പരേതാത്മാക്കളെ വച്ച് പറുദീസ പണിയുന്ന പാർട്ടിക്കാർ (സുരേന്ദ്രൻ നായർ )

sponsored advertisements

sponsored advertisements

sponsored advertisements

25 May 2022

പരേതാത്മാക്കളെ വച്ച് പറുദീസ പണിയുന്ന പാർട്ടിക്കാർ (സുരേന്ദ്രൻ നായർ )

മലയാള കഥാസാഹിത്യ രംഗത്ത് എഴുപതുകൾ മുതൽ തിളങ്ങിനിന്നിരുന്ന സർഗ്ഗധനനായ ഒരു തീവ്ര ഇടതുപക്ഷ എഴുത്തുകാരനായിരുന്നു എം. സുകുമാരൻ.

കേന്ദ്രസർക്കാർ സ്ഥാപനമായ അക്കൗണ്ടന്റ് ജനറൽ ഓഫീസിൽ ഒരു സാധാരണ ജീവനക്കാരനായിരുന്ന അദ്ദേഹം ഉറച്ച ഇടതുപക്ഷ കാഴ്ചപ്പാടിലൂടെ സഹജീവനക്കാരെ സംഘടിപ്പിക്കുകയും കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ നിരന്തരം പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്തു. സമരങ്ങളുടെ പേരിൽ അച്ചടക്ക നടപടികൾക്ക് വിധേയനായ അദ്ദേഹത്തെ സർവീസിൽ നിന്നും പിരിച്ചുവിട്ടു. ഇത്തരത്തിൽ പിരിച്ചുവിടപ്പെട്ട പലരും രക്തസാക്ഷി പരിവേഷത്തോടെ അധികാരത്തിന്റെ പടവുകൾ കയറി പിന്നീട് നേതാക്കളായി വിലസുന്നത് നമ്മൾ കണ്ടിട്ടുണ്ട്. ഇവിടെ എം. സുകുമാരൻ ഒരു അപവാദമായിരുന്നു.

മാർക്സിന്റേയും മാവോയുടെയും ആദർശങ്ങളിൽ ആവേശംകൊണ്ട സുകുമാരൻ പിന്നത്തെ തന്റെ ജീവിതം മുഴുവൻ ചിലവഴിച്ചത് കഥകളിലൂടെയും നോവലുകളിലൂടെയും മലയാളക്കരയിൽ യഥാർത്ഥ ഇടതുപക്ഷ ധൈഷണിക വിപ്ലവത്തിന്റെ കൊടുങ്കാറ്റു സൃഷ്ടിക്കാനായിരുന്നു. കാരിരുമ്പിന്റെ കരുത്തുള്ള കഥാപാത്രങ്ങൾ നിറഞ്ഞ മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങൾ പോലുള്ള ഉജ്ജ്വല കൃതികൾ യുവാക്കളിൽ വിപ്ലവബോധത്തിന്റെയും വർഗ്ഗസമരത്തിന്റെയും സ്വപ്‌നങ്ങൾ നെയ്തെടുക്കുന്നവയായിരുന്നു. ഇടതുപക്ഷ പരിപ്രേക്ഷ്യങ്ങൾക്കു പുത്തൻ മാനങ്ങൾ സമ്മാനിച്ച അദ്ദേഹത്തിന്റെ കഥകളും കഥാപാത്രങ്ങളും കാണിച്ച വിമോചന മാർഗങ്ങളും കർക്കശ നിലപാടുകളും ഉദരപൂരണത്തിനായി കമ്മ്യൂണിസ്റ്റായ നേതാക്കളിൽ പലരെയും അസ്വസ്ഥരാക്കി. കമ്മ്യൂണിസത്തിനു ഭാരതീയമാനം പകരാൻ തുനിഞ്ഞ സൈദ്ധാന്തികരായ കെ. ദാമോദരന്റേയും എം. ഗോവിന്ദന്റേയും നേരെയെന്നപോലെ അവർ സുകുമാരനെതിരായും വാളെടുത്തു. ഒത്തുതീർപ്പുരാഷ്ട്രീയത്തിന് വഴങ്ങാത്ത ഉറച്ച നിലപാടുകൾ കാരണം പാർട്ടിഅച്ചടക്കത്തിന്റെ ചാട്ടവാർ ഏറ്റുവാങ്ങി അദ്ദേഹം പാർട്ടിക്ക് പുറത്തായി. അധികാരരാഷ്ട്രീയത്തിന്റെ അകത്തളങ്ങളിൽ ഒരിക്കലും എത്തിനോക്കിയിട്ടില്ലാത്ത അദ്ദേഹം താൻ ജീവിതവൃതമായി കണ്ട ആദർശങ്ങളെ സ്വാർത്ഥ താത്പര്യങ്ങൾക്കായി ചവിട്ടിമെതിക്കുന്ന നേതാക്കളുടെ കാപട്യങ്ങൾക്കെതിരെ നിരന്തരമായി തൂലിക ചലിപ്പിച്ചു കൊണ്ടേയിരുന്നു.

തിരുവനന്തപുരത്തെ ഒരു ഒറ്റമുറി ഫ്ലാറ്റിൽ ആഹാരത്തിനും മരുന്നിനും വേണ്ട വരുമാനമില്ലാത്ത ഭാര്യയും മകളുമായി അവശനായി കഴിയുമ്പോളും ശതകോടികളുടെ ആസ്തിയുള്ള പാർട്ടി നേതാക്കളുടെ ഔദാര്യത്തിനായി അദ്ദേഹം ഒരിക്കലും കൈ നീട്ടിയിരുന്നില്ല.

സുകുമാരന്റെ ആദ്യകാല രചനകളായ മഴത്തുള്ളികൾ, തൂക്കുമരങ്ങൾ ഞങ്ങൾക്ക് തുടങ്ങിയവ യുവാക്കളുടെ മനസ്സിൽ വിപ്ലവത്തിന്റെ തീജ്വാലകൾ ജ്വലിപ്പിച്ചവയായിരുന്നെങ്കിൽ അവസാനമായി എഴുതിയവ പ്രസ്ഥാനത്തിനുള്ളിലെ അപചയങ്ങളുടെയും അധികാര വടംവലികളുടെയും ജാതീയ വിവേചനങ്ങളുടെയും ദുർഗന്ധം വമിക്കുന്നവയായിരുന്നു.

മാർക്സിസ്റ്റു പാർട്ടിയെ ഗ്രസിച്ചിരുന്ന ജീർണ്ണതയും സമഗ്രാധിപത്യ ശാസനകളും കമ്മ്യൂണിസത്തെ വെറുമൊരു കാൽപ്പനിക സ്വപ്നം മാത്രമാക്കി മാറ്റിയെന്ന തിരിച്ചറിവിൽ നിന്നാണ് ജനിതകം എന്ന കഥയും ശേഷക്രിയ എന്ന വിഖ്യാത നോവലും പിറവിയെടുക്കുന്നത്.

കേന്ദ്ര സംസ്ഥാന സാഹിത്യ അവാർഡുകളും ചലച്ചിത്ര അക്കാദമി പുരസ്‌കാരം ഉൾപ്പെടെ ഒട്ടേറെ അംഗീകാരങ്ങളും നേടിയിട്ടുള്ള അദ്ദേഹത്തിന്റെ ശേഷക്രിയ എന്ന നോവൽ കലാകൗമുദി വാരികയിൽ ഖണ്ഡശഃ പ്രസിദ്ധീകരിച്ചു വന്നപ്പോൾ അസഹിഷ്ണത പൂണ്ട പാർട്ടി നേതൃത്വം പൊടുന്നനെ ഇടപെട്ടു തുടർപ്രസിദ്ധീകരണം നിർത്തി വക്കാൻ ആവശ്യപ്പെട്ടതും അദ്ദേഹത്തിനുനേരെ വധഭീഷണി ഉയർത്തിയതും പ്രമുഖ മാധ്യമ പ്രവർത്തകനായിരുന്ന ശ്രീ. ജയചന്ദ്രൻ നായർ വെളിപ്പെടുത്തിയിട്ടുണ്ട്.

താൻ വിശ്വസിച്ച ആദർശങ്ങൾക്കുവേണ്ടി അവസാനം വരെ തൂലിക ചലിപ്പിച്ചു 2018 മാർച്ചു മാസത്തിൽ അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞു. അദ്ദേഹത്തെകുറിച്ചു ഇത്രയും ഇപ്പോൾ പറയാൻ കാരണം കേരളത്തിലെ മാർക്സിസ്റ്റു കമ്മ്യൂണിസ്റ്റു പാർട്ടിയുടെ പോളിറ്റ് ബ്യുറോ അംഗവും മുൻ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന എം. എ.ബേബിയുടെ നേതൃത്വത്തിൽ അടുത്ത നാളുകളിൽ നടന്ന ഒരു നാണംകെട്ട പെറാട്ടു നാടകമാണ്.

ബേബി സഖാവ് രക്ഷാധികാരിയായി രൂപംകൊണ്ട ഒരു സാംസ്‌കാരിക സംഘടന മാർക്സിസ്റ്റു നേതാവും മുന്മന്ത്രിയുമായിരുന്ന ശിവദാസ മേനോന് അൻപതിനായിരം രൂപയും ഫലകവും അടങ്ങുന്ന എം. സുകുമാരൻ സ്മാരക അവാർഡ് പ്രഖ്യാപിച്ചിരിക്കുന്നു.

എം. സുകുമാരന്റെ പേരിൽ ഒരു അവാർഡ്, അതും അക്ഷരാർത്ഥത്തിൽ പാർട്ടിയുടെ ശേഷക്രിയ തന്നെ സമാഗമമാകുന്നുവെന്നു പ്രവചിച്ച ഒരു തിരുത്തൽവാദിയുടെ പേരിൽ. അത് കൊടുക്കുന്നതോ സാഹിത്യവുമായി പുലബന്ധം പോലുമില്ലാത്ത നിരന്തരം തെരഞ്ഞെടുപ്പുകളിൽ തോൽക്കുകയും അവസാനം മലമ്പുഴ നിന്നും എം എൽ എ യും മന്ത്രിയുമായ വയോധികനായ ശിവദാസ മേനോന്. പാർട്ടിയിലെ സത്യങ്ങൾ തുറന്നു പറഞ്ഞതിന്റെ പേരിൽ ക്രൂരമായി പീഡിപ്പിച്ചു പുറത്താക്കിയ ഒരാൾ മരിച്ചുവെന്ന് കരുതി ചോദിയ്ക്കാൻ ആരുമില്ലായെന്നു വിചാരിച്ചു ഇത്തരം ക്രൂര വിനോദങ്ങൾ നടത്തി ഉളുപ്പില്ലായ്മ കാണിക്കാൻ മറ്റൊരു പാർട്ടിക്കും കഴിയില്ല.

നിരന്തരം തെറ്റുകൾ ചെയ്യുകയും ആവർത്തിച്ചാവർത്തിച്ചു തിരുത്തുകയും, തിരുത്തി തിരുത്തി തെറ്റിലേക്ക്‌ തിരിച്ചെത്തുകയും ചെയ്യുന്ന ഈ പാർട്ടിയും സഖാവ് ബേബിയും പരേതാത്മാവിനെ വച്ച് പാർട്ടിക്ക് പറുദീശ പണിയാൻ പാടില്ലായിരുന്നു.

സുരേന്ദ്രൻ നായർ