Chicago
CHICAGO, US
-12°C

ചിരിയുടെ രസതന്ത്രം ( മനോഹർ തോമസ്)

sponsored advertisements

sponsored advertisements

sponsored advertisements

24 January 2023

ചിരിയുടെ രസതന്ത്രം ( മനോഹർ തോമസ്)

മനോഹർ തോമസ്

കുടിയേറ്റ മണ്ണ് ഒരുപാട് വളക്കൂറുള്ളതാണ് .ഏത് നടണം എന്ന ആശങ്ക അയാളെ വേട്ടയാടിക്കൊണ്ടിരുന്നു . ആയിടക്കാണ് ഹാർമണി ഫെസ്റ്റിവൽ എന്ന പേരിൽ എല്ലാ രാജ്യക്കാരും ചേർന്ന് നടത്തുന്ന പരിപാടിയെപ്പറ്റി കേട്ടത് .മറ്റൊന്നും പ്രത്യേകിച്ച് ചെയ്യാനില്ലാത്ത കൊണ്ടും ,
പ്രവർത്തിക്കാൻ ഒരു തട്ടകം അന്വേഷിക്കുന്ന കൊണ്ടും രാവിലെ തന്നെ ഉടുത്തൊരുങ്ങി പുറപ്പെട്ടു .എല്ലാ രാജ്യക്കാരുടെയും ഭക്ഷണ ശാലകൾ ,
കരകൗശല വസ്തുക്കൾ വിൽക്കുന്ന സ്റ്റാളുകൾ .
പോളിഷുകാരുടെ സ്റ്റാളിൽ നിന്ന് പൊരിച്ചകോഴിയും
തക്കാളിച്ചാറിൽ വേവിച്ചെടുത്ത ചോറും അൽപ്പം സലാഡും വാങ്ങി ഒരു മരച്ചുവട്ടിൽ സ്ഥലം പിടിച്ചു .കുറച്ചുകഴിഞ്ഞപ്പോൾ ,നല്ല ഉയരത്തിൽ ബലിഷ്ഠനായ ഒരാൾ അടുത്തുവന്നിരുന്നു . ഇറുകിയ ജീൻസും ബൂട്ടും
കണ്ടിട്ട് അയാൾ ചോദിച്ചു “ കൺസ്ട്രക്ഷൻ പണിയാണോ ? “
“ അല്ല .പണിയൊന്നും തരമായിട്ടില്ല . അടുത്തിടെയാണ് നാട്ടിൽ നിന്നും വന്നത് “
ഞങ്ങൾ കുറെ നേരം പലതും സംസാരിച്ചിരുന്നു .അയാൾ എന്നെപോലെ പോളണ്ടിൽ നിന്നും എത്തിയതാണ് . അവിടെ കൺസ്ട്രക്ഷൻ പണിയായിരുന്നു

“ നിങ്ങൾ ഒരു വിദ്യാഭ്യാസമുള്ള ആളായതുകൊണ്ടും ,എനിക്ക് ജോലി അറിയാവുന്നതുകൊണ്ടും നമ്മൾ ഒന്നിച്ചാൽ ചിലത് ചെയ്യാനൊക്കും .”

അങ്ങിനെയാണ് പല ബാങ്കുകളുടെ പടി നിരങ്ങി ,ഫോർ ക്ലോസർ
വീടുകളെപ്പറ്റി പഠിക്കാൻ അയാൾ ഇറങ്ങിത്തിരിച്ചത് . അതൊരു നീണ്ട യാത്ര
ആകുമെന്ന് അയാൾ ഒരിക്കലും ഊഹിച്ചില്ല .ഇങ്ങനൊരു ബിസിനെസ്സ് നടത്തിക്കൊണ്ട് പോകാൻ ഒരു റിയൽ എസ്റ്റേറ്റ് ബ്രോക്കറും ,വക്കീലും ,
അക്കൗണ്ടന്റും പോക്കറ്റിൽ വേണമെന്ന് പഠിച്ചു .

റോസ റിയൽ എസ്റ്റേറ്റ് ഏജൻസിയുമായുള്ള സൗഹൃദം അങ്ങിനെ തുടങ്ങിയതാണ് . സ്പെയിൻകാരായ ഗ്രിഗറിയും ,അനിയത്തി മിർത്തയും
കൂടി നടത്തുന്ന സാമ്രാജ്യം .ഓഫീസിരിക്കുന്ന ടൗണിൻറെ നടുക്കുള്ള നാലുനില കെട്ടിടമടക്കം ഒരുപാട് സമുച്ചയങ്ങൾ സ്വന്തമാക്കിയ വാണിജ്യ തന്ത്രം മനഃപാഠമാക്കിയവർ . അയാൾ ഗ്രിഗറിയെ കാണാൻ എത്തുമ്പോഴെല്ലാം
മണിക്കുറുകൾ കാത്തിരിക്കണം നേരിട്ട് സംസാരിക്കാൻ . ഒരു ദിവസം മിർത്ത
ചോദിച്ചു ,
“ ഞാൻ സംസാരിച്ചാൽ പോരെ ? “
“ മതി . ഇതറിഞ്ഞിരുന്നെങ്കിൽ ഞാൻ സമയം മെനക്കെടുത്തില്ലായിരുന്നു . “
സ്‌പെയിനിൽ നിന്നെത്തിയ മദാലസ സുന്ദരി .കസ്റ്റം മെയിഡ് സ്യൂട്ടിനുള്ളിൽ ഒതുങ്ങാതെ ശരീരം എഴുന്നുനിൽക്കുന്നു .കാറ്റടിക്കുമ്പോൾ റാൽഫ് ലോറൻ പെർഫ്യൂമിന്റെ മദഗന്ധം .സ്കില്ലെറ്റ് ഷുസിന്റെ ചലനത്തിൽ
തുളുമ്പുന്ന പിൻഭാഗം .ചലനത്തിലും ,വാക്കുകകളിലും വശ്യസാന്ദ്രമായ
ഒരിന്ദ്രജാലം !!

“ പാരമൌണ്ട് സ്ട്രീറ്റിലെ ആ നാലുനില കെട്ടിടം എനിക്കുവേണം “
അയാൾ പറഞ്ഞു നിർത്തി .
“ അവർ രണ്ടു മില്യൺ ചോദിക്കുന്നു , “
“ ഒന്നരക്ക് കിട്ടണം .”
“ നടക്കില്ല , ഇനി ലഞ്ച് കഴിച്ചിട്ട് സംസാരിക്കാം . ഞാൻ ക്ഷണിക്കുന്നു”. .മിർത്ത മുന്നിൽ നടന്നു .അവളുടെ സ്പോർട്സ് മോഡൽ ബ്രാൻഡ് ന്യൂ
BMW ൻറെ ഡോർ തുറന്നു പിടിക്കുന്നു . ഗത്യന്തരമില്ലാതെ അയാൾ കയറുന്നു .

മിർത്ത പറഞ്ഞു തുടങ്ങി .
“ എൻ്റെ വിടിവിടെ അടുത്താണ് .നമുക്ക് അവിടെനിന്നു കഴിക്കാം.
വിരോധമില്ലല്ലോ .”
“ എന്ത് വിരോധം . “
അതി മനോഹരമായ ഒരു ചെറിയ കോട്ടേജിനു മുമ്പിൽ ,ഭംഗിയിൽ വെട്ടിനിറുത്തിയ കോണിഫെറസ് മരങ്ങൾക്ക് നടുവിൽ കാറ് നിൽക്കുന്നു .
അലബാസ്റ്റർ പ്രതിമകളാൽ അലംകൃതമായ ഡ്രൊയിങ്ങ് റൂം . ബീഥോവൻറെ
സംഗിതം കാറ്റിൽ ഇഴയുന്നു.

അയാൾ :” ഇവിടെ ഒറ്റക്കാണോ “
“ ഞാൻ അവിവാഹിതയാണ് . ഒരു ഗ്ലാസ് വൈൻ ആകാം അല്ലെ ? “
മറുപടിക്ക് മുമ്പ് അവൾ അകത്തേക്ക് പോയി . ഒരു ഫ്രഞ്ച് ബോർഡോ വൈൻ
കുപ്പിയുമായി തിരിച്ചെത്തി .

“ ഈ വൈൻ ഇഷ്ടമാണോ ? “
“ ഫ്രാൻസിന്റെ ആത്മാവ് ആ ബോർഡോ വൈനിൽ ഉണ്ട് .”

വൈൻ ഗ്ലാസ്സുമായി അവൾ നേരെ എതിരെ ഇരുന്നു .കാലുകൾ ഉയർത്തിവച്ചപ്പോൾ ജാക്ക് ലലൈൻ ജിമ്മിൽ പാകപ്പെടുത്തി എടുത്ത മസിലുകൾ താളം പിടിക്കുന്നു ..
മിർത്ത ; “ ഒന്നരക്ക് ആ കെട്ടിടം നിങ്ങൾക്ക് കിട്ടില്ല . “
“ഒന്ന് ഏഴിന് മുറിക്കാം . “
“ ശ്രമിക്കാം “
ഫ്രഞ്ച് വൈൻ സിരാപടലങ്ങളിൽ തീ കോരിയിടുന്നു . അവൾ അകത്തുപോയി നേർത്ത ഒരുടുപ്പിലേക്ക് മാറി ,രണ്ടു കൈയിലും പ്ലേറ്റുമായി മടങ്ങിവരുന്നു .
ഒഴിഞ്ഞ വൈൻ കുപ്പി മാറ്റുമ്പോൾ മിർത്ത ചോദിച്ചു ;
“ ഒന്നും കൂടി ? “
വേണ്ട എന്ന് പറയാൻ അയാൾക്ക്‌ കഴിഞ്ഞില്ല .വൈൻ തീർന്നപ്പോൾ വാതിലിൽ ചാരി ഒരു നേർത്ത ചിരിയുമായി അവൾ നിന്നു .കരിമ്പിൻ കാട്ടിലേക്ക് ആനയെ ക്ഷണിക്കും പോലെ .
മിർത്തയുമായുള്ള സൗഹൃദം അയാളെ ഇരുപത്തേഴ് അപ്പാർട്ടുമെന്റുകളുടെ ഉടമയാക്കി . ഓരോ കെട്ടിടങ്ങൾ വാങ്ങുമ്പോഴും
അവിടെ താമസിച്ചിരുന്നവരെ ഒഴുവാക്കി കിട്ടണമെന്ന് നിയമമുണ്ട് .
എല്ലായ്‌പ്പോഴും അത് പാലിക്കപ്പെടാറുമുണ്ട് . മൂന്നാമത്തെ കെട്ടിടം വാങ്ങുമ്പോൾ മിർത്ത പറഞ്ഞു .” താഴത്തെ നിലയിൽ താമസിക്കുന്നവരെ
ഒഴിവാക്കേണ്ട .ഒരമ്മയും രണ്ടു പെൺകുട്ടികളുമാണ് .ദൈവഭക്തിയുള്ള
പാവങ്ങളാണ് മാഗിയും കുട്ടികളും . “
ജീവിതം എന്നും അങ്ങനെത്തന്നെയാണ് .അവിചാരിതങ്ങളുടെ കുറെ
വാതിലുകൾ എവിടെയൊക്കെയോ ഒളിച്ചിരിക്കും . അറിയാതെ അതങ്ങു തുറക്കും . കടന്നലുകളാണോ , കുഞ്ഞരിപ്രാവുകളാണോ പറന്നുവരുന്നത്
എന്ന ഒരു മുൻവിധിയും തരാതെ .

എല്ലാ ഞായറാഴ്ചയും കെട്ടിടത്തിന് ചുവട്ടിൽ സെറ്റ് ചെയ്ത ഓഫീസുമുറിയിൽ ഇരുന്ന് കണക്കുകൾ ശരിയാക്കുക .വാങ്ങാനുള്ള സാധനങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കുക ,വാടക പിരിക്കുക തുടങ്ങിയ പണികൾ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് പൊക്കം കുറഞ്ഞു ബലിഷ്ഠനായ ഒരാൾ കാണാൻ വന്നത് .
വളരെ ഗൗരവത്തിൽ ,അയാൾ കാര്യത്തിലേക്ക് കടന്നു .
“ പതിനഞ്ചു വർഷം നേവിയിൽ ആയിരുന്നു. ഒരുവിധം എല്ലാ കൈപ്പണികളും അറിയാം .നിങ്ങൾ കെട്ടിടങ്ങൾ നോക്കാൻ ഒരു സൂപ്പറിനെ അന്വേഷിക്കുന്നുണ്ടെന്ന് അറിഞ്ഞു . “
“ ഇലക്ടിക്കൽ , പ്ലമ്പിങ്ങ് , ഷീറ്റ് റോക്ക് മുതലായ പണികൾ കുറച്ചെങ്കിലും ? “
“ അറിയാം സാർ . ഒരു റിക്വസ്റ്റ് കൂടി ഉണ്ട് .”
“ ജോലിതുടങ്ങുന്നതിന് മുമ്പ് റിക്വസ്റ്റ് വന്നോ ?”
“ സാറിന്റെ കെട്ടിടത്തിൽ കുറഞ്ഞ വാടകക്കു ഒരു അപാർട്മെന്റ് തന്നാൽ
കാര്യങ്ങൾ നോക്കി നടത്താൻ സൗകര്യമായി .”

അങ്ങിനെയാണ് ക്രിസ്റ്റഫർ അൽവാരെസ് എന്ന പോർട്ടോറിക്കോക്കാരൻ
അയാളുടെ സൂപ്പർ ആയത് .മിടുക്കനും ,ശ്രദ്ധാലുവുമായ ക്രിസിൻറെ മേൽനോട്ടത്തിൽ കാര്യങ്ങൾ ഭംഗിയായി നടന്നുകൊണ്ടിരുന്നു .വാടക പിരിക്കലും ,അറ്റകുറ്റപ്പണികളും ഒരാളെ ഏൽപ്പിച്ചപ്പോൾ അയാളുടെ ജീവിതം ശാന്തമായി ‘
ഒരു ദിവസം കെട്ടിടത്തിൽ ടൈൽസിന്റെ പണി നടക്കുമ്പോൾ അയാളോട് ഒരാൾ വന്നു പറഞ്ഞു . “ സാറൊരു നല്ല മനുഷ്യനായതുകൊണ്ട്
പറയുകയാണ് ,രാത്രിയിൽ മാഗിയും കുട്ടികളും ഇവിടെ ഡ്രഗ് കച്ചവടം നടത്തുന്നുണ്ട് .സൂക്ഷിച്ചില്ലെങ്കിൽ മൊത്തം അടച്ചുപൂട്ടേണ്ടി വരും .”
അയാൾ ഞെട്ടുകമാത്രമല്ല അടിപതറി പ്പോയി . ക്രിസ്‌നെ വിളിച്ചു
കാര്യം തിരക്കിയപ്പോൾ സംശയം പ്രകടിപ്പിച്ചു .
രാത്രി കാറിനുള്ളിൽ ,ക്രിസ്സും ,അയാളും പാത്തിരുന്നു .ഏതാണ്ട് ഒരു മണി കഴിഞ്ഞുകാണും ,ഒരു സ്പോർട്സ് കാർ കെട്ടിടത്തിന് മുമ്പിൽ നിൽക്കുന്നു
ഒരാൾ ചെന്ന് മാഗിയുടെ ജനാലയിൽ മുട്ടുന്നു .പൊതിയുമായി ഒരു കൈ പുറത്തേക്കു വരുന്നു നോട്ടുകളുമായി പുറകോട്ടെടുക്കുന്നു .

രാവിലെ പത്തുമണി .അയാൾ മാഗിയുടെ കതകിൽ മുട്ടുന്നു .ഉറക്കച്ചടവോടെ വാതിൽ തുറക്കുന്ന മാഗി അപ്പോഴും നൈറ്റ് ഗൗണിലാണ് .
നാല്പതുകഴിഞ്ഞിട്ടും ,ഉടയാത്ത യൗവനത്തിൽ ,നേർത്ത ഗൗണിനുളളിൽ
മുലഞെട്ടുകൾ എഴുന്നു നിൽക്കുന്നു . അടിവസ്ത്രത്തിന്റെ അഭാവത്തിൽ
തെളിഞ്ഞുകാണുന്ന രോമരാജികളുടെ തീർത്ഥാടനം .
മുഖവുരയില്ലാതെ അയാൾ പറഞ്ഞു തുടങ്ങി . “ അതിവിടെ നടക്കില്ല മാഗി .
ഒന്നുകിൽ ആ പരിപാടി നിർത്തുക ,അല്ലെങ്കിൽ മുറി ഒഴിയുക . പന്തിപ്പോൾ മാഗിയുടെ കോർട്ടിലാണ് . എനിക്ക് മറ്റൊന്നും പറയാനില്ല . “

മാഗി അതിനു മറുപടി പറയാതെ ഒരു സിഗരറ്റ് എടുത്തു ചുണ്ടിൽ വക്കുന്നു .
മേശപ്പുറത്തുകിടന്ന ഹാൻഡ്ബാഗിൽ ലൈറ്റർ തപ്പുന്നു . കിട്ടിയില്ല എന്ന ഭാവത്തിൽ ബാഗിലെ എല്ലാ സാധനങ്ങളും മേശപ്പുറത്തു കുടഞ്ഞിടുന്നു .
അതിൽ ഒരോട്ടോമാറ്റിക് പിസ്റ്റളും ഉണ്ടായിരുന്നു .
“ മാഗി എന്നെ കാണിക്കാനാണ് പിസ്റ്റൾ പുറത്തിട്ടതെങ്കിൽ ,എടി പെണ്ണെ നിനക്ക് തെറ്റി . ഞാനെല്ലാവർഷവും ഗ്രിസ്‌ലിയെ വെടിവെക്കാൻ പോകുന്നവനാണ് .തോക്കുകളുടെ ഒരു പരമ്പര അടുത്ത ആഴ്ച കൊണ്ടുവന്ന് കാണിച്ചുതരാം .”

തെറിച്ച പിൻഭാഗം ഒന്നുകൂടി ഉരുട്ടി മാഗി അതിവേഗം അകത്തേക്ക് പോകുന്നു . പിന്നെ സംഭവിച്ചതാണ് അയാളുടെ ചിന്തകളിൽ തീ കോരിയിട്ടത് .
അകത്തുനിന്നും മാഗി ഉടുത്തിരുന്നതിനേക്കാൾ ലോലമായ ഗൗണിട്ടു മൂത്തവളായ പതിനെട്ടുകാരി എഴുന്നള്ളുന്നു .നേർത്ത കാറ്റിൽ വൈരത്തരി
ചിതറുന്നു . അവൾ വന്നടുത്തിരുന്നു .ഉദാസീന ഭാവത്തിൽ എന്തോ പറഞ്ഞു .
അയാൾ വേഗം എഴുന്നേറ്റുനിന്നിട്ടു പറഞ്ഞു ; “ അമ്മയെ വിളിക്കൂ “

പറഞ്ഞുതീരും മുമ്പ് മാഗി എത്തി .
“ മാഗി ബിസ്സിനെസ്സ് ആൻഡ് പ്ലഷർ നെവർ ഗോ ടുഗെതർ .അത്കൊണ്ട് ക്ഷമിക്കണം . “

പിന്നെ ഒന്നും സംഭവിച്ചില്ല . എല്ലാം പഴയപടി ശാന്തമായി നടന്നു .ഇലപൊഴിയും കാലം തുടങ്ങി . ചാക്കു കണക്കിന് കരിയിലകൾ ക്രിസ്സും ഭാര്യയും കൂടി അടിച്ചുകുട്ടി കെട്ടിടത്തിന് മുമ്പിലായി നിരത്തുകയായിരുന്നു .
ചുവന്ന താടി വച്ച ഒരതികായൻ കെട്ടിടത്തിന് ഉള്ളിൽനിന്നു പുറത്തേക്കു വന്ന് അയാളെ രൂക്ഷമായി നോക്കിയിട്ട് എന്തോ സ്പാനിഷിൽ പറഞ്ഞു ‘
“ എന്താണയാൾ പറഞ്ഞത് ? ആരാണയാൾ ? “ അയാൾ ക്രിസ്സിനോട് ചോദിച്ചു .
ക്രിസിന്റെ മുഖം വിവർണമായി . കേൾക്കാൻ പാടില്ലാത്ത എന്തോ കേട്ടപോലെ
ക്രിസ്സ് അമ്പരന്ന് നിന്നു . എന്നിട്ടു സാവധാനം പറഞ്ഞു തുടങ്ങി ;

“ അയാൾ മാഗിയുടെ ഭർത്താവാണ് . ഒൻപത് വർഷം ജെയിലിൽ ആയിരുന്നു .
ഇന്നലെയാണ് വന്നത് .ഡ്രഗ് കച്ചവടത്തിന്റെ ഹോൾസൈലെർ ആയിരുന്നു .
ഇവിടെ അടുത്തു ക്ലോവ് ലെയിക് പാർക്കിൽ വച്ച് വർഷങ്ങൾക്ക് മുമ്പ് ഒരു വെടിവപ്പ് ഉണ്ടായി . മൂന്നു പേരെയാണ് അയാൾ തീർത്തത് .ഒട്ടും ഇംഗ്ലീഷ് വശമില്ല .സ്പാനിഷിൽ പറഞ്ഞത് “ നിങ്ങളെയും അയാൾ തീർക്കുമെന്നാണ് “
“ അതിന് ഞാനയാളോട് ഒന്നും ചെയ്തില്ലല്ലോ “.
ക്രിസ്സിന്റെ മുഖം കൂടുതൽ വിവർണ്ണമായി . എന്തോ പറയാൻ മടിക്കുന്നപോലെ
ക്രിസ്സ് നിർന്നിമേഷനായി നിന്നു .
“ എന്തുതന്നെ ആയാലും നിങ്ങൾ ധൈര്യമായി പറഞ്ഞോളൂ . “
“ നമ്മളുടെ പുറകിൽ നിന്ന് അയാളോട് ആരോ പറഞ്ഞുകൊടുത്തു , അയാൾ ജെയിലിൽ ആയിരുന്നപ്പോൾ ,സാറ് അയാളുടെ ഭാര്യയെയും കുട്ടികളെയും
വച്ചോണ്ടിരിക്കുക ആയിരുന്നെന്ന് .”
ശരിക്കും പെട്ടിരിക്കുകയാണെന്ന് അയാൾക്ക്‌ മനസ്സിലായി .പറഞ്ഞു മനസിലാക്കാം എന്നുവച്ചാൽ ഇംഗ്ലീഷ് അറിയാത്ത ഒരാളാണ് ശത്രുപക്ഷത്തു .
ക്രിസ്സിന്റെ ഒരു സഹായം അത് മാത്രമായിരുന്നു അവസാന ആശ്രയം. .കരിയില വാരികെട്ടിയതിനു എന്ന വ്യാജേന ഒരഞ്ഞൂറു ഡോളർ കൊടുത്തു .

ദിവസങ്ങൾ ഇഴഞ്ഞു നീങ്ങി .എന്തോ സംഭവിക്കാൻ പോകുന്നു എന്ന ചിന്ത .
അയാളെ പേടിപ്പെടുത്തികൊണ്ടിരുന്നു .അതിനിടക്ക് പലവട്ടം ചുവപ്പുതാടിയെ എതിരെ കണ്ടു .അപ്പോഴെല്ലാം സ്പാനിഷിൽ പിറുപിറുത്തുകൊണ്ട് ,തീ പാറുന്ന
കണ്ണുകളോടെ കടന്നുപോകുന്നു .റിയൽ എസ്റ്റേറ്റ് കച്ചവടം തുടങ്ങിയപ്പോൾ
വാങ്ങിയതാണ് ഒരു സെമി ഓട്ടോമാറ്റിക് പിസ്റ്റൾ .വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ അത് അരയിൽ തിരുകാൻ മറക്കാറില്ല . വേട്ടക്ക് പോകുമ്പോൾ കൊണ്ടുപോകാറുള്ള വിൻചെസ്റ്റർ 2 x 2 റൈഫിൾ കാറിന്റെ പുറകിൽ എടുത്തുവച്ചു .
മനസ്സുപറഞ്ഞു ,ജീവിച്ചിരിക്കുന്നവർ നിയമത്തെ പേടിച്ചാൽ മതിയല്ലോ .കോർട്ടും ,വക്കിലും , ജഡ്ജും ,ഒന്നും ശവശരീരങ്ങൾക്കു ബാധകമല്ല
എവിടുന്നൊക്കെയോ ധൈര്യത്തിന്റെ ഒരു കവചം ദേഹത്തുവന്നു വീണു .

തികഞ്ഞ അലസതയോടെ ആ ഞായറാഴ്ച വന്നു .നല്ല ചൂടുള്ള പ്രഭാതം .പോകുന്ന വഴിക്ക് സിഗരറ്റ്‌ വാങ്ങാൻ കയറിയപ്പോൾ സിക്സ് പാക്കിന്റെ
സെൻറ്‌ പൗളീസ് ഗേൾ എന്ന ജർമ്മൻ ബിയർ വാങ്ങി .നേരെ കെട്ടിടത്തിന് ചുവട്ടിലെ ഓഫീസ് മുറിയിലേക്ക് .ചിതറിക്കിടക്കുന്ന ബില്ലുകളും ,വൗച്ചറുകളും ഒന്ന് അടുക്കിക്കുട്ടി .സിഗരറ്റ് ആഞ്ഞു വലിച്ചു ,ബിയർ
മൊത്തുബോൾ ജർമ്മൻ സുന്ദരി കുപ്പിയുടെ പുറത്തിരുന്ന് ചിരിച്ചു .

പുറത്തൊരു കാൽപ്പെരുമാറ്റം കേട്ടു . ബൂട്ട് കോണിപ്പടിയിൽ പതിയുന്ന ശബ്ദം . പിസ്റ്റൾ കവറിന്റെ ക്ലിപ്പ് ഊരിയിടാൻ സമയം കിട്ടി .
അവസാനത്തെ പടിയിൽ നിന്ന് ചാടിയാണ് ചുവപ്പുതാടി മുന്നിലെത്തിയത്.
മുഖമുയർത്തി നോക്കുമ്പോൾ അയാളുടെ കൈയിൽ ഒരു മെഷീൻ ഗൺ .
മാഗസ്സിന്റെ ഇരുപ്പുകണ്ടപ്പോൾ ത്തന്നെ മനസ്സിലായി സാധനം ലോഡഡ് ആണെന്ന് . കാഞ്ചി ഒന്നമർത്തിയാൽ പതിനായിരം കഷണങ്ങളായി അയാൾ
ചിതറും .തോക്ക് എടുക്കുന്ന കാര്യം ആലോചിക്കുകയേ വേണ്ട .

അയാൾ എഴുന്നേറ്റു നിന്നു .രണ്ടും കൽപ്പിച്ചു ഒന്ന് ചിരിച്ചു .മരിക്കാൻ ഒരു നിമിഷാർദ്ധം ബാക്കിയുണ്ട് .എന്നിട്ടും ചിരിച്ചു .ഉറക്കെ ഉറക്കെ ചിരിച്ചു !!
ചുവപ്പുതാടിയുടെ മെന്റൽ ബാലൻസുപോയി .അയാൾ ഒരു നിമിഷം തരിച്ചുനിന്നു .എന്നിട്ട് “ ലോക്ക ! ലോക്ക ! “ എന്നലറിക്കൊണ്ട് കോണിപ്പടി ചാടി കയറി ,ഓടിപ്പോയി !!!

മനോഹർ തോമസ്