ഫിലാഡല്‍ഫിയ സാഹിത്യവേദി എം.പി ഷീലയുടെ മൂന്നാംമൂഴം നോവല്‍ ആസ്വാദനം നടത്തി

sponsored advertisements

sponsored advertisements

sponsored advertisements

6 April 2022

ഫിലാഡല്‍ഫിയ സാഹിത്യവേദി എം.പി ഷീലയുടെ മൂന്നാംമൂഴം നോവല്‍ ആസ്വാദനം നടത്തി

ജോര്‍ജ്ജ് ഓലിക്കല്‍

ഫിലാഡല്‍ഫിയ: അമേരിക്കന്‍ മലയാളികളുടെ ഉത്തമ സാഹിത്യ സൃഷ്ടികള്‍ പരിചയപ്പെടുത്തുവാനും ചര്‍ച്ച നടത്തുവാനുമുള്ള വേദിയായ ഫിലാഡല്‍ഫിയ മലയാള സാഹിത്യവേദിയില്‍ പ്രശസ്ത സാഹിത്യകാരിയും നോവലിസ്റ്റുമായ എം.പി ഷീല മഹാഭാരത കഥയെ അധികരിച്ചു രചിച്ച മൂന്നാമൂഴം നോവലിന്‍റെ ആസ്വാദനവും ചര്‍ച്ചയും സംഘടിപ്പിച്ചു. സൂം ഫ്ളാറ്റ്ഫോമിലാണ് ചര്‍ച്ച നടന്നത്.

അമേരിയ്ക്കയിലെയും കാനഡയിലെയും സാഹിത്യകുതുകികളായ ഡോ: സുകുമാര്‍, ജോണ്‍ മാത്യൂ, നീന പനക്കല്‍, ലൈല അലക്സ്, നിര്‍മ്മല തോമസ് അനിത പണിക്കര്‍, ജോര്‍ജ്ജ് നടവയല്‍, അനില്‍ലാല്‍ ശ്രീനിവാസന്‍, ഫിലിപ്പ് തോമസ്, രാജു പടയാട്ടി, ജോര്‍ജ്ജുക്കുട്ടി ലുക്കോസ,് ജോര്‍ജ്ജ് ഓലിക്കല്‍, ജോസഫ് നമ്പിമഠം, റഫീക് തറയില്‍, ജെയിംസ് കുരിക്കാട്ടില്‍, എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മാര്‍ച്ച ് 26 ശനിയാഴ്ച 7:00 മണിക്ക് ചേര്‍ന്ന സമ്മേളനത്തില്‍ പ്രൊഫസര്‍ കോശി തലയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റും നോവലിസ്റ്റുമായ നീന പനയ്ക്കല്‍ മൂന്നാംമൂഴത്തിന്‍റെ രചയിതാവ് എം.പി ഷീലയെ പരിചയപ്പെടുത്തി. സെക്രട്ടറി അനിത പണിക്കര്‍ ആമുഖ പ്രഭാഷണം നടത്തി ചര്‍ച്ചയെ നിന്ത്രിച്ചു. ജോര്‍ജ്ജ് ഓലിക്കല്‍ നോവലിന്‍റെ ആദ്യ അദ്ധ്യായം വായിച്ച് ചര്‍ച്ചയ്ക്കും ആസ്വാദനത്തിനുമുള്ള വാതായനം തുറന്നു.

അദ്ധ്യക്ഷ പ്രസംഗം നിര്‍വ്വഹിച്ച പ്രൊഫസര്‍ കോശി തലയ്ക്കല്‍: എം. പി ഷീലയുടെ അസാധരണമായ രചനാവൈഭവം പ്രകടമാക്കുന്ന സൃഷ്ടിയാണ് മൂന്നാമൂഴം.
വ്യാസ ഹൃദയത്തെ ആഴത്തില്‍ അനാവരണം ചെയ്യാന്‍ കഴിഞ്ഞ എഴുത്തുകാരിയുടെ തപസ്യയെ അഭിനന്ദിയ്ക്കുകയാണ്, ആദ്യ അദ്ധ്യയത്തിലെ വിവരണങ്ങള്‍ വായനക്കാരനെ കഥയുടെ ഉള്ളറകളിലേയ്ക്കു കൂട്ടിക്കൊണ്ടു പോകാന്‍ പ്രേരിപ്പിക്കുന്നു. കാവ്യഭംഗി നിറഞ്ഞു നില്‍ക്കുന്ന ആഖ്യാനത്തിലൂടെ
മഹാഭാരത പുരാണത്തിന്‍റെ പുനരാഖ്യാനം എന്നു വിശേഷിപ്പിക്കാവുന്ന ഉത്തമ കൃതിയാണിത്.

ജനനി മാസികയുടെ പത്രാധിപരും മലയാള ഭാഷ പ്രചാരകനുമായ
ജെ. മാത്യൂസ്:എം.പി ഷീല വലിയൊരു തപസ്സിലായിരുന്നു തപസ്സിന്‍റെ അന്ത്യം വലിയൊരു യാഗത്തില്‍ കലശിച്ചു, അതിന്‍റെ പരിണിത ഫലമാണ് മൂന്നാമൂഴം നോവല്‍. വായിച്ചുപോകാന്‍ വളരെ സുഖമുള്ള നോവലും അതിലെ ഭാഷയും മനോഹരമായിരിക്കുന്നു. വ്യാസ മുനിയുടെ മഹാഭാരത പുരാണത്തിലെ
ഒരു കഥാപാത്രത്തെയെടുത്ത് മാനുഷികമായ ഭാവങ്ങള്‍ നല്‍കി അവതരിപ്പിച്ചിരിക്കുകയാണ് കഥാകാരി. പ്രണയ സുരഭിലമായ ഒരു സ്ത്രീയുടെ മാനസിക വ്യാപരങ്ങള്‍ തډയത്വമായി അവരിപ്പിക്കുന്ന ഈ നോവല്‍ ഭാവിയില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടും.

ഭാഷ സ്നേഹിയും നിരുപകനുമായ ഡോ: സുകുമാര്‍ കാനഡ:
മൂന്നാമൂഴം വായിച്ചു കഴിഞ്ഞപ്പോള്‍ മൂന്നാമൂഴം എന്നല്ലാതെ ഒരു പേരും ഈ നോവലിന് ചേരില്ല എന്നു തോന്നി. ഒരു പരിധിവരെ രണ്ടാംമൂഴത്തേക്കാള്‍ ഒരു പടി മുന്നില്‍ നില്‍ക്കുന്നതായും തോന്നി. നോവലിന്‍റെ ചട്ടക്കുടില്‍ അതിന്‍റെ പരിണാമഗുപ്തിയിലേയ്ക്ക് ഷീല നമ്മളെ കൊണ്ടു പോകുന്നത് ഏറെ പ്രിയകരമായ ഒരു പക്ഷെ ഉത്കണ്ഠ ഉണര്‍ത്തുന്ന ആത്മാന്വേഷണ പാതയിലൂടെയാണ്. പുരാണ കഥകളുടെ ഊടും പാവും ആഴത്തില്‍ തിരിച്ചറിഞ്ഞാസ്വദിച്ച ഒരു വയനക്കാരിയുടെ ജന്മസാഫല്യമെന്നാണ് ഈ നോവലിനെ വിശേഷിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നത്.

കഥാകൃത്തും സാഹിത്യ പ്രവര്‍ത്തകനുമായ ജോണ്‍ മാത്യൂ ഹൂസ്റ്റണ്‍: എതു കഥയാണെങ്കിലും കഥപാത്രങ്ങള്‍ സത്യമല്ല, ഭാവനാണ്, അമാനുഷികമാണ്, ആ അമാനുഷികതയിലൂടെയാണ് മനുഷ്യ സ്വഭാവത്തിന്‍റെ സുക്ഷമ വശങ്ങള്‍ അതിസുക്ഷമമായി ചര്‍ച്ചചെയ്യപ്പടുവാന്‍ കഴിയുക. ആ പ്രക്രിയയാണ് നോവലിസ്റ്റ് മൂന്നാമൂഴം എന്ന നോവലിലൂടെ വിവരിച്ചിരിക്കുന്നത്.

കഥാകരിയും നോവലിസ്റ്റുമായ നിര്‍മ്മല തോമസ് കാനഡ: ഈ നോവലില്‍ ഏററവും ആകര്‍ഷകമായത് ഭാഷയുടെ കാവ്യഭംഗിയാണ് അതോടൊപ്പം കഥയുടെ കാലത്തിന് യോജിച്ച ഒരു പ്രകൃതി സൃഷ്ടിക്കുന്നതില്‍ തുടക്കം മുതല്‍ അവസാനം വരെ നോവലിസ്റ്റ് ശ്രമിച്ചിട്ടുണ്ട്. അഭിനന്ദനങ്ങള്‍

നോവല്‍ വന്ന വഴിയെക്കുറിച്ചു എം.പി ഷീല:
തുടക്കത്തില്‍ കുന്തിദേവിയെ പ്രതി സ്ഥാനത്ത് നിറുത്തി ആക്ഷേപഹാസ്യ പ്രധാനമായൊരു ചെറുകഥയായിരുന്നു മനസ്സില്‍ എന്നാല്‍ ഇതിനു വേണ്ടി മഹാഭാരത പുരാണത്തിലേയ്ക്കു വായന നീങ്ങിയപ്പോഴാണ് പുതിയൊരു ആശയം മനസ്സില്‍ ആവിര്‍ഭവിച്ചതും അങ്ങനെ ദ്രൗപതിയും കൃഷ്ണനും തമ്മിലുള്ള പ്രണയത്തെക്കുറിച്ചു പുരാണത്തില്‍ വായിച്ചപ്പോള്‍ തുടങ്ങിയ പഠനത്തിനും ഗവേഷണത്തിനുമെടുവില്‍ ഏഴരവര്‍ഷം കൊണ്ടു പുര്‍ത്തിയാക്കിയതാണ്.

നോവല്‍ ചര്‍ച്ചയിലും, ആസ്വാദനത്തിലും പങ്കെടുത്ത സഹൃദയര്‍ക്കും, സംഘടിപ്പിച്ച ഫിലാഡല്‍ഫിയ സാഹിത്യവേദിയ്ക്കും എം.പി ഷീല നന്ദി പറഞ്ഞു.

എം.പി ഷീല