സോഫി.എൻ.പി
നട്ടുച്ച.
ഞാൻ മുകളിലേക്ക് നോക്കി. കർമ്മ സാക്ഷി …
സൂര്യൻ ജ്വലിച്ച് നിൽപുണ്ട്
എന്നാൽ ആ കാരുണ്യം എന്നിലേക്ക്
എത്തുന്നത് തടയുന്നതാരാണ്.
തണുത്ത കാറ്റുണ്ട്
ഞാൻ വിരലുകൾ ചുരുട്ടിയും നീർത്തിയും കൈകൾ പരസ്പരമുരച്ചും തണുപ്പിനെ അതിജീവിക്കാനുള്ള ശ്രമത്തിലാണ്.
കഴിയുന്നില്ല. വിരൽ തുമ്പിലേക്കുള്ള നീരോട്ടം നിലച്ചതു പോലെ .തരിപ്പ്.
സഹിക്കാനാത്ത തണുപ്പ്..എന്റെ വിരൽ
തുമ്പുകളിൽ തൂങ്ങി ചാഞ്ചാടി കൊണ്ടിരിക്കുന്ന എന്റെ കുഞ്ഞുമക്കളുടെ ഇതളുകൾ വാടി. ഞാനവരെ എന്റെ ഹൃദയത്തോട് ചേർത്ത് പിടിക്കാനുള്ള ശ്രമത്തിലാണ്.
ഇല്ല . എനിക്കതിനാവുന്നില്ല. എന്റെ പിടിവിട്ട് അവരോരുത്തരായി അടർന്നു വീഴുകയാണ്.
എന്തുകൊണ്ടാണ് എനിക്കവരെ പിടിച്ചു നിർത്താനാവാത്തത് .
അറിയില്ല. താഴെ എന്റെ കാലുകളോട് ചേർന്നവർ
ജീവനറ്റു കിടക്കുന്നത് നിസ്സഹായതയോടെ നോക്കി നിൽക്കേണ്ടി വന്ന എന്റെ ഹൃദയവ്യഥ . ഞാനെങ്ങനെ പറഞ്ഞു തീർക്കും .
വയ്യ. തണുപ്പ് എന്റെ സിരകളെ ബാധിച്ചു കഴിഞ്ഞു. മരണത്തിന്റെ തണുപ്പ്, ഞാനത് അറിയുകയാണ്. അതെ മരണം. അനിവാര്യമായ മരണം. ഇനി അതിജീവിക്കണമെന്ന ആശ എനിക്കില്ല. അവസാനിക്കട്ടെ . എല്ലാം അവസാനിക്കട്ടെ . അതും സംഭവിക്കുന്നില്ലല്ലോ. തണുപ്പിനാൽ കോച്ചിവലിച്ച് എന്റെ തൊലിയെല്ലാം ചുരുണ്ട് വീണ്ടുകീറിയിരിക്കുന്നു. ഈ തണുപ്പ് ആഴ്ന്നാഴ്ന്ന് വരികയാണ്
ഞാൻ എന്റെ വേരുകൾ ഭൂമിയുടെ ഗർഭത്തിലേക്ക് ആഴ്ത്തി ദാഹജലം തേടുകയാണ്. എവിടെ ….
പാരാജയം. മാത്രം :
ഇല്ല … ഇനിയും പിടിച്ചു നിൽക്കാനാവില്ല.
കാലുകൾക്ക് ആഴ്ന്നിറങ്ങാനാവുന്നില്ല.
എന്റെ മുഴുവൻ ശക്തിയും ക്ഷയിച്ചിരിക്കുന്നു.
ഇനി എനിക്കാശയില്ല ,…
എങ്കിലും . അവസാനമായ് .’–…
അന്ന് ഞാൻ പൂക്കുകയും തളിർക്കുകയും ചെയ്ത നാളിൽ എന്റെ കൈകൾ വെട്ടിവലിച്ചു കെട്ടി ഗാനമാലിച്ചവനെ —- കഴിയുമെങ്കിൽ നീ എനിക്കായ് ഒരിക്കൽ കൂടി പാടു .ഞാൻ മനസ്സുകൊണ്ട് യാചിക്കയാണ്. എനിക്കിനി പറയാനാവില്ലെന്ന് നീ മനസ്സിലാക്കു .
എവിടെ , എന്താണ് , എന്നാണ് നീ എന്നെ മനസ്സിലാക്കിയിട്ടുള്ളത്. ആയുസ്സു മുഴുവൻ നീ നിന്റെ ഗാനാലാപനത്തിൽ മാലോകരെ മയക്കാൻ മിനക്കെട്ടു . എന്റെ കൈകൾ മുറിഞ്ഞതും ഹൃദയ രക്തം ഒഴുകിയതും നീ ഒരിക്കലുമറിഞ്ഞില്ല. പിന്നെ പിന്നെ നീയത് അറിയണമെന്ന് ഞാനാഗ്രഹിച്ചതുമില്ല. എന്നാൽ ഈ മരണം അടുത്ത് വന്ന് എന്നെ യാത്രയാക്കുമ്പോൾ ഒരിക്കൽ :: ഒരിക്കൽ മാത്രം
നീ വീണ്ടും എനിക്കായ് പാടണമെന്ന് .
നിന്റെ ഗാനത്തിലഞ്ഞിഞ്ഞലിഞ്ഞങ്ങനെ എനിക്ക് മരിക്കണമെന്ന് ഞാനാഗ്രഹിക്കയാണ് –
എവിടെ നീ ..എവിടെയാണ്
എന്റെ കണ്ണുകൾ അടയുകയാണ് – ഹൃദയമിടിപ്പ് കുറഞ്ഞുവരുന്നു.
ദൂരെ മറുതേയി മലയുടെ മുകളിൽ നിന്ന് ഒരു മൂളൽ കേൾക്കുന്നുണ്ട് , മതി എനിക്കതു മതി. അത് നിന്റെ ഗാനമാണ് എന്ന് ഞാൻ തിരിച്ചറിയുന്നു, എന്റെ കണ്ണുകൾ അടയുന്നു ഇനി നിത്യ ധ്യാനത്തിലേക്ക് …. ശാന്തമായ ഉറക്കത്തിലേക്ക് —
അന്തരാത്മാവിന്റെ ആഴത്തിൽ എന്നെ എന്തോ സ്പർശിച്ച പോലെ, സ്വപ്നമാണോ , അല്ല .എന്റെ മുറിഞ്ഞു വീണ വിരലുകളുടെ രക്തം കട്ടപിടിച്ച മുറിവിനു മുകളിൽ രണ്ടു കുഞ്ഞു കിളികൾ . അവർ ചിറകുരുമ്മുന്നു ,ചുണ്ടുകോർക്കുന്നു. പരസ്പരം ആലിംഗനം ചെയ്യുന്നു. എന്താണവർ പറയുന്നത് ….എന്തോ കുറുകുന്നപോലെ . അല്പം കൂടി ഉച്ചത്തിൽ അവർ പറയാത്തതെന്തേ . എനിക്കരിശം വന്നു. എങ്കിലും കണ്ണു തുറക്കാനാകുന്നില്ല. ഞാൻ അടഞ്ഞ കാതുകൾ കൂർപ്പിച്ചു.
പെട്ടന്ന് എന്റെ സിരകളിലേക്ക് വൈദ്യുതി പ്രവഹിച്ചതു പോലെ …..ഞാനെന്താണ് കേട്ടത്,…
ഒരു മിന്നൽ , എന്താണവർ പറഞ്ഞത്. സത്യമാണോ .
അവരതെങ്ങനെ അറിഞ്ഞിരിക്കും … പ്രണയ പാരവശ്യത്തിൽ അതുരയായ ഇണയോടവൻ പാഴ് വാക്കു ചൊല്ലിയതാവാം.
വീണ്ടുമൊരു വസന്തം വരുമത്രേ….ഞാൻ കണ്ണു തുറക്കാനൊരു പാഴ്ശ്രമം നടത്തി നോക്കി.. പതുക്കെ പതുക്കെ എന്റെ കണ്ണുകൾ തുറന്നു …. നേരാണ് . അവർ പറഞ്ഞത്. വസന്തത്തിന്റെ ചെറിയ ചെറിയ തുടിപ്പുകൾ ഞാൻ കണ്ടു …. നോക്കു …
ഇത് … അതെ . ഇനിയും വസന്തമുണ്ട്…. ഇതാ …… ഇതാ .. വസന്തം വരവായ് ———
ഞാൻ വീണ്ടും തളിർക്കുകയാണ് …..
