നിഴലുകള്‍ (കവിത-എം.ബഷീർ )

sponsored advertisements

sponsored advertisements

sponsored advertisements

1 June 2022

നിഴലുകള്‍ (കവിത-എം.ബഷീർ )

ണ്ടുപേർ
ഒരുവഴിക്ക് പോകുമ്പോൾ
രണ്ട് നിഴലുകളും
അവരുടെ പിന്നാലെ ചെല്ലുന്നു
അവര്‍
കൈകോർക്കുമ്പോൾ
നിഴലുകളും കൈകോർക്കുന്നു
അവര്‍
ചുംബിക്കുമ്പോൾ
നിഴലുകളും അങ്ങനെ ചെയ്യുന്നു
അവരുടെ കൂടെ
കടല് കാണുന്നു
കാറ്റിലലിയുന്നു
കരള് കോർക്കുന്നു
പിണക്കത്തിന്റെ
മഴയായ് ചാറുന്നു
ക്ഷോഭത്തിന്റെ
പേമാരിയായ്
ഇടിവെട്ടിപ്പെയ്യുന്നു
കണ്ണീരിന്റെ നദിയായി
കരകവിഞ്ഞ് വറ്റുന്നു
ഉന്മാദത്തിന്റെ പൂവള്ളികളായ്
കെട്ടിപ്പടരുന്നു
സുഖാലസ്യത്തിന്റ ഇലകളായ്
വാടിക്കൊഴിയുന്നു
അവരോടൊപ്പം
നിദ്രയുടെ കപ്പലോടിക്കുന്നു
കിനാനക്ഷത്രങ്ങളെ
വലവീശിപ്പിടിക്കുന്നു
അസ്തമനച്ചോപ്പിലൂടെ
അവരോടൊപ്പം
ചോന്ന്തുടുക്കുന്നു
തിരിച്ചു പോരുന്നു
വിരഹത്തിന്റെ
മലമുകളിലേക്കുള്ള
വഴിത്തിരിവിൽ വെച്ച്
അവര്‍ മറവിയുടെ പാതകളിലേക്ക്
വേർപിരിഞ്ഞ് പോയിട്ടും
പക്ഷേ
നിഴലുകള്‍
ഓർമ്മയുടെ താഴ് വരയിൽ
എന്തു ചെയ്യണമെന്നറിയാതെ
തൊട്ടുതൊട്ട്
അങ്ങനെ തന്നെ നിൽക്കുകയാണിപ്പോഴും.