“മണിമലയാറ്റിലെ ഓളങ്ങൾ ” (കെ.കെ.മേനോൻ)

sponsored advertisements

sponsored advertisements

sponsored advertisements

8 March 2022

“മണിമലയാറ്റിലെ ഓളങ്ങൾ ” (കെ.കെ.മേനോൻ)


ണിമല എന്ന സ്ഥലനാമം അന്നെന്തോ മനസ്സിൽ ഒരു പ്രത്യേകമായ അനുഭവമാണ് പകർന്നു തന്നിരുന്നത്. കാരണമെന്താണെന്ന് അറിയില്ല. ആലോചിച്ച് സമയവും കളഞ്ഞിട്ടില്ല. മണിമലയാർ എന്ന് കേൾക്കുമ്പോഴും, വായിക്കുമ്പോഴും, ഏറെ താൽപര്യവും ഒന്ന് പോയി നേരിൽ കാണുവാനുള്ള ആഗ്രഹവും ആയിരുന്നു മനസ്സിൽ. ആ സമയങ്ങളിൽ ആണ് ” മണിമലയാറ്റിൻ തീരത്ത്” എന്ന പ്രസിദ്ധമായ ഗാനം കേൾക്കുന്നത്. പിന്നെ പറയേണ്ട കാര്യമില്ലല്ലോ. മണിമലയും, മണിമലയാറും കാണുവാനുള്ള അതിയായ മോഹം സഫലീകൃതമാകുന്നത് അക്കാലങ്ങളിലെ ശബരിമല യാത്രകളിലാണ്. പൊൻകുന്നം -മണിമല വഴി പോകുമ്പോൾ കാണുന്ന റബർ തോട്ടങ്ങൾ. പകൽ സമയത്തും സൂര്യരശ്മികളെ തടഞ്ഞു വെച്ച് ആകെ ഇരുട്ടിനു സമാനമായ അന്തരീക്ഷം സൃഷ്ടിച്ചെടുത്ത, അറ്റം കാണാൻ സാധിക്കാത്ത അത്രയും വലിയ റബ്ബർ തോട്ടങ്ങൾ – റോഡിന്റെ ഓരത്തു കൂടി, നാണിച്ച്, കുണുങ്ങിക്കുണുങ്ങി ഒഴുകിയിരുന്ന മണിമലയാർ. റബർ പാലിന്റെ മണം കാറ്റിലൂടെ ഒഴുകിയെത്തിയിരുന്ന അസുലഭ മുഹൂർത്തങ്ങൾ.കാറ് റോഡിന്റെ സൈഡിൽ നിർത്തി മണിമലയാറ്റിൽ ഇറങ്ങി കൈകാലുകൾ, മുഖം എല്ലാം കഴുകി കുറച്ചുനേരം ആ അന്തരീക്ഷത്തിൽ ലയിച്ചു നിന്നിരുന്ന സമയങ്ങൾ. മനസ്സിൽ അറിയാതെ പൊങ്ങി വന്ന “മണിമലയാറ്റിൻ” എന്ന ഗാനം പകർന്നു തന്ന അനിർവചനീയമായ അനുഭൂതി.എല്ലാം മതിയാവോളം ആസ്വദിച്ചു കൊണ്ടുള്ള യാത്രകൾ.

പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ്, അതായത് 71- 73 കാലങ്ങൾ, ഹോസ്റ്റലിൽ റൂം മേറ്റ് ആയി മണിമല ക്കാരൻ മാത്യു തോമസ് വരുന്നത്. മണിമല വിശേഷങ്ങൾ ചർച്ച ചെയ്യുമ്പോൾ അക്കാലത്ത് ഏറെ വിവാദമായിരുന്ന, പിന്നീട് ഒരു സിനിമയായി വന്ന, മറിയക്കുട്ടി കൊലക്കേസ്സും, ചർച്ചകളിൽ ഒരു പ്രധാന വിഷയം ആയിരുന്നു. പ്രീഡിഗ്രി പഠനം കഴിഞ്ഞ്, വളരെ വർഷങ്ങൾക്കു ശേഷം, അതായത് എൺപതുകളിലാണ് എന്നാണ് എന്റെ ഓർമ്മ, മാത്യു തോമസിനെ കാണുന്നത്. ഒരു ശബരിമലയാത്രയിൽ കാറിൽ ഡീസൽ ലഭിക്കുവാനായി, മണിമല HP യുടെ പെട്രോൾ പമ്പിൽ പോയപ്പോൾ, തൊട്ടടുത്തുള്ള ഗ്രൗണ്ടിൽ മാത്യു കൂട്ടുകാരുമൊത്ത് വോളിബോൾ കളിക്കുന്നു. വീണ്ടും ഒരു ആകസ്മികമായ കണ്ടുമുട്ടൽ. വളരെ ചുരുങ്ങിയ സമയത്തിൽ കൂടുതൽ വിശദമായി സംസാരിക്കുവാനോ, വിശേഷങ്ങൾ പങ്കു വെക്കാനോ സാധിച്ചില്ല. അതിനുശേഷം പിന്നെ മാത്യുവിനെ കണ്ടിട്ടില്ല. ജോലി എടുക്കാൻ തുടങ്ങിയശേഷം, തിരക്കേറിയ സമയങ്ങളിൽ, ഭൂതകാലത്തെ കുറിച്ചുള്ള ഓർമ്മകൾ താനേ മനസ്സിൽ നിന്നും മാഞ്ഞു പോയിരുന്നു.

വളരെ വർഷങ്ങൾക്കു ശേഷം, 2008 ലൊ 2009 ലോ ആണെന്ന് തോന്നുന്നു, കാഞ്ഞിരപ്പള്ളി ഉള്ള കറിയാച്ചനെ
പരിചയപ്പെടുന്നത്. ആ പരിചയപ്പെടൽ പിന്നീട് ഞങ്ങൾ തമ്മിൽ വളരെ നല്ല ഒരു സുഹൃത്ത് ബന്ധത്തിൽ എത്തിച്ചേരുവാൻ സാധിച്ചതിന്റെ ഒരു തുടക്കം ആയിരുന്നു . കറിയാച്ചന്റെ അടുത്ത ബന്ധുവായിരുന്നു, എന്റെ പഴയ സുഹൃത്ത് മാത്യു തോമസ് എന്ന് കറിയാച്ചൻ പറഞ്ഞപ്പോൾ, മനസ്സിൽ അടക്കാനാവാത്ത സന്തോഷം ആയിരുന്നു. ഒട്ടും സമയം കളയാതെ മണിമലയിൽ ഉള്ള മാത്യുവിനെ കാണണം എന്ന് ഞാൻ പറഞ്ഞപ്പോൾ, കറിയാച്ചൻ വളരെ ഉത്സാഹത്തോടുകൂടി എന്നെയും കൂടി മാത്യുവിന്റെ വീട്ടിലേക്ക് പുറപ്പെട്ടു. കാഞ്ഞിരപ്പള്ളിയിൽ നിന്ന് 5 കിലോമീറ്റർ മാത്രം ഉള്ള ദൂരം പിന്നിടുമ്പോൾ, മനസ്സിലാകെ മാത്യുവിനെ കാണാനുള്ള ഉത്സാഹവും, ആവേശവുമായിരുന്നു. ഒരു വാക്കും പറയാതെ ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധിച്ചുകൊണ്ട്, കറിയാച്ചന്റെ ഇടക്കുള്ള നോട്ടങ്ങൾ, എന്റെ ചിന്തകൾക്ക് ഭംഗം വരുത്തിയിരുന്നു.

മാത്യുവിന്റെ വീട്ടിൽ എത്തി. മുന്നിൽ ഒരു വലിയ പൂന്തോട്ടം. ഏറെ പ്രൊഡ്ഢിയുള്ള ആ വലിയ വീടിന്റെ പോർച്ചിൽ കാർ നിർത്തി, ഞങ്ങൾ രണ്ടുപേരും ഇറങ്ങി വീട്ടിനകത്തു കയറി. സ്വീകരണമുറിയിൽ എന്നോട് ഇരിക്കാൻ പറഞ്ഞു, കറിയാച്ചൻ അകത്തുപോയി മാത്യുവിന്റെ ഭാര്യയോടൊപ്പം തിരിച്ചു വന്നെന്നെ പരിചയപ്പെടുത്തി. ഞാൻ എഴുന്നേറ്റു നമസ്കാരം പറഞ്ഞപ്പോൾ, എന്റെ ശ്രദ്ധ അവരുടെ പുറകിൽ ചുവരിൽ തൂക്കിയിരുന്ന മാത്യുവിന്റെ ഒരു വലിയ ചിത്രത്തിൽ പതിഞ്ഞു. ഒരു ചെറിയ ലൈറ്റും, ചിത്രത്തിന് ചുറ്റും ഒരു മാലയും – കറിയാച്ചന്റെ വാക്കുകൾ കേട്ടു ഞാൻ ആകെ സ്തംഭിച്ചു പോയി, ഒരു ഇടിവെട്ടേറ്റതുപോലെ. മാത്യു തോമസ് അഞ്ചുവർഷം മുൻപ് മരിച്ചെന്നും, വളരെ ആകസ്മികമായ മരണമായിരുന്നു എന്നും പറഞ്ഞു. ആ സമയം മൗനം പാലിക്കുക അല്ലാതെ തിരിച്ചൊന്നും പറയാൻ എനിക്കു കഴിഞ്ഞില്ല.

അവിടെ നിന്നിറങ്ങി തിരിച്ച് കാഞ്ഞിരപ്പള്ളി യിലേക്ക് പുറപ്പെടുമ്പോൾ, മണിമലയാറിന്റെ തീരത്തുകൂടെ എന്നെ ഒന്ന് കൊണ്ടുപോകണമെന്ന് അഭ്യർത്ഥിച്ചപ്പോൾ ഒട്ടും വിസമ്മതം പ്രകടിപ്പിക്കാതെ അങ്ങോട്ടു എന്നെ കൊണ്ടു പോകാനായി കറിയാച്ചൻ കാർ തിരിച്ചു. കാർ നിർത്തി ഞാൻ മണിമലയാറിന്റെ തീരത്തേക്ക് നടന്നിറങ്ങി. ഒരു കൈയ്യിൽ വെള്ളമെടുത്ത് മുഖം കഴുകി. മൂന്നര പതിറ്റാണ്ടു പുറകിലേക്ക് മനസ്സ് ഒരു മിന്നൽപിണറിന്റെ വേഗതയിൽ കുതിച്ചു പോയി. ശാന്തമായി ഒഴുകിയിരുന്ന മണിമലയാർ പോലും എന്റെ നൊമ്പരത്തിൽ പങ്കു ചേർന്നുകൊണ്ട്, ഒഴുക്കിൽ പാറകെട്ടുകളിൽ തലയടിച്ചു കണ്ണുനീർ വീഴ്ത്തികൊണ്ട് യാത്ര പറയുകയായിരുന്നുവോ? മറന്നുപോയ റബ്ബർ പാലിന്റെ മണം എന്നെ തേടിയെത്തിയപ്പോൾ ഗതകാല സ്മരണകളിൽ മുങ്ങി എന്റെ കണ്ണുകൾ നിറഞ്ഞു പോയി.
തീർത്ഥം നൽകി, മാത്യുവിന്റെ ആതമാവിന്
നിത്യ ശാന്തി നേർന്നു കൊണ്ട് തിരിച്ചു കാറിലേക്കു നടന്നു വരുമ്പോൾ ഒരിളം കാറ്റു
ഒഴുകി വന്നെന്നെ പുണർന്നു! എന്നും മനസ്സിൽ അനുഭൂതികളുടെ വർണ്ണപുഷ്പങ്ങൾ വിരിയിച്ചിട്ടുള്ള ആ ഗാനം അന്നും ഓർമയിൽ വന്നു.
“മണിമലയാറ്റിൻ തീരത്തു
മാൻ തുള്ളും മലയോരത്തു”

കെ.കെ.മേനോൻ

song link