവൻ അശോകൻ ,ലീന തോമസ് കാപ്പൻ ,തമ്പി ആന്റണി ,പ്രിയ ജോസഫ്,മനോജ് കോടിയത്ത് ,സരിത സുഗുണൻ ,പ്രസാദ് പഴുവിൽ ,സുനി ഷാജി ,ജോയി ഡാനിയേൽ ,പാർവതി പ്രവീൺ ,ഫിലിപ്പ് തോമസ് ,ശ്രീജ പ്രവീൺ,ഗിരി.ബി വാര്യർ ,പ്രീതി രഞ്ജിത്ത് ,ഡോ.അജയ് നാരായണൻ ,ലത ഉണ്ണിത്താൻ ,രമ്യ മനോജ് ,ജീന രാജേഷ് , ദീപ വിഷ്ണു ,സുനന്ദ മഹേഷ് തുടങ്ങി ഇരുപത് എഴുത്തുകാരാണ് കഥകളുമായി വായനക്കാരുടെ മുൻപിലേക്ക് എത്തുന്നത് .

ഇവരുടെ ഓരോ കഥകൾക്കും പറയാനുണ്ടാവുക വ്യത്യസ്തമായ ചുറ്റുപാടുകളാവുമ്പോഴാണ് കഥകൾ പുതിയ അനുഭവവും, ചുറ്റുപാടും സമ്മാനിക്കുന്നത്. അമേരിക്ക കണ്ടിട്ടില്ലാത്ത ഒരാൾക്ക് അമേരിക്കയിൽ നിന്ന് ഒരു മലയാളി എഴുതുമ്പോൾ ആ ചുറ്റുപാടും ജീവിതവും വാക്കുകളിലൂടെ അനുഭവിക്കാൻ കഴിയും. ഇത്തരത്തിൽ പല രാജ്യങ്ങൾ പല ദേശങ്ങൾ പല സംസ്കാരങ്ങൾ ഈ പുസ്തകത്തിൽ നിന്ന് വായനക്കാരന് അനുഭവിക്കാൻ കഴിയും. ചന്ദ്രനിൽ വരെ പെട്ടിക്കടകൾ തുടങ്ങാൻ ആലോചിക്കുന്ന നമ്മൾ മലയാളികളില്ലാത്ത ഭൂമിയിലെ ഏതെങ്കിലും ഇടമുണ്ടോ. അതുകൊണ്ട് തന്നെ കഥകൾക്കും ഇവിടെ പഞ്ഞമുണ്ടാകില്ല.

ലോക മലയാള കഥകളിലൂടെ സഞ്ചരിക്കുമ്പോൾ നിങ്ങളിൽ യഥാർത്ഥത്തിൽ ഒരു യാത്രക്കാരൻ ഉണരാനും ഇടയുണ്ട്. കണ്ടും കേട്ടും പരിചിതമായ അനുഭവങ്ങളിൽ നിന്നും ഭൂപ്രകൃതിയിൽ നിന്നും ഏറെ വിഭിന്നമായതിനാൽ നമുക്ക് ചിലപ്പോൾ ആമസൺ മഴക്കാടുകളിലെ മഴ നനയാൻ കഴിഞ്ഞേക്കും, സഹാറയുടെ അറ്റമില്ലാത്ത മണൽക്കാടുകളിൽ വെള്ളം തേടി അലയേണ്ടി വന്നേക്കും, നഗരങ്ങളുടെ അസ്വാഭാവികതയിൽ ഓർമ്മകളെ തിരിച്ചു വിളിക്കേണ്ടി വരും. കഥകൾ ആരൊക്കെയോ പറയാൻ ബാക്കിവച്ച വർത്തമാനങ്ങളുമാണ് , ആരൊക്കെയോ ബാക്കിവച്ച ഓർമ്മകളും, സ്നേഹവുമാണ്.

ഈ കഥാ ഗ്രന്ഥത്തിന്റെ മുഖചിത്രമൊരുക്കിയത് ചിത്രകാരിയും എഴുത്തുകാരിയുമായ രമ്യ പീതാംബരൻ ആണ് .ജൂലൈ ആദ്യവാരത്തിൽ വായനക്കാരുടെ മുന്പിലെത്തുന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നത് മലപ്പുറം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മുഖം ബുക്സ് ആണ് .