ബിനി മൃദുൽ, കാലിഫോർണിയ
കലാലയ ജീവിതത്തെ പറ്റി എഴുതണം എന്ന് വിചാരിച്ചിട്ട് കാലം കുറെ ആയി. തിരിഞ്ഞു നോക്കുമ്പോൾ ഏറ്റവും പ്രിയപ്പെട്ട കാലം AICT ( അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പ്യൂട്ടർ ടെക്നോളജി അഥവാ ഇന്നത്തെ അമൃത വിശ്വ വിദ്യാ പീഠം )യും +2 ഉം ആയിരുന്നു. ഒരേ wavelength ഉള്ള കുറെ സുഹൃത്തുക്കൾ. അതായിരുന്നു വല്യ സമ്പാദ്യം. AICT യിലെ ആദ്യദിനങ്ങളിൽ തന്നെ തുടങ്ങാം. തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ ഞാനും അച്ഛനും കൊല്ലത്തേക്ക് പോകാനായി കാത്തിരിക്കുകയായിരുന്നു. കുറച്ച് അകലെ ഒരു അച്ഛനെയും അമ്മയെയും എന്റെ അതെ പ്രായം ഉള്ള ഒരു പെൺകുട്ടിയെയും കണ്ടു.
ഒറ്റ നോട്ടത്തിൽ തന്നെ ഹോസ്റ്റലിലേക്കുള്ള യാത്രയാണെന്ന് മനസിലായി. കുറച്ചു നേരം സംസാരിച്ചിരിക്കുമ്പോഴേക്കും ട്രെയിൻ വന്നു. കരുനാഗപ്പള്ളിയെത്തിയപ്പോഴേക്കും ഞങ്ങൾ കൂട്ടുകാരായി കഴിഞ്ഞിരുന്നു. അവിടെ ഇറങ്ങി രാവിലെ 8 മണിയോടെ ഞങ്ങൾ വള്ളിക്കാവിലെത്തി. അമൃതപുരിയിൽ എത്തണമെങ്കിൽ വളളത്തി ൽ കയറണം. തലശ്ശേരി ഭാഷയിൽ പറഞ്ഞാൽ സാക്ഷാൽ തോണി. വളരെ ധൈര്യശാലി ആയതു കാരണം തോണിയിൽ കയറലും ഇറങ്ങലും എനിക്ക് ഒരു ഉത്സവം ആയിരുന്നു., 🙂 ആശ്രമം കോമ്പൗണ്ടിൽ തന്നെ ആയിരുന്നു ഹോസ്റ്റൽ എന്നു പറയാം. Roommmate ആയി ഒരു കോഴിക്കോട്കാരിയെ കൂടെ കിട്ടി. എന്നെക്കാളും കലപില സംസാരിക്കുന്ന എന്റെ പ്രിയ കൂട്ടുകാരി. അങ്ങനെ ഞങ്ങൾ പാനൂർ, തിരുവങ്ങാട്, കോഴിക്കോട് കാരെല്ലാം ഒരു റൂമിൽ .. അന്ന് തുടങ്ങിയ മലബാർ എക്സ്പ്രസ്സ് ഇന്നും ഇടക്കൊക്കെ പൊടി തട്ടി ഓടി കൊണ്ടിരിക്കുന്നു.മനസ്സിന് പിടിച്ച സുഹൃത്തുക്കളെ കിട്ടിയതുകൊണ്ടാകാം ഗൃഹാതുരത്വം അത്ര അലട്ടിയില്ല. താമസിയാതെ ഒറ്റപ്പാലം കുട്ട്യോളുടെ കഥ പറയുന്ന കൊച്ചു സുന്ദരിയുമെത്തി.
കോളേജ് കടവിന് അക്കരെ ആയതിനാൽ ( ഇന്ന് പാലം ഒക്കെ ഉണ്ട് ) daily വള്ളത്തിൽ കയറണം. ബോട്ട് വന്നത് രണ്ടാം വർഷം. എന്തായാലും വള്ളത്തിൽ ഇരുന്നു കഴിഞ്ഞാൽ പുറത്തെ പ്രകൃതി ഭംഗി ആസ്വദിക്കുക ഒരു ഹരം ആയിരുന്നു. ദൂരെ ഒരു മഞ്ഞ പാടം, മേലെ നീലാകാശം, വെള്ളത്തിന്റെ കളകളനാദം.. ആ അഞ്ച് മിനിറ്റ് കടന്നു പോകുന്നത് അറിയാറില്ലായിരുന്നു.
ദൂരെ ഉള്ള മഞ്ഞ പാടത്തിൽ എന്റെ കണ്ണ് ഉടക്കാത്ത ദിനങ്ങൾ കുറവായിരുന്നു. ചുറ്റും കൊന്ന മരം ഒന്നും കാണാനും ഇല്ലായിരുന്നു..
മഞ്ഞ പാടത്തിന്റെ ഭംഗി നോക്കി നടന്ന ഞാൻ പതിയെ ഒരു സത്യം മനസ്സിലാക്കി. വള്ളക്കാരൻ അമ്മാവൻ തുഴയുന്നതിനിടെ പലകഥകളും പറയും. ഞാൻ നോക്കിയിരുന്ന മഞ്ഞപാടം നമ്മുടെ സുരേഷ് ഗോപി ചേട്ടൻ പറഞ്ഞ shit ആണെന്ന് മനസ്സിലാക്കാൻ അധികം ദിനങ്ങൾ വേണ്ടി വന്നില്ല.
ഏപ്രിൽ മാസത്തെ പൊന്നണിയിക്കുന്ന
കൊന്ന പൂക്കളെ ഞാൻ അതോടെ കുഴിച്ചു മൂടി…
