“കല പ്രകൃതിയുടെ താളം”(ജോബി ബേബി)

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements


27 February 2023

“കല പ്രകൃതിയുടെ താളം”(ജോബി ബേബി)

ജോബി ബേബി

മലയാളപ്പച്ച -1

ഒരു ചെറു മുക്കുറ്റിയിലെ പച്ചയും മഞ്ഞയും ഇടകലർന്നൊരുക്കുന്ന വർണ്ണ വിസ്മയങ്ങൾ;മഴത്തുള്ളികൾ മണ്ണിന്റെ തന്ത്രിയിൽ മീട്ടുന്ന അപൂർവ്വരാഗങ്ങൾ…ഓളവും തീരവും ചേരുമ്പോൾ ഉയരുന്ന സമന്വയ മന്ത്രങ്ങൾ;അങ്ങനെ വാക്കുകൾക്കും കേൾവികൾക്കും,കാഴ്ചകൾക്കപ്പുറത്തേക്കും ചെന്നെത്തുന്ന അറിയാത്ത അറിയാത്ത കടലിരമ്പങ്ങൾ ഓരോ ജീവനുമുന്നിലും പ്രപഞ്ചം ഉയർത്തുന്നുണ്ട്.ഒരു മണൽത്തരിയുടെ സൂക്ഷ്മതയിൽ കാലൂന്നി നിന്നുകൊണ്ട് മനുഷ്യൻ അത്‌ കണ്ടറിയേണ്ടിയിരിക്കുന്നു.

“മനുഷ്യനേർപ്പെടുന്ന അഗാധമായ അന്വേഷണങ്ങളുടെ ഓർമ്മപ്പെടുത്തലാണ് മത്സ്യ ബന്ധനമെന്ന് തോന്നുന്നു.ഇത്രേയും വലിയ കടലിൽ നിങ്ങളെറിയുന്ന ഒരു ചെറിയ വലയിൽ മത്സ്യം കുരുങ്ങുന്നത് അത്ര സരളമായി അനുഭവപ്പെടുന്നുണ്ടോ?ചിലപ്പോൾ തോന്നുന്നു ഒരു ചൂണ്ടയിൽ മീൻ കുരുങ്ങുന്നതിനേക്കാൾ അത്ഭുതകരമായി മറ്റൊന്നില്ലെന്ന്.പുഴയിൽ പട്ടിണിയായതു കൊണ്ടാണോ നിങ്ങൾ കാട്ടി പ്രലോഭിപ്പിക്കുന്ന ഞാഞ്ഞൂലിലേക്ക് ഒരു മീനെത്തുന്നത്.നിശ്ചയമായും അല്ല.പ്രകൃതി നിങ്ങളോട് ഒരനുഭാവം കാട്ടുന്നുവെന്ന് മാത്രം കരുതിയാൽ മതി”(ഫാദർ.ബോബി ജോസ്‌ കട്ടികാട്-മൂന്നാം പക്കം)

ആത്മീയതയുടെ ഹരിത തീരങ്ങളിൽ നിന്നും അക്ഷരമുത്തുകൾ പെറുക്കി ബോബിയച്ചൻ ഇത്തരമൊരാവിഷ്കാരം നടത്തുമ്പോൾ അതിൽ ഒരു പ്രഭാഷണത്തിന്റെയോ ഉപദേശത്തിന്റെയോ അല്ലെങ്കിൽ കേവലമായ ഒരു കവല പ്രസംഗത്തിന്റെയോ ഒക്കെ എത്രയോ അപ്പുറത്തേക്ക് നീളുന്ന സംവേദനത്തിന്റെ സർഗ്ഗശക്തി ജ്വലിച്ചുനിൽക്കുന്നുണ്ട്.അനുഭവങ്ങളുടെയും നിരീക്ഷണങ്ങളുടെയും ആത്മാർപ്പണങ്ങളുടെയും സൂഷ്മശ്രുതികൾ ഉൾച്ചേർക്കപ്പെട്ട് പ്രകൃതിയുടെ സംഗീതമായി അത്‌ വായനക്കാരനിലേക്ക് പകർത്തപ്പെടുന്നുണ്ട്.സംഗീത സാഹിത്യ കലാവിഷ്കാരങ്ങൾക്ക് ഉണ്ടായിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒരു അനിവാര്യതയായി ഗണിച്ചിരുന്ന സാമൂഹികപ്രതിബദ്ധതയ്‌ക്കൊപ്പം,അതിന്റെ തന്നെ ഭാഗമായ പാരിസ്ഥിതികപ്രതിബദ്ധതയും കൂടുതലായി കണ്ടുകൊണ്ടുള്ള ആസ്വാദനമാണ് ഈ കാലം ആവശ്യപ്പെടുന്നത്.എല്ലാറ്റിലും ഹരിതമുദ്രകൾ പതിയേണ്ടിയിരിക്കുന്നു.ഒപ്പം ഇതുവരെ ഉണ്ടായ ആവിഷ്കാരങ്ങളിലെ ഹരിത വർണ്ണങ്ങൾ കൂടുതലായി തിരിച്ചറിയപ്പെടേണ്ടതുണ്ട്.കാരണം ഇത്തരം ശ്രമങ്ങൾക്കു പലതും പറയാതെ പറയാൻ കഴിയും.അറിയാതെ പലതും അറിയിക്കാനും…എല്ലാം വിറ്റുതുലയ്ക്കുന്ന;എല്ലാം തച്ചുതകർക്കുന്ന ഒരു കാലത്തിലൂടെ മനുഷ്യൻ ഇഴഞ്ഞു നീങ്ങുമ്പോൾ പ്രകൃത്യുന്മുഖമായ മനുഷ്യാവിഷ്കാരങ്ങളുടെ നിലനിൽപ്പും ആസ്വാദനവും ഉറപ്പാക്കുക എന്നതും പ്രകൃതി പരിരക്ഷണത്തിന്റെ വിഭിന്നമായ ഒരു മാർഗമാണ്…അത്‌ പ്രകൃതിയുടെ സംഗീതമായി മാറും.എന്തിലും പച്ചപ്പുകൾ തിരയേണ്ടിയിരിക്കുന്നു.

ജോബി ബേബി