മകരവിളക്ക് ഉത്സവ പ്രഭയില്‍ അമേരിക്കയില്‍ ശബരിമല ക്ഷേത്രം

sponsored advertisements

sponsored advertisements

sponsored advertisements

11 January 2023

മകരവിളക്ക് ഉത്സവ പ്രഭയില്‍ അമേരിക്കയില്‍ ശബരിമല ക്ഷേത്രം

സ്വന്തം ലേഖകൻ

അമേരിക്കയിലെ വിവിധ ക്ഷേത്രങ്ങളില്‍ അയ്യപ്പപ്രതിഷ്ഠയുണ്ടെങ്കിലും കലിയുഗവരദായ സ്വാമി അയ്യപ്പന്‍ പ്രധാന പ്രതിഷ്ഠയായ ആദ്യക്ഷേത്രം ന്യൂയോര്‍ക്കിലെ വേള്‍ഡ് അയ്യപ്പസേവാ ട്രസ്റ്റ് ക്ഷേത്രമാണ്. അയ്യപ്പ ഭക്തിയിലും വിശ്വാസത്തിലും ലയിച്ചു ജീവിക്കുന്ന അമേരിക്കന്‍ മലയാളികളുടെ ‘ഗുരുസ്വാമി’ പാര്‍ത്ഥസാരഥി പിള്ളയുടെ സ്വപ്ന സാക്ഷാത്ക്കാരമായ ക്ഷേത്രത്തിലെ പ്രധാന വിഗ്രഹപ്രതിഷ്ഠ 2015 ലായിരുന്നു.

കേരളത്തില്‍ വിധിപ്രകാരം നിര്‍മ്മിച്ച് ആചാരാനുഷ്ഠാനങ്ങളോടെ എത്തിച്ച ശബരിമല ശാസ്താവിന്റേയും ഉപദേവതകളായ ഗണപതിയുടേയും ഹനുമാന്റേയും പഞ്ചലോഹ വിഗ്രഹങ്ങള്‍ സൂര്യകാലടി മനയിലെ സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാടാണ് പ്രതിഷ്ഠിച്ചത്.ശബരിമലയിലെ അയ്യപ്പവിഗ്രഹത്തിന്റെ തനി വലിപ്പത്തിലും രൂപത്തിലുമുള്ള വിഗ്രഹം. ബിംബ പരിഗ്രഹ പൂജ, ജലാതി വാസം, നേത്രോ ലിഖനം, നേത്രോ ലേഖനം, ജിവകലശ പുജകള്‍ അധി വാസപുജ, പിഠ പ്രതിഷ്ട, ബിംബപ്രതിഷ്ട, പഠിത്തര സമര്‍പ്പണം എന്നി കര്‍മ്മങ്ങള്‍ താന്ത്രിക വിധിപ്രകാരം നടന്നു.തുടര്‍ന്ന് ശിവന്‍, ശ്രീകൃഷ്ണന്‍,മുരുകന്‍, ദേവയാനി, മഹാലക്ഷ്മി, നവഗ്രഹങ്ങള്‍ എന്നീ ഉപ ദേവതകളുടെ പ്രതിഷ്ഠകളും നടന്നു.

മണ്ഡല മകരവിളക്കുത്സവം മാത്രമല്ല ശിവരാത്രി, വിനായക ചതുര്‍ത്ഥി,അഷ്ടമി രോഹിണി, ശിവരാത്രി, നവരാത്രി, കാര്‍ത്തികവിളക്ക് , ദീപാവലി തുടങ്ങിയ പ്രധാന വിശേഷദിനങ്ങളില്‍ പ്രത്യേക പൂജകളും വഴിപാടുകളും നടത്തുന്നു.ശനിപൂജ, സത്യനാരായണ പൂജ, ജന്മ നക്ഷത്ര പൂജ,അന്നപ്രാശം, വിവാഹം എന്നിവയൊക്കെ നടത്തുന്നു.

മകരവിളക്ക് ഉത്സവ പ്രഭയിലാണ് ഇപ്പോള്‍ ക്ഷേത്രം. ശബരിമലയിലേതുസമാനമായ ചിട്ടയോടെയാണ് ഇവിടെയും കാര്യങ്ങള്‍ നീങ്ങുന്നത്. എല്ലാദിവസവും സുപ്രഭാതംപാടി നടതുറക്കും. അഷ്ടാഭിഷേകത്തോടെ പൂജകള്‍ ആരംഭിക്കും. പടിപൂജ, ഉച്ചപൂജ, ഭജന, ദീപാരാധന, മഹാ മംഗളാരതി.. ഹരിവരാസനം പാടി നട അടയക്കും.

അമേരിക്കയിലെ മലയാളികള്‍ മാത്രമല്ല മറ്റ് സംസ്ഥാനത്തുനിന്നുള്ളവരുടേയും മികച്ച പിന്തുണയാണ് ക്ഷേത്ര പുരോഗതിക്ക് കാരണമെന്ന് പാര്‍ത്ഥസാരഥി പിള്ള പറയുന്നു. മണ്ഡലകാലം തുടങ്ങി ഒരു ദിവസംപോലും മുടങ്ങാതെ പടിപൂജ നടത്താന്‍ ഭക്തര്‍ തയ്യാറായി. മകരവിളക്ക് ദിനത്തില്‍ ഉച്ചയ്ക്ക് പമ്പാസദ്യ, ഇരുമുടി ഏന്തി എത്തുന്ന അയ്യപ്പന്മാരുടെ നിവേദ്യസമര്‍പ്പണം, നെയ്യഭിഷേകം,, പുഷ്പാലങ്കാരം, മംഗളാരതി, പ്രസാദവിതരണം, ഹരിവരാസനം എന്നിവ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

ക്ഷേത്ര പുജാരിമാരയ വാസുദേവ ഭട്ടതിരി(മെയിൻ പ്രീസ്റ് ), സതീഷ് പണ്ടിറ്റ് , മോഹൻ അയ്യർ എന്നിവരുടെ സേവനം എടുത്തു പറയേണ്ടുന്നതാണ്.

ഭഗവാന്‍ അയ്യപ്പസ്വാമിയുടെ അനുഗ്രഹം കൊണ്ടുമാത്രമാണ് കേരളത്തിലെ ഒരുകൊച്ചുഗ്രാമത്തില്‍നിന്നു വന്ന തനിക്ക് അമേരിക്കയില്‍ ഇത്തരമൊരു ക്ഷേത്രം സാധ്യമാക്കാന്‍ കഴിഞ്ഞതെന്നാണ് പാര്‍ത്ഥസാരഥി പിള്ള പറയുന്നത്. പേരുകൊണ്ട് അര്‍ജ്ജുനന്റെ സാരഥി ആണെങ്കിലും കര്‍മ്മംകൊണ്ട് അമേരിക്കക്കാര്‍ക്ക് അയ്യപ്പസന്ദേശത്തിന്റെ സാരഥിയാണ് നാലുപതിറ്റാണ്ടിലേറെയായി ന്യൂയോര്‍ക്കില്‍ താമസിക്കുന്ന ഈ റാന്നിക്കാരന്‍