ഓർമ്മകളുടെ പട്ടുതൂവാല (എം.ബഷീർ )

sponsored advertisements

sponsored advertisements

sponsored advertisements

15 February 2023

ഓർമ്മകളുടെ പട്ടുതൂവാല (എം.ബഷീർ )

എം.ബഷീർ
വയസാം കാലത്ത്
പ്രണയിച്ചു തുടങ്ങിയ
രണ്ടുപേർ
തമ്മിലറിയാത്തവരായി
നേരിൽ കാണാത്തവരായി
ഒരിക്കൽ
തങ്ങൾ തനിച്ചു ജീവിച്ച
നാട് കാണാൻ പോയി
അവരുടെ വിരലുകൾ
കാറ്റിൽ നിലതെറ്റിയ
പുൽക്കൊടികളെപ്പോലെ
പരസ്പരം കോർത്തുകിടന്നിരുന്നു
അവരുടെ കണ്ണുകളിൽ
ചൂണ്ട വിഴുങ്ങിയ
മീൻകുഞ്ഞുങ്ങൾ
ശ്വാസം കിട്ടാതെ
പിടഞ്ഞുകൊണ്ടിരുന്നു
അവരുടെ ചുണ്ടുകളിൽ
കൂടുകൂട്ടിയ
ചോദ്യങ്ങളുടെ പക്ഷിക്കൂട്ടങ്ങൾ
തമ്മിൽ തമ്മിൽ
കൊത്തിപ്പറിച്ചുകൊണ്ടിരുന്നു
അതാ
ആ കുന്നിൻ ചെരിവിലായിരുന്നു
എന്റെ വീട്
നരച്ച തലമുടികൾ ഒതുക്കി
അവർ അയാൾക്ക്‌ കാട്ടിക്കൊടുത്തു
ഈ തെരുവിലായിരുന്നു
എന്റെ കുടിൽ
ഇടറി വീഴാതിരിക്കാൻ
അവരുടെ ചുമലിൽ ചാരി
അയാൾ വിറയ്ക്കുന്ന വിരൽ ചൂണ്ടി
ഒരേ നാട്ടിൽ ജീവിച്ചിട്ടും
ഒരേ തീവണ്ടിയിൽ
യാത്ര ചെയ്തിട്ടും
ഒരേ വഴികൾ നടന്നുതീർത്തിട്ടും
ഒരിക്കൽ പോലും
നമ്മൾ കണ്ടുമുട്ടിയില്ലല്ലോയെന്ന്
അവരുടെ ഹൃദയങ്ങൾ
നോവിന്റെ തിരകളായി
അന്യോന്യം
കരകവിഞ്ഞുകൊണ്ടിരുന്നു
തകർന്ന കപ്പലിന്റെ
അവശിഷ്ടങ്ങൾ പോലെ
അവർ ഹൃദയസമുദ്രത്തിന്റെ
അടിത്തട്ടിൽ വീണ് ദ്രവിച്ചു കിടന്നു
ഒന്നിച്ചറിയാതെ പോയ
കാറ്റിന്റെ ഗന്ധമോർത്ത്
തിരയടിച്ചു തളർന്ന കടലുകളായ്‌
ഒരാൾ മറ്റൊരാൾക്ക് തീരമായ്
അന്യോന്യം ചേർന്നിരുന്ന്
കിതപ്പകറ്റിക്കൊണ്ടിരുന്നു
ഒരിക്കലും കണ്ടുമുട്ടാതെ പോയ
നഗരത്തിന്റെ ആർപ്പുവിളികൾക്കിടയിലൂടെ
നിഴലുകളെ ചവുട്ടി മെതിച്ചു നടക്കവേ
പണ്ട് നടന്ന വഴികളിലെ
ബ്ലാക്ക് ആൻഡ് വൈറ്റ് കാഴ്ചകളിലേക്ക് നോക്കി
നക്ഷത്രങ്ങൾക്കിടയിൽപ്പെട്ട
കുഞ്ഞുങ്ങളെപ്പോലെ
അവർ വിസ്മയപ്പെട്ടു
ശ്ശോ..എന്നിട്ടും ഒരിക്കൽ പോലും
നമ്മൾ
തമ്മിൽ കണ്ടതേയില്ലല്ലോ
എന്ന് അവർ വിഷാദത്തീയിൽ
കത്തിയെരിഞ്ഞു
പണ്ടൊരിക്കൽ
ഈ ഉദ്യാന കാവടത്തിൽ
ഒറ്റയ്ക്ക് നിൽക്കുമ്പോൾ
വയലറ്റ് പൂക്കാലം തുന്നിയ
ഉടുപ്പണിഞ്ഞൊരു പെൺകുട്ടി
എന്നെ ചുമലുകൊണ്ട്
തട്ടിക്കടന്നുപോയതോർക്കുന്നുണ്ടിപ്പോഴും
അത് നീയായിരുന്നോ?
ഉദ്യാനകവാടത്തിലേക്ക് കയറുമ്പോൾ
കപ്പലണ്ടി കൊറിച്ചുകൊണ്ട്
കണ്ണിൽ കടൽക്കാക്കളുടെ
ആകാശം നിറച്ച്
അയാൾ അവരെ നോക്കി
അയ്യോ.. അത് ഞാനായിരുന്നോ!
നിരാശാബാധിതർ നട്ടുനനച്ച
മഞ്ഞുമരത്തിലെ നനഞ്ഞ പക്ഷിയായി
അവരുടെ ഹൃദയം
ആധിയോടെ ചിറകിട്ടടിച്ചു
ആ കുന്നിൻ മുകളിലെ
ആത്മഹത്യാ മുനമ്പിലെ
കമ്പിവേലിയിൽ പിടിച്ചൊരു പെൺകുട്ടി
താഴെ അഗാധസമുദ്രത്തിലേക്കുനോക്കി
കണ്ണുനിറച്ചു നിന്നിരുന്നതിപ്പോഴും
എന്റെ ഓർമ്മയിലുണ്ട്
അത് നീയായിരുന്നോ
ശ്ശോ… അത് ഞാനായിരുന്നെങ്കിൽ
അയാളുടെ കാതിൽ ചുണ്ടുചേർത്ത്
പോയകാലത്തിന്റെ
മഞ്ഞു പടവുകളിലേക്ക്
ചിറകുവീശി ഓടിക്കയറി അവർ
പണ്ടൊരിക്കൽ
കുന്നിന്മുകളിലേക്കുള്ള കൽപ്പടവുകൾ
ചാടിക്കയറി തളർന്നു കിതച്ച്‌
കറുത്ത പാറക്കെട്ടുകളിലേക്ക്
ചാഞ്ഞിരിക്കവേ
കാൽതെന്നിയപ്പോളൊരാൾ വന്ന്
കൈനീട്ടിപ്പിടിച്ചത് നീയായിരുന്നോ
ഹോ.. അത് ഞാനായിരുന്നെങ്കിൽ
ഈ തടാകക്കരയിലെ സിമന്റബെഞ്ചിൽ
ചുടുകാപ്പി നുണഞ്ഞിരിക്കവേ
കഴുത്തിൽ ചുവപ്പും കറുപ്പും
വരകളുള്ള ഷാൾ ചുറ്റിയ മെലിഞ്ഞൊരു പയ്യൻ
പണ്ട് പണ്ട് കണ്ണിമ വെട്ടാതെ
എന്നെത്തന്നെ നോക്കിനിന്നിരുന്നു
അത് നീയായിരുന്നോ
കണ്ണുകൾക്കിടയിൽ
ശലഭക്കാടുകൾ വളർത്തി
അവർ കാറ്റിന്റെ ചിറകുകളണിഞ്ഞു ചോദിക്കുന്നു
ഹായ് .. അത് ഞാനായിരുന്നെങ്കിൽ
അവരുടെ
മുടിയിഴകളുടെ താഴ്‌വാരത്തിൽ
മുഖമൊളിപ്പിച്ചു കണ്ണുനിറച്ചയാൾ
ചുരം കേറുന്ന
ചുവന്ന ബസ്സിൽ മലചുറ്റിപ്പോകവേ
എനിക്കിരുന്ന്‌ മഞ്ഞുമരങ്ങൾ കാണുവാൻ
ജാലകത്തിനരികിലെയിരിപ്പിടം
ഒഴിഞ്ഞുതന്നൊരു വരമീശക്കാരൻ
അത് നീയായിരുന്നോ
ഹൊ…അതെങ്കിലും ഞാനായിരുന്നെങ്കിൽ
കാറ്റാടി മരങ്ങൾക്കിടയിലൂടൊഴുകുന്ന
ഇലകളുടെ നദിക്കരയിലേക്കുനോക്കി
ഇല്ലാത്ത ചിറകുകൾ വീശി
കാറ്റിനൊപ്പം പാറിനടക്കവേ
കൈക്കുടന്ന നിറയെ
ശലഭക്കുഞ്ഞുങ്ങളെ
എനിക്കുനേരെ പറത്തിവിട്ടത്
നീയായിരുന്നോ
ദൈവമേ…
അതെങ്കിലും ഞാനായിരുന്നെങ്കിൽ
ഹിമമേഘങ്ങളിൽ നിന്നൂർന്നിറങ്ങി
നഗരത്തിരക്കിന്റെ ചുഴികളിൽ പെട്ട്
ഇരുവഴികളിലേക്കു പിരിഞ്ഞു പോകവേ
തമ്മിൽത്തമ്മിൽത്തന്നെ നോക്കിനോക്കി
നിന്ന് മാഞ്ഞുപോയവർ
അത് നമ്മളായിരുന്നോ?
വയസാം കാലത്ത്
പ്രണയിച്ചു തുടങ്ങിയ രണ്ടുപേർ
തമ്മിലറിയാത്തവരായി
നേരിൽ കാണാത്തവരായി
ഒരിക്കൽ
തങ്ങൾ തനിച്ചു ജീവിച്ച
നാട് കണ്ട് തിരിച്ചുപോരുമ്പോൾ
തീവണ്ടിയിൽ ഒരേ ഇരിപ്പിടത്തിൽ
അന്യോന്യം തലചായ്ച്ചിരുന്നും
കുന്നുകൾ ഒറ്റയുടലായ് കേറിയിറങ്ങിയും
താടാകക്കരയിലെ സിമന്റ് ബെഞ്ചിൽ
ഒരാൾ മറ്റൊരാളുടെ മടിയിൽ
തലവെച്ചുകിടന്നും
ഓർമ്മകളുടെ പട്ടുതൂവാലയിൽ
കൊഴിഞ്ഞപൂക്കളുടെ
ഇതളുകൾ കൊണ്ട്
അവർ അവരുടെ യൗവ്വനകാലത്തെ
കാലടികൾ തുന്നിച്ചേർത്തു…

എം.ബഷീർ