“ഇതും കടന്ന് പോകും”(ജോബി ബേബി)

sponsored advertisements

sponsored advertisements

sponsored advertisements

6 March 2023

“ഇതും കടന്ന് പോകും”(ജോബി ബേബി)

മലയാളപ്പച്ച -2
ജോബി ബേബി
സന്തോഷത്തിന്റെ അവസരത്തിലും സന്താപത്തിന്റെ വേളയിലും ഒരു പോലെ സത്യമായിരിക്കുന്ന ഒരു വസ്തുതയെന്താണ്?അത്‌ ഓർമ്മിക്കാൻ എളുപ്പമുള്ള ഒരു കൊച്ചു വാക്യമായിരിക്കണം.സന്തോഷത്തെയും ദുഃഖത്തെയും സമചിത്തതയോടെ നേരിടാൻ ആ വാക്യം സഹായകമാകണം-രാജാവ് തന്റെ രാജ്യത്തെ പണ്ഡിതന്മാരോട് ആവശ്യപ്പെട്ടു.പണ്ഡിതന്മാർ തലപുകഞ്ഞു ആലോചിച്ചു.ഒടുവിൽ ഒരു കൊച്ചു വാക്യം അവർ തയ്യാറാക്കി.അതിതാണ്-”ഇതും കടന്നുപോകും”.സന്തോഷത്തിന്റെ സമയത്തു പറയുക-”ഇതും കടന്നു പോകും”.ഈ തിരിച്ചറിവ് സന്തോഷത്തിൽ മതി മറന്നു പോകാതിരിക്കാൻ സഹായിക്കും.ദുഃഖത്തിന്റെ സമയത്തും പറയുക-”ഇതും കടന്നുപോകും”.ദുഃഖത്തിൽ ഏറെ നിരാശപ്പെട്ടു പോകാതിരിക്കാൻ ഇത് സഹായിക്കും.

പണ്ഡിതന്മാർ പറഞ്ഞ ആ കൊച്ചു വാക്യം രാജാവിന് ഇഷ്ടമായി.അദ്ദേഹം അത്‌ തന്റെ മോതിരത്തിൽ കൊത്തി വെച്ചു.സന്തോഷത്തിന്റേയും ദുഖത്തിന്റേയും വേളകളെ സമചിത്തതയോടെ നേരിടാൻ ഇത് രാജാവിനെ സഹായിച്ചു.പേർഷ്യൻ കവിയായിരുന്ന നിഷാപ്പൂരിലെ അറ്ററിന്റെ കാലത്തു അദ്ദേഹമുൾപ്പടെയുള്ള പണ്ഡിതന്മാരാണ് അന്നു നിഷാപ്പൂരിലെ രാജാവിന് വേണ്ടി ഈ വാക്യം കണ്ടെത്തിയെന്നതാണ് ഐതീഹ്യം.

(ഈവൻ ദിസ് ഷാൾ പാസ് എവെ-തിയഡോർ ടിച്ചൺ)

ലോകമെമ്പാടുമുള്ള ധനം തന്റെ ഭണ്ഡാരത്തിൽ വന്നപ്പോൾ രാജാവ് പറഞ്ഞു:”എന്താണ് ധനം?ഇതും ഒരുനാൾ കടന്നു പോവുകയില്ലേ?”യുദ്ധവിജയം ആഘോഷിക്കുവാൻ കൊട്ടാരത്തിൽ വൻവിരുന്നു നടന്നപ്പോൾ രാജാവ് പറഞ്ഞു,”സുഹൃത്തുക്കളെ സുഖസന്തോഷങ്ങൾ വരും.പക്ഷേ അവയും കടന്ന് പോകും.”മറ്റൊരു യുദ്ധത്തിൽ മുറിവേറ്റു കിടക്കുമ്പോൾ രാജാവ് പറഞ്ഞു,”പരാജയവും വേദനയും സഹിക്കുന്നത് ഏളുപ്പമല്ല.പക്ഷേ ഓർക്കുക ഇതും കടന്ന് പോകും”.

ജോബി ബേബി