എം.ബഷീർ
അടക്കിപ്പിടിക്കുന്നതിൽ
അതിനിഗൂഢമായൊരു കലയുണ്ട്
ഉദാഹരണത്തിന്
നിങ്ങളുടെ കൈയിലോ കാലിലോ
നെഞ്ചിലോ കരളിലോ
ഒരു മുറിവുണ്ടെന്ന് വെക്കുക
ചോരപ്പാടുകൾ പുറത്ത് കാണിക്കാതെ
നോവിന്റെ പൽചക്രങ്ങളിൽ
ഞെരിഞ്ഞമരുമ്പോളും
അതിവിദഗ്ദമായി
ചുണ്ടിലൊരു മൃദു മന്ദഹാസത്തിന്റെ
ചെമ്പകപ്പൂ വിരിയിക്കാൻ
നിങ്ങൾക്ക് കഴിയുന്നുണ്ടെങ്കിൽ
അതിൽ അനിർവ്വചനീയമായൊരു കലയുണ്ട്
കാലടികളിൽ മുള്ളുകൊണ്ട്
കീറിമുറിഞ്ഞിരിക്കുമ്പോഴും
വസന്തത്തിന്റെ
വർണ്ണച്ചിറകുകളെക്കുറിച്ച്
പൊടിപ്പും തൊങ്ങലും വെച്ച്
കവിതയെഴുതാൻ കഴിയുന്നുണ്ടെങ്കിൽ
അടക്കിപ്പിടിക്കുന്നതിൽ
അതിവിസ്മയകരമായൊരു
കലയുണ്ട്
അലിവിന്റെ തീന്മേശകളിൽ നിന്ന്
അനധികൃതനെന്നാരോപിക്കപ്പെട്ട്
അഭയാർത്ഥി ക്യാമ്പുകളിലേക്ക്
അകറ്റി നിർത്തപ്പെടുമ്പോഴും
അതിവിദഗ്ദമായി
നിങ്ങളുടെ കണ്ണുകളെ
നിറഞ്ഞുതുളുമ്പാതെ
ഏറ്റവും ക്രൂരമായ വരൾച്ചയിൽ
വെയിലിന്റെ സ്വർണ്ണത്തൂവാലകൊണ്ട്
മൂടി വെക്കാനാകുന്നുണ്ടെങ്കിൽ
അതിൽ
അതിമനോഹരമായൊരു കലയുണ്ട്
ആൾക്കൂട്ടത്തിന്റെ
ആർപ്പുവിളികളിൽ കൈകാലിട്ടടിച്ച്
അർമാദിക്കുമ്പോഴും
ഏകാന്തയുടെ പരുന്തിൻ കാലിൽ
കുരുങ്ങി
ഭൂമിയിൽ നിന്ന് അതി വിദൂരമായൊരു
ഗ്രഹത്തിലേക്ക് വലിച്ചെറിയപ്പെടുമ്പോഴും
ചുമ്മാ ഒരു സിഗരറ്റ് വലിച്ചൂതി
പുല്ല് പോട്ടെന്ന് തുപ്പിക്കളഞ്ഞ്
പുക വിടാൻ നിങ്ങൾക്ക് കഴിയുന്നുണ്ടെങ്കിൽ
അതിൽ
അതിഗഭീരമായൊരു കലയുണ്ട്
കടലിനെ കണ്ണുകൊണ്ട്
മെരുക്കാനാവാതെ കയറൂരിവിട്ട്
കരയാതെ കരയിലിരുന്ന്
കപ്പലണ്ടി കൊറിക്കാൻ
നിങ്ങൾക്ക് കഴിയുന്നുണ്ടെങ്കിൽ
കാടിനെ കരളിലൊതുക്കാനാവാതെ
കാറ്റിന് കയ്യൊഴിഞ്ഞു കൊടുത്ത്
ചില്ലയിൽ നിന്നൊരില മാത്രമെടുത്ത്
മൂളിപ്പാട്ടും പാടി
മടങ്ങാൻ നിങ്ങൾക്കാവുന്നുണ്ടെങ്കിൽ
നിറങ്ങളെല്ലാം ശലഭങ്ങൾക്ക് നൽകി
നിത്യനിശ്യൂന്യതയിലൊരു
മുഴുമിക്കാത്ത പെയിന്റിങ്ങായി
ആൾപ്പാർപ്പില്ലാത്ത
വീടിന്റെ പൊട്ടിപ്പൊളിഞ്ഞ ചുമരിൽ
ചുമ്മാ തൂങ്ങിക്കിടക്കാൻ
നിഷ്‌പ്രയാസം നിങ്ങൾക്ക്
കഴിയുന്നുണ്ടെങ്കിൽ
അടക്കിപ്പിടിക്കുന്നതിൽ
അതിഭീകരമായൊരു
കലയുണ്ട്……
