കേരള സർക്കാർ പ്രവാസികൾക്കായി സംഘടിപ്പിക്കുന്ന ലോക കേരള സഭ പ്രവാസികളുടെ പല പ്രശ്നങ്ങളുടെയും പരിഹാര വേദിയായി മാറ്റണമെന്ന് ഫൊക്കാന പ്രസിഡന്റും ,ലോക കേരളസഭ അംഗവുമായ ജോർജി വർഗീസ് പറഞ്ഞു. ലോക കേരള സഭയിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. ജന്മനാട്ടിലെ സർക്കാർ മുൻകൈ എടുത്ത് പ്രവാസികൾക്കായി ജനാധിപത്യാത്മകമായ ഒരു മാതൃക കാട്ടിക്കൊടുക്കുവാൻ ലോക കേരള സഭ രൂപീകരിച്ച്, കൂടുമ്പോൾ ലോകത്തുള്ള എല്ലാ മലയാളികളെയും പ്രതിനിധീകരിക്കുന്ന ഒരു സമൂഹം ഒരുമിക്കുന്ന വേദികൂടിയാവും. ഈ വേദിയിൽ പൊതുവിൽ തീരുമാനമെടുക്കേണ്ട പല പ്രശ്നങ്ങൾക്കും പരിഹാരമാകും. ഉദാഹരണത്തിന് പ്രവാസികൾ നാട്ടിൽ വാങ്ങിക്കൂട്ടിയിരിക്കുന്ന പലവസ്തുവകകളിലും വ്യാപകമായ കടന്നു കയറ്റങ്ങൾ നടത്തുകയും പലരും വസ്തുവകകൾ സ്വന്തമാക്കുകയും ചെയ്യുന്നു. ഇതിനെതിരെ ഒരു പ്രവാസി ട്രൈബ്യൂണൽ സർക്കാർ രൂപികരിക്കുവാൻ തയ്യാറാകണമെന്ന് ഫൊക്കാന ആവശ്യപ്പെടുന്നു. ഇതിനോടകം തന്നെ പലരുടേയും സ്വത്തുവകകൾ അന്യാധീനപ്പെട്ടു. ഇത്തരം പല കേസുകളിലും സഹോദരങ്ങൾ , അടുത്ത ബന്ധുക്കൾ ഒക്കെ പ്രതിഭാഗത്തു വന്നതും കേസുകളുടെ തീർപ്പുകൾക്ക് സമയ പരിധി ഇല്ലാതെയായി. അതുകൊണ്ട് ഒരു പ്രവാസി ട്രൈബ്യൂണലിന് കേരള സർക്കാർ രൂപം നൽകിയാൽ ഒരു പരിധിവരെ ഇത്തരം വിഷയങ്ങളിൽ പരിഹാരമാകും. ലോക കേരള സഭയിൽ ഈ വിഷയത്തിൽ പൊതു ചർച്ച ഉണ്ടാകണം. കാരണം പ്രവാസികളുടെ സംഗമ വേദിയായി ലോക കേരള സഭ മാറുമ്പോൾ അഭിപ്രായ ക്രോഡീകരണം ഉണ്ടാകുകയും വിഷയങ്ങളെ പഠിക്കുവാനും സാധിക്കുകയും ചെയ്യും.
അമേരിക്കൻ മലയാളികൾക്കിടയിൽ ഇത്തരം നിരവധി കേസുകൾ നിലവിലുണ്ട്. ഒരു പ്രവാസി ട്രൈബ്യുണലിന് രൂപം നൽകിയാൽ കേസുകളിലെ കാലതാമസം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് പരിഹാരമാകുമെന്നും ജോർജി വർഗീസ് അഭിപ്രായപ്പെട്ടു.
കേരളത്തിന്റെ ഭാവി വികസനത്തിനും പ്രവാസികളുടെ പുനരധിവാസം, ക്ഷേമം എന്നിവയ്ക്കും മുതൽക്കൂട്ടാക്കുന്ന ആശയങ്ങൾ രൂപീകരിക്കുവാനും ലോക കേരള സഭയുടെ വേദി ഉപകരിക്കട്ടെ എന്നും അദ്ദേഹം കൂട്ടി ചേർത്തു.
ജോർജി വർഗ്ഗീസ്